‘എടി നീ എടുത്തിട്ടുണ്ടേൽ കൊടുക്ക്. വെറുതെ ടീച്ചേർസ് ഒക്കെ അറിഞ്ഞാൽ പ്രശ്നം ആകും ‘
ഫാത്തിമ കുറച്ചു മയത്തിൽ ആയിരുന്നു ഇഷാനിയോട് സംസാരിച്ചത്
‘ഞാൻ എടുത്തിട്ടില്ല. ഇല്ലാത്ത കാര്യം ഞാൻ എങ്ങനെ ചെയ്‌തെന്ന് പറയും ‘
ഇഷാനിയുടെ സ്വരത്തിൽ ഇപ്പോൾ ദയനീയത നിഴലിച്ചു
‘നീയേ എടുക്കൂ. ഇവിടെ വേറാരും എടുക്കില്ല ‘
ദേഷ്യവും സങ്കടവും അടക്കാൻ കഴിയാതെ അഞ്ജന ഇഷാനിയുടെ ഹൂഡിയുടെ പോക്കറ്റിൽ ഒക്കെ വീണ്ടും വീണ്ടും പരതി. അഞ്ജനയുടെ പരാക്രമം ഓവർ ആയപ്പോൾ ഇഷാനി അവളുടെ കൈ തടഞ്ഞു. എന്നാൽ അഞ്ജന വീണ്ടും വാശിയോടെ അവളുടെ ദേഹത്ത് കൈ വയ്ക്കാൻ ശ്രമിക്കവേ കൈകൾ തമ്മിൽ തട്ടി അഞ്ജനയുടെ കൈ ഇഷാനിയുടെ കണ്ണിൽ തട്ടി. കണ്ണിൽ വിരൽ കൊണ്ട വേദനയിൽ ഇഷാനി കണ്ണ് പൊത്തി ബെഞ്ചിൽ ഇരുന്നു. ഒറ്റ നോട്ടത്തിൽ അവൾ കരയുക ആണെന്നെ തോന്നൂ. പക്ഷെ അവൾ കരഞ്ഞില്ല. കണ്ണ് പൊത്തി ചുറ്റും നിൽക്കുന്നവരുടെ ശകാരവർഷങ്ങൾ കേട്ട് അവൾ ബെഞ്ചിൽ ഇരുന്നു. കണ്ണിൽ വലിയ മുറിവ് ഒന്നും ഉണ്ടാകാൻ വഴിയില്ല എങ്കിലും ഒരാൾ പോലും അവളോട് കണ്ണിന് എങ്ങനെ ഉണ്ടെന്ന് ചോദിക്കുന്നത് ഞാൻ കണ്ടില്ല. ഈ ലോകം മുഴുവൻ അവൾക്ക് എതിരെ നിൽക്കുന്ന കാഴ്ച ആയിരുന്നു അത്. ഞാൻ അനുഭവിച്ച അപമാനം ഒന്നും ഒന്നുമല്ല എന്നെനിക്ക് തോന്നി തുടങ്ങി.. ഇത്രയും ആക്രമിക്കാൻ അവളാണ് എടുത്തത് എന്ന് ഒരു തെളിവും അവരുടെ കയ്യിൽ ഇല്ല. അത് ഇഷാനിയോടുള്ള അനീതി ആയെനിക്ക് തോന്നി.
ഒരാളെ കാര്യമില്ലാതെ ഒറ്റപ്പെടുത്തുന്നതും കൂട്ടം ചേർന്ന് ആക്രമിക്കുന്നതും പോലെ എന്നെ അസ്വസ്‌ഥമാക്കുന്ന മറ്റൊരു കാര്യമില്ല. അത്രയും കൊത്തിപ്പറിക്കുന്ന ആളുക്കൾക്ക് നടുവിൽ കണ്ണ് പൊത്തി നിസ്സഹായയായി അവളിരിക്കുന്നത് കണ്ടപ്പോൾ എന്റെ നെഞ്ചിൽ നിന്നും ചോര പൊടിഞ്ഞു
‘അഞ്ജന.. എന്താണ് വിഷയം. ഇവൾ പൈസ എടുക്കുന്നത് നീ കണ്ടോ ‘
എല്ലാവരോടും മറുപടി പറഞ്ഞു മടുത്തത് കൊണ്ടാകും അഞ്ജന എന്നോട് ഒന്നും പറഞ്ഞില്ല. അവളുടെ മൈൻഡ് ഇപ്പൊ ഇവിടല്ല.
‘ആരും കണ്ടില്ല. പക്ഷെ എടുക്കുവാണേൽ ഇവളെ എടുക്കൂ ‘
നീതു ഒരു ഗൂഢമായ ചിരിയോടെ പറഞ്ഞു.
ഇവർക്കിടയിൽ നിന്ന് സംസാരിച്ചാൽ അവരെല്ലാം ഇഷാനിയെ കുറ്റം ചാർത്താൻ മാത്രമേ ശ്രമിക്കൂ എന്ന് ഞാൻ മനസിലാക്കി. അവിടെ നിന്നും അഞ്ജനയുടെ കൈ പിടിച്ചു ഞാൻ അവളെ ക്ലാസിനു പുറത്തേക്ക് കൊണ്ട് പോയി
‘എന്താ സംഭവിച്ചത് എന്ന് നീ പറ കറക്റ്റ് ആയിട്ട് ‘
‘എന്ത് പറയാനാണ് എന്റെ പൈസ കാണാതെ പോയി. ലാബിൽ പോയപ്പോൾ ഇവിടെ വച്ചിട്ട് പോയതാണ് ഇപ്പൊ നോക്കുമ്പോൾ കാണുന്നില്ല ‘
അഞ്ജനയുടെ ദേഷ്യം ശമിച്ചിരുന്നില്ല
‘എത്ര രൂപ ഉണ്ടായിരുന്നു?
‘ഇരുപതിനായിരം ‘
‘അത്രയും പൈസ എന്തിനാണ് നീ കോളേജിൽ കൊണ്ട് വന്നത്?
എന്റെ പോലീസ് മോഡൽ ചോദ്യം ചെയ്യൽ അവൾക്ക് ഇഷ്ടപ്പെടുന്നുണ്ടായിരുന്നില്ല. അത് മനസിലാക്കി ഞാൻ ചോദ്യത്തിന്റെ ഭാവം കുറച്ചു കൂടി ഉറക്കെ ആക്കിയപ്പോ അവൾ മര്യാദക്ക് മറുപടി തന്നു
‘അമ്മക്ക് ഫോൺ വാങ്ങിക്കാൻ വേണ്ടിയാണ്. വൈകിട്ട് പോകുമ്പോ അവളുമാർ ആയി പോയി വാങ്ങാം എന്നാണ് കരുതിയത്. ഇനി ഫോണും പൈസയും ഇല്ലാതെ തിരിച്ചു ചെന്നാൽ എന്നെ അമ്മ കൊല്ലും ‘
അഞ്ജന ദേഷ്യം വിട്ടു കരച്ചിലിന്റെ വക്കിൽ എത്തിയിരുന്നു
‘നിന്റെ പൈസ പോയി. ഓക്കേ. പക്ഷെ അത് അവളാണ് എടുത്തത് എന്ന് നിനക്ക് എങ്ങനെ മനസിലായി ‘
‘എന്റെ ചേട്ടാ അവൾ ഒരു പഠിച്ച കള്ളിയാണ്. അവൾ ആണ് എടുക്കാൻ ചാൻസ് ഉള്ളു. അവൾ പണ്ട് നീതുവിന്റെ പൈസ എടുത്തു എല്ലാവരും പൊക്കിയതാണ്. അന്നേ അവളെ പറഞ്ഞു വിട്ടാൽ മതിയായിരുന്നു ‘
ആ കഥ ഞാൻ കേട്ടിരുന്നു പലരിൽ നിന്നും. നീതുവിന്റെ കാണാതെ പോയ പൈസ ഇഷാനിയുടെ ബാഗിൽ നിന്ന് കിട്ടിയതും ബാഗിൽ സെർച് ചെയ്യുന്നതിന് ഇടയിൽ കോണ്ടം കിട്ടിയതുമെല്ലാം. അന്ന് അവൾക്ക് കോളേജിൽ വീണ പേരാണ് കോണ്ടം. പക്ഷെ ആ കഥകളും അവളുമായി എനിക്ക് ഒരു തരത്തിലും പൊരുത്തപ്പെടാൻ സാധിച്ചിരുന്നില്ല. എന്നാൽ ഇന്ന് അതെ കഥയുടെ മറ്റൊരു ആവർത്തനം എനിക്ക് മുന്നിൽ വന്നിരിക്കുന്നു.
