റോക്കി – 1അടിപൊളി  

എങ്ങോട്ടാണ് പോകേണ്ടത് എന്ന് എനിക്കൊരു പിടുത്തവും ഇല്ലായിരുന്നു. എന്റെ മുന്നിലുള്ള അപരിചിതമായ വഴികളിലൂടെയൊക്കെ ഞാൻ അശ്രദ്ധനായി വണ്ടിയൊടിച്ചു. ചിലപ്പോളൊക്കെ ആ വഴികൾ എനിക്ക് അറിയാവുന്ന പാതയിൽ സന്ധിക്കുന്നത് കണ്ടപ്പോൾ എന്തിനെന്നു അറിയാതെ എനിക്ക് ദേഷ്യം വന്നു. അതെല്ലാം ആക്സിലേറ്ററിൽ തോർത്ത്‌ പിഴിയുന്നത് പോലെ പിഴിഞ്ഞ് ഞാൻ എന്റെ ദേഷ്യവും സങ്കടവും എല്ലാം തീർത്തു. എനിക്ക് നിയന്ത്രിക്കാൻ കഴിയുന്നതിലും വേഗതയിൽ ബൈക്ക് സഞ്ചരിച്ചു. ചാവാനായി വണ്ടിയൊടിച്ചാൽ വട്ടം നിക്കുന്ന കാലന്റെ പോത്ത് വരെ വഴി മാറി തരുന്നത് വല്ലാത്ത അവസ്‌ഥ ആണ്. ഒരുപക്ഷെ എന്റെ വേഗത കൊണ്ട് മറ്റൊരാൾക്ക്‌ അപകടം ഉണ്ടാകുമെന്ന ചിന്തയിൽ ഒടുവിൽ ടൗണിന്റെ ഏതോ മൂലയിൽ വച്ചു ബൈക്ക് നിർത്തി ഞാൻ എന്റെ മരണപ്പാച്ചിൽ അവസാനിപ്പിച്ചു. എന്റെ മരണത്തോടുള്ള ചൂതാട്ടം വീണ്ടുമെന്നേ അവിടെ തന്നെ എത്തിച്ചു എന്നതാണ് എനിക്ക് പോലും അപ്പോൾ മനസിലാക്കാഞ്ഞ സത്യം. വണ്ടി നിർത്തിയത് ഒരു ബുക്ക്‌ സ്റ്റാളിന്റെ മുന്നിൽ ആയിരുന്നു. ഏതോ അജ്ഞാതമായ ഒരു പ്രേരണ എന്നെ അവിടേക്ക് വിളിക്കുന്നത് പോലെ തോന്നി. ആ വിളിയുടെ പൊരുൾ അറിയാൻ ഞാൻ ബൈക്കിൽ നിന്നിറങ്ങി ബുക്ക്‌ സ്റ്റാളിലേക്ക് കയറി. തിരക്ക് ഒട്ടുമില്ലാത്ത സമയം ആണെന്ന് തോന്നുന്നു. എന്നെ കണ്ട ഉടൻ ക്യാഷ്യറിൽ ഇരുന്ന ഓണർ എന്ന് തോന്നിക്കുന്ന സ്ത്രീ ചിരിച്ചു കൊണ്ട് എന്താണ് വേണ്ടത് എന്ന് ചോദിച്ചു

‘കുട്ടികൾക്കുള്ള ബുക്ക്സ്’

ഞാൻ മറുപടി കൊടുത്തു.

 

‘മുകളിൽ ആണേ അങ്ങോട്ട്‌ കയറിക്കോളൂ ‘

എന്നോട് മുകളിലേക്ക് കയറാൻ പറഞ്ഞിട്ട് ഓണർ അവരുടെ സ്റ്റാഫിനോട് മുകളിലേക്ക് ചെല്ലാൻ പറഞ്ഞു

‘ഇഷമോളെ ആ കുട്ടികളുടെ സെക്ഷൻ ഒന്ന് കാണിച്ചു കൊടുത്തേ ‘

മുകളിലേക്ക് കയറാൻ ആദ്യത്തെ സ്റ്റെപ്പിലേക്ക് കാലെടുത്തു വച്ചപ്പോളാണ് ഓണർ പറഞ്ഞു വിട്ട സ്റ്റാഫ് എന്റെ കണ്മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. അവളെ ഇവിടെ കാണുമെന്നു ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. മാസ്ക് വച്ചിട്ടുണ്ടെങ്കിലും അവളുടെ മുഖത്തും എന്റെ മുഖത്തെ അതേ അത്ഭുതം എനിക്ക് ഊഹിക്കാമായിരുന്നു. ഇഷ എന്നാണ് ഓണർ അവളെ വിളിച്ചത് അത് വിളിക്കണോ ഇഷാനി എന്ന് വിളിക്കണോ എന്ന് എനിക്ക് കൺഫ്യൂഷൻ ആയി. അവസാനം അഭിസംബോധന വേണ്ടെന്ന് വച്ചു

‘നിന്റെ കട ആണോ ഇത്?

അവളെ പെട്ടന്ന് കണ്ട ഷോക്കിൽ ഈ മണ്ടത്തരം ആണ് എന്റെ വായിൽ നിന്ന് വീണത്. അവൾ അവിടുത്തെ സ്റ്റാഫ് ആണെന്ന് ഏത് പൊട്ടനും മനസിലാകും. ഇനി ഞാൻ കളിയാക്കാൻ ചോദിച്ചത് ആണെന്ന് അവൾ കരുതി കാണുമോ?

‘അല്ല. ഞാൻ ഇവിടെ ആണ് പാർട്ട്‌ ടൈം വർക്ക്‌ ചെയ്യുന്നത് ‘

മറുപടി തന്നു എന്റെ നോട്ടത്തിൽ നിന്നും പിൻവലിഞ്ഞു അവൾ സ്റ്റെപ്പ് കയറി മുകളിലേക്ക് പോയി. ഓ അവിടെ ആണല്ലോ ഞാൻ ചോദിച്ച കുട്ടികൾക്കുള്ള ബുക്ക്സ്. കിഡ്സ്‌ സെക്ഷൻ ആകുന്നതിനു മുന്നേ തന്നെ കണ്ണിൽ കണ്ട ബുക്ക്‌ എല്ലാം എടുത്തു മറിച്ചു നോക്കുന്നുണ്ടായിരുന്നു ഞാൻ. അതിനിടയിൽ അവളോട് എന്ത് സംസാരിക്കണം എന്ന് ചിന്തിക്കുക ആയിരുന്നു സത്യത്തിൽ. പെൺകുട്ടികളോട് സംസാരിക്കുമ്പോ ജീവിതത്തിൽ ഇന്നേ വരെ എനിക്കൊരു തപ്പലും തടവലും ഉണ്ടായിട്ടില്ല. ആദ്യമായാണ് ഒരു പെണ്ണിന്റെ മുന്നിൽ ഞാൻ കിടന്നു വിയർക്കുന്നത്. ദൈവമേ ഇവളോട് എനിക്കിനി വല്ല പ്രേമവും ആണോ?

‘എല്ലാ ദിവസവും അപ്പൊ ക്ലാസ്സ്‌ കഴിഞ്ഞു നേരെ ഇങ്ങോട്ട് പോരുവോ ‘

എന്റെ ചോദ്യത്തിന് “മ് ” എന്നൊരു മൂളൽ മാത്രം ഇഷാനി മറുപടി തന്നു. ക്ലാസ്സിൽ വച്ചു സംസാരിക്കുന്നതിനേക്കാൾ ഫ്രീഡം ഇവിടെ കിട്ടുമെന്ന് എനിക്ക് തോന്നി. ഇവിടെ ഞങ്ങളെ ആരും ശ്രദ്ധിക്കില്ല. ഞാൻ കസ്റ്റമർ ആയത് കൊണ്ട് അവൾക്കെന്നെ ഗൗനിക്കാതെ ഇരിക്കാനും തരമില്ല.

‘വീട് എവിടാ അപ്പൊ?

ഞാൻ കുറച്ചു കൂടി പേർസണൽ ആയി ചോദിക്കാൻ തുടങ്ങി

 

‘എന്റെ വീട് ഇവിടെ അടുത്തല്ല. റെന്റ് ന് വീട് എടുത്താണ് താമസിക്കുന്നത് കാക്കനാട് അടുത്ത് ‘

 

മാർക്കേസിന്റെയും ബഷീറിന്റെയും വുഡ്രോ വില്സന്റെയും പ്രണയം കിനിയുന്ന അക്ഷരങ്ങൾക്ക് ഇടയിലൂടെ അർജുനും ഇഷാനിയും നടന്നു. അത്രയും നേരം എന്റെ മനസ്സിൽ അലയടിച്ചു കൊണ്ടിരുന്ന വിഷമവും പ്രശ്നങ്ങളുമെല്ലാം ഒറ്റയടിക്ക് ഇല്ലാതായത് ഞാൻ അറിഞ്ഞൂ. കടയിലും അവൾ മാസ്ക് ധരിച്ചായിരുന്നു ഇരിപ്പ്. ഇത് വരെ ഇഷാനിയുടെ മുഖം കാണാൻ എനിക്ക് കഴിഞ്ഞില്ല. ആകെ വിടർന്ന ആ കണ്ണുകൾ മാത്രം എന്റെ മുന്നിൽ. കുട്ടികളുടെ സെക്ഷനിൽ വിമ്പി കിഡിന്റെ കുറച്ചു പഴയ എഡിഷൻ ഞാൻ കുറച്ചു കഷ്ടപ്പെട്ട് തപ്പിയെടുത്തു. ഞാൻ ആർക്കാണ് പുസ്തകം വാങ്ങുന്നത് എന്നോ ഒന്നും അവൾ തിരക്കിയില്ല. എന്തെങ്കിലും ഞാൻ ചോദിച്ചാൽ രണ്ട് വാക്കിൽ അതിന് ഉത്തരം തരും. അപ്പോൾ പോലും അവൾ ശരിക്കൊന്ന് മുഖത്തേക്ക് നോക്കുന്നില്ല. ബുക്ക്‌ എടുത്തു കഴിഞ്ഞു താഴെ വന്നു അവൾ എനിക്കത് പായ്ക്ക് ചെയ്തു തരുന്നതിനു മുന്നേ ഗിഫ്റ്റ് പേപ്പർ വച്ചു പൊതിയണോ എന്ന് ചോദിച്ചു. അതെങ്കിലും ഇങ്ങോട്ട് ചോദിച്ചല്ലോ എന്ന് ഞാൻ മനസിൽ കരുതി. എന്റെ സമ്മാനം വാങ്ങാനുള്ള ആളിപ്പോ ഇല്ല എന്ന് വ്യക്തമായി അറിഞ്ഞിട്ടും ഞാൻ വെറുതെ അങ്ങനെ പൊതിഞ്ഞോളാൻ പറഞ്ഞു. അവൾ അത് വളരെ സൂക്ഷ്മതയോടും ഭംഗിയോടെയും ചെയ്യുന്നത് ഒരു കൗതുകത്തോടെ ഞാൻ നോക്കി നിന്നു. ഒടുവിൽ മനോഹരമായി പൊതിഞ്ഞു കവറിലക്കി അവൾ എനിക്കത് തന്നു. പോകുവാണ് എന്ന അർഥത്തിൽ ഞാൻ തല ആട്ടിയപ്പോൾ അവൾ തിരിച്ചു പുഞ്ചിരിച്ചത് പോലെ എനിക്ക് തോന്നി. നശിച്ച മാസ്ക്. കൊറോണ ക്വാറന്റൈൻ ടൈമിൽ രണ്ട് മാസം റൂമിൽ പെട്ട് കിടന്നപ്പോളും ഇടക്ക് ഒരാഴ്ച പനി പിടിച്ചു വിറച്ചു കിടന്നപ്പോൾ പോലും തോന്നാത്ത ദേഷ്യം എനിക്കിപ്പോ കൊറോണ വൈറസിനോട് തോന്നി. അതിന്റെ ഒക്കെ മൂലകാരണം ആയ വവ്വാലിന്റെ അണ്ടി ഫ്രൈ ചെയ്തു കഴിച്ച ചൈനക്കാരനെ വരെ മനസ്സിൽ തെറി വിളിച്ചു കൊണ്ട് തിരിഞ്ഞു നടന്നപ്പോളാണ് അവളുടെ ശബ്ദം ഞാൻ ഞാൻ കേട്ടത്

‘ഇപ്പൊ എങ്ങനെ ഉണ്ട്?’

 

‘എന്ത്?’

അവൾ ചോദിച്ചത് മനസിലാകാതെ ഞാൻ ഒരു പൊട്ടനെ പോലെ നിന്നു. എന്ത് പറയണം എന്നറിയാതെ അവളും ഒരല്പം അസ്വസ്‌ഥയായി. പിന്നെ മെല്ലെ കൈ ഉയർത്തി എന്റെ കണ്ണിന് നേരെ വിരൽ ചൂണ്ടി.. അടി കിട്ടിയ പരിക്കാണ് അവൾ ഉദ്ദേശിച്ചത്. ഞാൻ പൊട്ടനെ പോലെ അല്ല പൊട്ടൻ തന്നെ..

 

‘ഹേയ് അത് കുഴപ്പം ഒന്നുമില്ല. അതൊക്കെ എപ്പോളെ മാറി ‘

വീണ്ടും അവൾ ചിരിച്ചത് പോലെ എനിക്ക് തോന്നി. അടി ഉണ്ടാക്കിയ അന്ന് വൈകിട്ട് കണ്ണിന് മേലെ വച്ച ഐസ് കട്ട ഇപ്പോളെന്റെ ഹൃദയത്തിൽ വച്ചത് പോലെ തോന്നി.

Leave a Reply

Your email address will not be published. Required fields are marked *