റോക്കി – 1അടിപൊളി  

 

‘അവൾ മാല പൊട്ടിക്കുന്നത് നീ അറിഞ്ഞില്ല എന്നാണോ പറയുന്നേ. നീയെന്താ അത്രക്ക് മണ്ടി ആരുന്നോ..?

 

‘പൊട്ടിച്ചത് ആവണം എന്നില്ല. എന്റെ മാല കൊളുത്ത് ചെറിയ പ്രശ്നം ഉണ്ട്. ഇടക്ക് ഊരി പോകും. അങ്ങനെ ഇവൾക്ക് കിട്ടിയോ എന്നറിയാൻ മാത്രം ഒന്ന് നോക്കട്ടെ.’

 

ഇഷാനി പ്രതിരോധം വിട്ടു ബാഗ് അവർക്ക് മുന്നിൽ നീട്ടി. നീതു ബാഗിന്റെ സൈഡ് ഉറ തുറന്നു അതിൽ കയ്യിട്ട് പരിശോധിച്ചു.. രണ്ട് മൂന്ന് തവണ തപ്പിയിട്ടും മാല കാണാഞ്ഞപ്പോ അത്രയും നേരം ഇല്ലാഞ്ഞ പരിഭ്രമം അവളുടെ മുഖത്ത് വന്നു. നീതു മറ്റ് ഉറ ഒന്നും തപ്പാതെ ആ ഉറ മാത്രം തപ്പുന്ന കണ്ടപ്പോൾ എനിക്ക് സംശയം തോന്നി

‘എവിടെ കൊണ്ട് വച്ചെടി എന്റെ മാല.. സത്യം പറഞ്ഞോ..’

 

നീതുവിന്റെ ഭാവം മാറി. ദേഷ്യത്തോടെ അവൾ ഇഷാനിയുടെ നേർക്ക് നടന്നു വന്നു. അവർക്ക് ഇടയിലേക്ക് പെട്ടന്ന് ഞാൻ ചെന്നു നിന്നു.

 

‘നീ മാല കാണാതെ പോയി എന്ന് പറഞ്ഞു അല്ലെ തപ്പാൻ വന്നത്. അത് കിട്ടിയില്ലല്ലോ. പിന്നെ എങ്ങനെ ഇവളാണ് എന്ന് ഉറപ്പിക്കാൻ പറ്റും. നീ കണ്ടോ ഇവൾ മാല എടുക്കുന്നത്..’

 

‘ഇവളുടെ കയ്യിലുണ്ട്. ഉറപ്പാണ്.’

നീതു കരച്ചിലിന്റെ വക്കിൽ എത്തിയിരുന്നു

 

‘ഉണ്ടെങ്കിൽ കിട്ടേണ്ടത് അല്ലെ. നീ പറഞ്ഞത് കൊളുത്ത് ലൂസ് ആയിരുന്നു എന്നല്ലേ. അപ്പൊ ഇവിടെ എവിടെ എങ്കിലും താഴെ വീണു പോയിട്ടുണ്ടാകും. തപ്പി നോക്ക് ഇവിടൊക്കെ..’

അവളോട് അങ്ങനെ പറഞ്ഞിട്ട് ഞാൻ ഇഷാനിയുമായി ക്ലാസിനു പുറത്തേക്ക് നടന്നു. ഇഷാനിയുടെ മുഖത്ത് അന്ന് അഞ്ജന മോഷണം ആരോപിച്ചപ്പോൾ വന്ന വിഷമം ഒന്നും ഇല്ലായിരുന്നു. മാത്രം അല്ല ചെറിയ ഒരു ചിരി അവളിൽ ഉള്ളത് പോലെയും തോന്നി.

 

‘ഇവിടെ എന്ത് കേസ് വന്നാലും നിന്റെ തലയിൽ ആണല്ലോ ആദ്യം ‘

ഞാൻ തമാശരൂപേണ അവളോട് പറഞ്ഞു

 

‘ഞാൻ ആണ് ഇവിടുത്തെ നമ്പർ വൺ നോട്ടപ്പുള്ളി ‘

അവൾ അതേ പോലെ തമാശയിൽ മറുപടി തന്നു

 

‘പക്ഷെ ഇപ്പൊ നടന്നത് എന്തോ കള്ളത്തരം പോലെ എനിക്ക് തോന്നി. നീതുവിന്റെ മുഖത്ത് എന്തോ കള്ളലക്ഷണം ഉണ്ടായിരുന്നു..’

 

ഞാൻ പറയുമ്പോ ഇഷാനി പെട്ടന്ന് നിന്ന് കുനിഞ്ഞു അവളുടെ ഷൂസിന്റെ ലെയ്‌സ് കെട്ടുന്ന പോലെ നിന്നു. അവൾ തന്റെ സോക്സിൽ നിന്നും ഒരു മാല എടുത്തു എനിക്ക് മുന്നിൽ നിവർത്തി കാണിച്ചു

‘ഇതെത്ര പവൻ വരും..?

 

‘ഇത്.. ഇതാരുടെ മാല ആണ്..?

എനിക്ക് പെട്ടന്ന് അവളെന്താ ഉദ്ദേശിക്കുന്നത് എന്ന് മനസിലായില്ല

 

‘ഇതാണ് അവൾ അന്വേഷിച്ചു നടന്ന മാല..!

 

‘ഇതെങ്ങനെ നിനക്ക് കിട്ടി..?

 

‘ഞാൻ അടിച്ചു മാറ്റി..’

 

അവളുടെ മറുപടി എനിക്ക് വല്ലാതെ കൺഫ്യൂഷൻ ഉണ്ടാക്കി. മോഷ്ടിച്ചു എന്ന് എന്നോട് പറഞ്ഞിട്ടും അവളെ അവിശ്വസിക്കാൻ എനിക്ക് തോന്നിയില്ല

‘ഇഷാനി, സത്യം പറ.. നിനക്ക് ഇതെവിടുന്നു കിട്ടി ‘

 

‘അവൾ ആയിട്ട് തന്നെ കൊണ്ട് ഇട്ടതാണ് ബാഗിൽ. ഇനി അത് തിരിച്ചു കൊടുക്കണ്ട എന്ന് വച്ചു..’

അവൾ തമാശ വിട്ടു സീരിയസ് ആയി പറഞ്ഞു

 

‘പക്ഷെ അവൾ തപ്പിയിട്ട് എന്നിട്ട് ബാഗിൽ നിന്ന് കിട്ടിയില്ലല്ലോ..’

 

‘ഒരാളെ എപ്പോളും ഒരേപോലെ മണ്ടൻ ആക്കാമെന്ന് അവൾ വിചാരിച്ചു.. എനിക്ക് എതിരെ മോഷണകേസ് വന്നു കഴിഞ്ഞു ഞാൻ എന്റെ ബാഗ് ചുമ്മാ ക്ലാസിൽ വച്ചിട്ട് പോകാറില്ലായിരുന്നു. അഥവാ പോയാൽ തന്നെ സിപ് ഒക്കെ പ്രത്യേകം എനിക്ക് മനസിലാകുന്ന പോലെ ചെറുതായ് ഓപ്പൺ ചെയ്തു ഇട്ടിട്ടെ പോകൂ. അന്ന് അഞ്ജനയുടെ കേസ് വന്നതോടെ ഞാൻ കൂടുതൽ സൂക്ഷിച്ചിരുന്നു. ഇന്ന് നമ്മൾ ക്ലാസിൽ വന്നു ബാഗ് എടുത്തപ്പോ സൈഡിലെ ഉറ ഫുൾ ആയി അടഞ്ഞു കിടക്കുന്നു. അപ്പോൾ തന്നെ ഞാൻ അതിൽ നോക്കിയപ്പോ മാല കിട്ടി. ഞാൻ ചേട്ടനെ വിളിക്കുന്നതിന്‌ മുമ്പ് അവളുമാർ ക്ലാസ്സിലേക്ക് കേറി വന്നു. അപ്പൊ പെട്ടന്ന് ഞാൻ മാല ആരും കാണാതെ സോക്സിൽ ഇട്ടു..’

 

ഇഷാനിയുടെ വിവരണം ഒരു കുട്ടിയുടെ കൗതുകത്തോടെ ഞാൻ കേട്ട് നിന്നു. നീതു മനഃപൂർവം അവളെ കള്ളി ആക്കാൻ നോക്കിയതാണ്. അങ്ങനെ എങ്കിൽ പണ്ട് ഇവളെ കള്ളി ആക്കി എന്ന് പറയുന്ന ആ സംഭവവും നാടകം ആയിരുന്നിരിക്കണം. പക്ഷെ എന്തിന്..? ആരോടും ഒരു ഗുണത്തിനും ദോഷത്തിനും പോകാത്ത ഇഷാനിയോട് ഇവർക്കൊക്കെ എന്താണ് ഇത്രയും ദേഷ്യം. എനിക്ക് മനസിലായില്ല അത്. ഇഷാനിയോട് ചോദിച്ചിട്ട് ഒരു ചിരി മാത്രം മറുപടി തന്നു.

 

‘ഇന്നാ മാല കൊണ്ട് പോയി കൊടുത്തോ. ആദ്യം കൊടുക്കണ്ട എന്ന് വച്ചതാ. പിന്നെ മാല പോയപ്പോൾ അവൾ ശരിക്കും വിരണ്ടത് കണ്ടു. വീട്ടിൽ ഒക്കെ വഴക്ക് പറഞ്ഞേക്കും. ചേട്ടൻ തന്നെ കൊണ്ട് കൊടുക്ക്.’

മാല അവൾ എന്റെ കയ്യിൽ വച്ചു തന്നു. എന്നിട്ട് എന്നെ നോക്കി ചിരിച്ചു കൈ വീശി പോകുവാ എന്ന് പറഞ്ഞു നടന്നു നീങ്ങി. അവൾ മറയുന്ന വരെ ഞാൻ അവിടെ തന്നെ നിന്നു.. അവൾ ഞാൻ കരുതിയതിലും, ഞാൻ ആഗ്രഹിച്ചതിലും നല്ല കുട്ടിയാണ്.. അല്ലെങ്കിൽ തന്നെ കള്ളി ആക്കാൻ വന്ന ഒരുത്തിക്ക് ഈ മാല തിരിച്ചു കൊടുക്കാൻ മനസ്സ് വരുമോ..? ഇനി ഇവളെ കള്ളി എന്ന് പറയുന്നവരുടെ നാക്ക് പിഴുതെടുക്കണം. അവളെ എല്ലാവരും കള്ളിയായി കാണുന്ന കാര്യം ഓർത്തപ്പോ മറ്റൊരിക്കലും തോന്നാത്ത അമർഷം എനിക്ക് തോന്നി ..

 

ഞാൻ തിരിച്ചു ക്ലാസ്സിൽ ചെന്നപ്പോ കൃഷ്ണയും അവരുടെ ഒപ്പം ഉണ്ടായിരുന്നു. അവൾ ഇവിടെ ഉണ്ടായിരുന്നോ.? ഇനി ഈ നാടകത്തിൽ അവൾക്കും പങ്കുണ്ടോ..? നീതുവും ക്രിസ്റ്റിയുമൊക്കെ കൃഷ്ണയുടെ ഗ്യാങ് ആണ്. അവളാണ് അവരുടെ ഒക്കെ നേതാവും. ഇനി ഇവൾ പറഞ്ഞിട്ട് ആണോ നീതു ഈ നാടകം കളിച്ചത്. ഇഷാനിയോട് കൃഷ്ണയ്ക്ക് എന്തോ ഇഷ്ടക്കുറവ് ഉള്ളത് നേര് തന്നെ. അതിന് അവൾ ഇങ്ങനെ ഒക്കെ ചെയ്യുമോ..? കൃഷ്ണ പൊതുവെ കുറച്ചു തന്റേടി ആണെങ്കിലും ഒരു പാവമായി ചിലപ്പോൾ തോന്നാറുണ്ട്. അവളുടെ ചേച്ചി ലക്ഷ്മി ആണെങ്കിൽ ഇമ്മാതിരി പണിയൊക്കെ കാണിക്കും. അവളുടെ അലമ്പും റാഗിംഗ് ഒക്കെ ഞാൻ പലരിൽ നിന്നും കേട്ടിരുന്നു. എല്ലാവരോടും ഒരു പുച്ഛഭാവം ഉള്ളത് അല്ലാതെ ലക്ഷ്മിയേ പോലെ ആൾക്കാരെ വിഷമിപ്പിക്കുന്ന സ്വഭാവം അല്ല കൃഷ്ണക്ക് എന്നാണ് തോന്നിയിട്ടുള്ളത്.

ഇനി അഥവാ കൃഷ്ണക്ക് ഇതിൽ പങ്കുണ്ടെങ്കിൽ തന്നെ എന്തായിരിക്കണം അതിന് പിന്നിൽ ഉള്ള കാരണം..? ഇഷാനി എന്നോട് അടുപ്പം കാണിക്കുന്നത് ആയിരിക്കുമോ..? അതിനൊരു സാധ്യത ഉണ്ട്. എന്നോട് അടുപ്പം കാണിച്ച ഷാഹിനയേ വിരട്ടി എന്റെ അടുത്ത് വരുത്താതെ ആക്കിയത് കൃഷ്ണ ആണ്. അപ്പൊ ഇഷാനിക്ക് പണി കൊടുക്കാനും ചാൻസ് ഉണ്ട്. പക്ഷെ ഞാൻ വരുന്നതിന് മുന്നേ കഴിഞ്ഞ വർഷം നീതു മോഷണനാടകം കാണിച്ചത് അപ്പൊ എന്തിനാകും.. എന്റെ ചിന്തകൾ പുകയാൻ തുടങ്ങി..

Leave a Reply

Your email address will not be published. Required fields are marked *