റോക്കി – 1അടിപൊളി  

‘അവിടെ സ്ട്രൈക്ക് വിളിച്ചു. നീ ഇവിടെ പാട്ട് കേട്ടോണ്ട് ഇരിക്കുവാണോ?

 

‘സ്ട്രൈക്ക് വിളിച്ചാൽ പാട്ട് കേൾക്കാൻ പാടില്ലെ..? പഠിപ്പിക്കരുത് എന്നല്ലേ ഉള്ളു. പാട്ടും കേൾക്കാൻ പാടില്ലേ..?

അവൾ കുറച്ചു പരുക്കൻ ആയി എന്നെ കളിയാക്കുന്ന രീതിയിൽ സംസാരിച്ചു.

 

‘ആ അത്രക്ക് ബോധം ഇല്ലാത്തവന്മാർ ആണ് ഈ സ്ട്രൈക്ക് ഒക്കെ വിളിക്കുന്നത്. നീ വാ എല്ലാവരും പോയി. നമ്മൾ മാത്രമേ ഉള്ളു ‘

അവളെ ഉന്തി തള്ളി അവിടുന്ന് പുറത്തിറക്കാൻ ഞാൻ ശ്രമിച്ചു.

 

‘എല്ലാവരും പോയെങ്കിൽ ചേട്ടൻ എന്തിനാണ് ഇവിടേക്ക് കേറി വന്നത്..?

 

‘ഡിപ്പാർട്മെന്റ് ഇപ്പൊ പൂട്ടും. ആരെങ്കിലും ഉണ്ടോ എന്ന് നോക്കാൻ വന്നതാണ് ഞാൻ ‘

ഞാൻ അപ്പൊ തോന്നിയ ഒരു കള്ളം അവളോട് പറഞ്ഞു. ഞങ്ങൾ രണ്ടും പുറത്തേക്ക് പോകാൻ ഇറങ്ങി. ഗ്രൗണ്ടിന്റെ അവിടെ എങ്ങാനും ഇഷാനി കാണുമോ എന്ന് എനിക്ക് സംശയം തോന്നി. അവിടെ ഞാൻ നോക്കിയില്ല.

‘പുറത്തോട്ട് പോകാൻ ഇത് വഴി വന്നൂടെ. എന്തിനാ അങ്ങോട്ട്‌ പോകുന്നെ.?

കൃഷ്ണ എന്നോട് ചോദിച്ചു

 

‘നീ അത് വഴി വിട്ടോ. എനിക്ക് കുറച്ചു പരുപാടി കൂടെ ഉണ്ട്. ഞാൻ ഇപ്പൊ വരാം ‘

അതും പറഞ്ഞു ഞാൻ ഗ്രൗണ്ടിന് അടുത്തേക്ക് തിരിഞ്ഞു. കൃഷ്ണ അതിന് എതിരെയും. ഇനി ഇഷാനി എങ്ങോട്ടേലും പോയത് ഇവൾ കണ്ടിട്ടുണ്ടാകുമോ.. ഒന്ന് ചോദിച്ചേക്കാം

‘നീ ഇഷാനിയെ കണ്ടായിരുന്നോ..?

 

ഇപ്പൊ ഒരു പത്തു മിനിറ്റ് കൊണ്ട് കൃഷ്ണ കുറച്ചു അടുപ്പം ഒക്കെ കാണിച്ചു വന്നതായിരുന്നു. എന്റെ ഒറ്റ ചോദ്യത്തിൽ അത് ആവി ആയത് പോലെ തോന്നി. അവളുടെ മുഖത്ത് ഒരു പുച്ഛഭാവം ഉണ്ടായിരുന്നു

‘ഓ അതാണോ ഇത്ര വെപ്രാളത്തിൽ തപ്പി നടന്നത്. ഞാൻ ആരെയും കണ്ടില്ല ‘

അത് പറഞ്ഞു മുഖം കനപ്പിച്ചു അവൾ തിരിഞ്ഞു നടന്നു. നിർഭാഗ്യവശാൽ അവൾ പോയ വഴിയേ ആണ് സമരക്കാർ വന്നൊണ്ട് ഇരുന്നത്. അവരെ ഗൗനിക്കാതെ ഹെഡ് സെറ്റ് എടുത്തു വച്ചു ജാടയിൽ പോയ അവളെ അവരിൽ ഒരുവൻ തടഞ്ഞു നിർത്തി

 

‘നിന്റെ ക്ലാസ്സിലെ ഗോകുൽ എവിടെ..? അവൻ ക്ലാസ്സിൽ തന്നെ ഉണ്ടെന്നാണല്ലോ കേട്ടത് ‘

 

ആ ചോദ്യത്തിന് ഒരു മറുപടിയും കൊടുക്കാതെ അവൾ മുന്നോട്ടു നടന്നപ്പോ ചോദ്യം ചോദിച്ചവൻ അവളുടെ വഴി തടഞ്ഞു മുന്നിൽ കയറി നിന്നു

‘ചോദിച്ചത് കേട്ടില്ലേടി. നിന്റെ കൂട്ടുകാരൻ എവിടെയാ ഒളിച്ചിരിക്കുന്നത് എന്ന്..?

 

‘എടി പോടീന്ന് ഒക്കെ നോക്കും കണ്ടും വിളിക്കണം. നിനക്ക് കാണണ്ടവരെ തപ്പി തരൽ അല്ല എനിക്ക് പണി ‘

സാഹചര്യം നോക്കാതെ കൃഷ്ണ അവനോട് ചൂടായി

 

‘നിന്നെ ഞാൻ പിന്നെ മാഡം എന്ന് വിളിക്കാം. അവൻ എവിടെ എന്ന് പറഞ്ഞിട്ട് പോയാൽ മതി നീ ‘

 

‘ഒന്ന് പോടോ..’

എനിക്ക് തന്നതിലും ഡോസ് പുച്ഛം അവന് വാരി എറിഞ്ഞു അവനെ കടന്നു കൃഷ്ണ മുന്നോട്ടു നടന്നു. അതോടെ വാശി കയറിയ അവൻ കൃഷ്ണയുടെ കയ്യിൽ കയറി പിടിച്ചു

 

‘മോൾ പറയാതെ ഇവിടുന്ന് പോകുമെന്ന് കരുതണ്ട ‘

 

‘കയ്യീന്ന് വിടടോ.. എടൊ വിടാൻ..’

കൃഷ്ണ കുതറി

 

‘അഹങ്കാരം കുറച്ചൊന്നുമല്ലല്ലോ. മര്യാദക്ക് ചോദിച്ചപ്പോ അവൾക്ക് പറയാൻ മനസില്ല. നിന്നെ കൊണ്ട് പറയിക്കാമോ എന്ന് ഞാൻ നോക്കട്ടെ ‘

അവന്റെ സംസാരം തീരുന്നതിനു മുന്നേ തന്നെ അവളുടെ കൈകൾ അവന്റെ മുഖത്ത് പതിച്ചിരുന്നു. പ്രശ്നം ഗുരുതരം ആയെന്ന് കണ്ട് ഞാൻ അങ്ങോട്ടേക്ക് ഓടി. അടി കിട്ടിയ ഉടനെ തന്നെ അവൻ കൈ വിട്ടു. പക്ഷെ ചുറ്റുമുള്ളവരുടെ മുന്നിൽ വച്ചു ഒരു പെണ്ണ് കൈ നീട്ടി അടിച്ചത് അവന് പൊറുക്കാൻ കഴിയുമായിരുന്നില്ല. തിരിച്ചു അതെ പോലൊന്ന് അവനും കൊടുത്തു കൃഷ്ണയുടെ കവിളിൽ. ഞാൻ ഓടി അവളുടെ അടുത്തെത്തിയപ്പോളേക്കും കൈ കൊണ്ട് കവിൾ പൊത്തി കണ്ണീർ ഒലിപ്പിച്ചു നിൽക്കുന്ന കൃഷ്ണയേ ആണ് എനിക്ക് കാണാൻ സാധിച്ചത്. ചോദിക്കാനും പറയാനുമൊന്നും നിന്നില്ല കൈ ചുരുട്ടി അവന്റെ മൂക്കിന് തന്നെ ഒരെണ്ണം കൊടുത്തു. ഇടി കൊണ്ട് താഴെ വീണ അവന്റെ മൂക്കിലും ചുരുട്ടി പിടിച്ച എന്റെ കയ്യിലും ചോര മയം ഉണ്ടായിരുന്നു. കൂടെയുള്ളവൻ അടി കൊണ്ട് വീണ കണ്ടു ബാക്കിയുള്ളവരുടെ കൈ എന്റെ നേർക്ക് ഉയർന്നു. പക്ഷെ ഒരു വലിയ അടി ഉണ്ടാകുന്നതിനു മുന്നേ തന്നെ അവരുടെ തന്നെ ആളുകൾ അങ്ങോട്ട്‌ ഓടിക്കേറി

 

‘ഭായ് എന്താ വിഷയം..?

അപ്പോൾ അവിടേക്ക് വന്ന ഒരു വെള്ളയും വെള്ളയുമിട്ട ഒരുത്തൻ എന്നോട് വളരെ അടുപ്പമുള്ള ആരോടോ ചോദിക്കുന്നത് പോലെ ചോദിച്ചു. രണ്ട് പാർട്ടിക്കാർ തമ്മിലുള്ള പ്രശ്നത്തിൽ ഒരു പാർട്ടിയിലും ഇല്ലാത്ത ഞാൻ ഇടപെട്ടതിന്റെ കാരണം ഈ സംഭവങ്ങൾ ഒന്നും കാണാതെ അപ്പോൾ അവിടേക്ക് വന്ന ഈ നേതാവിന് മനസിലായില്ല. എന്റെ ദേഹത്ത് ആരെങ്കിലും തൊട്ടാൽ അവനെ പണിയും എന്ന മഹാന്റെ ഭീഷണി കൂടെ ഉള്ളത് കൊണ്ട് സ്വന്തം ആളെ തല്ലിയിട്ടും വളരെ സൗമ്യമായി ആണ് അവൻ എന്നോട് ഇടപെട്ടത്

 

‘എന്താ വിഷയം എന്നോ.. നിങ്ങൾ ഒന്നും കണ്ടില്ലേ… അതൊ പെണ്ണുങ്ങളെ തല്ലാൻ നിങ്ങൾ ആണോ ഇവനൊക്കെ ഓർഡർ കൊടുത്തത് ‘

 

‘എന്തുവാടാ പെണ്ണുങ്ങളുടെ ദേഹത്ത് ആണോ നിന്റെ ഒക്കെ ദേഷ്യം തീർക്കുന്നത് ‘

നേതാവ് അടി കിട്ടിയവനെയും കൂടെ നിന്നവരെയും ശകാരിച്ചു.

 

‘അവൾ ആണ് ആദ്യം എന്നെ തല്ലിയത് അശ്വിൻ ചേട്ടാ’

അടി കിട്ടിയവൻ സ്വന്തം ഭാഗം ന്യായീകരിക്കാൻ ശ്രമിച്ചു. അതോടെ എല്ലാവരും അവളെ നോക്കി. കൃഷ്ണ അപ്പോളും കണ്ണീരൊലിപ്പിച്ചു എന്റെ പിന്നിൽ നിൽക്കുകയായിരുന്നു. എല്ലാവരും അവളുടെ മറുപടിക്ക് കാത്ത് നിൽക്കുവാണെന്ന് അവൾക്ക് മനസിലായില്ല. അത് കൊണ്ട് ഞാൻ തന്നെ അവൾക്ക് വേണ്ടി സംസാരിച്ചു

 

‘അവളുടെ കൈക്ക് കയറി പിടിച്ചു ഇൻസൾട്ട് ചെയ്യാൻ നോക്കിയിട്ടല്ലേ അവൾ പ്രതികരിച്ചത്. നിനക്കെന്താ അറിയേണ്ടത് എന്നോട് ചോദിക്ക് ഞാൻ പറയാം ഗോകുൽ എവിടെ ഉണ്ടെന്ന് ‘

ഞാൻ വീണ്ടും അവനടുത്തേക്ക് ദേഷ്യത്തോടെ നടന്നടുത്തു. അശ്വിൻ എന്ന് പേരുള്ള നേതാവ് എന്റെ വട്ടം കയറി നിന്ന് എന്നെ അനുനയിപ്പിക്കാൻ ശ്രമിച്ചു.

‘ഭായ് ഒന്ന് ക്ഷമിക്ക്.. പിള്ളേർ ആകെ മൊത്തം ഭ്രാന്ത് പിടിച്ചു നടക്കുവാണ്. അവന് വേണ്ടി ഞാൻ മാപ്പ് ചോദിക്കുന്നു ‘

എന്നിട്ടും എന്റെ ദേഷ്യം ഒതുങ്ങിയില്ല എന്ന് കണ്ട അശ്വിൻ ദേഷ്യത്തോടെ അടി കൊണ്ടവനോട് പറഞ്ഞു

‘നീ ഈ മോളോട് സോറി പറ… ഇവിടുത്തെ പെൺപിള്ളേർക്ക് ഒക്കെ സുരക്ഷിതത്വം ഉണ്ടാക്കാൻ ആണ് നമ്മളൊക്കെ ഇവിടെ ഉള്ളത്. നിന്റെ കയ്യിലെ തെറ്റാണ്. ഇപ്പൊ തന്നെ മാപ്പ് പറ. പ്രശ്നം വലുതാക്കണ്ട ഇതിന് മേലെ..’

നേതാവിന്റെ സ്വരം കടുപ്പിച്ചു ആയപ്പോ അണി ഒന്ന് താണ് കൊടുത്തു. പതിഞ്ഞ സ്വരത്തിൽ ആണെങ്കിലും അവൻ കൃഷ്ണയോട് മാപ്പ് പറഞ്ഞു. പ്രശ്നം ഒന്നും ഇല്ല എല്ലാം തീർന്നു എന്ന് എന്റെ വാക്കാൽ ഉറപ്പ് അശ്വിന് കൊടുത്തു ഞാൻ കൃഷ്ണയെയും കൊണ്ട് കോളേജിനു പുറത്തേക്ക് ഇറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *