റോക്കി – 1അടിപൊളി  

 

സ്റ്റാഫ് റൂമിൽ നിന്ന് പുറത്തു വന്നപ്പോളാണ് ആകാശം നിറയെ മഴക്കാർ നല്ലത് പോലെ മൂടിക്കിടക്കുന്നത് ഞാൻ ശ്രദ്ധിച്ചത്. അധികം വൈകാതെ മഴ ഉണ്ടാകും എന്ന് തോന്നുന്നു അന്തരീക്ഷം ആകെ സന്ധ്യ ആയ പ്രതീതി ഉണ്ടായിരുന്നു. ഡിപ്പാർട്മെന്റിന്റെ ഇടനാഴിയിൽ ഒരു മാത്ര പ്രകൃതിഭംഗി ആസ്വദിച്ചു നിൽക്കവേ ആണ് അത് വഴി ആരോ ഓടി എന്റെ അരികിലേക്ക് വരുന്നത് ഞാൻ ശ്രദ്ധിച്ചത്..

 

ഇടനാഴിയിൽ നിഴൽ പോലെ ഇരുട്ട് വീണത് കൊണ്ട് അടുത്തെത്തും വരെ അത് ആരാണെന്ന് എനിക്ക് പറയാൻ കഴിഞ്ഞില്ല. ആദ്യമതൊരു ആൺകുട്ടി ആണെന്നായിരുന്നു ഞാൻ കരുതിയത്. തൊട്ടടുത്തു വന്നപ്പോളാണ് ഒരു പെൺകുട്ടിയാണ് അതെന്ന് എനിക്ക് ബോധ്യമായത്.. തോളിനൊപ്പം മുറിച്ച മുടിയും ഹൂഡിയും മാസ്കും ധരിച്ച അവളെ ഞാൻ പെട്ടന്ന് ആൺകുട്ടി ആയി തെറ്റിദ്ധരിച്ചതിൽ തെറ്റ് പറയാൻ കഴിയില്ല..

 

പുള്ളിക്കാരത്തിയുടെ തൊട്ട് പിറകെ ഒരു കൊച്ചു പട്ടിക്കുട്ടിയും ഓടി വരുന്നുണ്ടായിരുന്നു. അതിനെ കണ്ടു പേടിച്ചായിരിക്കണം അവൾ ഓടിയത്. എന്തായാലും ഓടിക്കിതച്ചു അവളെന്റെ പിന്നിൽ വന്നു നിന്നു. നായ്ക്കുട്ടി അവളുടെ പിറകെ തന്നെ ഉണ്ടായിരുന്നു. അവൾ എന്നെ മറ ആക്കി ചുറ്റി കൊണ്ടിരുന്നു.

നായ്ക്കുട്ടിയെ പേടിച്ചു എന്നെ വലം ചുറ്റുന്നതിനു ഇടയിലാണ് ഞാൻ അവളുടെ കണ്ണുകൾ ശ്രദ്ധിച്ചത്. ആകെ മൂടി കെട്ടിയ ആ ശരീരത്തിൽ ആകെ ശ്രദ്ധിക്കാൻ കഴിയുന്നത് ആ കണ്ണുകൾ മാത്രമായിരുന്നു. പേടിച്ചരണ്ട പേടമാനിന്റെ കണ്ണിണ എന്ന് ഒക്കെ കേട്ടിട്ടില്ലേ. ഞാൻ വേട്ടക്ക് ഒന്നും പോയിട്ടില്ലാത്തത് കൊണ്ട് അതിനെ പറ്റി ആധികാരികമായി പറയുന്നില്ല. ഒരു ആലങ്കരികമായി അങ്ങനെപറയാം തല്ക്കാലം.. ചെക്ക് മാർക്ക് അടയാളം തലതിരിച്ചിട്ടത് പോലെ ഭംഗിയിൽ വിതാനിച്ചു കിടക്കുന്ന അവളുടെ പിരികങ്ങളും ഗോട്ടി പോലെ തിളങ്ങുന്ന കറുത്ത കൃഷ്ണമണികളിലും എന്റെ കണ്ണുകൾ അലഞ്ഞു നടന്നു.

 

‘അത് ഒന്നും ചെയ്യില്ല. നീ ഓടിയത് കൊണ്ട് കൂടെ ഓടിയതാണ് ‘

നായ്ക്കുട്ടിയെ കാല് കൊണ്ട് അവളിൽ നിന്ന് അകറ്റി നിർത്തി ഞാൻ അവളോട് പറഞ്ഞു. അതിന്റെ അടുത്ത് നിന്ന് മാറാൻ അവൾ വീണ്ടും എന്റെ പിറകിലേക്ക് മാറി കൊണ്ടിരുന്നു. വിരലുകൾ കൊണ്ട് ചെറുതായ് എന്റെ ഷർട്ടിൽ അവൾ പിടിച്ചത് പോലെ എനിക്ക് തോന്നി

 

‘ എനിക്ക് പേടിയാണ് ‘

 

വളരെ പതിഞ്ഞ സ്വീറ്റ് വോയിസ്‌. പേടിച്ചതിന്റെ ഒരു ചെറിയ കിതപ്പുണ്ടായിരുന്നു അവളുടെ വാക്കുകളിൽ

 

‘നീ വെറുതെ പേടിക്കുകയാണ്.. ഇതൊരു കുഞ്ഞു പട്ടിക്കുട്ടിയാണ്.. നോക്ക്.. ഇത് നിന്നെ കടിച്ചു കീറുക ഒന്നുമില്ല ‘

പതിയെ മുട്ട് കുത്തി ആ നായ്ക്കുട്ടിയെ ഞാൻ കൈകളിൽ എടുത്തു. അവൻ അനുസരണയോടെ എന്റെ കൈകളിൽ ഇരുന്ന്

‘ഇത് കണ്ടോ.. ഇവൻ എന്ത് പാവമാണ്.. നിന്റെ കൂടെ കളിച്ചത് ആണ് ഇവൻ.’

ഞാൻ പതിയെ നായയെ കൈകളിൽ നിന്നും താഴെ നിർത്തി. അത് പതിയെ നടന്നു അവളുടെ ഷൂസിന്റെ ചുവട്ടിൽ മണപ്പിച്ചു നാവ് കൊണ്ട് ചെറുതായ് നക്കി. അവൾ കണ്ണടച്ച് നിൽക്കുക ആണ്. പാവം നല്ല പേടി ഉണ്ട്.

‘കണ്ടോ ഇവന് നിന്നെ ശരിക്കും ഇഷ്ടപ്പെട്ടു. ഇഷ്ടം കാണിക്കുന്ന ഒരാളെ ഇങ്ങനെ പേടിക്കരുത് ‘

ഞാനൊരു തമാശ പറഞ്ഞു. അവളുടെ പേടി തെല്ലൊന്ന് കുറഞ്ഞത് പോലെ തോന്നി. പക്ഷെ അവൾ മാറുന്നത് അനുസരിച്ചു നായ അവളുടെ ഒപ്പം കാലിന് ചുറ്റും ഉരുമ്മി നടന്നു. പാവത്തിന്റെ നിസ്സഹായ അവസ്‌ഥ കണ്ടു ഞാൻ അവളുടെ ഒപ്പം കോളേജ്ഗേറ്റ് വരെ നടന്നു. എന്റെ കയ്യിൽ ആ പട്ടിക്കുട്ടിയും ഉണ്ടായിരുന്നു. അധികം സംസാരിക്കാത്ത പ്രകൃതം ആണ് അവളെന്നു തോന്നി. ഗേറ്റ് വരെയും ഞാൻ ചോദിച്ചതിന് ഒക്കെ ഒന്നോ രണ്ടോ വാക്കിൽ മാത്രം അവൾ മറുപടി ഒതുക്കി. മഴ പതിയെ പൊടിഞ്ഞു തുടങ്ങിയിരുന്നു..

ഗേറ്റിന് സമീപം വരെ ഞാൻ അവളെ കൊണ്ടാക്കി തിരിച്ചു നടക്കുമ്പോളാണ് അവളുടെ പേരും ക്ലാസ്സും ഒന്നും ഞാൻ ചോദിച്ചില്ല എന്ന് ഓർത്തത്.. ഇത്രയും നേരം കിട്ടിയിട്ടും അത് ചോദിക്കാതെ ഇരുന്ന ഞാൻ എന്തൊരു മണ്ടൻ ആണ്. ഗേറ്റിന് അപ്പുറം അവൾ മറയുന്നതിനു തൊട്ട് മുന്നേ ഞാൻ അവളോട് വിളിച്ചു ചോദിച്ചു

‘താൻ ഏത് ഡിപ്പാർട്മെന്റ് ആണ്?’

അവളുടെ മുഖത്തു ഒരു അത്ഭുതമോ ചമ്മലോ ഒക്കെ മിന്നി മറഞ്ഞത് പോലെ എനിക്ക് തോന്നി. മഴ കനം വച്ച് തുടങ്ങിയപ്പോൾ ഹൂഡിയുടെ തൊപ്പി തലയിൽ കയറ്റി വച്ചു മതിലിനപ്പുറം മറയുന്നയിന് മുന്നേ അവളെനിക്ക് ഉത്തരം തന്നു

‘ഞാൻ ചേട്ടന്റെ ക്ലാസ്സിൽ തന്നെ ഉള്ളതാണ് ‘

 

ഒരു നിമിഷം എന്റെ മനസ് മൊത്തം കിളി പാറി. ഞാൻ ഇവിടെ വന്നിട്ട് രണ്ട് ആഴ്ച എങ്കിലും ആയി. എന്നിട്ടും ഇത് പോലൊരു കുട്ടി എന്റെ ക്ലാസ്സിൽ ഉണ്ടെന്ന് ഞാൻ കണ്ടില്ല എന്ന് പറഞ്ഞാൽ..? എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. കയ്യിലിരുന്ന നായ്ക്കുട്ടിയെ മഴ നനയാതെ അടുത്തുള്ള വരാന്തയിൽ ഇറക്കി വിട്ടിട്ട് ഞാൻ പടവുകൾ ഇറങ്ങി ഗ്രൗണ്ടിലൂടെ നടന്നു. സൂചി മുന പോലെ മഴത്തുള്ളികൾ മേലെ നിന്നും വീഴാൻ തുടങ്ങിയിരുന്നു. എന്റെ ചിന്ത മുഴുവൻ അവളെ കുറിച്ചായത് കൊണ്ട് മഴ ദേഹത്ത് പതിക്കുന്നത് പോലും ഞാൻ മറന്നു

മഴ കനത്തെങ്കിലും ഗ്രൗണ്ടിൽ ഫുട്ബോൾ കളി ആവേശം കുറയാതെ തന്നെ മുന്നോട്ടു പോയിരുന്നു. മിക്ക ദിവസവും ഫുട്ബോൾ പ്രാക്ടീസ് ഉണ്ടാകും. രാഹുൽ എല്ലാ ദിവസവും പ്രാക്ടീസ് ന് നിക്കും. ചിലപ്പോളൊക്കെ ഞാനും കളി കണ്ടോണ്ട് ഇരിക്കും. മഴയുടെ വാശിക്ക് മുന്നിൽ തോൽവി സമ്മതിച്ചത് കൊണ്ടാണോ കുറച്ചു നേരം കൊണ്ട് തന്നെ കളി നിർത്തി എല്ലാവരും തിരിച്ചു കയറി. ടവൽ ഇല്ലാഞ്ഞിട്ട് ഇട്ട ഷർട്ട്‌ കൊണ്ട് തല തോർത്തുക ആയിരുന്നു രാഹുൽ. ഞാൻ പതിവില്ലാതെ ചിന്തമഗ്നനായി ഇരിക്കുന്നത് കണ്ട് രാഹുൽ കാര്യം തിരക്കി

 

‘ഞാനിപ്പോ ഒരു കൊച്ചിനെ പരിചയപ്പെട്ടെടാ..’

‘അതാണോ നീ പകൽസ്വപ്നം കണ്ട് ഇരുന്നത്. ആട്ടെ കൊച്ചു കാണാൻ എങ്ങനാ?

‘അത് ഞാൻ മുഖം കണ്ടില്ലെടാ ‘ പക്ഷെ കണ്ണ് കൊള്ളാം ‘

 

‘മുഖം കണ്ടില്ലെന്നോ. അതെന്താ നീ വല്ല പർദ്ദ ഇട്ടവളെ ആണോ പരിചയപ്പെട്ടത്? അവളുടെ പേരെന്താ?

 

‘പേര് ഞാൻ ചോദിക്കാൻ വിട്ട് പോയെടാ ‘ ഞാൻ നിരാശയോടെ പറഞ്ഞു

 

‘മുഖവും കണ്ടില്ല പേരും ചോദിച്ചില്ല. പക്ഷെ പരിചയപ്പെട്ടു. എന്ത് വധൂരി ആട നീ ‘

 

അവന്റെ കളിയാക്കൽ ശ്രദ്ധിക്കാതെ ഞാൻ പറഞ്ഞു

‘എടാ ഒരു ട്വിസ്റ്റ്‌ ഉണ്ട്. അവൾ പറഞ്ഞത് അവൾ എന്റെ ക്ലാസ്സിൽ പഠിക്കുന്നു എന്നാണ്. എന്നിട്ട് ഞാൻ ഇത് വരെ അവളെ കണ്ടിട്ടില്ല ‘

 

‘നമ്മുടെ ക്ലാസ്സിൽ പഠിക്കുന്നതോ? എന്നിട്ട് നീ ഇത് വരെ കണ്ടിട്ടില്ലേ. അതാരാണാവോ?

അവളുടെ അപ്പീറൻസ് ഞാൻ അവന് പറഞ്ഞു കൊടുത്തു

Leave a Reply

Your email address will not be published. Required fields are marked *