എന്നാൽ അഞ്ജനയുടെ കണ്ണിലെ വേദന അവനെ അതിനേക്കാൾ ശക്തമായി മുറിവേൽപ്പിച്ചു.
“എന്റെ മനസ്സിൽ കയറി ഞാൻ എന്താണ് വിചാരിക്കുന്നതെന്ന് നോക്കരുത്,” അവൾ പറഞ്ഞു.
അവന് അതിനെക്കുറിച്ച് ആലോചിക്കാൻപോലും കഴിഞ്ഞിരുന്നില്ല. എങ്കിലും അഞ്ജനയുടെ ഭയം മറ്റൊന്നായിരുന്നു. മകന്റെ കൈയിൽ തെളിഞ്ഞ വെളുത്ത വളയല്ല അവൾ യഥാർത്ഥത്തിൽ കണ്ടത്.
മഹാദേവനെയാണ്.
അവന്റെ ശക്തിയെ.
അവന്റെ രഹസ്യങ്ങളെ.
അവന്റെ വഞ്ചനകളെ.
“ഞാൻ അങ്ങനെ ചെയ്യില്ല.”
“നിന്റെ അച്ഛനും ആദ്യമൊക്കെ അങ്ങനെതന്നെയാണ് പറഞ്ഞത്.”
ആ വാക്കുകൾ പറഞ്ഞയുടനെ അഞ്ജനയുടെ മുഖത്ത് പശ്ചാത്താപം തെളിഞ്ഞു. എങ്കിലും അവൾ അത് പിൻവലിച്ചില്ല.
തിരിഞ്ഞ് പടികൾ കയറി. അപ്പോഴാണ് താൻ നഗ്നനാണെന്നുള്ള ബോധം അവനു വന്നത്. അവൻ ഓടി സ്വന്തം മുറിയിൽ നിന്നും മുണ്ട് മാത്രം എടുത്തു ഉടുത്ത് അഞ്ജനേടെ പിറകെ ഓടി.
ഈ സമയം കൊണ്ട് അഞ്ജന രണ്ടാം നിലയുടെ തെക്കുഭാഗത്തുള്ള സ്വന്തം മുറിയിൽ കയറി വാതിൽ ശക്തിയായി അടച്ചു. അകത്തുനിന്ന് കുറ്റിയിടുന്ന ശബ്ദം കേട്ടു.
ആദിത്യൻ വാതിലിനു മുന്നിലെത്തി.
“അമ്മേ.”
മറുപടിയില്ല.
അവൻ മൃദുവായി വാതിലിൽ മുട്ടി.
“വാതിൽ തുറക്ക്. ഞാൻ എല്ലാം പറയാം.”
അകത്തുനിന്ന് യാതൊരു പ്രതികരണവും ഉണ്ടായില്ല.
“എന്റെ പക്കൽ രണ്ടു വളകളുണ്ട്. പക്ഷേ ഞാൻ അവയെ ആരെയും നിയന്ത്രിക്കാൻ ഉപയോഗിച്ചിട്ടില്ല. അമ്മേടെ മേൽ ഒരിക്കലും ഉപയോഗിച്ചിട്ടില്ല.”
അവൻ പറഞ്ഞതിൽ അവസാനത്തെ വാചകം പൂർണമായ സത്യമായിരുന്നു. എന്നാൽ എല്ലാം പറയാൻ കഴിയുമായിരുന്നോ?
ഹരിഹരന്റെ മരണം?
മഞ്ഞവള?
സുമലതയുടെ യഥാർത്ഥ സ്വഭാവം?
പ്ലാനാശ്ശേരി?
മഹാദേവൻ കൊല്ലപ്പെട്ടതാണെന്ന സംശയം?
അഞ്ജനയെ സംരക്ഷിക്കാനെന്ന പേരിൽ അവനിൽനിന്ന് മറച്ചുവച്ച മൂന്ന് വർഷത്തെ അന്വേഷണങ്ങൾ? അതോ ഇതെല്ലാം അമ്മക്ക്
ഇതിനോടകം അറിയാമോ ?
“ഞാൻ ഇതെല്ലാം മറച്ചത് അമ്മേനെ വഞ്ചിക്കാനല്ല. പറയാൻ കഴിയാത്ത കാര്യങ്ങളുണ്ടായിരുന്നു.”
അകത്തുനിന്ന് മങ്ങിയൊരു തേങ്ങൽ കേട്ടതായി അവന് തോന്നി.
“അമ്മേ…”
മറുപടിയുണ്ടായില്ല.
അവൻ വീണ്ടും വാതിൽ തട്ടി.
ഇത്തവണ അല്പം ശക്തിയായി.
“എന്നെ വെറുക്കണമെങ്കിൽ വെറുത്തോളൂ. പക്ഷേ ഒരിക്കൽ ഞാൻ പറയുന്നത് കേൾക്കണം.”
അപ്പോഴേക്കും പിന്നിൽ കാലടിശബ്ദം കേട്ടു.
സുമലത. താഴെ വീണ സാധനങ്ങൾ എല്ലാം വാരിക്കൂട്ടിയിട്ടുള്ള വരവായിരുന്നു അത്.
അവൾ വേഗത്തിൽ നടന്നുവന്നെങ്കിലും മുഖത്ത് പരിഭ്രാന്തി പ്രകടമായിരുന്നില്ല. ആദിത്യന്റെ കവിളിലെ പാടും അഞ്ജനയുടെ അടഞ്ഞ വാതിലും കണ്ടപ്പോൾ സംഭവിച്ചത് മനസ്സിലായി.
“അമ്മ അകത്തുണ്ട് പക്ഷേ വാതിൽ തുറക്കുന്നില്ല,” ആദിത്യൻ പറഞ്ഞു.
സുമലത അവന്റെ മുന്നിലൂടെ കടന്ന് വാതിലിനരികിലെത്തി.
മൃദുവായി മുട്ടി.
“അഞ്ജനേ.”
അകത്തുനിന്ന് അനക്കമുണ്ടായി.
“ഞാനാണ്. വാതിൽ തുറക്കൂ.”
ആദിത്യൻ ഇത്രനേരം വിളിച്ചിട്ടും ലഭിക്കാത്ത പ്രതികരണം ഉടൻ ഉണ്ടായി. കുറ്റി നീങ്ങി. വാതിൽ അല്പം തുറന്നു.
അഞ്ജനയുടെ കൈ പുറത്തേക്കുവന്നു. സുമലതയുടെ കൈത്തണ്ടയിൽ പിടിച്ച് അവളെ അകത്തേക്കു വലിച്ചു.
സുമലത അകത്തു കടന്ന നിമിഷം വാതിൽ വീണ്ടും അടഞ്ഞു.
ആദിത്യൻ ഇടനാഴിയിൽ ഒറ്റയ്ക്കായി.
കുറച്ചുനേരം അവൻ വാതിലിനുമുന്നിൽത്തന്നെ നിന്നു.
ആദ്യം അകത്തുനിന്ന് ശബ്ദമൊന്നും കേട്ടില്ല. പിന്നീട് രണ്ടുപേരും വളരെ പതിഞ്ഞ ശബ്ദത്തിൽ സംസാരിക്കുന്നതുപോലെ തോന്നി. വാക്കുകൾ വ്യക്തമായിരുന്നില്ല.
അവന്റെ വലതുകൈയിൽ ഒരു മങ്ങിയ തണുപ്പ് പടർന്നു.
കറുത്ത വള.
അതിനെ പൂർണമായി ഉണർത്തേണ്ട ആവശ്യമില്ല. മനസ്സിന്റെ പുറംതലം മാത്രം സ്പർശിച്ചാൽ മതി. അഞ്ജനയുടെ കോപം ശരിക്കും എന്തിനാണെന്ന് അറിയാം. സുമലത അവളോട് എന്താണ് പറയുന്നതെന്നും. അവർ തന്നെക്കുറിച്ച് എങ്ങനെയാണ് ചിന്തിക്കുന്നതെന്നും.
ഒരു
നിമിഷം മാത്രം.
ആരും അറിയില്ല.
അവൻ കണ്ണുകൾ അടച്ചു.
അടുത്ത നിമിഷം സുമലതയുടെ പഴയ മുന്നറിയിപ്പ് മനസ്സിൽ മുഴങ്ങി.
അനുമതിയില്ലാതെ മറ്റൊരാളുടെ മനസ്സിലേക്ക് കടക്കരുത്.
