രണ്ടു മൂന്ന് സ്ഥലത്തുകൂടെ നിർത്തി വീട്ടിൽ കേറാതെയാണ് മീനുവിന്‍റെ വീട്ടിലേക്ക് വിട്ടത്.അവളുടെ ബർത്ത് ഡേ അല്ലെ.അച്ഛനും അമ്മയും കൂടെ അവൾക്കെന്തെക്കെയോ വാങ്ങുന്നുണ്ട്. ഞാൻ ചെറിയമ്മയെയും കൂട്ടി ചെറിയൊരു കമ്മൽ വാങ്ങാൻ പോയി.കുറേ മുന്നേ അവളെന്നോടിതിനു വേണ്ടി കച്ചറണ്ടാക്കിയതാണ്. ഓർമ വന്നപ്പോ അത് തന്നെ വാങ്ങാമെന്ന് കരുതി.സ്വർണമാണ് തൂക്കമൊക്കെ ഇത്തിരിയേയുള്ളൂ. കുറച്ചു കാലം സൈറ്റിൽ നിന്നതിനു നിനക്ക് ചായ കുടിക്കാൻ എങ്കിലും എന്തേലും തരണ്ടേന്ന് പറഞ്ഞു അച്ഛന്‍റെ കൂട്ടുകാരൻ കൂടിയ ആ വർക്കിന്‍റെ ചുമതലയുള്ള രവി അങ്കിൾ പറഞ്ഞത് വെറുതെ ആണെന്ന കരുതിയത്. അച്ഛൻ അറിയാതെ അക്കൗണ്ടിലേക്ക് ഇത്തിരി പൈസ ഇട്ടത് ഇന്നലെ കണ്ടു ബോധിച്ചു.അതുള്ളത് കൊണ്ട് സുഖമായി ചെറിയമ്മയെ താങ്ങാതെ ഞാൻ എന്‍റെ സ്വന്തം പൈസക്ക് വാങ്ങാനായി.പിന്നെ അവളറിയാതെ അമ്മയോട് ഇത്തിരി പൈസ കടം ചോദിച്ചു. ഒരു മോതിരം കൂടെ വാങ്ങാൻ. ചെറിയമ്മക്ക്.അവൾ അറിയാതെ വേണം കാരണം ഞാൻ ഇതുവരെ അവൾക്കൊന്നും കൊടുത്തില്ലല്ലോ?ആ വിഷമം ഉള്ളിലുണ്ട്.അമ്മ കനിഞ്ഞു. ചെറിയമ്മയും അമ്മയും അച്ഛനും കൂടെ ഡ്രസ്സ് എടുക്കുന്ന തിരക്കിലേക്ക് കടന്നപ്പോ. ഞാൻ ഇപ്പോ വരാമെന്ന് പറഞ്ഞു കമ്മൽ വാങ്ങിയ കടയിലേക്ക് തന്നെ മുങ്ങി.
അവളുടെ ടേസ്റ്റ് അത്രക്ക് നല്ലപോലെ അറിയില്ലെങ്കിലും കണ്ടിഷ്ട്ടപ്പെട്ട ഒന്നെടുത്തു. പെട്ടന്ന് ഒരു തോന്നൽ കൂടെ.എന്‍റമ്മക്ക് ഇല്ലല്ലോന്ന്.പൈസ അമ്മയുടേതാണേലും കടം ചോദിച്ചതല്ലേ? അമ്മക്ക് വാങ്ങീല്ലേൽ മോശല്ലേ???.അതിന്‍റെ മുഖം ചെറിയമ്മക്ക് ഞാൻ മോതിരം വാങ്ങി കൊടുത്തൂന്നറിഞ്ഞു വാടുന്നത് കാണാൻ വയ്യ!!
അപ്പോഴേക്കും വിളി വന്നു തുടങ്ങിയിരുന്നു.ഞാൻ മനസ്സിൽ തോന്നിയ ഒന്നെടുത്തു അമ്മക്ക് കൂടെ വാങ്ങി. കവർ മാറ്റി രണ്ടു ബോക്സും കീശയിൽ തിരുകി.പെണ്ണുങ്ങൾക്കു രണ്ടിനും സംശയം നല്ലത് പോലെയുണ്ട്. അമ്മ ഇടക്ക് ഫോണിലേക്ക് തല പൂഴ്ത്തി എന്നെ നോക്കി കണ്ണുരുട്ടി. പൈസ പോയത് കണ്ടു കാണും.അമ്മയുടെ കാർഡിട്ടല്ലേ ഞാൻ ഉരച്ചത്. അറിയാതെ നിക്കോ!!!…
വണ്ടി വഴിയിൽ ഒതുക്കി.വാങ്ങിയ കുറേ കവറുകൾ താങ്ങി ഞാനും അച്ഛനും നടന്നു.ഒന്നും പിടിക്കാതെ മുന്നിൽ പെണ്ണുങ്ങളും.വീടിന്‍റെ മുന്നിലേക്കെത്തിയതും വരാന്തയിൽ കൈ കുത്തി ഞങ്ങളെ നോക്കുന്ന മീനുവിന്‍റെ മുഖം ആന കുത്തിയ പോലെ.ബാക്കിയുള്ളവരോടല്ല എന്നോടാണ് ന്ന് പിന്നെ പറയേണ്ട ആവശ്യമുണ്ടായില്ല!!..
“ഇങ്ങട്ട് വാട്ടോ..അഭിയേട്ട.തര ഞാൻ….” വന്നപ്പോഴേ ഭീഷണി. അമ്മയും അച്ഛനും എന്തിന് ചെറിയമ്മ പോലും എന്നെ നോക്കി ചിരിച്ചു.ജിഷാന്‍റി ഓടി വന്നു. ഇതൊക്കെ വാങ്ങിയതിന് കുറേ ചീത്ത പറഞ്ഞു.അമ്മയും അച്ഛനും ചെറിയമ്മയെയും കൂടെ ജിഷാന്‍റി അകത്തേക്ക് കേറ്റി. കയ്യിൽ ഒരു കവറും പിടിച്ചു ഉള്ളിലേക്ക് കേറാതെ നിൽക്കുന്ന എന്നെ നോക്കി കണ്ണുരുട്ടി മീനു വരാന്തയിൽ തന്നെ നിന്നു. ഇനി ഇവളെങ്ങാൻ എന്നെ കൊല്ലോ…!!.
വരാന്തയിലേക്ക് കാലെടുത്തു വെച്ചതും അവൾ ചവിട്ടി കുലുക്കി എന്നെ നോക്കാതെ അകത്തേക്ക് പോയി.പാവം… ദേഷ്യമാണ് ഞാനെന്തൊക്കെ പരാക്രമണം നടത്തിയെന്ന് കേട്ട് കാണും അതിന്‍റെയാണ്.ഉള്ളിൽ കേറി സംസാരിക്കുന്ന എല്ലാരുടെയും കൂട്ടത്തിൽ അവളെ കണ്ടില്ല.
അവളുടെ റൂമിലുണ്ടെന്ന് ജിഷന്‍റി ആംഗ്യം കാട്ടി. എന്‍റെ പതുങ്ങിയ മുഖം കണ്ട് എല്ലാർക്കും നല്ല ചിരിയാണ്.. ചെറിയമ്മയുടെ കയ്യിലുണ്ടായിരുന്ന അവൾക്കുള്ള കമ്മലിന്‍റെ ബോക്സ് വാങ്ങി ചെറിയമ്മയോട് കൂടെ വരാൻ പറഞ്ഞു. ഞാൻ കൊടുക്കുന്നത് അല്ലല്ലോ ഞങ്ങൾ അല്ലെ കൊടുക്കേണ്ടത്.വേണ്ടാന്ന് അവളുടെ ഭാവം. ഞാൻ റൂമിലേക്ക് കേറി.
“മീനു….” മുഖം കറുപ്പിച്ചു ബെഡിലിരിക്കുന്ന അവൾ ഒന്ന് നോക്കി അത്രമാത്രം.
“ഡീ ഹാപ്പി ബര്‍ത്ത് ഡേ… നീയിങ്ങനെ മുഖം വീർപ്പിക്കല്ലേ… അതൊക്കെ കഴിഞ്ഞില്ലേ…!!”ഞാൻ ആശ്വസപ്പിക്കാൻ നോക്കി.എവിടെ പെണ്ണ് വിടുന്ന ലക്ഷണമില്ല.
