“കടിയേറ്റതോ?”
“പൂർണമായ കടിയല്ല. കൂർത്ത രണ്ടു പല്ലുകൾ ചർമ്മത്തിൽ തുളച്ചതുപോലെ.”
“യക്ഷി?”
“അങ്ങനെ തോന്നിപ്പിക്കും. പക്ഷേ ശരീരത്തിൽനിന്ന് രക്തം നഷ്ടപ്പെട്ടിരുന്നില്ല.”
“ഹരിദേവൻ?”
“അവന്റെ വലതുകൈയിൽ നീളം കൂടിയ നാല് നഖപ്പാടുകൾ. ലൂപിന്റെ ആക്രമണത്തെ ഓർമ്മിപ്പിക്കുന്നു. പക്ഷേ മുറിവിന്റെ അരികിൽ വെള്ളിനിറമുള്ള
പൊടി ഉണ്ടായിരുന്നു.”
“വെള്ളി ലൂപിനെ ദുർബലമാക്കില്ലേ?”
“അതുകൊണ്ടുതന്നെയാണ് സംശയം. ആക്രമിച്ച ജീവിയുടെ നഖങ്ങളിൽ വെള്ളി എങ്ങനെ ഉണ്ടായി? അല്ലെങ്കിൽ ഹരിദേവൻ ഉപയോഗിച്ച ആയുധത്തിൽനിന്ന് മുറിവിലേക്ക് എത്തിയതാണോ? വ്യക്തതയില്ല.”
“ശവപരിശോധന?”
“കുടുംബം അനുവദിച്ച പരിധിയിൽ മാത്രം. പുറത്തുള്ള ഡോക്ടർമാർക്ക് യഥാർത്ഥ സംശയം പറയാനാവില്ല. അവർ അപകടമരണം എന്ന് രേഖപ്പെടുത്തി.”
“അവരുടെ സാധനങ്ങൾ?”
“പലതും നഷ്ടപ്പെട്ടു.”
“കറുത്ത വള തട്ടിലേക്കു മടങ്ങി.”
“അതെ.”
“മറ്റെന്ത്?”
“ഹരിദേവന്റെ വെള്ളിക്കത്തി കാണാനില്ല. മഹാദേവൻ സൂക്ഷിച്ചിരുന്ന അന്വേഷണരേഖയും ഇല്ല. പ്ലാനാശ്ശേരിയിൽനിന്ന് ശേഖരിച്ച സാമ്പിളുകൾ ഉണ്ടെന്ന് അവൻ സന്ദേശത്തിൽ പറഞ്ഞിരുന്നു. അവയും കണ്ടെത്തിയില്ല.”
ആദിത്യൻ പതുക്കെ എഴുന്നേറ്റു. മുറിയിൽ നടക്കാൻ തുടങ്ങി. ഇതുവരെ അച്ഛന്റെ മരണം അവന്റെ മനസ്സിൽ വിചിത്രമായൊരു ശൂന്യതയായിരുന്നു. സ്നേഹിക്കണോ വെറുക്കണോ എന്ന് തീരുമാനിക്കാൻ കഴിയാത്ത ഒരാളുടെ അന്ത്യം.
എന്നാൽ ഇപ്പോൾ അതിന് മറ്റൊരു രൂപം ലഭിച്ചു.
അച്ഛൻ തന്നെ ഉപേക്ഷിച്ച മനുഷ്യൻ മാത്രമല്ല.
ഒരു രഹസ്യവംശത്തിന്റെ വേട്ടക്കാരൻ.
കറുത്ത വളയുടെ ധാരകൻ.
അജ്ഞാതജീവിയെ അന്വേഷിച്ചുകൊണ്ടിരിക്കെ കൊല്ലപ്പെട്ട ഒരാൾ.
അതുകൊണ്ട് അവനോടുള്ള പഴയ കോപം ഇല്ലാതായില്ല. പക്ഷേ ആ കോപത്തിനുള്ളിൽ ആദ്യമായി കൗതുകം കടന്നുവന്നു.
“സുമലത എന്തിനാണ് സ്വന്തം വീട്ടിലേക്ക് പോയത്?” അവൻ ചോദിച്ചു.
“അവളുടെ കുടുംബത്തിന്റെ വിവരശൃംഖല ഉപയോഗിക്കാൻ. അപകടസ്ഥലം വീണ്ടും പരിശോധിക്കാൻ. പ്ലാനാശ്ശേരിയിലെ യുവതിയെയും കുഞ്ഞിനെയും കണ്ടെത്താൻ. അവളുടെ ഭർത്താവിനെ കൊന്നത് ആരാണെന്ന് ഉറപ്പാക്കാൻ.”
“അവൾ ഒറ്റയ്ക്കാണോ?”
“അവളുടെ കുടുംബത്തോടൊപ്പം. അതുകൊണ്ടാണ് ഇപ്പോൾ അവൾക്ക് കൂടുതൽ സുരക്ഷ.”
“മുത്തശ്ശിയോട് ഒന്നും പറഞ്ഞില്ലേ?”
“ഭർത്താവിന്റെ മരണത്തിന്റെ യഥാർത്ഥ സ്വഭാവം പറഞ്ഞാൽ സാവിത്രിച്ചേച്ചി അവളെ പോകാൻ അനുവദിക്കില്ലായിരുന്നു. അല്ലെങ്കിൽ കുടുംബത്തിലെ എല്ലാവരെയും ഭയപ്പെടുത്തും.”
“അഞ്ജനയ്ക്ക് അറിയാമോ?”
“അറിയില്ല. സുമലത അവളോടു സംസാരിച്ചതായി എനിക്കറിയാം. എന്താണ് പറഞ്ഞതെന്ന് അറിയില്ല.”
“അച്ഛൻ മരിക്കുന്നതിനു മുൻപ് അഞ്ജനയോട് എന്തെങ്കിലും പറഞ്ഞിട്ടുണ്ടാകുമോ?”
“സാധ്യതയുണ്ട്. മഹാദേവൻ അവസാനകാലത്ത് പല കാര്യങ്ങളും എനിക്ക് പറയാതെ തീരുമാനിച്ചിരുന്നു.”
ആ വാക്കുകളിലെ അസ്വസ്ഥത ആദിത്യൻ ശ്രദ്ധിച്ചു.
“നിങ്ങളും അച്ഛനും തമ്മിൽ പ്രശ്നമുണ്ടായിരുന്നോ?”
“അഭിപ്രായവ്യത്യാസങ്ങൾ.”
“എന്തിനെക്കുറിച്ച്?”
“വള എങ്ങനെ ഉപയോഗിക്കണം എന്നതിനെക്കുറിച്ച്. രോഗബാധിതരോട് എത്രത്തോളം കരുണ കാണിക്കണം എന്നതിനെക്കുറിച്ച്. മനുഷ്യരുടെ മനസ്സിനെ നിയന്ത്രിക്കാൻ കറുത്ത വള ഉപയോഗിക്കുന്നത് എവിടെവരെ ന്യായമാണെന്നതിനെക്കുറിച്ച്.”
“അച്ഛൻ ആളുകളുടെ മനസ്സ് നിയന്ത്രിച്ചിരുന്നോ?”
“ചിലപ്പോൾ. ആവശ്യത്തിനുമപ്പുറം എന്നും എനിക്ക് തോന്നിയിരുന്നു. ചിലപ്പോളൊക്കെ പൂജകളെന്ന പേരിൽ കാമക്രീഡകൾ കാണിക്കാൻ. “
“അതുകൊണ്ടാണോ മുത്തച്ഛൻ അദ്ദേഹത്തെ ദുർമന്ത്രവാദിയെന്ന് വിളിച്ചത്?”
ഹരിഹരൻ ദീർഘമായി ശ്വാസമെടുത്തു.
“അച്യുതന് മഹാദേവനെ വെറുക്കാൻ വ്യക്തിപരമായ കാരണങ്ങളുണ്ട്. പക്ഷേ അവന്റെ എല്ലാ ആരോപണങ്ങളും അടിസ്ഥാനരഹിതമല്ല. കറുത്ത വള നൽകുന്ന ശക്തിയിൽ മഹാദേവൻ ആകൃഷ്ടനായിരുന്നു.
മറ്റുള്ളവരുടെ മനസ്സ് വായിക്കുക ആദ്യം കടമയ്ക്കായി മാത്രം ചെയ്തു. പിന്നീട് സൗകര്യത്തിനായി. പിന്നെ സംശയത്തിനായി.”
