“ഏട്ടന്‍ കഴിച്ചോ…!” നനുത്തതെങ്കിലും ഉള്ളു തുളയ്ക്കുന്ന ശബ്ദം… ഞാന്‍ ഒന്ന് തലയാട്ടി, “ഡ്രെസ്സ് ഒക്കെ പാകമാണോ, കൃത്യമായിട്ട് അറിയാത്തത് കൊണ്ടു അവിടുത്തെ ഒരു പെണ്ണ് നോക്കി എടുത്തതാ…” “ഉം….പാന്റ് കുറച്ചു ടൈറ് ആഹ്…” “സാരമില്ല വേറെ വാങ്ങാം…” രാവിലെ കണ്ട അഹങ്കാരി ഇപ്പൊ പൂച്ചകുട്ടി ആയതില്‍ എനിക്ക് തെല്ലൊരു അത്ഭുതം തോന്നാതിരുന്നില്ല….. ഷവറില്‍ നില്‍ക്കുമ്പോള്‍ ഇന്ന് നടന്ന കാര്യങ്ങള്‍ ഒക്കെ ഞാന്‍ ആലോചിച്ചു, നോക്കി…കൂടുതല്‍ ആലോചിക്കും തോറും വട്ടു പിടിക്കാന്‍ തുടങ്ങി, അതോടെ അതങ്ങു നിര്‍ത്തി.
ഞാന്‍ ബാത്റൂമില്‍ നിന്നിറങ്ങി, ഇനി കിടന്നൊന്നു ഉറങ്ങണം നല്ല ക്ഷീണമുണ്ട്, മുഖവും കഴുകി പുറത്തേക്കിറങ്ങുമ്പോള്‍ അവള്‍ കട്ടിലിന്റെ ഒരു മൂലയില്‍ പരുങ്ങി നില്‍ക്കുന്നുണ്ട്, കാര്യം എനിക്ക് മനസ്സിലായതുകൊണ്ട് ഞാന്‍ കട്ടിലിനു താഴെ വെച്ചിരുന്ന പനംപായ എടുത്തു നിലത്തു വിരിച്ചു,ഒരു ഷീറ്റും എന്റെ പുതപ്പും കട്ടിലില്‍ നിന്നു തലയിണയും എടുത്തു നിലത്തേക്കിരുന്നു, “അയ്യോ…ഞാന്‍, ഞാന്‍ താഴെ കിടന്നോളാം…” മുകളില്‍ നിന്ന് പരിഭവത്തോടെയുള്ള സ്വരം,. “ഏയ്…എനിക്കിതൊക്കെ ശീലം ഉള്ളതാ….താന്‍ കിടന്നോ ഗുഡ് MOC…” ഒരു വര്‍ഷം കഴിഞ്ഞുള്ള പുതു ജീവിതം സ്വപ്നം കണ്ടു, ഞാന്‍ പായയിലേക്ക് ചുരുണ്ടു.
പിറ്റേന്ന് വെളുപ്പിനെ തന്നെ എഴുന്നേറ്റു, ഈ വെളുപ്പിനെ എന്നു പറയുമ്പോള്‍ സൂര്യന്‍ ഉദിക്കുന്നതിനു മുന്നേ എഴുന്നേല്‍ക്കേണ്ടി വന്നു, രാവിലെ എഴുന്നേറ്റ് പരിചയമില്ലാത്തത് കൊണ്ടു ഇനി എന്റെ ബോഡിക്ക് എന്തേലും പറ്റുവോ എന്തോ, ഓരോന്നു ആലോചിച്ചു പായയില്‍ നിന്നു തല കുത്തി പൊങ്ങി, ഉറക്കം ഒന്നും ശെരി ആയിട്ടില്ല, വലിയ ഷോ കാണിച്ചു നിലത്തു കിടന്നു ഉറങ്ങണ്ടായിരുന്നു.. പക്ഷെ കട്ടിലിലേക്ക് നോക്കിയതോടെ വിഷമം മുഴുവന്‍ മാറി, അവിടെ ഒരു തലയിണയും കെട്ടിപ്പിടിച്ചു ഒന്നുമറിയാതെ പൂച്ചക്കുട്ടിയെ പോലെ ഉറങ്ങുകയായിരുന്നു അവള്‍, പുറത്തു സൂര്യന്‍ ഇല്ലെങ്കിലും വെളിച്ചം പരന്നിട്ടുണ്ട്, ജനലിലൂടെയുള്ള വെളിച്ചത്തില്‍ അവളുടെ നിഷ്കളങ്കമായ ഉറക്കം ഞാന്‍ നോക്കി നിന്നുപോയി, ചുണ്ടല്‍പ്പം കൂര്‍പ്പിച്ചു ആരോടോ പരാതി പറയും പോലെ, ഇരു നിറം ആണ് അവള്‍ക്ക്… എന്നിട്ടും എന്തോ പിടിച്ചുലയ്ക്കുന്ന ഐശ്വര്യം… പീലി തിങ്ങിയ കണ്ണിമകള്‍ക്ക് എന്തൊരു ഭാരം ആയിരിക്കുമോ എന്തോ, ഒരു വശം ചെരിഞ്ഞു അലസമായി ഉറങ്ങുന്ന പെണ്ണ്… ആദ്യമായി എനിക്കുള്ളില്‍ മോഹം തോന്നി, ശെരിക്കും ഇവള്‍ എന്റെ ഭാര്യ ആയിരുന്നെങ്കില്‍… ഒരു നിമിഷം മുഴുവനും എടുത്തു ഞാന്‍ അവളെ നോക്കി നിന്നു, ഒരു ഞരക്കം വിട്ടു തിരിഞ്ഞു കിടന്ന അവളെ നോക്കി ഞെട്ടി ഞാന്‍ എഴുന്നേറ്റു, ആദ്യം എനിക്ക് എന്നോട് തന്നെ തോന്നിയത് പുച്ഛം ആയിരുന്നു, പിന്നെ വെറുപ്പും, മറ്റൊരാളെ മനസ്സില്‍ നിറച്ചു ജീവിക്കുന്ന പെണ്ണ്, അവന്റെ കൂടെ ജീവിക്കാന്‍ ഇറങ്ങി പുറപ്പെട്ട പെണ്‍കുട്ടിയെ പറ്റി അങ്ങനെ ചിന്തിക്കുന്നതില്‍ എനിക്ക് തന്നെ ഏന്തോ പോലെ തോന്നി, അതും സ്വന്തം അനിയന്റെ പെണ്ണിനെക്കുറിച്ചു കൂടി അങ്ങനെ ചിന്തിച്ചെന്നോര്‍ത്തപ്പോള്‍, പിന്നെ നില്‍ക്കാന്‍ പോലും തോന്നിയില്ല, ബാത്റൂമില്‍ കയറി ആഹ് ചിന്തകള്‍ എല്ലാം തലയില്‍ നിന്നൊഴുക്കി കളയാന്‍ തലയിലൂടെ വെള്ളം കുറെ കോരിയൊഴിച്ചു, ഒന്നു തണുത്തു കിട്ടിയപ്പോള്‍, കുറച്ചു ആശ്വാസമായി അതോടെ കുളിച്ചിറങ്ങി…. ഞാന്‍ ഇറങ്ങുമ്പോഴും അവള്‍ ഉറക്കമായിരുന്നു, മുടിയും ചീവി താഴേക്ക് ഇറങ്ങി ചെന്നു പെട്ടത് അമ്മയുടെ മുന്നില്‍, ഒരു വിചിത്ര ജീവിയെ പോലെ എന്നെ നോക്കുന്ന അമ്മയെ കണ്ടപ്പോള്‍ എനിക്കും ഒരു നാണം തോന്നാതിരുന്നില്ല…. അമ്മ കാലങ്ങള്‍ക്ക് ശേഷം ഇന്നാവും എന്നെ ഈ സമയം ഇങ്ങനെ കാണുന്നത്, ഇളഭ്യനായി ഒരു ചിരിയും ചിരിച്ചു ഞാന്‍ അമ്മയ്ക്ക് പിന്നെ മുഖം കൊടുക്കാതെ താഴേക്ക് ഇറങ്ങി, സൂര്യന്‍ വന്നു സലാം പറഞ്ഞിട്ടുണ്ട്, മൂപ്പരുടെ ജോലിയും തുടങ്ങിയിട്ടുണ്ട്…. മുറ്റത്ത് മഞ്ഞിന്റെ ചെറു നനവ്, അന്തരീക്ഷത്തിലും ആഹ് ചെറിയ തണുപ്പിന്റെ തുള്ളികള്‍, ഒന്നിറങ്ങി ഞാന്‍ നടന്നു, കയ്യിലും മുഖത്തും എല്ലാം ആഹ് നനവ് തട്ടുമ്പോള്‍ വല്ലാത്ത സുഖം, സൂര്യന്റെ ചെറുചൂടുള്ള നാമ്പുകള്‍ ദേഹത്തെ പൊതിയുമ്പോള്‍ വല്ലാത്ത ഉണര്‍വ്വ്… തോട്ടത്തിലൂടെ ശ്വാസം നീട്ടിയെടുത്തു ഞാന്‍ പതിയെ നടന്നു, കഴിഞ്ഞു പോയ യാത്രകളോ വരാനിരിക്കുന്ന ദിവസങ്ങളോ ഒന്നും മനസ്സിലില്ല, കയ്യിലുള്ള ഈ നിമിഷം മാത്രം.
