“ശ്രദ്ധിക്കാം.”
“നീ എവിടേക്കാണ് പോകുന്നതെന്ന് എനിക്ക് അറിയില്ല.”
അവളുടെ ശബ്ദം ഇടറി.
“പക്ഷേ മഹാദേവനും ഹരിദേവനും തിരികെ വരാതെ പോയ സ്ഥലവുമായി ഇതിനു ബന്ധമുണ്ടെന്ന് അറിയാം.”
ആദിത്യൻ മറുപടി പറഞ്ഞില്ല.
അതുതന്നെ അവൾക്കുള്ള സ്ഥിരീകരണമായി.
“പോകാതിരുന്നുകൂടേ?”
“അമ്മേ…”
“മറ്റാരെയെങ്കിലും അയയ്ക്കാൻ കഴിയില്ലേ?”
“അവർ പോയത് എന്തിനാണെന്നും അവർക്കെന്താണ് സംഭവിച്ചതെന്നും അറിയണം. അവർ കണ്ടെത്തിയ കാര്യം ഇപ്പോഴും അപകടമാണെങ്കിൽ തടയണം.”
“അവരിരുവരും പരിശീലനം നേടിയവരായിരുന്നു.”
“അറിയാം.”
“എന്നിട്ടും മടങ്ങിവന്നില്ല.”
“അതും അറിയാം.”
അഞ്ജന അവനിൽനിന്നു മാറി മുഖത്തേക്കു നോക്കി. അവന്റെ തീരുമാനം മാറില്ലെന്ന് തിരിച്ചറിഞ്ഞപ്പോൾ കണ്ണുകൾ നിറഞ്ഞു.
“ഒരു കാര്യം മാത്രം വാക്കുതരൂ.”
“എന്ത്?”
“എന്തെങ്കിലും തെറ്റാണെന്ന് തോന്നിയാൽ അതിനെ ധൈര്യമെന്ന പേരിൽ അവഗണിക്കരുത്. ഉടനെ തിരികെ വരണം.”
“വരും.”
“ഒറ്റയ്ക്ക് എല്ലാം നേരിടാൻ ശ്രമിക്കരുത്.”
“ശ്രമിക്കില്ല.”
അവൾ വീണ്ടും അവനെ ചേർത്തുപിടിച്ചു. ഇത്തവണ നെറ്റിയിലാണ് ചുംബിച്ചത്.
“തിരികെ വരണം, ഉണ്ണീ.”
“വരും, അമ്മേ.”
ആദിത്യൻ അവളുടെ കാലിൽതൊട്ട് അനുഗ്രഹം വാങ്ങാൻ ശ്രമിച്ചു. പക്ഷേ അതിനനുവദികാതെ അഞ്ജന അവനെ എഴുന്നേൽപ്പിച്ചു.
വാതിലിനരികിലെത്തിയപ്പോൾ അവൾ വീണ്ടും വിളിച്ചു.
“ഉണ്ണീ.”
അവൻ തിരിഞ്ഞുനോക്കി.
“നീ മഹാദേവനല്ല.”
ആ വാക്കുകൾ ആദിത്യനെ നിശ്ചലനാക്കി.
അഞ്ജനയുടെ മുഖത്ത് ചെറിയൊരു പുഞ്ചിരി തെളിഞ്ഞു.
“അതു മറക്കരുത്.”
അവൻ മറുപടി പറഞ്ഞില്ല. തലയാട്ടി പുറത്തേക്കു നടന്നു.
പടിക്കെട്ടിറങ്ങിയ ആദിത്യനെ സുമലത കാത്തുനിന്നിരുന്നു.
“പുറപ്പെടുന്നതിനു മുൻപ് പള്ളിമേടയിൽ വരണം.”
മറ്റുള്ളവർക്ക് സംശയം തോന്നാതിരിക്കാനായി അവൾ മുന്നിൽ നടന്നില്ല. ആദിത്യൻ തോട്ടത്തിന്റെ മറുവഴിയിലൂടെ പള്ളിമേടയിലെത്തി. സുമലത പിന്നീട് എത്തി.
അവർ രഹസ്യവാതിൽ തുറന്ന് ഭൂഗർഭപൂജാമുറിയിലേക്കിറങ്ങി.
കാളികയുടെ
പ്രതിമയ്ക്കു മുന്നിൽ മൂന്ന് സ്വർണത്തട്ടുകൾ. കറുത്തതും വെളുത്തതുമായ വളകളുടെ തട്ടുകൾ ശൂന്യം. മഞ്ഞവള അതിന്റെ തട്ടിൽ ശാന്തമായി കിടക്കുന്നു.
ആദിത്യൻ പ്രതിമയ്ക്കു മുന്നിൽ കൈകൂപ്പി.
സുമലത അവന്റെ അരികിൽനിന്നു.
“ഇന്നുമുതൽ ഓരോ തീരുമാനവും ഒറ്റയ്ക്ക് എടുക്കേണ്ടിവരും,” അവൾ പറഞ്ഞു. “അവിടെ ഞാൻ നിന്നെ തടയാനുണ്ടാകില്ല.”
“അറിയാം.”
“കറുത്ത വള ഉപയോഗിക്കാൻ പ്രലോഭനം വരും.”
ആദിത്യന്റെ ശരീരം അല്പം മുറുകി.
ലളിതയുടെ മനസ്സിലേക്കു കടന്ന കാര്യം അവൾ അറിഞ്ഞോ?
സുമലതയുടെ മുഖത്ത് തിരിച്ചറിവിന്റെ തെളിവൊന്നുമില്ല.
“ആളുകളുടെ വിശ്വാസം നേടാനാണ് പോകുന്നത്,” അവൾ തുടർന്നു. “അവരുടെ മനസ്സ് തുറന്നുവായിച്ചാൽ അത് വിശ്വാസമല്ല. കൂടാതെ ഞങ്ങൾ ലൂപിനുകൾക്ക് ഞങ്ങളുടെ മനസ്സ് ആരെങ്കിലും സ്പർശിച്ചാൽ മനസ്സിലാകും. അതുകൊണ്ട്, സാധാരണ വഴിയിലൂടെ അറിയാൻ കഴിയാത്ത അടിയന്തരഭീഷണി ഉണ്ടെങ്കിൽ മാത്രം വള ഉപയോഗിക്കൂ.”
“ശ്രദ്ധിക്കാം.”
ആദിത്യന്റെ ശബ്ദത്തിൽ ഉറപ്പുണ്ടായിരുന്നെങ്കിലും സുമലത കുറച്ചുനേരം അവനെ നോക്കിനിന്നു.
“ശ്രദ്ധിക്കാം എന്നുപറയുന്നത് എളുപ്പമാണ്, ഉണ്ണീ. പക്ഷേ നീ മാധവനായി കഴിയുമ്പോൾ വളകളെ ആശ്രയിക്കാൻ പാടില്ല. കറുത്ത വള ഉപയോഗിച്ചാൽ മുന്നിലുള്ളവന്റെ മനസ്സ് നിനക്കു തുറന്നുകിട്ടും. വെളുത്ത വള ഉപയോഗിച്ചാൽ അധികംപേരെയും ബലപ്രയോഗത്തിലൂടെ കീഴടക്കാം. രണ്ടും ചെയ്യുന്നത് നിന്റെ ദൗത്യത്തെ എളുപ്പമാക്കും. അതോടൊപ്പം നീ ആരാണെന്നു പുറത്തറിയാനുള്ള സാധ്യതയും വർധിപ്പിക്കും.”
“അടിയന്തരസാഹചര്യത്തിലല്ലാതെ ഉപയോഗിക്കില്ല.”
“നിന്റെ വളകൾ പ്രത്യക്ഷപ്പെടുന്നത് ആരെങ്കിലും കണ്ടാൽ അവരെ മിണ്ടാതാക്കാൻ വീണ്ടും കറുത്ത വള ഉപയോഗിക്കണമെന്നു തോന്നും. ഒരു തെറ്റ് മറയ്ക്കാൻ രണ്ടാമത്തെ തെറ്റ്. അതിനെ മറയ്ക്കാൻ മൂന്നാമത്തേത്. അങ്ങനെയാണ് നിന്റെ അച്ഛൻ സ്വന്തം അതിരുകൾ നഷ്ടപ്പെടുത്തിയത്.”
