തന്ത്രലാവണ്യം – 4 1അടിപൊളി  

“മാധവൻ അവിടേക്ക് എന്തിനാണ് പോകുന്നത്?”

“ജോലി തേടി.”

“തെക്കേടത്ത് ഇല്ലത്തിലേക്കുതന്നെ എന്തിന്?”

“അവരുടെ സമ്പത്തെക്കുറിച്ച് കേട്ടതുകൊണ്ട്. അവിടെ എന്തെങ്കിലും ജോലി കിട്ടുമെന്ന പ്രതീക്ഷ.”

സുമലത മറ്റൊരു കടലാസ് നൽകി. അതിൽ മാധവന്റെ വ്യാജകുടുംബചരിത്രവും പ്രായവും വിദ്യാഭ്യാസവും എഴുതിയിരുന്നു.

“നിനക്ക് സംസ്കൃതം അറിയാമെന്നത് മറയ്ക്കേണ്ട. പക്ഷേ വേദങ്ങളിൽ വലിയ പാണ്ഡിത്യമുള്ളതായി കാണിക്കരുത്. കണക്കറിയാം. ഇച്ചിരി ആംഗലേയവും. വായിക്കാനും എഴുതാനും കഴിയും. ഏറ്റവും പ്രധാനമായി, വാഹനങ്ങൾ ഓടിക്കാനറിയാം.”

“അത് എന്തിനാണ്?”

“അവരുടെ ഡ്രൈവറെ ഇന്നലെ ജോലിയിൽനിന്ന് നീക്കി.”

ആദിത്യൻ അവളെ നോക്കി.

“എങ്ങനെ?”

“എന്റെ ആളുകൾ അവനെ മറ്റൊരു ജോലി സ്വീകരിക്കാൻ പ്രേരിപ്പിച്ചു. കൂടുതൽ ശമ്പളം. നഗരത്തിൽ താമസം. അവൻ സന്തോഷത്തോടെ പോയി.”

“അവന് ദോഷമൊന്നും ചെയ്തില്ലല്ലോ?”

“ഇല്ല. അവൻ ഇപ്പോൾ മുമ്പത്തേക്കാൾ നല്ല ജോലിയിലാണ്.”

സുമലത തുടർന്നു:

“തെക്കേടത്ത് ഇല്ലത്തിൽ ഉടൻ ഒരു ഡ്രൈവർ വേണം. സാധാരണ കാറുകൾ മാത്രമല്ല, വിദേശകാറുകളും ഓടിക്കാനറിയുന്ന ഒരാൾ.”

“എനിക്കറിയാം.”

“അതുകൊണ്ടാണ് ഈ മറവ് തിരഞ്ഞെടുത്തത്. നീലകണ്ഠത്തെയും പുതുശ്ശേരിയിലെയും കാറുകൾ കുട്ടിയായിരിക്കുമ്പോൾ തൊട്ട് വർഷങ്ങളായി ഓടിച്ചതിലൂടെ നിനക്കു പരിശീലനമുണ്ട്. പക്ഷേ മാധവൻ അത് എവിടെനിന്നാണ് പഠിച്ചതെന്ന് ചോദിച്ചാൽ?”

“കടംവരുന്നതിനു മുൻപ് അച്ഛന് വിദേശകാർ ഉണ്ടായിരുന്നുവെന്ന് പറയാം.”

“വേണ്ട. ദരിദ്രനായ മാധവന്റെ കഥയുമായി പൊരുത്തപ്പെടില്ല.”

“പിന്നെ?”

“ഒരു സമ്പന്നന്റെ വീട്ടിൽ താൽക്കാലികമായി ജോലി ചെയ്തിരുന്നു. അവിടെനിന്നാണ് പഠിച്ചത്. ആ കുടുംബം

പിന്നീട് വിദേശത്തേക്കുപോയി. പേര് ചോദിച്ചാൽ ഞാൻ നൽകിയ പട്ടികയിലെ പേര് ഉപയോഗിക്കണം.”

ആദിത്യൻ രേഖ നോക്കി.

“തെക്കേടത്ത് ഇല്ലത്തിൽ കയറിയശേഷം എന്റെ ലക്ഷ്യം?”

“ആദ്യമായി വിശ്വാസം നേടുക. ആരാണ് ഇപ്പോഴത്തെ കാരണവർ എന്നു ഉറപ്പാക്കുക. നീലവള ആരെയാണ് സ്വീകരിച്ചതെന്ന് കണ്ടെത്തുക.”

“മൂന്നു സാധ്യതകൾ.”

“അതെ. പഴയ കാരണവന്റെ മകൻ. അയാളുടെ രണ്ട് ആൺമക്കൾ.”

“ലൂപിൻ സ്ത്രീയുമായി ബന്ധമുണ്ടായിരുന്നത് മൂത്ത കൊച്ചുമകനാകാമെന്ന സംശയം സ്ഥിതീകരിക്കണം. അല്ലെ?”

“സംശയം മാത്രം,” സുമലത ഓർമിപ്പിച്ചു. “തെളിവില്ലാതെ തീരുമാനിക്കരുത്.”

“അവരുടെ ലൂപിൻ സഖ്യം?”

“അതിന്റെ ലക്ഷ്യം കണ്ടെത്തണം. അവർ അപകടകാരികളായ കൂട്ടങ്ങൾക്ക് ആയുധവും വെള്ളിയും രേഖകളും നൽകിയിട്ടുണ്ട്. എന്തിനു നൽകിയെന്നു അറിയണം.”

“അവർ മനുഷ്യർക്കു ഭീഷണിയാണെങ്കിൽ?”

സുമലതയുടെ മുഖം ഗൗരവമായി.

“ആദ്യം ഉറപ്പാക്കുക. ശേഷം കഴിയുമെങ്കിൽ വിവരം അയയ്ക്കുക. അടിയന്തര ഭീഷണിയാണെങ്കിൽ തടയുക.”

“ആവശ്യമായത് ചെയ്യാം.”

“ആ വാചകം അപകടകരമാണ്,” അവൾ പറഞ്ഞു. “ആവശ്യമായത് എന്താണെന്ന് കോപത്തിൽ തീരുമാനിക്കരുത്. സംശയമുള്ള ഒരാളെ ശത്രുവായി പ്രഖ്യാപിക്കരുത്. ലൂപിനാണെന്നു മാത്രം കൊണ്ട് കൊല്ലരുത്.”

“അറിയാം.”

“മാധവൻ ആരാണെന്ന് മറക്കരുത്. ഭയമുള്ളവൻ. എന്നാൽ ഭീരുവല്ല. വിദ്യാഭ്യാസമുള്ളവൻ. എന്നാൽ അഹങ്കാരിയല്ല. ജോലി ആവശ്യമുള്ളവൻ. അതുകൊണ്ട് ആദ്യദിവസംതന്നെ എല്ലാവരോടും ചോദ്യങ്ങൾ ചോദിക്കരുത്.”

“ഞാൻ കാരണവനെപ്പോലെ സംസാരിച്ചാൽ?”

“മാധവന് ജോലി കിട്ടില്ല.”

“അത് നിയന്ത്രിക്കാം.”

“നന്ദനയോടു സംസാരിക്കുന്ന ഭാവത്തിൽ അവിടുത്തെ സ്ത്രീകളോടു സംസാരിച്ചാൽ ആദ്യം അടിക്കും പിന്നെ നിന്നെ പുറത്താക്കും.”

ആദിത്യൻ ചെറുതായി ചിരിച്ചു.

“അവരെ നിലത്തിടാൻ ശ്രമിക്കില്ല.”

“നിന്നെയാണ് അവർ നിലത്തിടാതിരിക്കാൻ ശ്രദ്ധിക്കേണ്ടത്.”

സുമലത എഴുന്നേറ്റു.

“പുലർച്ചെ എന്റെ ആളുകൾ എത്തും. അവർ നിന്നെ അവിടെ ഗ്രാമത്തിന്റെ അതിരുവരെ കൂട്ടിക്കൊണ്ടുപോകും.

അവർ ആ അതിർത്തിയിൽ തന്നെ കഴിയും. എന്താവിശ്യത്തിനും അവരെ സമീപിക്കാം. അതിനുശേഷം മാധവൻ ഒറ്റയ്ക്കാണ്.”

“അവർ ആരാണ്?”

“നാളെ പരിചയപ്പെടാം.”

Leave a Reply

Your email address will not be published. Required fields are marked *