റോക്കി – 1അടിപൊളി  

 

‘അഞ്ജന.. എന്താണ് വിഷയം. ഇവൾ പൈസ എടുക്കുന്നത് നീ കണ്ടോ ‘

 

എല്ലാവരോടും മറുപടി പറഞ്ഞു മടുത്തത് കൊണ്ടാകും അഞ്ജന എന്നോട് ഒന്നും പറഞ്ഞില്ല. അവളുടെ മൈൻഡ് ഇപ്പൊ ഇവിടല്ല.

‘ആരും കണ്ടില്ല. പക്ഷെ എടുക്കുവാണേൽ ഇവളെ എടുക്കൂ ‘

നീതു ഒരു ഗൂഢമായ ചിരിയോടെ പറഞ്ഞു.

 

ഇവർക്കിടയിൽ നിന്ന് സംസാരിച്ചാൽ അവരെല്ലാം ഇഷാനിയെ കുറ്റം ചാർത്താൻ മാത്രമേ ശ്രമിക്കൂ എന്ന് ഞാൻ മനസിലാക്കി. അവിടെ നിന്നും അഞ്ജനയുടെ കൈ പിടിച്ചു ഞാൻ അവളെ ക്ലാസിനു പുറത്തേക്ക് കൊണ്ട് പോയി

 

‘എന്താ സംഭവിച്ചത് എന്ന് നീ പറ കറക്റ്റ് ആയിട്ട് ‘

 

‘എന്ത് പറയാനാണ് എന്റെ പൈസ കാണാതെ പോയി. ലാബിൽ പോയപ്പോൾ ഇവിടെ വച്ചിട്ട് പോയതാണ് ഇപ്പൊ നോക്കുമ്പോൾ കാണുന്നില്ല ‘

അഞ്ജനയുടെ ദേഷ്യം ശമിച്ചിരുന്നില്ല

 

‘എത്ര രൂപ ഉണ്ടായിരുന്നു?

 

‘ഇരുപതിനായിരം ‘

 

‘അത്രയും പൈസ എന്തിനാണ് നീ കോളേജിൽ കൊണ്ട് വന്നത്?

 

എന്റെ പോലീസ് മോഡൽ ചോദ്യം ചെയ്യൽ അവൾക്ക് ഇഷ്ടപ്പെടുന്നുണ്ടായിരുന്നില്ല. അത് മനസിലാക്കി ഞാൻ ചോദ്യത്തിന്റെ ഭാവം കുറച്ചു കൂടി ഉറക്കെ ആക്കിയപ്പോ അവൾ മര്യാദക്ക് മറുപടി തന്നു

 

‘അമ്മക്ക് ഫോൺ വാങ്ങിക്കാൻ വേണ്ടിയാണ്. വൈകിട്ട് പോകുമ്പോ അവളുമാർ ആയി പോയി വാങ്ങാം എന്നാണ് കരുതിയത്. ഇനി ഫോണും പൈസയും ഇല്ലാതെ തിരിച്ചു ചെന്നാൽ എന്നെ അമ്മ കൊല്ലും ‘

അഞ്ജന ദേഷ്യം വിട്ടു കരച്ചിലിന്റെ വക്കിൽ എത്തിയിരുന്നു

 

‘നിന്റെ പൈസ പോയി. ഓക്കേ. പക്ഷെ അത് അവളാണ് എടുത്തത് എന്ന് നിനക്ക് എങ്ങനെ മനസിലായി ‘

 

‘എന്റെ ചേട്ടാ അവൾ ഒരു പഠിച്ച കള്ളിയാണ്. അവൾ ആണ് എടുക്കാൻ ചാൻസ് ഉള്ളു. അവൾ പണ്ട് നീതുവിന്റെ പൈസ എടുത്തു എല്ലാവരും പൊക്കിയതാണ്. അന്നേ അവളെ പറഞ്ഞു വിട്ടാൽ മതിയായിരുന്നു ‘

 

ആ കഥ ഞാൻ കേട്ടിരുന്നു പലരിൽ നിന്നും. നീതുവിന്റെ കാണാതെ പോയ പൈസ ഇഷാനിയുടെ ബാഗിൽ നിന്ന് കിട്ടിയതും ബാഗിൽ സെർച് ചെയ്യുന്നതിന് ഇടയിൽ കോണ്ടം കിട്ടിയതുമെല്ലാം. അന്ന് അവൾക്ക് കോളേജിൽ വീണ പേരാണ് കോണ്ടം. പക്ഷെ ആ കഥകളും അവളുമായി എനിക്ക് ഒരു തരത്തിലും പൊരുത്തപ്പെടാൻ സാധിച്ചിരുന്നില്ല. എന്നാൽ ഇന്ന് അതെ കഥയുടെ മറ്റൊരു ആവർത്തനം എനിക്ക് മുന്നിൽ വന്നിരിക്കുന്നു.

 

‘നീ പറഞ്ഞു വരുന്നത് അവൾ ലാബ് സമയത്തു ഇവിടെ വന്നു പൈസ എടുത്തു എന്നാണോ?

 

‘അതല്ലാതെ വേറെ വഴി ഇല്ല. തിരിച്ചു വന്നു കഴിഞ്ഞു ഞാൻ ക്ലാസ്സ്‌ വിട്ടു പോയിട്ടില്ല. അതിനിടയിൽ ആരും എടുത്തിട്ടില്ല.’

 

‘അങ്ങനെ ആണെങ്കിൽ ഇഷാനി അല്ല നിന്റെ പൈസ എടുത്തത് ‘

 

എന്റെ ഉറപ്പിച്ചുള്ള മറുപടിയിൽ അവൾക്ക് വിശ്വാസം വന്നില്ല

‘ചേട്ടൻ അവളെ പ്രോടക്ട് ചെയ്യുവാണോ..? നിങ്ങൾ തമ്മിൽ ഫ്രണ്ട്സ് ആയത് കൊണ്ട്..?

 

‘അത് കൊണ്ട് അല്ല. അവൾ എന്റെ കൂടെ ഉണ്ടായിരുന്നു ലാബിൽ മുഴുവൻ നേരവും. അവൾ എങ്ങോട്ടും പോയിട്ടില്ല അതിനിടക്ക്. പിന്നെ എങ്ങനെ അവൾ നിന്റെ പൈസ എടുക്കും. ഇനി എടുക്കാൻ തന്നെ നിന്റെ കയ്യിൽ ഇത്രയും പൈസ ഉള്ളത് അവൾ എങ്ങനെ അറിയും.’

 

അത് പറഞ്ഞപ്പോളാണ് അതിനെ കുറിച്ച് ഞാൻ ചിന്തിച്ചത്. പൈസ എടുത്തത് ആരാണെങ്കിലും അവർക്ക് അഞ്ജനയുടെ ബാഗിൽ പൈസ ഉള്ള കാര്യം കൃത്യമായി അറിയാമായിരുന്നു.

 

‘നീ പൈസ കൊണ്ട് വരുന്ന കാര്യം മുന്നേ ആരോടെങ്കിലും പറഞ്ഞിരുന്നോ?

 

‘ഇല്ല. ഞാൻ ആരോടും പറഞ്ഞില്ല ‘

അവളുടെ മറുപടി എന്നെ കൂടുതൽ വിഷമത്തിൽ ആക്കി. പിന്നെ എങ്ങനെ ഇവളുടെ പൈസ മോഷണം പോകും?

 

‘നീ ഇന്ന് വന്നു കഴിഞ്ഞു ആരോടെങ്കിലും പറഞ്ഞിരുന്നോ? ലാബിൽ വച്ചു മറ്റോ?

 

‘അത് അവളുമ്മാരോട് മാത്രമേ പറഞ്ഞുള്ളു. വേറെ ആരോടുമില്ല ‘

 

ഞാൻ ഒരു സംശയത്തിന്റെ രീതിയിൽ അവളെ നോക്കി

 

‘എന്റെ ചേട്ടാ അവളുമാർ ഒന്നും എടുക്കില്ല. എനിക്ക് ഉറപ്പാണ്. മാത്രം അല്ല. അവർ ഫുൾ ടൈം എന്റെ ഒപ്പം അല്ലായിരുന്നോ ‘

 

‘ശരി അവർ എടുക്കില്ലെങ്കിൽ വേണ്ട. നീ അവരോട് പറഞ്ഞത് വേറെ ആരെങ്കിലും കേട്ടിരിക്കാൻ സാധ്യത ഉണ്ടോ?

 

‘അത് എനിക്ക് അറിയില്ല. അതൊക്കെ ഞാൻ എങ്ങനെ ഓർമിക്കും ‘

 

‘നീ ശരിക്കും ഓർത്ത് നോക്ക്. നിങ്ങളുടെ അടുത്ത് ഇരുന്ന മറ്റേ ഗ്രൂപ്പിൽ ഉള്ള ആരെങ്കിലും. അതാരുടെ ഗ്രൂപ്പ്‌ ആയിരുന്നു’

 

‘അത് ഗോകുൽ ഒക്കെയാണ് ഞങ്ങളുടെ അടുത്ത് ഇരുന്നത്. ഹാ ഞാൻ അവനോട്‌ നല്ല ഫോണിനെ പറ്റി തിരക്കിയിരുന്നു ‘

അവസാനം ചെറിയൊരു കച്ചിത്തുരുമ്പ് കിട്ടിയിരിക്കുന്നു. ഞാൻ അവളെ അവിടെ നിർത്തി ഗോകുലിനെ മാറ്റി വിളിച്ചു. എന്റെ ചോദ്യം കേട്ട് അവനാകെ വല്ലാതെ ആയി. അത് കണ്ടപ്പോ എനിക്കും വിഷമം തോന്നി

 

‘എന്റെ അളിയാ നീ എടുത്തു എന്നല്ല ഞാൻ പറഞ്ഞത്. ഇവിടെ ആര് എടുത്തെന്നു പറഞ്ഞാലും നീ എടുത്തു എന്ന് ഞാൻ വിശ്വസിക്കില്ല. പക്ഷെ നിന്റെ കൂടെ ആരായിരുന്നു ഉണ്ടായിരുന്നത് ‘

 

‘ ഞാനും അജയും ശരത്തുമാണ് ഗ്രൂപ്പ്‌. വേറെയാരും ഇല്ല. അവസാനം കുറച്ചു നേരം ആഷിക്ക് അവിടെ വന്നിരുന്നു. അതല്ലാതെ വേറെ ആരും ഇല്ല.’

 

‘ലാബ് സമയത്ത് നിങ്ങൾ മൂന്ന് പേരും അവിടെ തന്നെ മുഴുവൻ സമയവും ഉണ്ടായിരുന്നോ..?

 

‘ആ ഉണ്ടായിരുന്ന്..’

പിന്നെ എന്തോ ഓർമയിൽ തട്ടി തടഞ്ഞ പോലെ അവൻ എന്നോട് പതിയെ പറഞ്ഞു

‘ശരത് ഇടക്ക് ബാത്‌റൂമിൽ പോകുവാ എന്ന് പറഞ്ഞു ചാടിയിരുന്നു ഒരു പത്തു മിനിറ്റ്. പക്ഷെ അവൻ എടുക്കുവോടാ. എനിക്ക് തോന്നുന്നില്ല ‘

 

‘നമുക്ക് ഒന്ന് ചോദിച്ചു നോക്കാം. അവൻ എന്തിയെ?

 

‘അവൻ ലാബ് കഴിഞ്ഞു ക്ലാസ്സിൽ കേറിയില്ല. ഞാൻ കരുതി നിങ്ങൾ രണ്ടും ഒരുമിച്ച് മുങ്ങിയത് ആയിരിക്കും എന്ന് ‘

 

എന്റെ മനസ്സിൽ എവിടെക്കോയെ ചിതറി കിടന്ന ചിത്രങ്ങൾ ഒരുമിച്ചു വരാൻ തുടങ്ങി..

 

വണ്ടിക്കൂലിക്ക് കാശില്ലാത്ത ശരത് പൊതി ഒരു സെറ്റായി വാങ്ങുന്നു

ബാത്‌റൂമിൽ പോകാൻ എന്ന് പറഞ്ഞു ഇടക്ക് വച്ചു ലാബിൽ നിന്ന് തനിയെ പോകുന്നു

ലാബ് കഴിഞ്ഞു ക്ലാസ്സിലേക്ക് വരാതെ മുങ്ങുന്നു

 

എന്റെ മനസിൽ കള്ളന്റെ ചിത്രം വ്യക്തമായി വരുന്ന നിമിഷം തന്നെ ഞങ്ങൾക്ക് മുന്നിൽ കൃത്യമായി ശരത് പ്രത്യക്ഷപ്പെട്ടു.. ഞാനും ഗോകുലും അവനടുത്തേക്ക് ചെന്നു. ഒന്നും ചോദിക്കാതെ ഞാൻ അവന്റെ കണ്ണിലേക്കു തന്നെ സൂക്ഷിച്ചു നോക്കിയപ്പോൾ അവന്റെ മുഖത്തെ ചിരി മായുന്നതും മുഖം കൂടുതൽ അസ്വസ്‌ഥമാകുന്നതും ഞാൻ കണ്ടു

 

‘നീയാണോ അഞ്ജനയുടെ പൈസ എടുത്തത് ‘

ഞാൻ നേരിട്ട് തന്നെ വിഷയത്തിലേക്ക് വന്നു

 

എന്റെ ചോദ്യം കേട്ട് അവൻ കൂടുതൽ പാനിക്ക് ആയി. അവന്റെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *