അവൾ അവന്റെ അടുത്തോട്ടു വശ്യതയോടെ നടന്നു വന്നപ്പോൾ അവനു സ്വബോധം വന്നു. അവനവളെ പറഞ്ഞയച്ചു. കറുത്ത വളയുടെ ശക്തി ക്രമീകരിച്ചില്ലെങ്കിൽ അത് തന്റെ ജീവിതത്തിൽ അനാവശ്യമായി കടന്നുകൂടും എന്നവൻ തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്.
പരിശീലനം തുടർന്നു.
മൂന്നാംമാസത്തിൽ കറുത്ത വളയുടെ അടിസ്ഥാനശക്തിയെ നിയന്ത്രിക്കാൻ ആദിത്യന് കഴിഞ്ഞു. ഹരിഹരൻ മുറിയിലെ പല വസ്തുക്കളിലും തന്റെ മനസ്സിന്റെ അടയാളം പതിപ്പിച്ച് അവ തിരിച്ചറിയാൻ പറഞ്ഞു.
കണ്ണടച്ചിരിക്കുമ്പോഴും ഏതു പാത്രമാണ് അദ്ദേഹം സ്പർശിച്ചതെന്ന് വികാരത്തിന്റെ ശേഷിപ്പിലൂടെ കണ്ടെത്താൻ ആദിത്യന് കഴിഞ്ഞു.
പിന്നീട് അകലെയുള്ള ആളുകളുടെ സാന്നിധ്യം തിരിച്ചറിയാൻ പഠിച്ചു. മനസ്സിന്റെ ചലനവും. ശാന്തനായ ഒരാൾ ഒരു തണുത്ത വിളക്കുപോലെ. ഭയപ്പെട്ട ഒരാൾ വേഗത്തിൽ വിറയ്ക്കുന്ന ജ്വാലപോലെ. കോപം ചുവന്ന ചൂടുപോലെ അനുഭവപ്പെട്ടു.
“ഇവ
ഉപമകളാണ്,” ഹരിഹരൻ പറഞ്ഞു. “യഥാർത്ഥ നിറമോ ചൂടോ അല്ല. നിന്റെ മനസ്സ് അതിന് മനസ്സിലാകുന്ന രൂപം നൽകുകയാണ്.”
ഇടക്കെപ്പോഴോ ശക്തമായി അവൻ ധ്യാനിച്ചപ്പോൾ അവൻ ഹരിഹരന്റെ മനസ്സിന്റെ ചിന്തകളിലേക്ക് കടന്നു. ഒരൊറ്റ നിമിഷം മാത്രം. അവനു ആ വിചാരങ്ങൾ എന്താണെന്ന് മനസ്സിലാക്കാൻ സാധിച്ചില്ലെങ്കിലും അവിടം കലുഷിതമായിരുന്നു എന്നവന് മനസ്സിലായി.
വെളുത്ത വളയുടെ പരിശീലനം ആദിത്യൻ രാത്രിയിൽ ഒറ്റയ്ക്കു തുടർന്നു. ശക്തി നിയന്ത്രിക്കാതെ ഉപയോഗിച്ചാൽ സാധനങ്ങൾ തകരുമെന്ന് മനസ്സിലായി. അതിനാൽ ബലം കൂട്ടുന്നതിനെക്കാൾ കുറയ്ക്കാനാണ് പരിശീലിച്ചത്.
ഒരു പാത്രം പൊട്ടിക്കാതെ പിടിക്കുക, വാതിലിന്റെ പിടി വളയാതെ തുറക്കുക, നടക്കുമ്പോൾ മരത്തറ തകരാതിരിക്കുക.
ശക്തി ലഭിക്കുക എളുപ്പമാണ്.
ശക്തിയുണ്ടായിരിക്കെ സാധാരണ മനുഷ്യനെപ്പോലെ പെരുമാറുക കൂടുതൽ ബുദ്ധിമുട്ടാണെന്ന് അവൻ തിരിച്ചറിഞ്ഞു.
മൂന്നുമാസം പൂർത്തിയാകാൻ ദിവസങ്ങൾ മാത്രം ബാക്കിയുണ്ടായിരുന്നു. എപ്പോൾ വേണമെങ്കിലും നീലകണ്ഠത്തേക്ക് മടങ്ങാമെന്ന് ആദിത്യൻ കരുതി.
അപ്പോഴാണ് ഒരു പുലർച്ചെ പുതുശ്ശേരി ഇല്ലത്തിന്റെ പടിപ്പുരയ്ക്ക് മുന്നിൽ തന്റെ ഇല്ലത്തിലെ മാരുതി 800 വന്ന് നിന്നത്.
പരിശീലനം കഴിഞ്ഞ് മടങ്ങിയെത്തിയ ആദിത്യൻ പടിപ്പുരയിലെ മനുഷ്യനെ ദൂരത്തുനിന്നുതന്നെ തിരിച്ചറിഞ്ഞു.
ഗോവിന്ദൻ.
നീലകണ്ഠത്ത് മനയിലെ കാര്യസ്ഥൻ.
എന്നാൽ അവനെ കണ്ടതിൽ സന്തോഷം തോന്നുന്നതിനുമുമ്പ് ആദിത്യന്റെ കണ്ണുകൾ അയാളുടെ മുഖത്ത് പതിച്ചു.
വീർത്ത കണ്ണുകൾ.
ക്ഷീണിച്ച മുഖം.
അലങ്കോലമായ വസ്ത്രം.
കൈയിൽ മടക്കിപ്പിടിച്ച വെളുത്ത തോർത്ത്.
ആദിത്യന്റെ ഉള്ളിൽ എന്തോ തകർന്നുവീണു.
മറ്റാരും ഒന്നും പറയുന്നതിനു മുൻപേ അവന് മനസ്സിലായി.
ഗോവിന്ദൻ പടിപ്പുരയിലേക്ക് കയറിവന്നു. ആദിത്യനെ കണ്ടപ്പോൾ കൈകൾ കൂട്ടി. പക്ഷേ വാക്കുകൾ പുറത്തുവന്നില്ല.
“മുത്തച്ഛൻ?”
ആദിത്യന്റെ ശബ്ദം വളരെ ചെറുതായിരുന്നു.
ഗോവിന്ദന്റെ കണ്ണുകൾ നിറഞ്ഞു.
“തിരുമേനി…”
അയാൾക്ക് വാക്ക് പൂർത്തിയാക്കാൻ കഴിഞ്ഞില്ല.
“കാലം ചെയ്തു.”
ആദിത്യൻ അനങ്ങിയില്ല.
മരണത്തോട് വൈരം വയ്ക്കരുതെന്ന് പറഞ്ഞ മനുഷ്യൻ.
തന്നെ വളർത്തിയ മനുഷ്യൻ.
ഗുരുവും അച്ഛനും അമ്മയും എല്ലാമായിരുന്ന മനുഷ്യൻ.
ഇനി ഇല്ല.
ചുറ്റുമുള്ള ശബ്ദങ്ങൾ അകന്നുപോയി. ഗോവിന്ദൻ എന്തോ പറയുന്നു. സാവിത്രി പടിപ്പുരയിലേക്ക് വരുന്നു. അപർണയും അമൃതയും ദൂരത്ത് നിൽക്കുന്നു. ആരോ ആദിത്യന്റെ തോളിൽ കൈവച്ചു.
ഒന്നും വ്യക്തമായില്ല.
അവന്റെ മനസ്സിൽ തെളിഞ്ഞത് അവസാനമായി കണ്ട മുത്തച്ഛന്റെ മുഖമാണ്.
നിലവറയിൽ വെളുത്ത വള കൈമാറിയ നിമിഷം.
“രണ്ടുമൂന്നു മാസം നിന്നിട്ട് തിരികെ വരാം” എന്ന് പറഞ്ഞ ശബ്ദം.
അദ്ദേഹത്തിന് അറിയാമായിരുന്നോ?
താൻ തിരികെ വരുമ്പോൾ അദ്ദേഹം ഉണ്ടാകില്ലെന്ന് നേരത്തേ അറിഞ്ഞിരുന്നോ?
ആദിത്യന്റെ കണ്ണുനീർ നിശ്ശബ്ദമായി ഒഴുകി.
ഇത്തവണ അത് തടയാൻ അവൻ ശ്രമിച്ചില്ല.
യാത്ര ഉടൻ ഒരുക്കപ്പെട്ടു. സാവിത്രി യാതൊരു ചർച്ചയ്ക്കും ഇടനൽകിയില്ല. കുടുംബത്തിലെ പ്രധാനപ്പെട്ട എല്ലാവരും നീലകണ്ഠത്തേക്ക് പോകുമെന്ന് അവൾ പ്രഖ്യാപിച്ചു. അഞ്ജനയും അപർണയും അമൃതയും വന്നു. ലളിതയും മാലിനിയും അവരുടെ ഭർത്താക്കന്മാരും. ഹരിഹരനും.
