റോക്കി – 1അടിപൊളി  

രാഹുൽ അങ്ങോട്ട് പോകുന്നതിനെ പറ്റി സൂചിപ്പിച്ചു. ഞങ്ങൾ അതിനെ പറ്റി ചിന്തിക്കുന്നതിനു ഇടയിലാണ് കൃഷ്ണ വീണ്ടുമൊരു നിർദേശം ഞങ്ങൾക്കിടയിൽ ഇട്ടത്

 

‘എന്റെ വണ്ടിയിൽ പോകാം. ഞാൻ കാറിലാണ് വന്നത്. ലക്ഷ്മി ഇന്ന് വണ്ടി എടുക്കാഞ്ഞത് കൊണ്ട് ഞാൻ എടുത്തു..’

കൃഷ്ണ ചാവി കാണിച്ചു കൊണ്ട് പറഞ്ഞു. ആ നിർദേശം എല്ലാവർക്കും ഇഷ്ടമായി. ഇനി ടാക്സി വിളിക്കണ്ടല്ലോ. ഇഷാനി മാത്രം ഒന്നും പറയാതെ എല്ലാം ഞങ്ങളുടെ തീരുമാനത്തിന് വിട്ടു തന്ന് അവൾ മിണ്ടാതെ നിൽക്കുകയായിരുന്നു. കാർ ഞാനാണ് എടുത്തത്. കൃഷ്ണ എനിക്കൊപ്പം മുൻ സീറ്റിൽ ഇരുന്നു. ശ്രുതിയുടെ വീട്ടിലോട്ട് പോകുന്നതിന് ഇടയിൽ ഗോകുൽ എന്നെ വിളിച്ചു. അവൻ ഇപ്പോളാണ് സംഭവം എല്ലാം അറിഞ്ഞത്

 

‘അളിയാ ഞാൻ അവിടെ ഇല്ലായിരുന്നു. ഇപ്പോളാണ് കാര്യം അറിഞ്ഞത്. ഇഷാനി എന്റെ കയ്യിലാണ് പിരിവ് തന്നത്. ഞാൻ ക്രിസ്റ്റിക്ക് ലിസ്റ്റ് കൊടുത്തതിന്റെ പിറ്റേന്നാണ് ഇഷാനി പൈസ ഇട്ടത്. അതാണ് ആ ലിസ്റ്റിൽ അവളുടെ പേര് കാണാഞ്ഞത്. എന്തായാലും തെറ്റ് ക്രിസ്റ്റിയുടെ ഭാഗത്താണ്..’

 

‘നീ അവിടെ ഉണ്ടായിരുന്നേൽ ഈ അലമ്പ് ഒന്നും ഉണ്ടാവില്ലായിരുന്നു. ആ പോട്ടെ..’

 

‘ഡാ നിങ്ങൾ എവിടാ.. നിങ്ങൾക്കുള്ള ഫുഡ്‌ ഉണ്ട് ഇവിടെ. ഇവിടെ വാ..’

 

‘ഡാ അത് വേണ്ട. ഞങ്ങൾ കോളേജിൽ നിന്ന് ഇറങ്ങി ശ്രുതിയുടെ വീട്ടിൽ കൂടാൻ തീരുമാനിച്ചു. അവളുടെ വീട്ടിൽ വിളിച്ചു പറഞ്ഞും പോയി.. എന്തായാലും പ്രശ്നം ഒന്നും ഇല്ലല്ലോ..’

ഗോകുലിനോട് പറഞ്ഞു പ്രശ്നം സോൾവ് ആയപ്പോൾ ഒരു ആശ്വാസം തോന്നി. ഇഷാനി പൈസ കൊടുത്തതാണ് എന്നറിഞ്ഞപ്പോ കൃഷ്ണ ഒന്ന് പിന്തിരിഞ്ഞു അവളെ നോക്കി.. ഗോകുൽ വിളിച്ചു കട്ട് ചെയ്തപ്പോൾ തന്നെ കാർ ശ്രുതിയുടെ വീട്ട് മുറ്റത്ത് എത്തിയിരുന്നു. ഞങ്ങൾ എല്ലാം കാറിൽ നിന്നും പുറത്തിറങ്ങി.

 

‘ഹൈ.. ഇതാണോ ആര്യ നമ്പൂരിയുടെ ഇല്ലം..’

രാഹുൽ കളിയാക്കി ചോദിച്ചു

 

‘ആണ്. എന്താ നിനക്ക് ഇഷ്ടമായില്ലേ..’

 

‘നോമിന് ഇഷ്ടായിരിക്കുന്നു.. നടക്ക എല്ലാരും..’

അവൻ വീണ്ടും കളിയാക്കിയപ്പോൾ അവൾ അവനൊരു കുത്തും വച്ചു കൊടുത്തു ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു. ശ്രുതിയുടെ അമ്മ ഞങ്ങളെ വീട്ടിലേക്ക് വരവേറ്റു. അവളുടെ അച്ഛനും ചേട്ടനും ജോലിക്ക് പോയത് കൊണ്ട് വീട്ടിൽ ഇല്ലായിരുന്നു. അത് കൊണ്ട് തന്നെ അമ്മയെ അടുക്കളയിൽ സഹായിക്കാൻ ശ്രുതി ഒപ്പം പോയി. അവളുടെ കൂടെ തന്നെ ഇഷാനിയും പോയി. താൻ അവിടെ ചെന്നു എന്ത് കാണിക്കാൻ ആണെന്ന് കരുതി കൃഷ്ണ പോയില്ല. അത് അവൾ എന്നോട് പറയുകയും ചെയ്തു. വന്നയുടനെ തന്നെ ശ്രുതിയുടെ അമ്മ ജ്യൂസ് ഉണ്ടാക്കി തന്നു. അതിനിടയിൽ ഞങ്ങളെ ഒക്കെ ശ്രുതി അവളുടെ അമ്മക്ക് പരിചയപ്പെടുത്തി കൊടുത്തു.

‘അമ്മക്ക് ഈ വ്യക്തി ആരാണെന്ന് അറിയാമോ..?

ശ്രുതി എന്നെ ചൂണ്ടി കാണിച്ചു അവളുടെ അമ്മയോട് ചോദിച്ചു

 

‘അത് കണ്ടപ്പോൾ തന്നെ എനിക്ക് മനസിലായി. അവളുടെ അർജുൻ ചേട്ടൻ..’

 

‘അപ്പോൾ ഇവന്മാരെ അറിയുമോ..?

ശ്രുതി രാഹുലിനെയും ആഷിക്കിനെയും നോക്കി ചോദിച്ചു

 

‘രാഹുലും ആഷിക്കും.. അല്ലെ..?

 

‘കറക്റ്റ്. എങ്കിൽ ദേ ഈ ആളെ മനസ്സിലായോ എന്ന് പറ..’

 

ഇഷാനിയെ ചൂണ്ടി കാണിച്ചു ആയിരിന്നു ശ്രുതിയുടെ ചോദ്യം. അമ്മ അവളെ മൊത്തത്തിൽ ഒന്ന് നോക്കി. അവളുടെ വേഷവും പാവം പിടിച്ച ഭാവവും ഒക്കെ കണ്ടപ്പോ അമ്മയ്ക്ക് അവളെ മനസിലായി. അമ്മ അവളുടെ അടുത്ത് ചെന്നു അവളുടെ കവിളിൽ സ്നേഹത്തോടെ തലോടി കൊണ്ട് പറഞ്ഞു

‘ഇഷാനി മോളല്ലേ… അവൾ എപ്പോളും പറയുമായിരുന്നു ക്ലാസ്സിലെ ഏറ്റവും പാവം കുട്ടിയുടെ ഓരോ കാര്യങ്ങൾ..’

 

തന്നെ കുറിച്ച് നല്ലത് സംസാരിക്കുന്നവരും നല്ലത് ചിന്തിക്കുന്നവരും ഉണ്ടെന്ന യാഥാർഥ്യം ഇഷാനിയുടെ ഹൃദയത്തെ പുളകം കൊള്ളിച്ചു. സന്തോഷം കൊണ്ടാണെങ്കിലും അവളുടെ കണ്ണുകൾ ആരും അറിയാതെ ഒന്ന് നിറഞ്ഞു.

 

‘അപ്പോൾ ഈ ആളെയോ..?

അവസാന ഊഴം കൃഷ്ണയുടെ ആയിരുന്നു. കൃഷ്ണയുടെ രൂപവും ഭാവവും ഒന്നും വച്ചു അവളെ മനസിലാക്കാൻ അവളുടെ അമ്മക്ക് കഴിഞ്ഞില്ല. ശ്രുതി അവളുടെ ഏറ്റവും അടുപ്പമുള്ളവരെ കുറിച്ചാണല്ലോ അമ്മയോട് എപ്പോളും പറയുക. അങ്ങനെ ഉള്ളവരുടെ കൂട്ടത്തിൽ കൃഷ്ണ ഇല്ല.. അമ്മ കൃഷ്ണയേ നോക്കി കുഴങ്ങി നിൽക്കുന്നത് കണ്ടപ്പോ കൃഷ്ണ തന്നെ അവസാനം പറഞ്ഞു

‘അമ്മേ ഞാൻ കൃഷ്ണ..!

 

പേര് പറഞ്ഞിട്ടും അമ്മക്ക് ശരിക്കും ആളെ മനസിലായില്ല. അതാ മുഖത്ത് ഉണ്ടായിരുന്നു. എല്ലാവരെ പറ്റിയും കാര്യമായി അറിയുന്ന അമ്മക്ക് തന്നെ അറിയില്ല എന്നറിഞ്ഞപ്പോ കൃഷ്ണയ്ക്ക് ഉള്ളിൽ വിഷമം തോന്നി. അത് ആരുടെയും കുഴപ്പം അല്ലെന്ന് അവൾക്ക് അറിയാമായിരുന്നു. ഒരു വർഷം കൂടെ പഠിച്ചിട്ടും ഇവരെ ഒന്നും ഒരിക്കലും കൃഷ്ണ മൈൻഡ് ചെയ്തിട്ടില്ല. അവരോട് മിണ്ടാൻ ചെന്നിട്ടില്ല. ഇപ്പൊ കുറച്ചു നേരം സംസാരിച്ചപ്പോളും അടുത്തിരുന്നപ്പോൾ തന്നെ ഇവരൊക്കെ എത്ര അടിപൊളി ആണെന്ന് കൃഷ്ണയ്ക്ക് മനസിലായത്. കൃഷ്ണയുടെ മുഖം വല്ലാതെ ആകുന്നത് കണ്ട് അത് മാറ്റാൻ ശ്രുതി അമ്മയോട് പറഞ്ഞു

‘അമ്മ മറന്നോ.. ഇവളെ പറ്റി ഞാൻ പറഞ്ഞിട്ടുണ്ടല്ലോ. ഞാൻ ഈയിടെ ടീവിയിൽ ഒരു സിനിമ വന്നപ്പോൾ ഒരാളെ കാണിച്ചിട്ട് പറഞ്ഞില്ലേ എന്റെ ക്ലാസ്സിൽ പഠിക്കുന്ന കൊച്ചിന്റെ ചേച്ചി ആണെന്ന്..?

 

‘ഞാൻ പേര് പറഞ്ഞപ്പോ പെട്ടന്ന് ഓർത്തില്ല മോളെ. ഞങ്ങൾ ഓണത്തിന് നിങ്ങടെ അവിടുന്നാണ് ഡ്രസ്സ്‌ ഒക്കെ എടുത്തത്. അപ്പോൾ കൂടെ ഇവൾ പറഞ്ഞതെ ഉള്ളു. അമ്മ പെട്ടന്ന് ഓർത്തില്ല..’

അമ്മ കൃഷ്ണയുടെ കൈ ചേർത്ത് പിടിച്ചു പറഞ്ഞു. പത്തു പതിനഞ്ച് മിനിറ്റിനകം സദ്യ റെഡി ആയി. ഡൈനിങ് ടേബിൾ ഉണ്ടെങ്കിലും ഞങ്ങൾ എല്ലാവരും നേരത്തെ തന്നെ നിലത്തു സ്‌ഥലം പിടിച്ചത് കൊണ്ട് താഴെ ഇല ഇട്ടു. ആദ്യം ഇരുന്നത് കൃഷ്ണ ആണ്.. അവളുടെ അടുത്ത് ഞാൻ.. എന്റെ അടുത്ത് ഇഷാനി.. അതിനപ്പുറം രാഹുൽ, ആഷിക്ക് ഏറ്റവും ഒടുവിൽ ശ്രുതി.. അങ്ങനെ ഞങ്ങൾ ഇരുന്നു. അമ്മ തനിയെ ആണ് ഞങ്ങൾക്ക് എല്ലാം വിളമ്പിയത്. ആഷിക്ക് പുകഴ്ത്തുന്ന പോലെ ശ്രുതിയുടെ അമ്മയുടെ കൈപ്പുണ്യം വർണ്ണനക്ക് അതീതമായിരുന്നു. ഒരു കൊച്ചു സദ്യ തന്നെ അമ്മ ഞങ്ങൾക്ക് വിളമ്പി.

‘ഏതായാലും ക്രിസ്റ്റി ഒരു നല്ല കാര്യമാണ് ചെയ്തത്. അത് കൊണ്ട് നമുക്ക് ഇന്ന് ഇത്രയും കിടിലൻ സദ്യ കഴിക്കാൻ പറ്റി ‘

ശ്രുതിയുടെ അമ്മയുടെ പാചകത്തെ പുകഴ്ത്താൻ എന്നോണം ആഷിക്ക് പറഞ്ഞു

 

‘എന്നാലും ഒരാളെ കഴിക്കുന്ന ഇടത്തു വന്നു കണക്ക് പറയുന്നതും എഴുന്നേൽപ്പിച്ചു വിടുന്നതും ഒക്കെ നല്ല കാര്യം അല്ല. അതും ഈ പാവം മോളോട് ഇങ്ങനെ ഒക്കെ വഴക്ക് ഉണ്ടാക്കാൻ ഒക്കെ മനസ് ഉള്ളവർ നിങ്ങളുടെ ക്ലാസ്സിൽ ഉണ്ടന്ന് ഓർക്കുമ്പോ അത്ഭുതം തോന്നുന്നു..’

Leave a Reply

Your email address will not be published. Required fields are marked *