റോക്കി – 1അടിപൊളി  

ഞങ്ങൾ പ്രിൻസിപ്പലിന്റെ റൂമിന് വാതിൽക്കൽ എത്തുമ്പോ ഞങ്ങൾക്ക് മുന്നേ തന്നെ എതിർ ടീം അവിടെ ഉണ്ടായിരുന്നു. ഷോണിന്റെ കലിപ്പ് അപ്പോളും അടങ്ങിയിട്ടില്ല എന്ന് തോന്നി അവന്റെ നോട്ടം കാണുമ്പോ. ഫൈസീയെ അവരുടെ കൂടെ കണ്ടില്ല, ഒരുപക്ഷെ അലക്സിനു ഒപ്പം ഹോസ്പിറ്റലിൽ പോയി കാണണം. പ്രിൻസിപ്പൽ വക തെറി കിട്ടുന്നതിന് മുന്നേ അവിടെ വന്ന ടീച്ചർമാരും സാറുമ്മാരും ഒക്കെ ഞങ്ങളെ ഇട്ട് കുടഞ്ഞു. എല്ലാത്തിനും ഡിസ്മിസ്സൽ അടിച്ചു തരാൻ പോകുവാണെന്നൊക്കെ ഒരുപാട് ഭീഷണികളും അതിനിടയിൽ. അങ്ങനെ വന്നവരും പോയവരും ഒക്കെ പൊരിച്ചു കഴിഞ്ഞു അവസാനം പ്രിൻസിപ്പൽ വക മെഗാ കരിക്കൽ കിട്ടി രണ്ട് കൂട്ടർക്കും

‘താൻ വന്നിട്ട് രണ്ടാഴ്ച ആയില്ലല്ലോടോ. അതിനിടക്ക് ഒരുത്തന്റെ തല തല്ലി പൊളിച്ചല്ലോ?

ഞാൻ ഒന്നും പറയാതെ തല കുനിച്ചു അതിന്റെ ബാക്കി കൂടെ കേട്ടോണ്ട് നിന്നു

‘ഇനി അവിടുന്നും ആരുടെയെങ്കിലും തല തല്ലി പൊട്ടിച്ചിട്ടാണോ ഇങ്ങോട്ട് വന്നത്.? എടൊ ആണോന്ന്?

ഞാൻ അല്ലെന്ന് തലയാട്ടി മാത്രം മറുപടി കൊടുത്തു. എല്ലാവർക്കും അവരവരുടെ ഊഴം വച്ചു നല്ല തെറിയും വാണിംഗും കിട്ടി. ഷോണ് ലാസ്റ്റ് വാണിങ് ആണ് കൊടുത്തത്. എത്രാമത്തെ ലാസ്റ്റ് വാണിങ് ആണോ അത് ആവൊ..? അതിനിടയിൽ രാഹുൽ അടിയിൽ ഇല്ലെന്നും പിടിച്ചു മാറ്റിയതേ ഉള്ളെന്നും പറഞ്ഞു അവനെ എസ്‌കേപ്പ് ആക്കാൻ നോക്കിയതിനു എനിക്ക് രണ്ടാം തവണയും ഊക്ക് ഏറ്റ് വാങ്ങേണ്ടി വന്ന്

‘എല്ലാത്തിന്റെയും വീട്ടിൽ വിളിച്ചു കാര്യം ഞാൻ പറഞ്ഞിട്ടുണ്ട്. എന്താണ് ഇവിടെ എല്ലാം കാണിക്കുന്നത് എന്ന് വീട്ടിൽ ഇരിക്കുന്നവർ കൂടെ അറിയട്ടെ ‘

അത്രയും നേരം സാറിന്റെ പ്രസംഗം നിസംഗമായി കേട്ടോണ്ട് നിന്ന എന്റെ ഉള്ളിൽ എന്തോ ഒരു പേടി അലതല്ലി.

‘വീട്ടിൽ വിളിച്ചു പറഞ്ഞോ?

എന്റെ പേടിയോടെ ഉള്ള ചോദ്യം കേട്ട് ഷോണിന് ചിരി വന്നു. വീട്ടിൽ പേടിക്കാൻ ആരോ ഉള്ള പയ്യൻ ആണ് ഞാനെന്നാണ് അവൻ ധരിച്ചു വച്ചത്. ആരാണ് പേടിക്കേണ്ടത് എന്ന് അവൻ ഇത് വരെ മനസിലാക്കിയിട്ടില്ല. എല്ലാ ഊക്കും കഴിഞ്ഞു ഒരാഴ്ച വീട്ടിൽ ഇരുന്നോളാൻ കൂടി പറഞ്ഞിട്ട് പ്രിൻസിപ്പൽ ഞങ്ങളെ ആട്ടി ഇറക്കി വിട്ടു. തിരിച്ചു ക്ലാസിൽ പോകുന്നതിന് പകരം ഞാനും രാഹുലും ഗ്രൗണ്ടിന്റെ സ്റ്റെപ്പിൽ അടുത്തായി ഇരുന്നു. പ്രിൻസിപ്പലിന്റെ റൂമിൽ നിന്ന് ഇറങ്ങിയപ്പോ മുതൽ ഞാൻ ഫോണിൽ ആരെയോ ട്രൈ ചെയ്യുകയായിരുന്നു. എന്തിനാണ് ഇങ്ങനെ ടെൻഷൻ അടിക്കുന്നത് എന്ന രാഹുലിന്റെ ചോദ്യത്തിന് പോലും എനിക്ക് മറുപടി കൊടുക്കാൻ കഴിഞ്ഞില്ല. അവസാനം ഞാൻ വിളിച്ച ഫോണുകളിൽ ഒന്ന് മറുപടി തന്നു. പക്ഷെ അപ്പോളേക്കും വൈകിയിരുന്നു

ഫോൺ കട്ടാക്കി ഞാൻ കോളേജ് ഗേറ്റിലേക്ക് പാഞ്ഞു. കാര്യം അറിയാതെ അന്തം വിട്ടു രാഹുലും എന്റെ പുറകെ ഓടി. കോളേജ് ഗേറ്റിന് മുന്നിൽ ഒരു ഓപ്പൺ ജീപ്പിന് ചുറ്റും ഒരുപാട് പിള്ളേർ തമ്പടിച്ചു നിൽക്കുന്നുണ്ടായിരിന്നു. അവർക്കിടയിൽ ഒരു മിന്നായം പോലെ ഞാൻ ഷോണിനെ കണ്ട്. ഷോണിന് തൊട്ട് അടുത്തായി മഹാനെയും. മഹാൻ എന്ന മഹാദേവൻ എന്റെ അച്ഛന്റെ വലം കയ്യാണ്.

‘മോൻ ആണോ ഞങ്ങടെ ചെക്കന്റെ ദേഹത്ത് കൈ വച്ചെന്ന് പറഞ്ഞത്?

മഹാൻ വളരെ സൗമ്യമായി ഷോണിനോട് ചോദിച്ചു

‘ആ കയ്യും വച്ചു കാലും വച്ചു. ചെക്കൻ ഇപ്പൊ എവിടെയോ ഒടിഞ്ഞു നുറുങ്ങി കിടപ്പുണ്ട് എടുത്തോണ്ട് പൊക്കോ ‘

ഷോണിന്റെ അഹങ്കാരം നിറഞ്ഞ മറുപടി മഹനെ തെല്ലും ദേഷ്യപ്പെടുത്തി ഇല്ല എന്ന് തോന്നി. വീണ്ടും സൗമ്യതയോടെ ആണ് മഹാൻ സംസാരിച്ചത്.

‘മോന് കൈ വക്കാനും കാൽ വക്കാനും ഒക്കെ ഇവിടെ ധാരാളം പിള്ളേർ വേറെ കാണും. നമ്മുടെ ചെക്കനെ ദയവ് ചെയ്തു ഉപദ്രവിക്കരുത് ‘

‘അമ്മാവൻ ചെല്ല്, അല്ലേൽ അവന് കൊടുത്തതിന്റെ ബാക്കി അമ്മാവന് കൂടി കിട്ടും. വയസ്സ് കാലത്ത് ഈ ബോഡി അത് താങ്ങുമെന്ന് തോന്നുന്നില്ല’

അഹങ്കാരം ഒട്ടും കുറയ്ക്കാതെ അത് പറഞ്ഞു കഴിഞ്ഞാണ് ഷോൺ തന്റെ തുടയിൽ ഇരുമ്പ് മുട്ടിയത് ശ്രദ്ധിച്ചത്. മഹാന്റെ കയ്യിലുള്ള ഗൺ പതിയെ ഉയർന്നു അവന്റെ നെഞ്ച് വരെ എത്തി. “തോക്ക് ” എന്ന് പറഞ്ഞു ആരോ അലറി വിളിച്ചപ്പോ ചുറ്റും നിന്ന കാഴ്ചക്കാരും ഷോണിന്റെ കൂട്ടുകാരും എല്ലാം രണ്ടടി പിന്നിലേക്ക് മാറി. ആ സമയത്താണ് ഞാൻ അവിടേക്ക് ഓടിയെത്തുന്നത്. സ്റ്റക്ക് ആയ സിഡി പോലെ ഷോൺ വിളറി നിപ്പുണ്ടായിരുന്നു. രംഗം കൂടുതൽ വഷളാകുന്നതിന് മുന്നേ ഞാൻ അവർക്കിടയിലേക്ക് പാഞ്ഞെത്തി ഷോണിനെ തള്ളി മാറ്റി മഹാന്റെ കയ്യിലിരുന്ന തോക്ക് ഒറ്റ നിമിഷം കൊണ്ട് കൈക്കലാക്കി. എല്ലാവരും കണ്ട് കഴിഞ്ഞെങ്കിലും തോക്ക് ഒളിപ്പിക്കാൻ വേണ്ടി ഞാൻ എന്റെ പാന്റിന്റെ പിന്നിലേക്ക് ഗൺ തിരുകി വച്ചു ഷർട്ട്‌ വലിച്ചു താഴ്ത്തി. മഹാൻ എന്റെ തോളിൽ പിടിച്ചിട്ട് അവിടെ നിന്ന എല്ലാവരോടുമായി തന്റെ സൗമ്യത വെടിഞ്ഞു കൊണ്ട് അലറി പറഞ്ഞു

‘എടാ കഴുവേറികളെ… ഇനി ഇവന്റെ ദേഹത്ത് ഒരു കൈ വീണെന്ന് അറിഞ്ഞാൽ നിന്റെയൊക്കെ കുടുംബം അടക്കം കത്തിക്കും നായ്ക്കളെ ‘

മഹാന്റെ പ്രകടനം ഇനിയും നിന്നാൽ കൂടത്തെ ഉള്ളെന്ന് മനസിലാക്കിയ ഞാൻ അങ്ങേരെ ഉന്തി തള്ളി ജീപ്പിൽ കയറ്റി. എന്നിട്ട് കൂടെ ഞാനും കയറി. ബൈക്കിന്റെ ചാവി രാഹുലിന് എറിഞ്ഞു കൊടുത്തിട്ട് ജീപ്പ് വളച്ചു കൊണ്ട് പോയി

നഗരത്തിന്റെ തിരക്കൊഴിഞ്ഞ ഒരു ഓരത്ത് ജീപ്പ് നിന്നു. അതിനടുത്തായുള്ള ഒരു കരിക്ക് കടയിൽ നിന്ന് ഒരു കരിക്ക് വെട്ടി മഹാൻ എനിക്ക് തന്നു. സ്ട്രോയിലൂടെ കരിക്ക് കുടിക്കുമ്പോ അങ്ങേര് എന്റെ കണ്ണിന്റെ മുറിവൊക്കെ ശരിക്കും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ജീപ്പിൽ ഞങ്ങൾ പരസ്പരം മിണ്ടിയിരുന്നില്ല. ഞാൻ ദേഷ്യപ്പെടും എന്ന് കരുതി മഹാൻ കുറച്ചു നേരം മിണ്ടാതെ ഇരുന്നതാണ്. ഇതിപ്പോ എന്നെ തണുപ്പിക്കാൻ ആണ് ഈ കരിക്കൊക്കെ വാങ്ങി തന്നത്.

 

എനിക്ക് ഓർമ വച്ചു നാൾ തൊട്ട് മഹാൻ അച്ഛന്റെ കൂടെ ഉണ്ട്. അതിനും എത്രയോ നാൾ മുമ്പ് തൊട്ട് കൂടെ ഉണ്ട്. അച്ഛൻ ഇവിടെ ബിസിനസ്‌ പടുത്തു ഉയർത്തിയ ഓരോ പടവിലും മഹാന്റെ വിയർപ്പും ചോരയും ഒക്കെ ഉണ്ടായിരുന്നു. അത്ര വലിയ ബന്ധം ഒന്നും ഞങ്ങൾക്ക് മഹാനായി ഇല്ലായിരുന്നു. പക്ഷെ ഞങ്ങളുടെ അടുത്ത ബന്ധുക്കളെക്കാൾ അടുപ്പം എനിക്ക് മഹാനോട് ഉണ്ടായിരുന്നു. അച്ഛന്റെ സകല സാമ്രാജ്യത്തിന്റെയും നടത്തിപ്പുകാരനും കാവൽക്കരനുനൊക്കെ ആണ് മഹാൻ. അതിലൊന്നിനു നൊന്തു എന്നറിഞ്ഞപ്പോൾ കാണിച്ച പുകിലുകൾ ആയിരുന്നു ഇന്ന് കണ്ടത്.. എനിക്ക്….

‘എന്നെ ഒന്ന് വിളിച്ചിട്ട് വന്നാൽ പോരായിരുന്നോ നിങ്ങൾക്ക്.. വെറുതെ ഇല്ലാത്ത പ്രശ്നം കൂടെ ഉണ്ടാക്കി ‘

 

‘ഒരു പ്രശ്നവും ഇല്ലെങ്കിൽ പിന്നെ നിന്റെ കണ്ണ് എന്താ വീങ്ങി ഇരിക്കുന്നത്. ‘

Leave a Reply

Your email address will not be published. Required fields are marked *