റോക്കി – 1 3അടിപൊളി  

‘ഇത്രയും ദിവസത്തെ നോട്ട് എഴുതിയോ?

‘പിന്നെ എഴുതണ്ടേ. ഞാൻ മറന്നു പോയത് കൊണ്ട് നിനക്ക് ബുദ്ധിമുട്ട് ഉണ്ടാകരുതല്ലോ ‘ ഞാൻ വളരെ വിനയത്തോടെ പറഞ്ഞു

‘അയ്യോ അതൊന്നും വേണ്ടായിരുന്നു. ഞാൻ എഴുതിയേനെ ‘ ഇഷാനി പറഞ്ഞു

‘എന്റെ കയ്യക്ഷരം നിന്റെ പോലെ അത്ര കിടുവൊന്നും അല്ല. അഡ്ജസ്റ്റ് ചെയ്യണം അത് വച്ചു ‘

കയ്യിലിരുന്ന ബുക്കിലെ ഞാനെഴുതിയ പേജിലേക്ക് അവൾ സൂക്ഷ്മതയോടെ നോക്കി ‘മോശം ഒന്നുമല്ലല്ലോ. നല്ല ഹാൻഡ് റൈറ്റിംഗ് ആണ് ‘ അങ്ങനെ പറഞ്ഞ് എന്നെ ഒന്ന് നോക്കിയിട്ട് അവൾ പോയി. ആ മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായിരുന്നോ ആവൊ. മാസ്ക് ഇല്ലായിരുന്നു എങ്കിൽ അറിയാൻ സാധിച്ചേനെ. അതിന് ശേഷം പലപ്പോഴും അവളുടെ ബുക്ക്‌ ഞാൻ വാങ്ങിയെങ്കിലും ഞാൻ ഉദ്ദേശിക്കുന്ന രീതിയിൽ അവളായി ഒരു സൗഹൃദം ഉണ്ടാക്കിയെടുക്കാൻ എനിക്ക് സാധിച്ചില്ല. എപ്പോളും എല്ലാരുടെ അടുത്തും ഒരു അകലം ഇട്ടാണ് അവൾ നിന്നിരുന്നത്. അവളുടെ നമ്പർ കിട്ടിയ അന്ന് തന്നെ ഞാൻ അവളുടെ വാട്സ്ആപ്പ് ഒക്കെ നോക്കിയിരുന്നു. ഡിപിയുടെ സ്‌ഥാനത്തു ഒന്നും എനിക്ക് കാണാൻ കഴിഞ്ഞിരുന്നില്ല. ഒരുപക്ഷെ അവളെന്റെ പേര് സേവ് ചെയ്തിട്ടുണ്ടാകില്ല. അവളുടെ പ്രൊഫൈലിൽ കയറി എബൌട്ട്‌ എടുത്തു നോക്കിയപ്പോൾ അവിടെ “സോളിറ്റ്യൂഡ് ഈസ്‌ ദി സോൾസ് ഹോളിഡേ ” — (ആത്മാവിന്റെ അവധിദിനമാണ് ഏകാന്തത) എന്ന് ഇംഗ്ലീഷിൽ എഴുതിയത് കാണാൻ സാധിച്ചു. ആ വരികൾ ഞാൻ മുമ്പേവിടെയോ കണ്ടിട്ടുണ്ട്. എവിടെ ആണെന്ന് മാത്രം ഓർമ കിട്ടിയില്ല. മുമ്പ് പലതവണ ഇൻസ്റ്റയിലും ഫേസ്ബുക്കിലും ഒക്കെ ഞാൻ അവളെ തിരഞ്ഞിരുന്നു. ഒരുപാട് ഇഷാനിമാർക്ക് നടുവിൽ ഞാൻ തിരഞ്ഞ ഇഷാനിയേ മാത്രം എനിക്ക് കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. നമ്പർ കിട്ടി കഴിഞ്ഞു അത് വച്ചൊന്ന് തപ്പി നോക്കാമെന്നു കരുതി ഇൻസ്റ്റയിൽ നോക്കീട്ടും ഒരു രക്ഷയുമില്ല. ഫേസ്ബുക്കിലും നോക്കിയിട്ട് പ്രത്യേകിച്ച് ഫലം ഒന്നും ഉണ്ടായില്ല. അപ്പോളാണ് നമ്പർ വച്ചു ഫോർഗെറ്റ്‌ പാസ്സ്‌വേർഡ്‌ അടിച്ചാൽ ഒരുപക്ഷെ ഐഡി കാണിക്കാൻ സാധ്യത ഉണ്ടെന്നത് ഞാൻ ഓർത്തത്. ആ ശ്രമം വിജയം കണ്ടു. എന്നാൽ ഇഷാനി എന്ന പേരല്ല എനിക്കവിടെ കാണാൻ സാധിച്ചത്

“കാ പി ” എന്നായിരുന്നു ആ ഫേസ്ബുക് ഐഡിയുടെ പേര്. പ്രൊഫൈൽ പിക് ഏതോ ചിലങ്ക കെട്ടിയ പെണ്ണിന്റെ കാലാണ്. അത് ഇഷാനിയുടെ ആണെന്ന് എനിക്ക് തോന്നിയില്ല. പണ്ട് പെൺകുട്ടികൾ ഐഡിയിൽ പൂമ്പാറ്റ ഒക്കെ പോലെ ഇട്ടിരുന്ന ഒരുപാട് പ്രൊഫൈൽ പിക്കുകളിൽ ഒന്നായാണ് എനിക്ക് ഈ ചിത്രത്തെയും തോന്നിയത്. പ്രൊഫൈൽ ഓപ്പൺ ആക്കി നോക്കിയപ്പോൾ എനിക്ക് അധികം വിവരങ്ങൾ ഒന്നും കാണാൻ സാധിച്ചില്ല. ഇത് ഇഷാനി തന്നെ ആണോന്ന് ഉറപ്പിക്കാൻ വഴിയില്ല. അക്കൗണ്ട് ഒരുപാട് നാളായി ഉപയോഗിക്കാത്തത് പോലെ തോന്നി. അവസാനം ഒരു പോസ്റ്റ്‌ ഇട്ടത് തന്നെ വർഷങ്ങൾ മുമ്പാണ്. ഞാൻ പക്ഷെ ശ്രമം ഉപേക്ഷിച്ചില്ല. ആ പോസ്റ്റിൽ ലൈക് ഇട്ടവരെയും കമന്റ്‌ ചെയ്തവരെയും ഒക്കെ ഞാൻ നിരീക്ഷിച്ചു. അധികം ലൈക് ഇല്ലാത്തത് കൊണ്ട് അത് വലിയ മിനക്കേട് ആയി തോന്നിയില്ല. അങ്ങനെ പലരുടെയും അക്കൗണ്ട് കയറി നോക്കിയപ്പോൾ മിക്കവരും പാലക്കാട്‌ ആണ്. അപ്പൊ ഇത് അവളുടെ അക്കൗണ്ട് തന്നെ ആകാൻ ആണ് സാധ്യത. വീണ്ടും പഴയ പോസ്റ്റുകൾ തപ്പി പോയി ചെന്നത് പാർവതി എന്നൊരാളുടെ അക്കൗണ്ട് ലാണ്. ആളൊരു പാട്ടുകാരി ആണ്. അത്യാവശ്യം പാടുന്ന വീഡിയോ ഒക്കെ ഇട്ടിട്ടുണ്ട്. അങ്ങനെ പലതും കണ്ട വഴിക്കാണ് അവൾ പാടുന്ന വീഡിയോയിൽ മറ്റൊരാൾ വയലിൻ വായിക്കുന്നത് കണ്ടത്. വീഡിയോ വയലിൻ മാത്രം സൂം ചെയ്താണ് ഇരിക്കുന്നത്. ശബ്ദം പാർവതിയുടേത് തന്നെ എന്ന് തോന്നി. പക്ഷെ വയലിൻ വായിക്കുന്ന ആ കൈകൾ… ആ നിറം, ആ നീളം, കൈകളിൽ കിടക്കുന്ന രുദ്രാക്ഷത്തിന്റെ ബ്രേസ്-ലേറ്റ്.. എനിക്ക് ഒരുപാട് സംശയിക്കേണ്ടി വന്നില്ല അത് ഇഷാനി തന്നെ. ഞാൻ തിരിച്ചു അവളുടെ അക്കൗണ്ട്ൽ നോക്കിയപ്പോൾ ചിത്രങ്ങളുടെ കൂട്ടത്തിൽ ആ വയലിനും ഉണ്ട്. ഹോ അപ്പൊ അവളൊരു കലാകാരി ആണ്. അതോർത്തപ്പോ എനിക്ക് തന്നെ ഒരു അഭിമാനം തോന്നി. എന്തിനെന്നു മാത്രം ചോദിക്കരുത്. പിറ്റേന്ന് ലഞ്ച് ബ്രേക്ക് നാണ് എനിക്കവളെ ഒറ്റക്ക് കിട്ടിയത്. ഫുഡ്‌ കഴിച്ചു കഴിഞ്ഞു ചിലപ്പോൾ അവൾ ഞങ്ങളുടെ ഡിപ്പാർട്മെന്റ്ന്റെ ഏറ്റവും മുകളിൽ പോയി ഇരിക്കാറുണ്ട്. ആ നിലയിൽ ക്ലാസുകൾ ഇല്ലാത്തതിനാൽ നല്ല നിശബ്ദത ഉണ്ടാകും. മാത്രം അല്ല കുറച്ചു ഓപ്പൺ ആയി കിടക്കുന്നത് കൊണ്ട് നല്ല കാറ്റും കാണും. എന്നെ പോലെ ഉള്ളവർക്ക് ഉറങ്ങാനും ഇഷാനിയെ പോലെ ഉള്ളവർക്കു ബുക്ക്‌ വായിക്കാനും പറ്റിയ സ്‌ഥലം. രാഹുലിന്റെയും ആഷിക്കിന്റെയും കണ്ണ് വെട്ടിച്ചു ഞാൻ അവൾ ഇരിക്കുന്ന ആ നിലയിലേക്ക് ചെന്നു. ഞാൻ വരുന്ന കാല്പെരുമാറ്റം കേട്ട് അവൾ ഇരിക്കുന്നിടത്ത് നിന്ന് പെട്ടന്ന് തിരിഞ്ഞു നോക്കി. സാധാരണ ഇവിടെ അങ്ങനെ ആരും വരാറില്ല. ഞാൻ വന്നപ്പോ എന്റെ പ്രൈവസി നഷ്ടമാകാതെ ഇരിക്കാനാണോ അതോ അവൾക്ക് എന്റെ അടുത്ത് നിന്നും പോകാൻ വേണ്ടി ആണോ അവൾ എഴുന്നേറ്റു. അവിടെ ഇരുന്നോളാൻ ഞാൻ ആംഗ്യം കാണിച്ചപ്പോൾ ഒരു മടിയോടെ അവൾ അവിടെ തന്നെ ഇരുന്നു. എന്റെ ക്ലാസിൽ ഞാൻ മാത്രമേ അവളോട് അങ്ങോട്ട് കയറി മിണ്ടുന്നതു ഞാൻ കണ്ടിട്ടുള്ളു. അത് കൊണ്ട് തന്നെ ഒരുപക്ഷെ അവൾക്ക് ഞാനൊരു ശല്യം ആയിരിക്കും. എന്തായാലും അവളെ ശല്യപ്പെടുത്തിക്കൊണ്ട് ഇരിക്കുക എന്നതായിരുന്നു എന്റെ തീരുമാനം

Leave a Reply

Your email address will not be published. Required fields are marked *