‘നീയാണോ അഞ്ജനയുടെ പൈസ എടുത്തത് ‘
ഞാൻ നേരിട്ട് തന്നെ വിഷയത്തിലേക്ക് വന്നു
എന്റെ ചോദ്യം കേട്ട് അവൻ കൂടുതൽ പാനിക്ക് ആയി. അവന്റെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു.
‘ഞാനോ. ഞാനൊന്നും അല്ല. ഞാൻ എടുത്തിട്ടില്ല ‘
അവൻ നുണകളുടെ ഒരു പ്രതിരോധം തീർക്കാൻ ശ്രമിച്ചു
‘പിന്നെ നിനക്ക് എവിടുന്നാ പൊതി വാങ്ങാൻ അത്രയും ക്യാഷ്. നീ ഇത്രയും നേരം എവിടെ പോയിരുന്നു?
എന്റെ ചോദ്യങ്ങൾക്ക് അവൻ വിശ്വാസയോഗ്യം അല്ലാത്ത കള്ളങ്ങൾ പറഞ്ഞു. അവന്റെ പ്രതിരോധം പതിയെ വീണു തുടങ്ങിയിരുന്നു. അപ്പൊ കാര്യം മനസിലാക്കിയ ഗോകുലും എനിക്കൊപ്പം ചേർന്ന് ചോദ്യം ചെയ്യാൻ തുടങ്ങി.
‘ടാ നമ്മുടെ ക്ലാസ്സിൽ മാത്രമേ ക്യാമറ ഇല്ലാതുള്ളു. പക്ഷെ ക്ലാസ്സിലേക്ക് നീ തിരിച്ചു വന്നത് വരാന്തയിലെ ക്യാമറയിൽ കിട്ടി കാണും. നീ എടുത്തിട്ടുണ്ടെങ്കിൽ ഇപ്പൊ അത് സമ്മതിച്ചേക്ക്. ആരും അറിയാതെ ഒതുക്കാം. നീ കള്ളം പറഞ്ഞു പിടിച്ചു നിൽക്കാൻ ആണേൽ ക്യാമറ തപ്പി ടീച്ചേർസ് അറിഞ്ഞു മൊത്തം നാറി നിന്റെ പഠിത്തം വരെ മുഞ്ചും ‘
അവൻ കള്ളങ്ങൾ പറയുന്നത് നിർത്തി മൗനം സ്വീകരിച്ചു. ഒന്നൂടെ ഉന്തിയാൽ അവൻ മുഴുവൻ ആയും വീഴുമെന്ന് എനിക്ക് മനസിലായി
‘ഇത് വരെയും നീ ആണെന്ന് ആർക്കും അറിയില്ല. ഇതിപ്പോ ഞാനും ഇവനും അവളും മാത്രമേ അറിയൂ. പുറത്തൊരാൾ അറിയാതെ ഞാൻ നോക്കിക്കോളാം. നീ എടുത്തോ ഇല്ലയോ എന്ന് മാത്രം പറ ‘
‘അളിയാ സോറി. എനിക്ക് ഒരു അബദ്ധം പറ്റിയതാ. മുഴുവൻ എടുക്കണം എന്ന് ഞാൻ കരുതിയില്ല. പെട്ടന്ന് വെപ്രാളത്തിൽ മുഴുവൻ എടുത്തതാ. ഞാൻ പൊതി വാങ്ങിയത് അല്ലാതെ വേറൊരു പൈസ തൊട്ടിട്ടില്ല. ദേ എന്റെ കയ്യിലുണ്ട് ബാക്കി. ഞാൻ സത്യത്തിൽ ബാക്കി തിരിച്ചു വയ്ക്കാൻ ആണ് വന്നത് ‘
അവൻ പറഞ്ഞത് സത്യം ആണോ അതോ കള്ളം ആണോ എന്ന് ആലോചിച്ചു ബുദ്ധിമുട്ടാൻ നിന്നില്ല ഞാൻ
‘അഞ്ഞൂറ് എടുത്താലും അയ്യായിരം എടുത്താലും കള്ളത്തരം നല്ലതല്ല. നീ ഇത് ഇപ്പൊ നിർത്തുന്നതാണ് നിനക്ക് നല്ലത്.. പൈസ നീ ഇവനെ ഏൽപ്പിക്കു. പൊതി വാങ്ങിയ പൈസ നീ അവന്റെ കയ്യിൽ നിന്ന് തിരികെ വാങ്ങിക്ക്. വേറെ പ്രശ്നം ഒന്നും വരാതെ ഞാൻ ഇത് ഡീൽ ആക്കിക്കോളാം’
‘അവൻ ഇനി തിരിച്ചു തരുമോ പൈസ?
സംശയത്തോടെ ശരത് എന്നോട് ചോദിച്ചു
‘തരണം. ഇല്ലെങ്കിൽ നീ വാങ്ങിക്കണം. ആഷിക്കിനെയും കൂട്ടിക്കോ. അവനോട് ഞാൻ പറഞ്ഞു എന്ന് കൂടി പറ. എന്നിട്ടും തന്നില്ലേൽ ഞാൻ നോക്കിക്കോളാം ‘
ശരത്തിനൊപ്പം ഞാൻ ഗോകുലിനെയും ആഷിക്കിനെയും പറഞ്ഞു വിട്ടു. കൂട്ടുകാരികളുടെ നടുവിൽ വിഷമിച്ചു നിന്ന അഞ്ജനയെ വീണ്ടും ഞാൻ ഒറ്റക്കോരിടത്തു മാറ്റി കൊണ്ട് പോയി നിർത്തി
‘നിന്റെ പൈസ ഇപ്പൊ കിട്ടും. പക്ഷെ ഇവിടെ ആരോടും അത് മോഷണം പോയി എന്ന് പറയരുത്. വീട്ടിൽ വച്ചു മറന്നു വച്ചു എന്നെ പറയാവുള്ളൂ ‘
‘കിട്ടിയോ. സത്യം ആണോ ചേട്ടാ..’
അഞ്ജനയുടെ മുഖം സന്തോഷം കൊണ്ട് ചുവന്നു തുടുക്കുന്നത് ഞാൻ കണ്ടു. കണ്ണീർ നിറഞ്ഞ അവളുടെ കണ്ണിൽ പ്രകാശം വീണു.
‘കിട്ടി ‘
‘ആരാ എടുത്തത്.?
‘അത് നിന്നോട് പറഞ്ഞാൽ നീ ബാക്കിയുള്ളവരോട് പറഞ്ഞു കൊടുക്കില്ലേ? ആരും ഇതറിയില്ല എന്ന് ഉറപ്പ് ഞാൻ വാങ്ങിച്ചു. നിനക്ക് പൈസ കിട്ടിയാൽ പോരെ ‘
അഞ്ജന പലവുരു നിർബന്ധിച്ചിട്ടും ഞാൻ ശരത്തിന്റെ കാര്യം പറഞ്ഞില്ല. അവളെ കൊണ്ട് സത്യം ഇടീച്ചാൽ പോലും അവളുടെ ഗ്യാങ്ങിൽ എങ്കിലും അത് പുറത്താകും എന്ന് എനിക്കറിയാമായിരുന്നു.
‘എന്നോട് പറഞ്ഞില്ലെങ്കിലും വേണ്ട എനിക്ക് വേണ്ടി പൈസ കണ്ടു പിടിച്ചു തന്നല്ലോ.. താങ്ക്സ് ‘
അഞ്ജന സ്നേഹത്തോടെ എന്നെ കെട്ടിപ്പിടിച്ചു.
‘ഗോകുൽ ഇപ്പൊ പൈസ ആയി വരും. അതാരും കാണാതെ മാറ്റിക്കോണം. ഞാൻ പറഞ്ഞല്ലോ പൈസ വീട്ടിൽ മറന്നു വച്ചെന്നെ പറയാവൂ..’
‘അങ്ങനെ പറഞ്ഞോളാം.. ഗോകുലിനോട് പൈസ കയ്യിൽ വച്ചാൽ മതി ഞാൻ വൈകിട്ട് വാങ്ങിക്കോളാം എന്ന് പറ ‘
