അതുകഴിഞ്ഞ് അടുത്തുള്ള ഹോട്ടലിൽ കേറി പലഹാരങ്ങള്‍ വാങ്ങിച്ചു. എന്നിട്ട് ഞങ്ങൾ തിരികെ നടന്നു.
“എന്നാലും ആന്റി, എന്നോട് ഈ പരീക്ഷണങ്ങൾ വേണ്ടായിരുന്നു..!” ഞാൻ തലയാട്ടി പറഞ്ഞതും ആന്റി പൊട്ടിച്ചിരിച്ചു.
“എല്ലാവരെയും കണ്ണടച്ച് വിശ്വസിക്കുന്ന ടൈപ്പല്ല ഞാൻ, ജിനു. ഷെഹിനയും അങ്ങനെയാണ്. അത്ര പെട്ടന്ന് ഞാൻ ആരെയും വിശ്വസിച്ച് അടുക്കത്തുമില്ല. പക്ഷേ ആരോടെങ്കിലും വിശ്വാസം തോന്നിക്കഴിഞ്ഞാൽ പിന്നെ മറ്റുള്ളവർ എന്ത് വൃത്തികേട് ആ വ്യക്തിയെ കുറിച്ച് പറഞ്ഞാലും, എനിക്ക് സ്വന്തമായ അനുഭവം ഉണ്ടാകുന്നത് വരെ, ഞാൻ വിശ്വസിക്കില്ല.” ആന്റി ചിരിച്ചുകൊണ്ട് പറഞ്ഞു. “നിന്നെ എനിക്ക് വിശ്വാസമാണ്, ജിനു. ആ വിശ്വാസത്തിൽ ജനിച്ച അടുപ്പവും എനിക്ക് നിന്നോട് തോന്നിക്കഴിഞ്ഞു. അതുകൊണ്ടാണ് ഇക്കാര്യങ്ങളെല്ലാം ഞാൻ നിന്നോട് തുറന്നു പറഞ്ഞത്. ഷെഹിനക്കും നിന്നെക്കുറിച്ച് നല്ല അഭിപ്രായമാണ്.”
അതൊക്കെ കേട്ട് എനിക്ക് മറുപടി ഒന്നും പറയാൻ കിട്ടിയില്ല. അതുകൊണ്ട് ഞാൻ മിണ്ടാതെ നടന്നു.
വീട്ടില്‍ എത്തിയപ്പോ എല്ലാവരും അടുക്കളയിലായിരുന്നു. വലിയൊരു സ്റ്റീല്‍ പാത്രത്തിൽ പാലും പഞ്ചസാരയും ഇല്ലാത്ത ഹെര്‍ബല്‍ ടീ ഉണ്ടാക്കുന്ന തിരിക്കിലായിരുന്നു ജെസ്സി. മുമ്പ് ഞാനാണ് അവള്‍ക്ക് പഠിപ്പിച്ച് കൊടുത്തത്.
ഞാൻ സ്വയം തയ്യാറാക്കി എന്റെ വണ്ടിയില്‍ സ്റ്റോക്ക് ചെയ്തു വച്ചിരുന്ന എന്റെ സ്പെഷ്യൽ ഹെര്‍ബല്‍ പാക്ക് ഉപയോഗിച്ചാണ് ജെസ്സി ആ ഹെര്‍ബല്‍ ടീ ഉണ്ടാക്കി കൊണ്ടിരുന്നത്. ഞങ്ങളുടെ യാത്രക്കിടയിൽ കുടിക്കാന്‍ വേണ്ടിയാണ്. ആ ഹെര്‍ബല്‍ ടീയുടെ ഗുണങ്ങളെ കുറിച്ച് ജെസ്സി അവളുടെ ഫ്രണ്ട്സിനോടും ഷെഹിന ആന്റിക്കും പറഞ്ഞു കൊടുക്കുന്നുമുണ്ടായിരുന്നു.
“ഹെര്‍ബല്‍ ടീ ഉണ്ടാക്കിക്കഴിഞ്ഞു, അച്ചാച്ചാ.” ഞാനും സവിത ആന്റിയും തിരിച്ചെത്തിയത് കണ്ടപ്പോ ജെസ്സി എന്നോട് പറഞ്ഞു. “ഞങ്ങൾ ഈ ഹെര്‍ബല്‍ ടീ ഫ്ലാസ്ക്കിലാക്കി വച്ചിട്ട് ചായ ഉണ്ടാക്കാം, അച്ചാച്ചനും ആന്റിയും പോയി ഫ്രെഷായി വരൂ.” ഞങ്ങളുടെ കൈയിൽ നിന്നും സാധനങ്ങള്‍ എല്ലാം ജെസ്സിയും ഫ്രണ്ട്സും വാങ്ങിക്കുന്നതിനിടയിൽ ജെസ്സി എന്നോടും ഷെഹിന ആന്റിയോടുമായി പറഞ്ഞു.
“മ്മ് ഓക്കെ.” ഞാൻ ഏതെങ്കിലും ഒരു റൂമിലേക്ക് പോകാനായി അടുക്കളയില്‍ നിന്നിറങ്ങി.
രണ്ട് ആന്റിമാരും എന്തോ രഹസ്യമായി സംസാരിച്ചുകൊണ്ട് മറ്റൊരു റൂമിലേക്ക് കേറി പോയി.
ഞാൻ ബാത്റൂമിൽ കേറി സാവധാനത്തിൽ ഫ്രെഷായ ശേഷം പുറത്തേക്ക് വന്നു. എല്ലാവരും ഹാളില്‍ ഉണ്ടായിരുന്നു. എന്തോ കാര്യമായ ചര്‍ച്ചയും നടക്കുന്നത് ഞാൻ കണ്ടു.
ഹാളില്‍ ഉണ്ടായിരുന്ന ചെറിയ സോഫാസെറ്റിൽ രണ്ട് ആന്റിമാരും ഇരിക്കുകയായിരുന്നു, അവര്‍ക്ക് ഓപ്പോസിറ്റായി ജെസ്സിയും ഫ്രണ്ട്സും പ്ലാസ്റ്റിക് ചെയറുകളിൽ ഇരുപ്പുണ്ടായിരുന്നു. രണ്ട് ടീമുകൾക്കുമിടയിൽ ഒരു ചെറിയ മേശയും ഉണ്ടായിരുന്നു.
ആ മേശയിലാണ് ഹെര്‍ബല്‍ ടീ നിറച്ച ഫ്ലാസ്ക്കും, ചായ പാത്രവും, ഗ്ളാസും, പലഹാരങ്ങളും, ബേക്കറി ഐറ്റംസും വച്ചിരുന്നു. എല്ലാവർക്കും ആ മേശയിൽ നിന്നും വേണ്ടത് എടുക്കാനുള്ള സൗകര്യം ഉണ്ടായിരുന്നു.
എന്നെ കണ്ടതും അവരൊക്കെ ചർച്ച മതിയാക്കി പുഞ്ചിരിച്ചു. എന്നിട്ട് ഷെഹിന ആന്റി സോഫയിൽ ഇരുന്നുകൊണ്ട് തന്നെ അല്‍പ്പം ബുദ്ധിമുട്ടി ചായ പാത്രം എടുത്ത് എല്ലാ ഗ്ളാസിലും ചായ ഒഴിക്കാൻ തുടങ്ങി.
“വന്നിരിക്ക് ജിനുക്കാ.” ഹസ്ന അവളുടെ അടുത്ത് കിടക്കുന്ന കസേരയില്‍ തൊട്ട് പറഞ്ഞപ്പോ ഞാൻ ആ കസേരയില്‍ പോയിരുന്നു. ഉടനെ ജെസ്സി മുഖം വീർപ്പിച്ചു.
ഈ പെണ്ണിന്റെ കാര്യം..! ഞാൻ തലയാട്ടി മനസ്സിൽ ചിരിച്ചു. എന്നിട്ട് മേശയിൽ നിന്നും എന്റെ ചായ ഗ്ളാസ് എടുത്തു. മറ്റുള്ളവരും ചായ എടുത്ത് കുടിക്കാനും പലഹാരമെടുത്ത് കഴിക്കാനും തുടങ്ങി.
