‘ഇപ്പൊ എന്നിട്ട് എന്ത് മനസിലായി എന്നെ കുറിച്ച് ‘
‘ഈ ആൾ… ഞാൻ ഉദ്ദേശിച്ച ആൾ തന്നെ ആണ്. എന്നെ സഹായിക്കാൻ അല്ലാതെ വേദനിപ്പിക്കാൻ ഉള്ള ആൾ അല്ലെന്ന് ‘
അത് പറഞ്ഞപ്പോൾ അവളെന്നെ ഒരു തരം ആരാധനയോടെ ആണ് നോക്കിയത്. അതെനിക്ക് മനസിലാകാൻ തുടങ്ങിയപ്പോൾ അവൾ നോട്ടം പിൻവലിച്ചു. ബൈക്ക് എടുക്കണ്ട നടന്നു പോകാമെന്നു അവളാണ് എന്നോട് പറഞ്ഞത്. കുറച്ചു നേരം അവളോട് സംസാരിച്ചു നടക്കാമെന്ന ഉദ്ദേശത്തിൽ ഞാനും അത് സമ്മതിച്ചു. ഹോട്ടലിൽ നിന്ന് തിരികെ കോളേജിൽ കയറി ബൈക്കിനടുത്ത് തിരിച്ചെത്തിയപ്പോളാണ് ഇനി എന്തിനാണ് ക്ലാസ്സ് കട്ട് ചെയ്യുന്നത് എന്ന് ഞാൻ ആലോചിച്ചത്. പ്രശ്നങ്ങൾ ഒക്കെ തീർന്നല്ലോ.. ഇഷാനി കമ്പനിയുമായി.. അത് കൊണ്ട് തന്നെ ക്ലാസിൽ ഞാൻ വീണ്ടും കയറാൻ തീരുമാനിച്ചു. പക്ഷെ തിരിച്ചു ഞങ്ങൾ ക്ലാസ്സിലേക്ക് പോകും വഴിയാണ് ഇഷാനി എന്നോട് ക്ലാസിൽ വച്ചു അധികം മിണ്ടരുത് അടുത്ത് വന്നിരിക്കരുത് എന്നൊക്കെ എന്നോട് നിർദേശങ്ങൾ തന്നത്. അവളോട് കമ്പനി ആയി ആദ്യത്തെ ദിവസം ആയത് കൊണ്ട് മാത്രം എതിർത്തു എന്തെങ്കിലും പറഞ്ഞാൽ ഉള്ള കമ്പനി കൂടെ പോകണ്ട എന്ന് കരുതി ഞാൻ അത് സമ്മതിച്ചു കൊടുത്തു. ഞങ്ങൾ ഒരുമിച്ചല്ല ക്ലാസിൽ കയറിയത് എങ്കിലും പലർക്കും ഞങ്ങൾ ഒരുമിച്ച് ആണ് വന്നത് എന്ന് മനസിലായിരുന്നു.
‘റോക്കി ഭായിക്ക് സി ഐ ഡി പണിയും വശമുണ്ടോ?
കൃഷ്ണ ഒരു കളിയാക്കൽ ചുവയിൽ എന്നോട് ചോദിച്ചു. ഇഷാനിയുടെ നിരപരാധിത്വം തെളിയിച്ചത് ഞാൻ ആണെന്ന് എല്ലാവരും അറിഞ്ഞിരുന്നു. ഞാൻ ആണ് വീട്ടിൽ തന്നെ കാണുമെന്ന് പറഞ്ഞു അഞ്ജനയുടെ വീട്ടിലോട്ട് വിളിച്ചു ചോദിച്ചത് എന്നാണ് എല്ലാവർക്കും അറിയാവുന്ന കഥ.
‘പിന്നെ… അങ്ങനെ എന്തൊക്കെ പണികൾ അറിയാം ‘
‘കഴിഞ്ഞ വർഷം ഇതേ പോലെ ഒരു കേസിന് അവളെ പൊക്കിയതാ.. അന്ന് സി ഐ ഡി വേണ്ടതായിരുന്നു ഇവിടെ ‘
കൃഷ്ണ വീണ്ടും ചൊറിഞ്ഞോണ്ട് ഇരുന്നു. ഇവൾക്കെന്താ ഞാൻ ഇഷാനിയോട് മിണ്ടുമ്പോ മാത്രം ഒരു കുത്തൽ. കൃഷ്ണക്ക് എന്നോട് ഒരു ചെറിയ ക്രഷ് ഉള്ള പോലെ തോന്നിയിട്ടുണ്ട്. പക്ഷെ ഞാൻ ക്ലാസ്സിൽ ബാക്കി ആരുടെ അടുത്ത് സംസാരിക്കുമ്പോളും അവൾ ഇങ്ങനെ ചൊറിഞ്ഞു കണ്ടിട്ടില്ല. മുമ്പ് ഇങ്ങനെ കുറ്റം പറഞ്ഞു വന്നത് ഷാഹിന എന്റെ പുറകെ തൂങ്ങി ആടി നടന്ന സമയത്താണ്. അന്ന് ഇവളെ കൊണ്ട് പ്രയോജനം ഉണ്ടായിരുന്നു. ഷാഹിന പിന്നെ എനിക്ക് ഒരു മെസ്സേജ് പോലും വിട്ടിട്ടില്ല. പക്ഷെ ഇഷാനിയെ ഇടക്ക് വന്നു ഇങ്ങനെ കുത്തുന്നത് എനിക്ക് സുഖിക്കുന്നില്ലായിരുന്നു
ക്ലാസ്സിൽ ഇരിക്കുമ്പോ പലതവണ ഞാൻ അവൾ ഇരിക്കുന്നിടത്തേക്ക് നോക്കുന്നുണ്ട്. പക്ഷെ അവളുടെ ഇരിപ്പും ഗൗരവവും ഒക്കെ പഴയത് പോലെ തന്നെ. അവളെന്നോട് കമ്പനി ആയെന്ന് ആഷിക്കിനോട് പറഞ്ഞിട്ട് അത് വിശ്വസിപ്പിക്കാൻ ആയി എന്തെങ്കിലും ഒരു പ്രതികരണം അവളുടെ ഭാഗത്തു നിന്ന് വന്നില്ല. നോക്കി നോക്കി അവസാനം അവൾ ഞാൻ നോക്കുന്നത് ശ്രദ്ധിച്ചു. പക്ഷെ ഭാവഭേദം ഒന്നുമില്ലാതെ അവൾ നോട്ടം മാറ്റി. വീണ്ടും എനിക്കൊരു നിരാശ തോന്നി. പക്ഷെ ഏതാനും കുറച്ചു നിമിഷങ്ങൾ മാത്രമേ അത് നീണ്ടു നിന്നുള്ളു. ക്ലാസിൽ ആരും നോക്കുന്നില്ലെന്ന് ഉറപ്പ് വരുത്താൻ എന്നോണം ചുറ്റും ഒന്ന് നോക്കിയതിനു ശേഷം അവൾ എന്റെ നേരെ നോക്കി പുഞ്ചിരിച്ചു. ഞാനും ആഷിക്കും മാത്രം അത് കണ്ടു. ആ ചിരി മായുന്നതിന് മുന്നേ തന്നെ അവൾ മാസ്ക് തിരികെ കയറ്റി അവളുടെ നിഗൂഢഭാവത്തിലേക്ക് തിരിച്ചു പോയി.
വൈകിട്ട് കോളേജ് വിട്ടതിനു ശേഷം അവളെ കാണാനായി ഞാൻ ബൈക്കുമായി വെളിയിൽ കാത്തു നിന്നു. അധികം ആൾ ഇല്ലാത്ത സ്‌ഥലം ആയത് കൊണ്ടാവും എന്റെയടുത്തു എത്തിയപ്പോ അവൾ നിന്നു.
‘നീ കടയിലോട്ട് ആണോ. ഞാൻ ആ വഴിക്കാണ് വരുന്നേൽ കേറ് ‘
ഞാൻ വളരെ സമർഥമായി ഒരു കള്ളം പറഞ്ഞു. ആ വഴിക്ക് എനിക്ക് പോകണ്ട യാതൊരു കാര്യവും ഇല്ല.
‘ഇല്ല. ചേട്ടൻ പൊക്കോ. ഞാൻ ബസിനു വന്നോളാം ‘
