റോക്കി – 1അടിപൊളി  

 

അവിടെ പോയി കുറെ നേരം കണ്ണടച്ചു കിടന്നിട്ടും മനസ്സിൽ നിന്ന് അവൾ ഏൽപ്പിച്ച മുറിവ് ഉണങ്ങുന്നില്ല. അതിനിടയിൽ ആഷിക്കിന്റെ കാൾ വന്നെങ്കിലും ഞാൻ എടുക്കാൻ പോയില്ല. കുറച്ചു നേരം ഒറ്റക്ക് ഇരിക്കാം. കുറെ നേരത്തെ എന്റെ ഏകാന്തത തല്ലിക്കൊഴിച്ചു കൊണ്ട് ഏതോ ടീം അങ്ങോട്ട്‌ വന്നു. എന്നെ കണ്ട ഉടനെ അതിൽ ഒരുത്തൻ റോക്കി ഭായ് എന്ന് വിളിച്ചു ഒന്ന് അഭിവാദ്യവും ചെയ്തു. അവനേത് ഡിപ്പാർട്മെന്റ് ആണെന്നോ പേര് എന്താണെന്നോ ഒന്നും എനിക്ക് ഓർമ ഇല്ലായിരുന്നു. ആൾ ഇവിടുത്തെ കഞ്ചാവിന്റെ ഒക്കെ ചെറിയ ഒരു ഡീലർ ആണെന്ന് മാത്രം അറിയാം. എന്തായാലും ഒരു തണുപ്പൻ രീതിയിൽ ഞാൻ കൈ ഉയർത്തി തിരിച്ചു അഭിവാദ്യം ചെയ്തു

കുറച്ചു നേരം കഴിഞ്ഞാണ് ഒന്ന് പുകച്ചാലോ എന്ന ചിന്ത തോന്നി തുടങ്ങിയത്. ഒരെണ്ണം ആഞ്ഞു വലിച്ചാൽ ചിലപ്പോ ഒരു ആശ്വാസം കിട്ടിയേക്കും. വലി ഞാൻ നിർത്തിയിട്ട് കുറച്ചു ആയെങ്കിലും ഇപ്പോ വലിക്കാൻ ഒരു ഉൾവിളി തോന്നി. ഞാൻ പതുക്കെ അവനെ വിളിച്ചു സാധനം ഉണ്ടോന്ന് ആംഗ്യം കാണിച്ചു ചോദിച്ചു

 

‘നോ രക്ഷ. കയ്യിൽ ഇപ്പൊ മരുന്നിനു പോലുമില്ല ‘

എന്നെ വിശ്വാസം ഇല്ലാത്തത് കൊണ്ടാകും അവൻ അങ്ങനെ പറഞ്ഞത് എന്ന് എനിക്ക് തോന്നി. വീണ്ടും അപമാനം.

 

‘ഡേയ്.. വേണ്ടിയിട്ട് ആണ്. ഊമ്പിക്കില്ല ‘

 

‘ഭായ് ഉണ്ടെങ്കിൽ നിങ്ങൾക്ക് തരാതെ ഇരിക്കുമോ. സത്യത്തിൽ ഉണ്ടായിരുന്നു കയ്യിൽ. ഇപ്പൊ ഔട്ട്‌ ഓഫ് സ്റ്റോക്ക് ആയതാണ്.’

പിന്നെ എന്തോ ആലോചിച്ചിട്ട് എന്ന പോലെ അവൻ കയറി പറഞ്ഞു

‘നിങ്ങടെ ക്ലാസ്സിലെ ശരത്തിനോട് ഒന്ന് ചോദിച്ചു നോക്ക്. കുറച്ചു മുന്നേ അവനാണ് വന്നു എന്റെ കയ്യിലെ മൊത്തം വാങ്ങിക്കൊണ്ട് പോയത്.’

 

ഹാൻസ് വാങ്ങിക്കാനും വണ്ടിക്കൂലിക്കും ഒക്കെ എന്നോട് എപ്പോളും ഇരക്കുന്ന കഞ്ചൻ ശരത് ഞാൻ ചോദിച്ചാൽ തരാതെ ഇരിക്കില്ല. പിന്നെ അവനെ വിളിക്കാനുള്ള മടി കൊണ്ട് അതിനും മിനക്കെട്ടില്ല. അവിടെ അങ്ങനെ അപമാനവും പേറി കിടന്നു ചെറുതായി ഒന്ന് മയങ്ങി. ലഞ്ച് ബ്രെക്കിനുള്ള ബെല്ല് കേട്ടപ്പോളാണ് എണീറ്റത്. ഇവിടെ വെറുതെ കിടക്കുന്നത് എന്തിനാണ് വീട്ടിൽ പോയേക്കാം എന്ന് കരുതി. ബുക്ക്‌ ലാബിൽ വച്ചിട്ടാണ് വന്നത്, അത് ചിലപ്പോൾ ആഷിക്ക് എടുത്തു ക്ലാസ്സിൽ കൊണ്ട് പോയി കാണും. ബാഗ് ആണേൽ ക്ലാസിലും ആണ്. അങ്ങോട്ട്‌ പോകാനുള്ള മടി കൊണ്ട് ആഷിക്കിനെ ഒന്ന് വിളിച്ചു നോക്കി. റിങ് ഉണ്ടെങ്കിലും കാൾ എടുക്കുന്നില്ല. ഫോൺ സൈലന്റ് ആയിരിക്കും. എന്തായാലും ക്ലാസ്സിലേക്ക് പോകാമെന്നു തന്നെ വച്ചു.

ക്ലാസ്സിൽ കയറി ചെന്നപ്പോൾ ആണ് അവിടെ എന്തോ വലിയ വിഷയം നടക്കുന്നത് പോലെ തോന്നിയത്. എല്ലാവരും ഇഷാനി ഇരിക്കുന്ന ബാക്ക് ബെഞ്ചിന് വട്ടം നിൽക്കുന്നു. അവളെ എല്ലാവരും ഒരു കുറ്റവാളിയെ പോലെ ചൂഴ്ന്ന് നോക്കുന്നത് എനിക്ക് കാണാൻ പറ്റി. കാര്യം എന്താണെന്ന് ആരോടെങ്കിലും തിരക്കുന്നതിന് മുന്നേ തന്നെ കൃഷ്ണ എന്നോട് എന്താണ് നടന്നത് എന്ന് പറഞ്ഞു

‘തന്റെ ഫ്രണ്ട് അഞ്ജനയുടെ ബാഗിൽ നിന്ന് ക്യാഷ് അടിച്ചു മാറ്റിയെന്ന്. അവളെ മൊത്തത്തിൽ ചെക്ക് ചെയ്തോണ്ട് ഇരിക്കുവാ ‘

 

ഞാൻ ഇഷാനി ആയി കമ്പനി ആകാൻ ശ്രമിക്കുന്നത് കൃഷ്ണ അടക്കം ക്ലാസ്സിലെ പലർക്കും ഇഷ്ടം അല്ലായിരുന്നു. അത് കൊണ്ടാണ് ഒരു കൊട്ട് എന്ന് നിലക്ക് കൃഷ്ണ ഇങ്ങനെ പറഞ്ഞത്. എന്തായാലും ഇഷാനിയുടെ ഫ്രണ്ട്ഷിപ് ഒന്നും ഇനി എനിക്ക് വേണ്ട എന്ന് ഇവർക്ക് അറിയില്ലല്ലോ. അവൾ കട്ടാൽ എന്ത് കൊന്നാൽ എന്ത്. എനിക്കൊരു തേങ്ങയും ഇല്ല.

 

‘മര്യാദക്ക് എടുത്ത പൈസ തിരിച്ചു തന്നോ.. ഇല്ലെങ്കിൽ എന്റെ സ്വഭാവം നീ അറിയും ‘

അഞ്ജന ദേഷ്യത്തിൽ ഇഷാനിയുടെ പേഴ്സ് വലിച്ചെറിഞ്ഞു. ബാഗും പേഴ്സും ഒക്കെ പരിശോധിച്ചു എങ്കിലും അവർക്ക് ഒന്നും തന്നെ ഇഷാനിയിൽ നിന്നും കണ്ടു പിടിക്കാൻ കഴിഞ്ഞില്ല. തെറിച്ചു വീണ ബാഗിൽ നിന്ന് കുറച്ചു നൂറിന്റെയും പത്തിന്റെയും നോട്ടുകൾ നിലത്തു ചിതറി വീണു. അതിനൊപ്പം തന്നെ കുറെ കാർഡുകളും പേപ്പർകളും പേഴ്സിൽ നിന്നും പുറത്തു വീണു. ആ കൂട്ടത്തിൽ ഒരു പാസ്പോർട്ട്‌ സൈസ് ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോയും ഉണ്ടായിരുന്നു. താടി വച്ച സുമുഖൻ ആയ ഒരാളുടെ ചിത്രം. ഇഷാനി നിലത്തു നിന്നും അത് തന്റെ കയ്യിലെടുത്തു അവളുടെ നെഞ്ചോട് അടുക്കി പിടിച്ചു. അവളുടെ അച്ഛന്റെ ഫോട്ടോ ആയിരിക്കണം അത്. അത്രയും പേര് ഒരു മര്യാദയും ഇല്ലാതെ പെരുമാറിയിട്ടും അവൾ കരയാനോ അപേക്ഷിക്കാനോ ഒന്നും മുതിർന്നിരുന്നില്ല. എന്നാൽ ആളുകൾക്ക് ഇടയിൽ എന്നെ കണ്ടതും അവൾ അസ്വസ്‌ഥ ആയത് പോലെ എനിക്ക് തോന്നി. അവളുടെ മുഖം അപമാനത്താൽ കുനിയുന്നത് ഞാൻ കണ്ടു. കുറച്ചു മണിക്കൂറുകൾ മുമ്പ് ഞാൻ അനുഭവിച്ച അതേ അപമാനം.. അവളും അറിയട്ടെ അതിന്റെ സുഖം. ഞാൻ ആ വിഷയത്തിൽ ഇടപെടാൻ പോയില്ല. എന്റെ സീറ്റിൽ ഇരുന്ന ബാഗ് എടുത്തു പുറത്തേക്ക് പോകാനായി നടന്നു.

 

‘എടി നീ എടുത്തിട്ടുണ്ടേൽ കൊടുക്ക്. വെറുതെ ടീച്ചേർസ് ഒക്കെ അറിഞ്ഞാൽ പ്രശ്നം ആകും ‘

ഫാത്തിമ കുറച്ചു മയത്തിൽ ആയിരുന്നു ഇഷാനിയോട് സംസാരിച്ചത്

 

‘ഞാൻ എടുത്തിട്ടില്ല. ഇല്ലാത്ത കാര്യം ഞാൻ എങ്ങനെ ചെയ്‌തെന്ന് പറയും ‘

ഇഷാനിയുടെ സ്വരത്തിൽ ഇപ്പോൾ ദയനീയത നിഴലിച്ചു

 

‘നീയേ എടുക്കൂ. ഇവിടെ വേറാരും എടുക്കില്ല ‘

ദേഷ്യവും സങ്കടവും അടക്കാൻ കഴിയാതെ അഞ്ജന ഇഷാനിയുടെ ഹൂഡിയുടെ പോക്കറ്റിൽ ഒക്കെ വീണ്ടും വീണ്ടും പരതി. അഞ്ജനയുടെ പരാക്രമം ഓവർ ആയപ്പോൾ ഇഷാനി അവളുടെ കൈ തടഞ്ഞു. എന്നാൽ അഞ്ജന വീണ്ടും വാശിയോടെ അവളുടെ ദേഹത്ത് കൈ വയ്ക്കാൻ ശ്രമിക്കവേ കൈകൾ തമ്മിൽ തട്ടി അഞ്ജനയുടെ കൈ ഇഷാനിയുടെ കണ്ണിൽ തട്ടി. കണ്ണിൽ വിരൽ കൊണ്ട വേദനയിൽ ഇഷാനി കണ്ണ് പൊത്തി ബെഞ്ചിൽ ഇരുന്നു. ഒറ്റ നോട്ടത്തിൽ അവൾ കരയുക ആണെന്നെ തോന്നൂ. പക്ഷെ അവൾ കരഞ്ഞില്ല. കണ്ണ് പൊത്തി ചുറ്റും നിൽക്കുന്നവരുടെ ശകാരവർഷങ്ങൾ കേട്ട് അവൾ ബെഞ്ചിൽ ഇരുന്നു. കണ്ണിൽ വലിയ മുറിവ് ഒന്നും ഉണ്ടാകാൻ വഴിയില്ല എങ്കിലും ഒരാൾ പോലും അവളോട് കണ്ണിന് എങ്ങനെ ഉണ്ടെന്ന് ചോദിക്കുന്നത് ഞാൻ കണ്ടില്ല. ഈ ലോകം മുഴുവൻ അവൾക്ക് എതിരെ നിൽക്കുന്ന കാഴ്ച ആയിരുന്നു അത്. ഞാൻ അനുഭവിച്ച അപമാനം ഒന്നും ഒന്നുമല്ല എന്നെനിക്ക് തോന്നി തുടങ്ങി.. ഇത്രയും ആക്രമിക്കാൻ അവളാണ് എടുത്തത് എന്ന് ഒരു തെളിവും അവരുടെ കയ്യിൽ ഇല്ല. അത് ഇഷാനിയോടുള്ള അനീതി ആയെനിക്ക് തോന്നി.

 

ഒരാളെ കാര്യമില്ലാതെ ഒറ്റപ്പെടുത്തുന്നതും കൂട്ടം ചേർന്ന് ആക്രമിക്കുന്നതും പോലെ എന്നെ അസ്വസ്‌ഥമാക്കുന്ന മറ്റൊരു കാര്യമില്ല. അത്രയും കൊത്തിപ്പറിക്കുന്ന ആളുക്കൾക്ക് നടുവിൽ കണ്ണ് പൊത്തി നിസ്സഹായയായി അവളിരിക്കുന്നത് കണ്ടപ്പോൾ എന്റെ നെഞ്ചിൽ നിന്നും ചോര പൊടിഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *