റോക്കി – 1അടിപൊളി  

ഇഷാനിയെ തപ്പണം എന്ന് മനസ്സ് പറയുന്നുണ്ട് എങ്കിലും കരഞ്ഞു ഒരു പരുവം ആയിരിക്കുന്ന കൃഷ്ണയേ ഒറ്റക്കാക്കി പോകാൻ എനിക്ക് തോന്നിയില്ല. അവളെയും കൊണ്ട് കുറച്ചു നേരം അടുത്തുള്ള പാർക്കിൽ പോയിരുന്നു. അവളുടെ വിഷമം മാറ്റാൻ ഞാൻ ശ്രമിച്ചു. സ്ട്രൈക്ക് വിളിച്ചു അവധി ആയത് കൊണ്ട് ഒരുപാട് കപ്പിൾസ് പാർക്കിൽ ഉണ്ടായിരുന്നു. അവരുടെ ചുംബനങ്ങളുടെയും കുറുമ്പുകളുടെയും ഒക്കെ ഇടയിൽ നിന്നും മാറി ഓരോരത്ത് ഞാൻ കൃഷ്ണ ആയി പോയി ഇരുന്നു. കരച്ചിൽ നിന്നെങ്കിലും അവളുടെ മുഖം ആകെ വാടി ഇരുന്നു. ഞാൻ അടി കിട്ടിയ അവളുടെ കവിളിൽ പതിയെ തലോടി. പാടൊന്നും വീണിട്ടില്ല ഭാഗ്യത്തിന്. അവളെ കാണുമ്പോൾ വലിയ തന്റേടി ആയൊക്കെ തോന്നുമെങ്കിലും സത്യത്തിൽ അവളൊരു പാവമാണെന്നു അപ്പോൾ എനിക്ക് തോന്നി. കൃഷ്ണയുടെ ഒപ്പമിരുന്നു അവളുടെ മൂഡ് മാറ്റുന്ന സമയത്തൊക്കെ അവൾ കാണാതെ ഞാൻ ഇഷാനിയെ വിളിക്കുന്നുണ്ടായിരുന്നു. പക്ഷെ ഒരുപാട് തവണ വിളിച്ചിട്ടും അവൾ ഫോൺ എടുത്തില്ല. അതെന്റെ പേടി വല്ലാതെ കൂട്ടി. ഇതിനിടയിൽ അവൾക്ക് എന്തെങ്കിലും പറ്റി കാണുമോ..? അല്ലെങ്കിൽ പിന്നെ എന്തിന് അവൾ ഫോൺ എടുക്കാതെ ഇരിക്കണം. കൃഷ്ണയേ ഒരുവിധം സെറ്റാക്കി പറഞ്ഞു വിട്ടു കഴിഞ്ഞു ഞാൻ വീണ്ടും കുറച്ചു നേരം കൂടി കോളേജ്നടുത്തൊക്കെ ഒന്ന് കറങ്ങി. ഏതെങ്കിലും വഴിയിൽ വച്ചു അവളെ കാണാമെന്ന നേരിയ പ്രതീക്ഷ മാത്രം ഉള്ളായിരുന്നു എനിക്ക്. പക്ഷെ ആ പോക്ക് ഫലം കണ്ടില്ല. ഇഷാനി ഇവിടെ എങ്ങുമില്ല.. ഫോൺ വിളിച്ചിട്ട് എടുക്കുന്നുമില്ല. ഇതിനിടക്ക് ഒരു പത്തു മുപ്പതു തവണ അവളെ ഞാൻ വിളിച്ചിട്ടുണ്ട്.. ഒടുവിൽ എന്റെ ഊഹം അവൾ കടയിൽ പോയിട്ട് ഉണ്ടാകും എന്നായി. ഒരുപക്ഷെ അവിടെ തിരക്കായത് കൊണ്ടാകും അവൾ ഫോൺ അറ്റൻഡ് ചെയ്യാത്തത്. ആശ്വസിക്കാൻ മനസ്സ്തന്നെ സ്വയമൊരു കാരണം കണ്ട് പിടിച്ചു

 

കടയുടെ മുന്നിൽ നൂറ് നൂറ്റിപ്പത്തിൽ വന്നു വണ്ടി ചവിട്ടുമ്പോ അവൾ അവിടെ കാണണേ എന്ന പ്രാർത്ഥന ആയിരുന്നു എന്റെ മനസ്സ് നിറയെ. കടയിൽ കയറിയ എന്റെ അടുത്തേക്ക് അവിടുത്തെ ഒരു സ്റ്റാഫ് ആണ് വന്നത്. എന്താണ് വേണ്ടതെന്നു അവരെന്നോട് ചോദിച്ചു. ഇഷാനിയെ വേണമെന്ന് പറയണം എന്ന് തോന്നിയെങ്കിലും അത് ഞാൻ വിഴുങ്ങി

 

‘ഇഷാനി വന്നിരുന്നോ ഇവിടെ..?

അവരോട് ചോദിച്ച ശേഷം ഞാൻ കൌണ്ടറിൽ ഇരുന്ന ചേച്ചിയുടെ മുഖത്തേക്ക് നോക്കി. അവരെന്നെ ഇപ്പൊ തിരിച്ചറിഞ്ഞെന്ന് തോന്നുന്നു. അന്ന് കടയിൽ വന്നപ്പോൾ ഇഷാനിയുടെ സുഹൃത്തെന്ന നിലയിൽ അവരെന്നെ കണ്ടതാണ്. എന്നെ നോക്കി അങ്ങേ അറ്റത്തെ ഷെൽഫുകളുടെ നേരെ അവർ വിരൽ ചൂണ്ടി. അവിടെ ഒരു മൂലയിൽ ഏതോ പുസ്തകം നോക്കി ഇരിക്കുന്നുണ്ട് ഇഷാനി. ഞാൻ അവളുടെ അടുത്തേക്ക് മെല്ലെ നടന്നു.. കൂട്ടത്തിൽ അവളുടെ ഫോണിലേക്ക് കോളും ചെയ്തു. ഫോൺ സൈലന്റ് അല്ല റിങ് ചെയ്യുന്നുണ്ട്. റിങ് കേട്ടയുടൻ അവൾ ഫോൺ കയ്യിലെടുത്തു നോക്കി. കോൾ എൻഡ് ആകുന്നത് വരെയും അവൾ ഒന്നും ചെയ്തില്ല. കട്ട് ആയി കഴിഞ്ഞു അർജുൻ അമ്പത്തിയാർ മിസ്സ്‌ കോൾ എന്ന് നോട്ടിഫിക്കേഷൻ കാണിച്ചു ഫോണിൽ.. അമ്പത്തിയാർ മിസ്സ്‌ കോൾ…! ഇഷാനിയുടെ ജീവിതത്തിൽ ആരും ഇതിന്റെ പകുതി പോലും തവണ അവളെ ഇങ്ങനെ വിളിച്ചിട്ടില്ല. അവളെ പറ്റി ഇത്രയും ആകുലതയോടെ അവളുടെ ആരുമല്ലാത്ത ഒരാൾ ടെൻഷൻ അടിക്കുന്നത് ഇഷാനി കൗതുകത്തോടെ കണ്ടു. കോൾ എടുക്കണം എന്ന് അവൾക്ക് തോന്നിയതെ ഇല്ല. ഓരോ തവണ മിസ്സ്‌ കോൾ എണ്ണം കൂടുമ്പോളും താൻ ആർക്കൊക്കെയോ ഒരുപാട് വേണ്ടപ്പെട്ടവൾ ആണെന്ന് ഇഷാനിക്ക് തോന്നി തുടങ്ങി. ഒരല്പം ക്രൂരമാണെങ്കിലും അതിനപ്പുറം ഒന്നും അവൾ അപ്പോൾ ചിന്തിച്ചിരുന്നില്ല എന്നതാണ് സത്യം. എന്നാൽ അർജുൻ അവളുടെ ഈ പ്രവൃത്തി ഒരു അവഗണിക്കൽ ആയാണ് കണ്ടത്. ഫോണിൽ നോട്ടിഫിക്കേഷൻ നോക്കി തലയുയർത്തി നോക്കിയപ്പോളാണ് ഇഷാനി അർജുൻ തന്റെ അടുത്തേക്ക് നടന്നു വരുന്നത് കണ്ടത്. ഫോൺ എടുക്കാഞ്ഞ ജാള്യതയും പെട്ടന്ന് അർജുനെ കണ്ട പരിഭ്രമത്തിലും അവൾ ഒന്ന് അസ്വസ്‌ഥയായി

 

‘നീ എപ്പോ കോളേജിൽ നിന്ന് പോന്നു.. ഞാൻ നിന്നെ എവിടെയെല്ലാം നോക്കിയെന്ന് അറിയാമോ..?

അർജുൻ പരിഭവത്തോടെ ചോദിച്ചു

 

‘ഞാൻ ലൈബ്രറി ചെന്നപ്പോ അവർ അടയ്ക്കാൻ പോകുവാ എന്ന് പറഞ്ഞു. ഞാൻ അപ്പൊ തന്നെ അവിടുന്ന് ഇറങ്ങി. ഞാൻ കരുതി ചേട്ടൻ അതിന് മുന്നേ പോയി കാണുമെന്ന് ‘

 

‘നിന്നെ ഞാൻ എത്ര തവണ വിളിച്ചു.. ഒന്ന് നോക്കിയേ.. നീ എന്താ ഫോൺ എടുക്കാഞ്ഞത് ‘

അത്ര ദേഷ്യത്തോടെ അല്ലെങ്കിലും അർജുൻ ചോദിച്ചു. ഒരുപക്ഷെ ഫോൺ എടുക്കാഞ്ഞതിന് അവൾ എന്തെങ്കിലും ന്യായമായ കാരണം പറയും എന്ന് അർജുൻ കരുതി.

 

‘ഞാൻ ചുമ്മാ എടുത്തില്ല.. ‘

ഒരു കുട്ടിത്തതോടെ അവൾ പറഞ്ഞു. അർജുന് തിരിച്ചു എന്ത് പറയണം എന്ന് അറിയാത്ത അവസ്‌ഥ ആയി. ഇവൾ ഇനി തന്നെ കളിയാക്കുക ആണോ?

 

‘ചുമ്മാതോ..? ഒരാൾ പത്തമ്പത് തവണ ഒക്കെ വിളിക്കുമ്പോ എടുക്കാതെ ഇരിക്കുന്നതാണോ മാന്യത ‘

 

‘ഞാൻ ഒരു തമാശക്ക് എടുക്കാഞ്ഞത് ആ. ഞാൻ കുറച്ചു കഴിഞ്ഞു തിരിച്ചു വിളിച്ചേനെ..’

ഇഷാനി വിഷയം നിസാരമാക്കി തീർക്കാൻ ശ്രമിച്ചു

 

‘ഇതാണോ നിന്റെ തമാശ. എനിക്ക് ഏറ്റവും കലിയുള്ള കാര്യമാണ് വിളിച്ചാൽ ഫോൺ എടുക്കാത്തത്..’

 

‘സോറി..’

അർജുന്റെ മുഖം ഇരുളുന്നത് കണ്ട് ഇഷാനി ശബ്ദം താഴ്ത്തി മെല്ലെ പറഞ്ഞു

 

‘സോറി നിന്റെ… ഞാൻ ഒന്നും പറയുന്നില്ല..’

 

ഇഷാനി എന്ത് പറഞ്ഞു അർജുന്റെ ദേഷ്യം മാറ്റുമെന്നോർത്ത് കിളി പോയി നിന്നു. അവൾ ഒന്നും പറയാതെ ആയപ്പോൾ അർജുൻ തിരിച്ചു പോകാൻ തുടങ്ങി

 

‘അയ്യോ പിണങ്ങി പോവാണോ.. ഞാൻ സോറി പറഞ്ഞില്ലേ..’

ഇഷാനി അർജുന്റെ കൈക്ക് കയറി പിടിച്ചു..

 

‘നീ ഫോൺ എടുക്കാഞ്ഞത് നിനക്ക് താല്പര്യം ഇല്ലാഞ്ഞിട്ട് ആയിരിക്കുമല്ലോ.. ഞാൻ ഇനി ശല്യം ആകുന്നില്ല.’

 

ഇഷാനി പിന്നെയും കുറെ സോറി പറഞ്ഞെങ്കിലും അർജുൻ അതൊന്നും കേൾക്കാൻ നിന്നില്ല. ദേഷ്യത്തോടെ അർജുൻ കടയിൽ നിന്നും ഇറങ്ങി പോയത് ഇഷാനി നോക്കി നിന്നു

തിരിച്ചു വീട്ടിൽ വന്നപ്പോൾ ആണ് ഫോണിൽ കൃഷ്ണയുടെ കോൾ വരുന്നത്. അവളുടെ ശബ്ദം കേട്ടിട്ട് സങ്കടമൊക്കെ പോയത് പോലെ ഉണ്ടായിരുന്നു. ഫോൺ വിളി ഒരുപാട് നീണ്ടു പോയിരുന്നു. ആദ്യമായി ആയിരുന്നു ഫോണിൽ അത്രയും നേരം സംസാരിക്കുന്നത്. അവൾ രാവിലെ നടന്ന സംഭവം ആരോടും പറഞ്ഞിട്ടില്ലായിരുന്ന്.. എന്നോടും അതാരോടും പറയണ്ട എന്നും പറഞ്ഞു വച്ചു. ഇഷാനിയോട് ചെറിയ ദേഷ്യം ഉള്ളിൽ കിടക്കുന്ന കൊണ്ട് അവൾ അപ്പൊ വിളിച്ചത് എനിക്കും ഒരു ആശ്വാസം പോലെ തോന്നി. അതിനിടക്ക് ഇഷാനി രണ്ട് മൂന്ന് തവണ വിളിച്ചിരുന്നു. കൃഷ്ണ ആയി കോളിൽ ആയത് കൊണ്ടാണോ അവളോടുള്ള ദേഷ്യം കൊണ്ടാണോ.. എന്തോ കോൾ എടുക്കാൻ തോന്നിയില്ല. കൃഷ്ണ വിളിച്ചു കട്ട് ആക്കിയതിന് ശേഷം വാട്സ്ആപ്പ് ഓപ്പൺ ആക്കിയപ്പോ ഇഷാനിയുടെ മെസ്സേജ് കണ്ടു. കുറച്ചു സോറിയും പിന്നെ എന്തെക്കെയോ.. വായിച്ചത് അല്ലാതെ ഞാൻ റിപ്ലൈ കൊടുക്കാൻ പോയില്ല

Leave a Reply

Your email address will not be published. Required fields are marked *