വല്ലാത്ത ഒരു ഫീല്‍…
അകലത്തെ അമ്പലത്തില്‍ നിന്നു ഉച്ചത്തില്‍ വെച്ചിരിക്കുന്ന ദേവി സ്തുതികള്‍ കാതില്‍ വീഴുന്നുണ്ട്, തോപ്പിലെ കുഴിയും ചെറു ഉയര്‍ച്ചയും താണ്ടി ഒന്നു നിന്നു കൈ വിരിച്ചു പിടിച്ചു, പകലിന്റെ സുഖം മുഴുവന്‍ ഞാന്‍ ഒന്ന് ആവാഹിച്ചു ഉള്ളിലേക്കെടുത്തു. പിന്നെ ചെറിയ ഒരു പുഞ്ചിരിയോടെ തിരികെ വീട്ടിലേക്ക് നടന്നു, തോപ്പിന്റെ അതിര് കടന്നതും അച്ഛനും അമ്മയും എന്നെയും നോക്കി കണ്ണും തള്ളി നിക്കുന്നു. “ഇനി എന്താണാവോ…” എന്നാലോചിച്ചു ഞാന്‍ അവരുടെ അടുത്തുകൂടെ കടന്നു പോവാന്‍ ഒരുങ്ങി.. അച്ഛന്റെ വിളി, എന്തു പറയാന്‍ ആണെന്ന് ഏകദേശം ഒരൂഹം ഉള്ളതുകൊണ്ട് തിരിഞ്ഞു, “നിനക്ക്….നിനക്ക്….അവിടുന്നു തല്ലു കിട്ടി എന്ന് അവര് പറഞ്ഞു….നിനക്ക് തലയ്ക്ക് എന്തെങ്കിലും കുഴപ്പം ഉള്ളതായിട്ട് തോന്നുന്നുണ്ടോ… എന്തേലും പെരുപ്പോ….മൂളലോ മറ്റോ…” അറച്ചറച്ചാണ് അച്ഛന്‍ ചോദിച്ചത്… ഇപ്പ എങ്ങനെ ഇരിക്കണ, രാവിലെ പ്രകൃതി സൌന്ദര്യം ഒന്നാസ്വദിക്കാന്‍ ഇറങ്ങിയ ഞാന്‍ ഒറ്റ സെക്കന്റ് കൊണ്ടല്ലേ വട്ടനായത്, “എനിക്ക് കുഴപ്പൊന്നുമില്ല അച്ഛാ….ഞാന്‍ ചുമ്മ ഒന്നു നടക്കാന്‍…” പറഞ്ഞൊപ്പിച്ചു എങ്ങനെലും ഈരാനായി ഞാന്‍ പതിയെ നടന്നു, “വിവി…” അച്ഛന്റെ പണ്ടുള്ള വിളി ആയിരുന്നു, ഞാന്‍ ഒത്തിരി മിസ് ചെയ്ത വിളി, തിരിഞ്ഞു നിന്ന എന്റെ മുന്നില്‍ അങ്ങേരു നിന്നു, “നമുക്കൊന്നു നടക്കാടാ…വാ…” എന്റെ മുന്നിലൂടെ അതും പറഞ്ഞു പതിയെ നടന്ന അച്ഛന്റെ പിന്നാലെ ഞാനും കൂടി, “ആഹ് കൊച്ചിന്റെ പേരെന്താടാ….” നടക്കുന്നതിനിടയില്‍ അച്ഛന്‍ ചോദിച്ചു. “ശരണ്യ…” “ഉം… …..പെട്ടെന്ന് നീ ഇന്നലെ ഒരു പെണ്ണിനേം വിളിച്ചു വീട്ടില്‍ വന്നപ്പോള്‍ ഉള്‍കൊള്ളാന്‍ പ്റിയില്ല,…നിന്റെ ജീവിതോം നിന്റെ കാര്യോം ഒന്നും ഓര്‍ക്കാഞ്ഞിട്ടല്ലട…..നിനക്ക് തന്നെ അറിയാലോ…” “അച്ഛാ ഞാന്‍…” പറയാന്‍ വന്നപ്പോള്‍ അച്ഛന്‍ കൈ പൊക്കി തടഞ്ഞു…
“സാരമില്ല….കണ്ടിട്ട് പാവം കുട്ടിയാണ് എന്നു തോന്നുന്നു… വിശ്വസിച്ചു കൂടെ പോന്നതാ… കരയിക്കരുത്….പോകാന്‍ വേറെ ഇടം ഒന്നുമില്ല,….മനസ്സിലുണ്ടാവണം…” അച്ഛന്‍ പറഞ്ഞു, പിന്നെ തിരികെ നടന്നു, എല്ലാം കേട്ടു നടക്കുമ്പോള്‍ പല പ്രാവിശ്യം എല്ലാം പറയണം എന്നുണ്ടായിരുന്നു, പക്ഷെ, എന്തോ പറ്റിയില്ല… തിരികെ നടന്നു ഉമ്മറത്തേക്ക് കയറി, ചുമ്മ ഓരോന്നു ആലോചിച്ചു മുറ്റവും വഴിയും നോക്കി ഇരുന്നു.
“ഫട്ടാ….ചായ…” കിളിയുടെ കൊഞ്ചല്‍, തല തിരിച്ചു നോക്കിയപ്പോള്‍ അവള്‍, കുളിച്ചു ഉടുപ്പ് മാറിയിട്ടുണ്ട്, കയ്യില്‍ നീട്ടിപിടിച്ച ചായ, ഞാന്‍ വാങ്ങിച്ചു, “താന്‍ കുടിച്ചോ….?” “ഉം…” ഒരു കുട്ടിയെ പോലെ തലയാട്ടി മൂളി. “അമ്മ എന്തേലും പറഞ്ഞോ…?” “പേരെന്താ, വീടെവിടെയാ, എന്നൊക്കെ ചോദിച്ചു…” അപ്പോഴാണ് എനിക്കും ഇവളെക്കുറിച്ചു കൂടുതലൊന്നും അറിയില്ലാത്ത കാര്യം ഓര്‍ത്തത്…
ഇനി മുന്നോട്ടു പോണെങ്കില്‍ ഇവളെക്കുറിച്ചു ഞാനും എന്നെക്കുറിച്ചു ഇവളും അറിഞ്ഞിരിക്കണമല്ലോ…. ഞാന്‍ ചായ കുടിച്ചു അവളെയും കൂട്ടി മുറിയില്‍ എത്തി… അര മണിക്കൂര്‍ എടുത്തു അവളെ കുറിച്ചു അത്യാവശ്യം അറിയേണ്ട കുറച്ചു കാര്യങ്ങള്‍ ഒക്കെ അറിഞ്ഞു വെച്ചു. എന്നെക്കുറിച്ചും കുറച്ചൊക്കെ പറഞ്ഞു കൊടുത്തു, ശരണ്യ, ശരണ്യ വാസുദേവ് അതാണ് മുഴുവന്‍ പേര്, ഒരനിയത്തി ഉണ്ട് പിന്നെ അമ്മ, അച്ഛന് ചെറിയ രീതിയില്‍ ബിസ്സിനെസ്സും പിന്നെ കുറച്ചു നല്ല രീതിയില്‍ രാഷ്ട്രീയവും, INSP യില്‍ മണ്ഡലം സെക്രട്ടറിയോ പ്രെസിഡന്റോ ഏതാണ്ടാ… വെറുതെ അല്ല RDP തെണ്ടികള്‍ക്ക് ഇത്ര ഉത്സാഹം… ആള്‍ ഡിഗ്രി കഴിഞ്ഞു ഏതോ ഇന്‍സ്റ്റിറ്റിട്യൂട്ടില്‍ ഇപ്പൊ ബാങ്ക് കോച്ചിങ്ങിന് പോവുന്നുണ്ട്… എന്റെ അനിയന്‍ തെണ്ടി ഏതോ കൂട്ടുകാരന്റെ കല്യാണത്തിന് പോയപ്പോള്‍ അവിടുന്നു കണ്ടു ഇഷ്ടപ്പെട്ടു എഫ് ബി യിലൂടെ റിക്വസ്ത്റും പിന്നെ ചാറ്റിയും, ഒക്കെ വീഴ്ത്തിയെടുത്തതാണ് പാവത്തിനെ. അവളും ഇപ്പോള്‍ ഏറെക്കുറെ ഈ സഹചര്യത്തോട് പൊരുത്തപ്പെടാന്‍ തുടങ്ങിയിട്ടുണ്ട്,…ആദ്യം എന്നെ കാണിച്ച കലിപ്പ് ഒന്നുമില്ല… രണ്ടു ദിവസം എന്തായാലും വീട്ടില്‍ തന്നെ ഇരിക്കാന്‍ തീരുമാനിച്ചു, ഇപ്പോഴുള്ള കെട്ടും ബഹളോം അടങ്ങാത്ത പുറത്തേക്കിറങ്ങിയാല്‍ ഇതിലും വലിയ ചമ്മല്‍ ആയിരിക്കും എന്നോര്‍ത്തപ്പോള്‍ പിന്നെ അതങ്ങു തീരുമാനിച്ചു… ഇടയ്ക്ക് പുതുപ്പെണ്ണിനെ കാണാന്‍ അയലത്തുള്ളവരും അകന്ന ബന്ധുക്കളും വരുമ്പോള്‍, ആദ്യത്തെ ലെവല്‍ കളിയാക്കലിന് ഇളിച്ചു നിന്നു കൊടുത്തിട്ട് മുങ്ങുന്നത് എന്റെ പതിവായി, ഏറ്റവും അടുത്ത ബന്ധുക്കള്‍ ആരും തിരിഞ്ഞു നോക്കിയില്ല… വീട്ടില്‍ പുതിയ പെണ്ണ് കയറിയത് നേരിട്ടു വന്നു പറഞ്ഞില്ല, എന്നൊക്കെ ഓരോ ഈമ്പിയ ചിന്താഗതിയും വെച്ചോണ്ടിരിക്കുന്ന കുറെ മലരുകള്‍, പിന്നെ പതിനെട്ടുകൂട്ടം കറിയും കൂട്ടി സദ്യ ആയിരുന്നല്ലോ നടന്നത് എല്ലാവരെയും വിളിച്ചു പറഞ്ഞു ഒളിച്ചോടാന്‍… വരാത്തവരൊന്നും വരണ്ടെന്നു ഞാനും അങ്ങു കരുതി… അങ്ങനെ രണ്ടാം ദിവസം ഇരുട്ടി തുടങ്ങി, വീട്ടില്‍ തെക്കേലെ പിള്ളച്ചേട്ടനും ഭാര്യയും ശരണ്യയെ കാണാന്‍ വന്നിട്ടുണ്ട്… അങ്ങേരുടെ ബോംബ് കഥയും സഹിച്ചു കുറച്ചു നേരം ഞാന്‍ ഇരുന്നു കൊടുത്തു, എന്തോ ഭാഗ്യത്തിന് നെവര്‍ക്ക് കാരു വിളിച്ചത് കൃത്യ സമയത്തായതുകൊണ്ടു ഫോണും എടുത്തു എന്റെ ആത്മാര്‍ഥ സുഹൃത്താക്കി ഞാന്‍ പുറത്തു ചാടി നേരെ വാഴ തോപ്പില്‍ കയറി, കുറച്ചു നേരം അവിടേം ഇവിടേം തപ്പി നിന്നെങ്കിലും വീട്ടില്‍ നിന്ന് പിള്ളച്ചേട്ടന്‍ ഇറങ്ങാനുള്ള സന്മനസ്സൊന്നും കാണിക്കാത്തതുകൊണ്ടു ഞാന്‍ പിന്നേം വാഴത്തോപ്പില്‍ തന്നെ കുത്തിയിരുന്നു, “ശൂ… ഡാ….ഡാ… പൊട്ടാ…” നീട്ടിയുള്ള വിളി ആദ്യം കേട്ടപ്പോള്‍ ഒന്നു ഞെട്ടി. ഒന്നു തിരിഞ്ഞും പിരിഞ്ഞും നോക്കിയപ്പോള്‍, ദേ അവന്‍… എന്നെ ഇവിടെ വരെ എത്തിച്ച തെണ്ടി മനീഷ്… കണ്ടപാടെ ഞാന്‍ ഓടിച്ചെന്നു തെണ്ടിയുടെ കഴുത്തിനു പിടിച്ചു. “നി എന്താടാ പുല്ലേ അന്നു രാത്രി ഒപ്പിച്ചത്… നീ കാരണം ഞാനിപ്പോ പെട്ടിരിക്കുന്നത് എന്തിലാണെന്നറിയോ…” കുത്തിപ്പിടിച്ച് ഇളക്കി ഞാന്‍ ഒന്നലറിയതും ചെക്കന്‍ എന്റെ കൈ തട്ടിയെറിഞ്ഞു, “ഹും, നീ ഞാന്‍ എന്തൊക്കെയാ അനുഭവിച്ചതെന്നറിയോ… രാത്രിക്ക് രാത്രി നിന്റെ പെണ്ണിനെ വിളിച്ചിറക്കാന്‍ വന്നിട്ട്, പിന്നെ എനിക്കെന്തു പറ്റി എന്നു നീ ആലോചിച്ചോ…” അവന്‍ നിന്നു ചീറുകയാണ്, അപ്പോഴാണ് ഞാന്‍ അവന്റെ ഡ്രസ് ശ്രെദ്ധിച്ചത്, ഒരു കുഞ്ഞു ബനിയനും അതിലും കുഞ്ഞു ത്രീഫോര്‍ത്തും ഇട്ടാണ് അവന്റെ നിപ്പ്.
