“നിങ്ങള്‍ക്ക് വേണ്ടത് മാത്രം വിളിച്ച് പറഞ്ഞോളൂ. എനിക്കൊന്നും വേണ്ട, രണ്ട് മണിക്കൂര്‍ എനിക്ക് ഉറങ്ങിയാൽ മാത്രം മതി.” എന്റെ വാളറ്റ് എടുത്ത് ജെസ്സിയുടെ നേര്‍ക്ക് നീട്ടിക്കൊണ്ട് ഞാൻ പറഞ്ഞു. “ഇതിൽ വേണ്ടതിലധികം കാശുണ്ട്, ആവശ്യം പോലെ ചിലവാക്കാം.”
“കാശൊക്കെ ഞങ്ങൾ കൊടുത്തോളാം ജിനു.” സവിത ആന്റി ധൃതിയില്‍ പറഞ്ഞു.
“അതേ, ഞങ്ങൾ കൊടുക്കാം.” ഷെഹിന ആന്റി അസ്വസ്ഥത പ്രകടിപ്പിച്ചു. “നമ്മൾ വീട്ടില്‍ നിന്നിറങ്ങിയ നിമിഷം തൊട്ട് എല്ലാ ചിലവുകളും നി മാത്രമാണ് ചെയ്തത്, അത് ശരിയാവില്ല.”
“നിങ്ങളുടെ കൈയിൽ കാശില്ലല്ലോ. അക്കൗണ്ടിൽ അല്ലെ കിടക്കുന്നത്..!” ഞാൻ പറഞ്ഞു.
“അതേ, എന്താ കുഴപ്പം..?” സവിത ആന്റി ചോദിച്ചു. “ജിപേ ചെയ്താല്‍ പോരെ..?”
“ചില കമ്മീഷൻ പരുപാടികളൊക്കെ ഉള്ളതുകൊണ്ട് ഫുഡ് കൊണ്ടുവരുന്നവരുടെ കൈയിൽ കാശ് തന്നെ കൊടുക്കണം, ജിപേ ഒന്നും അവർ എടുക്കില്ല.” ഞാൻ കാര്യം പറഞ്ഞു.
“ഓ..!!” രണ്ട് ആന്റിമാരും പരസ്പ്പരം മിഴിച്ചു നോക്കി. അപ്പൊ ജെസ്സിയും കൂട്ടുകാരികളും അവരെ നോക്കി ചിരിച്ചു.
“അപ്പോ ശെരി അച്ചാച്ചാ. ഞാനും എന്റെ ഫ്രണ്ട്സും ഒരു റൂം എടുക്കാം. രണ്ട് ആന്റിമാർക്കും ഒരു റൂം. അച്ചാച്ചന് ഒരു റൂം.” ഞാൻ കൊടുത്ത എന്റെ വാളറ്റ് അവളുടെ ഹാന്‍ഡ് ബാഗിനകത്ത് വയ്ക്കുന്നതിനിടയിൽ ജെസ്സി തീരുമാനിച്ചു.
ജെസ്സിക്ക് അവളുടെ ഫ്രണ്ട്സിന്റെ കൂടെ റൂമിൽ പോകുന്നതിൽ അത്ര താൽപര്യമില്ലെന്ന് അവളുടെ മുഖം കണ്ടാൽ തന്നെ മനസ്സിലാവും. എന്റെ കൂടെ റൂമിൽ വരാനാണ് അവള്‍ക്ക് താൽപര്യം. പക്ഷേ അവള്‍ എന്റെ കൂടെ റൂമിൽ വന്നാല്‍ ഞങ്ങൾ എന്തെങ്കിലുമൊക്കെ സംസാരിച്ച് കൊണ്ടിരിക്കും, അപ്പൊ എനിക്ക് റെസ്റ്റെടുക്കാനും കഴിയില്ല. അതുകൊണ്ടാണ് അവള്‍ ആ തീരുമാനമെടുത്തത്.
“ഓക്കെ, അച്ചാച്ചൻ റൂമിൽ കേറി നന്നായി ഉറങ്ങിക്കോ. ഞങ്ങളാരും അച്ചാച്ചനെ ശല്യം ചെയ്യില്ല.” അതും പറഞ്ഞ് ജെസ്സി എന്റെ റൂം തുറന്ന ശേഷം കീ എന്റെ കൈയിൽ തന്നു. “പിന്നെ അച്ചാച്ചൻ റൂം ലോക്കൊന്നും ചെയ്യല്ലേ. സമയമാകുമ്പോ ഞാൻ വന്ന് അച്ചാച്ചനെ ഉണര്‍ത്താം.”
“മൊബൈലില്‍ കോൾ ചെയ്താലും മതിയല്ലോ, നീ പോയി തന്നെ ഉണര്‍ത്തണോ..?” ഹസ്ന ജെസ്സിയോട് ചോദിച്ചു.
“അച്ചാച്ചന് ഏതു നേരത്തും കോൾസും മെസേജുമൊക്കെ വന്നുകൊണ്ടിരിക്കുന്നത് നിങ്ങളും കണ്ടുകൊണ്ടിരിക്കുകയല്ലെ…?” ജെസ്സി ഹസ്നയോട് പറഞ്ഞു. “അതുകൊണ്ട് മൊബൈൽ ഒരു ശല്യമാവാതിരിക്കാൻ അച്ചാച്ചൻ മൊബൈൽ സൈലന്റിൽ ഇട്ടിട്ടാണ് ഉറങ്ങാറ്, അതുകൊണ്ട് നമ്മൾ കോൾ ചെയ്താല്‍ അച്ചാച്ചൻ അറിയില്ല.”
“ഓഹ്, ഓക്കെ, മനസ്സിലായി.” ഹസ്ന തലയാട്ടി.
“അപ്പോ വീട്ടില്‍ ഉള്ളപ്പോൾ രാവിലെ എങ്ങനെയാ അലാറം വെക്കാതെ സമയത്തിന് എണീക്കുക..?” റിഥി ചോദിച്ചു.
“എന്നും രാവിലെ നാല് മണിക്ക് അച്ചാച്ചൻ ഓട്ടോമാറ്റിക്കായി എഴുന്നേല്‍ക്കാറുണ്ട്. പക്ഷേ എന്നാലും ടൈം പീസിൽ അലാറം സെറ്റ് ചെയ്തിട്ടാണ് ഉറങ്ങാറ്.”
“ശെരി നിങ്ങൾ സംസാരിച്ചിക്ക് ഞാൻ പോണു.” ഞാൻ എന്റെ റൂമിൽ കേറാന്‍ തുടങ്ങി.
“ഓക്കെ, റൂം ലോക്ക് ചെയ്യല്ലേ.” ജെസ്സി പുറകില്‍ നിന്ന് പറഞ്ഞു.
“മ്മ് ലോക്ക് ചെയ്യില്ല. അപ്പൊ പിന്നെ കാണാം.” അതും പറഞ്ഞ് ഞാൻ എന്റെ റൂമിൽ കേറി റൂം വെറുതെ അടച്ചിട്ടു. എന്നിട്ട് വേഗം ബാത്റൂമിൽ പോയിട്ട് വന്നു. എന്റെ ഷർട്ടും അടി ബനിയനും മാത്രം അഴിച്ചിട്ടിട്ട് ഞാൻ ലൈറ്റ് ഓഫാക്കി കിടന്നു.
**************************
ആരോ എന്റെ മൂക്കില്‍ പിടിച്ചു തിരിക്കുന്നത് അറിഞ്ഞിട്ടാണ് ഞാൻ എന്റെ ഗാഢമായ ഉറക്കത്തിൽ നിന്നും ഉണര്‍ന്നത്. നാലഞ്ച് സെക്കന്റിന് എനിക്ക് സ്ഥലകാല ബോധമൊന്നും ഉണ്ടായില്ല, പക്ഷേ ഉടനെ ഉണ്ടാവുകയും ചെയ്തു.
കണ്ണ് തുറക്കാതെ തന്നെ എന്നോട് കുസൃതി കാണിക്കുന്ന കുറുമ്പി ആരാണെന്ന് എനിക്കറിയാമായിരുന്നു.
