“ന്നട്ട് എന്ത് പറഞ്ഞു നിന്‍റെ ആശാൻ..കെട്ടി വെച്ചു തരാന്ന് പറഞ്ഞോ?.” ആ കളിയിൽ കൂടാൻ തോന്നി.. ചെറിയമ്മയുടെ തോളിൽ തലവെച്ചു ഞാൻ ആ ചെറിയ ഇരുട്ടിൽ ആളുന്ന ദീപത്തിലേക്ക് നോക്കി.
“ഹാ പറഞ്ഞു.. കുരുത്തം കെട്ട ചെക്കനാ അനുപമേ ഒന്നുടെ ആലോചിച്ചിട്ട് പോരെന്ന ആദ്യം ചോയ്ച്ചത്…” അമർത്തിയ ചിരി. എന്ത് സുഖമാണ് എന്നെയിങ്ങനെ പറയാന്‍.
“മ്മ്ഹ് എന്നിട്ടോ..” എന്തായാലും കേൾക്കട്ടെ. അവളുടെ കളി.
“എന്നിട്ടെന്താ.. ഞാമ്പറഞ്ഞു അവനില്ലാണ്ട് പറ്റുന്ന് തോന്നുന്നില്ലാന്നു..അപ്പൊ തന്നെ ആശാൻ പറയാ..ന്നാ ഒരു താലി വാങ്ങിക്കൊന്ന്.വേഗം തന്നെയെല്ലാം നടക്കുന്നു. ന്ത് നുണയാല്ലേ പറ്റിക്കുന്നതിനും ഒരു അതിരില്ലേ….! വേഗം നടക്കുന്ന് പറഞ്ഞിട്ട് ഈ അടുത്തൊന്നും നടക്കില്ല.ചേച്ചി അതിന് സമ്മതിക്കോ ഡാ…?”പാവം അതിന് ഇതൊന്ന് നടന്നു കിട്ടാൻ എന്താഗ്രഹമാണ്. പേടിയുണ്ടാവും ആരെക്കിലും ഇനിയും ഇടയിൽ കേറി ഞങ്ങളെ കാര്യം മുടക്കുമോന്ന്.
“അനൂ …”ഞാൻ ഈണത്തിൽ വിളിച്ചു.
“ഉഫ് ന്‍റെ മോനേ എനിക്ക് ന്തോ അവണ് നീയിങ്ങനെ വിളിക്കുമ്പോ. കുളിരു കേറുന്ന പോലെ…ഇയ്യോ….” അവളൊന്നിളകിയിരുന്നു. മുന്നിൽ ഞങ്ങളെ അറിയുന്ന ചേച്ചി നോക്കി നല്ല ചിരി തന്നു പോയി.
“നീ പറ… ന്തിനാ വിളിച്ചേ.?…” അത് പോവുന്നതും നോക്കി ചെറിയമ്മ അടുത്തേക്ക് അമർന്നിരുന്നു.
“അത്രക്ക് കൊതിയാണോ…?!’
“ന്തിന്….”
“അണോ…”
“ന്തിനെടാ…..?”
“കഴുത്തിൽ ഞാൻ താലി കെട്ടാൻ …” ഒന്നും മിണ്ടീല്ല.ഇനി ഞാൻ ചോദിച്ചതിൽ ന്തേലും തെറ്റുണ്ടോ. കഴുത്തിൽ അവളുടെ കൈ പെട്ടന്ന് മുറുകി.. ഏഹ്…! ഞാൻ ശ്വാസം വലിച്ചെടുത്തു.
” തെണ്ടി ചെക്കാ ഞാൻ അല്ലാതെ വേറെ ആരേലും മനസ്സിലുണ്ടെൽ മോനെ. കൊന്നുകളയും ഞാൻ… ” കഴുത്തു ശെരിക്കും മുറുക്കിയവൾ..ഞാൻ കഴുത്തെങ്ങനെയോ മോചിപ്പിച്ചെടുത്തു. അവളുടെ കണ്ണിലേക്കു നോക്കി ഞാനാ കവിൾ തലോടി.പറ്റിയാ ഇപ്പോ തന്നെ ആ ആഗ്രഹം സാധിച്ചു കൊടുക്കാൻ തോന്നി.എന്തായാലും അമ്മ പറഞ്ഞപോലെ അവളോട് പറയാൻ നിന്നില്ല. വേഗം ഞാനൊരു താലി വാങ്ങാന്നു പറഞ്ഞു അവളെ സമാധാനിപ്പിച്ചു. ഹരി പതുങ്ങി നിന്നു വിളിച്ചു. ഇപ്പോ വരാമെന്ന് ചെറിയമ്മയോട് പറഞ്ഞു ഞാൻ മുങ്ങി.എന്താ ചെയ്തേ എന്നൊന്നും അറിയില്ല അവൻ താലത്തിൽ പൂക്കളുടെ കൂടെ വെച്ച ആ താലി എടുത്തു തന്നു. തോളിൽ രണ്ടു തട്ട് തട്ടി അവന്‍റെ ആശംസകൾ.
വീട്ടിലേക്ക് നടക്കുമ്പോ ഞാൻ ഇനിയുള്ള സംഭവങ്ങളെ പറ്റിയുള്ള ആലോചനയിലായിരുന്നു.കഴുത്തിൽ ഇത് കെട്ടുമ്പോ അവളുടെ മുഖവും ചിരിയും സന്തോഷവും ഞാൻ മുന്നിൽ കണ്ടു പോയി.. ഫോണിന്‍റെ വെളിച്ചത്തിൽ ഇരുട്ടിൽ ഞങ്ങൾ പടത്തിന്‍റെ വരമ്പിലൂടെ വീട്ടിലേക്ക് നടന്നു.
വീട് ഇരുട്ടിലാണ്.ചെറിയമ്മയോടമ്മ വാതിൽ തുറക്കാൻ പറഞ്ഞു എന്‍റടുത്തേക്ക് വേഗം വന്നു. മാലയുടെ കാര്യം ചോദിക്കാനാണ് ഞാൻ ഹരിക്കുകൊടുത്തു വാങ്ങിയ കാര്യം പറഞ്ഞു. ലൈറ്റ് തെളിയിച്ചു വരാന്തയിലേക്ക് വീണ്ടും വന്നവൾ നോക്കുമ്പോ ഞങ്ങൾ മുറ്റത്തു തന്നെയാണ്. അവളുടെ നോട്ടം കണ്ടിട്ടാണേൽ എനിക്കെന്തോ പോലെയുണ്ട്. ഇത്തിരി കഴിഞ്ഞാ എന്‍റെ ഭാര്യകൂടെ ആവുമല്ലോന്നോർക്കുമ്പോ ഒരത്ഭുതം പോലെ.
അമ്മയവളെയും കൂട്ടി ഉള്ളിലേക്ക് കേറി. ഇത്തിരി നേരം നിന്നും കളിച്ചാണ് ഞാൻ അകത്തേക്ക് ചെന്നത്.ചെറിയമ്മ ഫോണിൽ തോണ്ടി സോഫയിൽ ഇരിക്കുന്നുണ്ട്. ഞാൻ വിചാരിച്ചു അമ്മ അവളെ ഇനിയും ഒരുക്കാനോ മറ്റോ കൊണ്ടുപ്പോയതാന്ന്.എവിടെ.
“ന്താ അഭീ… കുറേ നേരം ആയല്ലോ മിണ്ടാതെ നിക്കുന്നു…” ഫോണിൽ നിന്നും കണ്ണുയർത്തിയ ചെറിയമ്മ ചിരിയോടെന്നോട് തിരക്കി. ആ സോഫയുടെ ബാക്കിലേക്ക് അമ്മ വന്നു നിന്നു. എന്നോട് മെല്ലെയൊന്നും തലയാട്ടി.
ഇടക്കണ്ണിട്ട് നോക്കിയ ചെറിയമ്മ അമ്മ വന്നതറിഞ്ഞിട്ടുണ്ട്..
“എന്താ ലക്ഷ്മി.. ഒരു ചുറ്റി കളി..”അമ്മയോടുമവൾ ചോദിച്ചു.
“അവനോട് ചോയ്ക്ക്…”അമ്മ കൈ മലർത്തി. അവൾക്ക് ദേഷ്യം കേറി.
“നിന്നെ ഞാൻ ണ്ടല്ലോ…” ഫോൺ സൈഡിൽ ഇട്ട് എന്‍റെ നേർക്ക് പാഞ്ഞവൾ വന്നു.
