തന്ത്രലാവണ്യം – 2 15

“എന്തുകൊണ്ട്?”

“നിനക്ക് ഇപ്പോൾ പതിഞഞ്ചു വയസ്സായി. സാധാരണയായി അവകാശി പതിനെട്ടിലെത്തുമ്പോഴാണ് രഹസ്യം പൂർണമായി കൈമാറുന്നത്. പരിശീലനം അതിനു മുൻപ് തുടങ്ങും. പക്ഷേ വള ഔദ്യോഗികമായി നൽകുന്നത് പതിനെട്ടാം വയസ്സിലാണ്.”

“എന്റെ അച്ഛന് എപ്പോഴാണ് കറുത്ത വള കിട്ടിയത്?”

“പതിനെട്ടാം ജന്മദിനത്തിൽ.”

“അമ്മയ്ക്ക്?”

“അവൾക്കും അതേ പ്രായത്തിൽ.”

ആദിത്യന്റെ കണ്ണുകൾ ചെറുതായി ചുരുങ്ങി.

“ഇതിനുവേണ്ടിയാണോ അവർ വിവാഹം കഴിച്ചത്?”

ഹരിഹരൻ നേരിട്ട് മറുപടി പറയാതെ കുറച്ചുനേരം നിശ്ശബ്ദനായി. ശേഷം പതുക്കെ തലയാട്ടി.

“പ്രധാനമായും.”

ആദിത്യന്റെ മുഖം കടുത്തു.

“പ്രധാനമായും എന്നുവച്ചാൽ?”

“അവരുടെ വിവാഹത്തിനുപിന്നിൽ കുടുംബങ്ങളുടെ ആലോചനയുണ്ടായിരുന്നു. കറുപ്പിന്റെയും വെളുപ്പിന്റെയും അവകാശികൾ ഒരുമിച്ചാൽ വേട്ട കൂടുതൽ ഫലപ്രദമാകും. രണ്ടു കുടുംബങ്ങൾക്കിടയിലെ പഴയ വൈരങ്ങളും അവസാനിക്കുമെന്ന് മുതിർന്നവർ കരുതി.”

“അവർക്ക് പരസ്പരം ഇഷ്ടമായിരുന്നോ?”

“ആദ്യത്തിൽ ഉണ്ടായിരുന്നു.”

“പിന്നെ?”

ഹരിഹരൻ കണ്ണുകൾ താഴ്ത്തി.

“മനുഷ്യബന്ധങ്ങൾ വളകളുടെ നിയമങ്ങളെക്കാൾ സങ്കീർണ്ണമാണ്, ഉണ്ണീ. ശക്തികൾ പരസ്പരം തുലനം ചെയ്യാം. മനുഷ്യരുടെ മുറിവുകൾ എല്ലായ്പ്പോഴും അങ്ങനെ പൂർണമാകില്ല.”

“വിവാഹം പരാജയപ്പെട്ടപ്പോൾ വളകൾക്ക് എന്തായി?”

“ഓരോരുത്തരും സ്വന്തം വള കൈവശം വെച്ചു. അവയെ കൈമാറുന്നതുവരെ ഉടമയ്ക്കുള്ളിൽ തന്നെ തുടരും.”

“എങ്ങനെ കൈമാറും?”

“ധാരകൻ വളയുടെ സ്വർണത്തട്ടിൽ കൈവയ്ക്കണം. അത് ഉപേക്ഷിക്കണമെന്ന വ്യക്തമായ ആഗ്രഹം മനസ്സിൽ ഉണ്ടാകണം.

അപ്പോൾ വള ശരീരത്തിൽനിന്ന് വേർപെട്ട് തട്ടിൽ പ്രത്യക്ഷപ്പെടും. അടുത്ത അവകാശിക്ക് അതിൽ സ്പർശിക്കാം.”

“ബലമായി എടുത്തുകളയാൻ കഴിയില്ലേ?”

“ഇല്ല. കൈ വെട്ടിയാലും വള പുറത്തുവരില്ല. കാരണം അത് യഥാർത്ഥത്തിൽ കൈയിൽ കിടക്കുന്നില്ല. ധാരകന്റെ ജീവസ്പന്ദനവുമായി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു.”

“ധാരകൻ മരിച്ചാൽ?”

“വള സ്വയം സ്വർണത്തട്ടിലേക്ക് മടങ്ങും.”

ആദിത്യന്റെ മനസ്സിൽ പാതാളമുറിയിലെ തട്ട് തെളിഞ്ഞു.

“അതുകൊണ്ടാണ് കറുത്ത വള അവിടെ ഉണ്ടായിരുന്നത്.”

“അതെ. നിന്റെ അച്ഛൻ മരിച്ച നിമിഷം അത് പുതുശ്ശേരിയിലെ ആധാരത്തട്ടിൽ തിരികെയെത്തി. മറ്റാർക്കും അതിൽ സ്പർശിക്കാൻ അവകാശമില്ലായിരുന്നു. നീ എത്തിയപ്പോൾ അത് നിന്നെ തിരിച്ചറിഞ്ഞു.”

“എന്റെ അച്ഛനോടൊപ്പം അത് ഉണ്ടായിരുന്നുവെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ?”

“ഉണ്ട്. അവന്റെ മരണത്തിനു മുൻപുവരെ കറുത്ത വളയുടെ ശക്തി അവനിലുണ്ടായിരുന്നു. മരണം സംഭവിച്ചതിനുശേഷം ഞാൻ പാതാളമുറിയിൽ പോയി പരിശോധിച്ചു. വള തട്ടിലേക്ക് മടങ്ങിയിരുന്നു.”

ആദിത്യന് മറ്റൊരു സംശയം തോന്നി.

“അപ്പോൾ നിങ്ങൾ അതു കണ്ടിട്ടും അവിടെത്തന്നെ വച്ചത് എന്തിനാണ്?”

“അതിന്റെ അവകാശി നീയാണ്. ഞാൻ എടുത്താൽ അത് എന്നെ സ്വീകരിക്കില്ല. മാത്രമല്ല, സ്വർണത്തട്ടിൽ കിടക്കുമ്പോഴാണ് വള ഏറ്റവും സുരക്ഷിതം. മാത്രമല്ല എനിക്കു… “എന്തോ പറയാൻ വന്നു ഹരിഹരൻ നിർത്തി.

“ആ മുറിക്ക് പൂട്ടുപോലുമില്ലായിരുന്നു.” ആദി സംശയം പ്രകടിപ്പിച്ചു.

“ആ മുറിയിലേക്കു കടക്കാനുള്ള വഴികൾ എത്രപേർക്കറിയാം?”

“അമ്മയുടെ വെളുത്ത വള?”

“അവൾ മരിച്ചപ്പോൾ അതിന്റെ സ്വർണത്തട്ടിലേക്ക് മടങ്ങിയിരിക്കണം. ആ തട്ട് നീലകണ്ഠത്ത് മനയിലെ അതീവരഹസ്യമായ ഒരിടത്താണ്. നിന്റെ മുത്തച്ഛൻ അതു സുരക്ഷിതമായി സൂക്ഷിക്കുന്നുണ്ടാകും.”

ആദിത്യൻ ഉള്ളിൽ മാത്രം പറഞ്ഞു:

അല്ല. അദ്ദേഹം അതു എനിക്കു തന്നു.

തനിക്ക് പതിനെട്ടു വയസ്സ് തികയുന്നതിനു മുൻപേ എന്തിനാണ്

മുത്തച്ഛൻ അത് നൽകിയത്? പുതുശ്ശേരിയിലേക്കു പോകുന്ന നിമിഷം എന്തെങ്കിലും സംഭവിക്കുമെന്ന് അദ്ദേഹം അറിഞ്ഞിരുന്നോ?

ഹരിഹരൻ പ്രവചിച്ച സ്വന്തം മരണത്തെ ഭയന്നതുകൊണ്ടോ ? അല്ലെങ്കിൽ കറുത്ത വള തന്നെ സ്വീകരിക്കുമെന്ന് മുൻകൂട്ടി കണക്കാക്കിയതുകൊണ്ടോ ?

ഉത്തരമില്ല.

“ഈ രഹസ്യം ആർക്കെയറിയാം?” ആദിത്യൻ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *