തന്ത്രലാവണ്യം – 2 15

“മറ്റു നിറങ്ങൾ ഏതിനോടാണ് ജോഡി?”

“പച്ചയും മഞ്ഞയും. നീലയും ചുവപ്പും.”

“പച്ചയുടെ ശക്തി പ്രകൃതി.”

“സസ്യങ്ങൾ, തീ, ജലം, മണ്ണ്, വായു, മൃഗങ്ങൾ—ജീവനും പ്രകൃതിയിലെ ചലനങ്ങളും. പച്ചവളയുടെ ധാരകന് ചെടികളുടെ വളർച്ച വേഗത്തിലാക്കാനും ചില മൃഗങ്ങളുമായി ആശയവിനിമയം നടത്താനും വിഷങ്ങളെ തിരിച്ചറിയാനും കാലാവസ്ഥയിലെ മാറ്റങ്ങൾ അനുഭവിക്കാനും കഴിയും.

ശക്തി വളർന്നാൽ വേരുകളെ ചലിപ്പിക്കുക, ജലത്തിന്റെ വഴി മാറ്റുക, കാറ്റിനെ ആകർഷിക്കുക തുടങ്ങിയ കാര്യങ്ങളും സാധ്യമെന്നാണ് രേഖകൾ. പൂർണമായാൽ പഞ്ചഭൂതങ്ങളെ സ്വന്തം ഇഷ്ടം പോലെ ഉപയോഗിക്കാം. “

“ദോഷം?”

“കൂടുതൽ അറിയില്ല പക്ഷേ എവിടെയോ വായിച്ചത് കാഴ്ച്ച പോകുമെന്നാണ്. കണ്ണിന്റെയല്ല, ഉള്ളിന്റെ. വിവേചനവും, ബോധവും എല്ലാം.”

“മഞ്ഞ അത് തടയും.”

“അതെ. മഞ്ഞ ആത്മാവിന്റെ ശക്തിയാണ്. സ്വന്തം ബോധത്തെ ഉറപ്പിക്കുന്നു. മറ്റൊരാളുടെ ജീവസ്പന്ദനം തിരിച്ചറിയാം. ശാപങ്ങൾ, ആത്മബന്ധങ്ങൾ, ദുഷ്ടസാന്നിധ്യങ്ങൾ എന്നിവ കണ്ടെത്താം. ഭാവി പ്രവചിക്കാനുള്ള ശക്തി, മരണം പോലും മുൻകൂട്ടി പറയാനുള്ള സിദ്ധി.

ചിലർക്ക് മരണത്തിന്റെ അതിരിലെത്തിയ ആത്മാവിനെ തിരികെ വിളിക്കാനോ അദൃശ്യബന്ധങ്ങൾ മുറിക്കാനോ കഴിഞ്ഞിട്ടുണ്ട്.”

“അതിന്റെ ദോഷം?”

“വേദന. മഞ്ഞയുടെ ശക്തി ഉപയോഗിക്കുമ്പോൾ, ദേഹം പഞ്ചഭൂതങ്ങളാൽ നശിപ്പിക്കപ്പെടുന്നപോലെ തോന്നും. ജീവനോടെ ചുട്ടേരിയുന്നതുപോലെ ഒക്കെ. വയസ്സ് ആകുംതോറും ഇതിന്റെ വേദന സഹിക്കാനുള്ള കഴിവ് ക്രമേണ കുറഞ്ഞു വരും.

ചിലപ്പോൾ വേദന നിമിത്തം ഹൃദയഖാതം ഉണ്ടായേക്കാം.

അതുകൊണ്ടാണ് ഞാൻ… “ഹരിഹരൻ ഒരുനിമിഷം മൗനമായി.

“നീല?”

ഹരിഹരന്റെ മുഖം കൂടുതൽ ഗൗരവമായി.

“കാലം. മറ്റെല്ലാ വളകളെക്കാളും മനസ്സിലാക്കാൻ പ്രയാസമുള്ളത്. നീല വളയുടെ ധാരകന് സംഭവങ്ങളുടെ ശേഷിച്ച നിഴൽ കാണാം. ഒരു സ്ഥലത്ത് മുമ്പ് സംഭവിച്ചതിന്റെ ശകലങ്ങൾ.

നടക്കാനിരിക്കുന്ന സംഭവങ്ങളുടെ സാധ്യതകൾ. ഏതാനും നിമിഷങ്ങൾ സമയം മന്ദമാക്കുകയോ സ്വന്തം അനുഭവത്തിൽ വേഗത്തിലാക്കുകയോ ചെയ്യാം എന്നാണ് പഴയ രേഖകൾ. അതിന്റെ ധാരിക്ക് സമയം വെറും ദൂരം പോലെയാണ്.

പണ്ടുനടന്നതും ഇപ്പോൾ നടക്കുന്നതും ഇനി വരാൻ പോകുന്നതുമെല്ലാം ഒന്നായി കാണാം.“

ആദിത്യന്റെ ഹൃദയം വേഗത്തിൽ മിടിച്ചു.

പാതാളമുറിയിൽ വള തൊട്ടപ്പോൾ താൻ കണ്ട ദൃശ്യം—വളർന്ന രൂപം, കിടപ്പുമുറി, അജ്ഞാതയായ ഒരാൾ—അത് കറുത്ത വളയുടെ പ്രവൃത്തിയാണോ? അതോ രണ്ടുവളകളുടെ കൂട്ടായ പ്രതികരണമോ?

ഹരിഹരൻ പറയുന്ന നീല വളയുടെ സ്വഭാവവുമായി അതിന് സാമ്യമുണ്ടായിരുന്നു. പക്ഷേ നീല വള തനിക്കില്ല.

“ഭാവി കൃത്യമായി കാണാൻ കഴിയുമോ?”

“ഭാവി ഉറച്ചൊന്നല്ല. അനവധി വഴികളുണ്ട്. നീല വള സാധ്യതകൾ കാണിക്കും. അവയിൽ ഏതു യാഥാർഥ്യമാകും എന്ന് ധാരകന്റെ വിവേകം തീരുമാനിക്കണം. ദോഷം അതിലാണ്.

ഭൂതവും വർത്തമാനവും ഭാവിയും തമ്മിലുള്ള അതിരുകൾ മങ്ങും. നടന്നതും നടക്കാനിരിക്കുന്നതും ഒന്നുപോലെ അനുഭവപ്പെടാം. സ്വന്തം പ്രായം പോലും മറക്കാം. ചില ധാരകർ ഏതാനും ദിവസങ്ങൾക്കുള്ളിൽ വൃദ്ധരെപ്പോലെ പെരുമാറിയിട്ടുണ്ട്.

ചിലർ നൂറുവർഷം പഴയ ഓർമകളെ സ്വന്തം ബാല്യമായി കരുതി.”

“ചുവപ്പ് അവരെ വർത്തമാനത്തിൽ നിർത്തുമോ?”

“സ്ഥലം കാലത്തിന് ആധാരമാണ്. ചുവന്ന വള എവിടെയാണ് താൻ നിൽക്കുന്നതെന്ന് ബോധം ഉറപ്പിക്കും. അതിന്റെ ശക്തിയിലൂടെ ദൂരം ചുരുക്കാം. ഒരു സ്ഥലത്തുനിന്ന് മറ്റൊന്നിലേക്ക് വഴികൾ തുറക്കാം.

അടച്ച മുറിയിൽനിന്ന്

പുറത്തുകടക്കാം. രണ്ട് ദൂരസ്ഥലങ്ങൾക്കിടയിൽ നിമിഷനേരത്തേക്ക് വാതിൽ സൃഷ്ടിക്കാം.”

“ദോഷം?”

“സ്വന്തം സ്ഥാനം നഷ്ടപ്പെടൽ. വളയുടെ ശക്തി ഒറ്റയ്ക്ക് അധികം ഉപയോഗിച്ചാൽ ധാരകൻ ഈ ലോകത്തിലെ സ്ഥാനബന്ധത്തിൽനിന്ന് വഴുതിപ്പോകാം. ആദ്യം ആളുകൾക്ക് അവനെ ശ്രദ്ധിക്കാൻ പ്രയാസമാകും.

പിന്നെ കണ്ണാടിയിൽ പ്രതിബിംബം മങ്ങും. അവസാനം ഒരു സ്ഥലത്തും പൂർണമായി നിലനിൽക്കാനാവാതെ ലോകങ്ങൾക്കിടയിൽ കുടുങ്ങാം. നീല വള കാലബന്ധം ഉറപ്പിച്ചില്ലെങ്കിൽ ചുവപ്പ് അത്യന്തം അപകടകരമാണ്.”

Leave a Reply

Your email address will not be published. Required fields are marked *