‘നാണമുണ്ടോ നിങ്ങൾക്ക് കൊച്ചു പിള്ളേരുടെ അടുത്ത് തോക്ക് ചൂണ്ടി പേടിപ്പിക്കാൻ ‘
‘ഞാൻ അങ്ങനെ പേടിപ്പിച്ചത് കൊണ്ട് ഇനി നീ അങ്ങോട്ട് പോയി ഉന്തിയാലും ഒരുത്തനും നിന്റെ ദേഹത്ത് തൊടില്ല ‘
‘എന്റെ കാര്യം നോക്കാൻ എനിക്കറിയാം. അതിന് പുറത്തൂന്ന് ഗുണ്ടകളുടെ ആവശ്യം ഒന്നുമില്ല ‘
ആ പറഞ്ഞത് മഹാന് ശരിക്കും നൊന്തു എന്ന് എനിക്ക് മനസിലായി. വേണമെന്ന് വച്ചു പറഞ്ഞതല്ല പക്ഷെ വായിൽ നിന്ന് വീണു പോയി. ദേഷ്യത്തിന്റെ സ്വരം മാറ്റി ഞാനൊരു അപേക്ഷയുടെ വക്കിലെത്തിയിരുന്നു
‘നിങ്ങൾ എന്നോട് വാക്ക് പറഞ്ഞതല്ലേ ഇനി ഇങ്ങനെ ഒന്നും ഉണ്ടാകില്ല എന്ന്. എന്നിട്ട് ഇപ്പൊ വീണ്ടും പഴയ പോലെ കൊടുവാളും തോക്കുമൊക്കെ ആയി ഇറങ്ങിയിരിക്കുവാ ‘
‘ഞാൻ നിന്നോട് എല്ലാം നിർത്തി എന്ന് പറഞ്ഞത് സത്യമാണ്. ഞാൻ മാത്രമല്ല നിന്റെ അച്ഛനും. പക്ഷെ ഇപ്പൊ എന്നെ ഇങ്ങോട്ട് പറഞ്ഞു വിട്ടത് ആ മനുഷ്യൻ ആണ്. നിന്റെ അച്ഛൻ. നിനക്ക് എന്തെങ്കിലും സംഭവിക്കുമ്പോ നോക്കി നിൽക്കാൻ ഞങ്ങൾക്ക് പറ്റില്ല. ‘
‘അതിന് ഇവിടെ ഇപ്പൊ എന്താണ് സംഭവിച്ചത്. ചെറിയൊരു കശപിശ. അതിനാണോ ഇത്രയും പേടിക്കുന്നത്?
‘നിനക്ക് അത് പറയാം. ഇനിയൊരു ദുരന്തം നമ്മുടെ കുടുംബത്തിൽ ഉണ്ടാകില്ല എന്ന് ഞാൻ രഘുവേട്ടന് വാക്ക് കൊടുത്തതാണ്..’
അത് പറയുമ്പോ മഹാന്റെ കണ്ണ് നിറഞ്ഞിരുന്നു.
‘നിങ്ങൾ അതിനിങ്ങനെ ഇമോഷണൽ ആകാതെ. സ്വയം ഇങ്ങനെ കുറ്റപ്പെടുത്തേണ്ട കാര്യം ഒന്നുമില്ലെന്ന് എത്ര തവണ പറഞ്ഞിട്ടുണ്ട് ഞാൻ. വരാൻ പോകുന്നത് എന്തായാലും അതിനെ തടുക്കാൻ നമ്മളെ കൊണ്ടൊന്നും സാധിക്കില്ല. അതാരുടെയും പ്രശ്നവുമല്ല ‘
‘ഞാൻ എന്ത് കൊണ്ടാണ് ഇങ്ങനെ നീറുന്നത് എന്ന് ഇപ്പോ നിനക്ക് മനസിലാവില്ല..’
മഹാന്റെ സങ്കടങ്ങളും സ്വയമേ ഉള്ള കുറ്റപ്പെടുത്തലുകളും വീണ്ടും നീണ്ടു. വീട്ടിൽ വന്നു നിന്നൂടെ എന്ന് എന്നോട് പലവട്ടം ചോദിച്ചു
‘അച്ഛനെ ഒന്ന് വന്നു കണ്ടൂടെ ഇടക്കൊക്കെ. ആൾക്ക് പഴയ പോലെ അല്ല. വയ്യ ഒട്ടും. ആ പൊക്കവും തടിയും ഒക്കെ ഉണ്ടെന്നേ ഉള്ളു. ‘
‘ഞാൻ വരാം മഹാ. അല്ലെങ്കിലും ഒരുപാട് ദൂരത്തു ഒന്നുമല്ലല്ലോ ഞാൻ. ‘
ഒരുവിധം അശ്വസിപ്പിച്ചു ഞാൻ മഹാനെ തിരികെ വിട്ടു. അപ്പോളേക്കും എന്റെ ബൈക്കുമായി രാഹുൽ അവിടേക്ക് വന്നിരുന്നു. അവിടെ നടന്ന പകുതി സംഭവവും അവന് മനസിലായിരുന്നില്ല. അത്രയും നാൾ നോക്കാത്ത ഒരു രീതിയിൽ അവൻ എന്നെ നോക്കുന്നത് ഞാൻ അറിഞ്ഞു.
‘അപ്പൊ നീ പറഞ്ഞ വലിയ വീടും ഫാക്ടറകളും ബാറും ആളുകളും ഒക്കെ സത്യം ആയിരുന്നു അല്ലെ’
എന്നെ ആദ്യമായി കാണുന്ന പോലെ നോക്കികൊണ്ട് രാഹുൽ ചോദിച്ചു
‘പിന്നെ ഞാൻ അതെല്ലാം നിന്നോട് മാത്രമായ് പറഞ്ഞത് പുളു ആണെന്നാണോ നീ കരുതിയത് നായെ ‘
‘നീ നുണ പറഞ്ഞതാണ് എന്ന് കരുതിയില്ല. പക്ഷെ നീ പറഞ്ഞത് ഒന്നും എന്റെ മനസ്സിൽ കേറിയില്ലായിരുന്നു. ഇപ്പോളാ ഞാൻ ശരിക്കും അത് മനസ്സിലാക്കുന്നത് ‘
കിളി പോയത് പോലെ രാഹുൽ എന്നെ നോക്കി നിന്നു. അവന്റെ തലക്ക് ഒരു കൊട്ട് കൊടുത്തിട്ട് പോയ കിളിയെ ഒക്കെ ഞാൻ തിരിച്ചു വരുത്തി. എന്നിട്ട് സസ്പെൻഷൻ കിട്ടിയ ഒരാഴ്ച എങ്ങനെ ചിലവഴിക്കും എന്ന് പ്ലാൻ ചെയ്തു. ഒരു ട്രിപ്പ് പോകുന്നത് ആയിരിക്കും നല്ലത് എന്ന് എനിക്ക് തോന്നി.. അവസാനം ഗോവ പോകാമെന്നു അവന് എന്നെ കൊണ്ട് സമ്മതിപ്പിച്ചു. ഞാൻ മുമ്പ് ഒരുപാട് തവണ അവിടെ പോയിട്ട് ഉണ്ടെങ്കിലും അവൻ ഇത് വരെ ഗോവ കണ്ടിട്ടില്ല. അവന്റെ വലിയൊരു ആഗ്രഹം ആയിരുന്നു ഗോവൻ ട്രിപ്പ്. ആഷിക്കിന് കൂടി സസ്‌പെൻഷൻ കിട്ടുവായിരുന്നേൽ അവനെയും കൂട്ടമായിരുന്നു എന്ന് ഞങ്ങൾ പറഞ്ഞു ചിരിച്ചു.
അങ്ങനെ ഇടി നടന്നതിന്റെ പിറ്റേന്ന് തന്നെ ഞങ്ങൾ ഗോവക്ക് വിട്ടു. ഗോവ ഒരു തുടക്കം മാത്രം ആയിരുന്നു. വന്നു കേറി രണ്ടാഴ്ചക്ക് ഉള്ളിൽ കിട്ടിയ സസ്‌പെൻഷൻ ഞങ്ങൾ വളരെ വിപുലമായി ആഘോഷിച്ചു. അവന്റെ മുഴുവൻ ചെലവും ഞാനായിരുന്നു വഹിച്ചത്. സത്യത്തിൽ അവനെക്കൊണ്ട് ഒരു പൈസ ഞാൻ ഇറക്കിച്ചില്ല എന്നതാണ് സത്യം. എല്ലാം ഉണ്ടാക്കിയത് ഞാൻ ആണെങ്കിൽ ചിലവും എന്റെ. അവൻ ആകെ കാശ് പൊട്ടിച്ചത് അവന്റെ ചേച്ചിയുടെ കുഞ്ഞിന് കുറെ കളിപ്പാട്ടവും സമ്മാനങ്ങളും ഒക്കെ വാങ്ങിക്കാൻ ആണ്. അതും ഞാൻ കൊടുത്തോളാം എന്ന് പറഞ്ഞത് അവൻ സമ്മതിച്ചില്ല. പിന്നെ എന്റെ സന്തോഷത്തിന് ഞാനും ദേവു വാവക്ക് കുറെ സമ്മാനങ്ങൾ വാങ്ങി. സസ്‌പെൻഷൻ തീരുന്ന അവസാന ദിവസം തന്നെ എല്ലാ ചുറ്റലും കഴിഞ്ഞു ഞങ്ങൾ തിരിച്ചു വന്നു.
