“ഒരുപാട് ഒന്നുമല്ല, കുറച്ചുനേരം ആന്റി ഉറങ്ങി.”
“അതെയോ..? സമയം എത്രയാ..?” ചോദിച്ചുകൊണ്ട് ആന്റി കൈയിൽ കെട്ടിയിരുന്ന ആന്റിയുടെ വാച്ചിൽ നോക്കി.
പക്ഷേ ഇപ്പൊ ഉറക്കം ഉണര്‍ന്നത് കൊണ്ട് കണ്ണുകൾക്ക് ചെറിയ മങ്ങൽ കാരണവും, പിന്നെ വെളിച്ചക്കുറവ് മൂലവും വ്യക്തമായി കാണാന്‍ കഴിഞ്ഞിട്ടുണ്ടാവില്ല, അതുകൊണ്ട് വാച്ചിൽ നിന്നും കണ്ണുകൾ പിന്‍വലിച്ച് എന്റെ വണ്ടിയുടെ ഡിസ്പ്ലേയിൽ ആന്റി നോക്കി. “5:40 ആയോ..!! അപ്പൊ ഞാൻ നാല് മണിക്കൂറില്‍ കൂടുതൽ ഉറങ്ങിയല്ലോ.”
അന്നേരം പുറകില്‍ ഓരോരുത്തരായി ഉറക്കം പൂര്‍ണമായത് പോലെ നല്ല ഉന്മേഷത്തോടെ എഴുന്നേറ്റിരിക്കാൻ തുടങ്ങിയിരുന്നു.
“നമ്മൾ ഇപ്പൊ എവിടെയാ അച്ചാച്ചാ..? ഹൈദരാബാദ് കഴിഞ്ഞോ..?” ബേഡ്ഡായി കിടക്കുന്ന സീറ്റിനെ പഴയപടിക്ക് മാറ്റുന്നതിനിടയിൽ ജെസ്സി ചോദിച്ചു.
“ഹൈദരാബാദ് എപ്പോഴേ കഴിഞ്ഞു. ഏറെക്കുറെ നിസമബാദ് ബോര്‍ഡറിലാണ്.”
“ഇത്ര വേഗത്തിൽ നമ്മൾ ഇത്രയും ദൂരം ട്രാവൽ ചെയ്യുമെന്ന് ഞാൻ വിചാരിച്ചില്ല.” ഹസ്ന ഗൂഗിൾ മാപ്പ് തുറന്ന് ഞങ്ങൾ കടന്നു വന്ന ഡിസ്റ്റൻസ് എല്ലാം പരിശോധിക്കുന്നതിനിടയിൽ ആശ്ചര്യപ്പെട്ടു.
“പിന്നേ റോക്കറ്റ് പോലെ വണ്ടി വിട്ടാൽ ഇവിടെ എത്തില്ലേ..!!” സവിത ആന്റി എന്നെ നോക്കി തലയാട്ടി ചിരിച്ചു.
“നി പറഞ്ഞ ആ ഹോട്ടൽ ഉടനെ എത്തുമോ, ജിനു..?” ഷെഹിന ആന്റി പുറത്ത് കാണുന്ന സ്ഥലമൊക്കെ നോക്കുന്നതിനിടയിൽ ചോദിച്ചു.
“17,20 മിനിറ്റ് കൊണ്ട് എത്തും.” ഞാൻ മറുപടി കൊടുത്തു.
“6:20 എത്തും എന്നല്ലേ ജിനുവേട്ടൻ ഇന്നലെ ഞങ്ങളോട് പറഞ്ഞത്..! പക്ഷേ ചേട്ടൻ ഇപ്പൊ പറഞ്ഞത് വച്ച് നോക്കുമ്പോ നമ്മൾ 6 മണിക്കെ എത്തുമല്ലോ..!!” റിഥി കണ്ണുകൾ തിരുമ്മി കൊണ്ട് പറഞ്ഞു.
“6:20 ഒരു രസവുമില്ല. അതുകൊണ്ട് റൗണ്ടായി 6 മണിക്ക് എത്തിക്കാമെന്ന് വിചാരിച്ചു.” ഞാൻ പറഞ്ഞപ്പോ എല്ലാവരും ചിരിച്ചു.
“എന്തായാലും നിന്റെ വണ്ടി അടിപൊളിയാണ്.” പറഞ്ഞിട്ട് ഷെഹിന ആന്റി സീറ്റില്‍ നന്നായി ചാരിയിരുന്നു. “ഇത്രയും കംഫർട്ടായി ഇരിക്കാനും ഉറങ്ങാനും കഴിയുമെന്ന് ഞാൻ വിചാരിച്ചേയില്ല. നന്നായി ഉറങ്ങാൻ കഴിഞ്ഞു.” ആന്റി തൃപ്തിയോടെ എന്നെ നോക്കി പറഞ്ഞു. ഞാൻ ആന്റിയെ നോക്കി വെറുതെ പുഞ്ചിരിച്ചിട്ട് വീണ്ടും റോഡില്‍ നോക്കി ഓടിച്ചു.
അതോടെ രണ്ട് ആന്റിമാരും, ജെസ്സിയും, കൂട്ടുകാരികളും തമ്മില്‍ എന്തൊക്കെയോ ചെറിയ വർത്തമാനം തുടങ്ങി. ഞാൻ റോഡില്‍ മാത്രമാണ് ശ്രദ്ധിച്ചത്.
14 മിനിറ്റ് കൊണ്ട് ഞാൻ പറഞ്ഞ ആ ഹോട്ടലിന് മുന്നില്‍ കൊണ്ട് പാർക്ക് ചെയ്തതും പുറത്ത് ഉണ്ടായിരുന്ന സെക്യൂരിറ്റി പുഞ്ചിരിയോടെ കൈ പൊക്കി കാണിച്ചു. ഞാനും മറു പുഞ്ചിരിയോടെ കൈ കാണിച്ചു.
“ചേട്ടന് പരിചയമുള്ള സെക്യൂരിറ്റിയാണോ അത്..?” റിഥി ചൊദിച്ചു.
“മ്മ്, എല്ലാ മാസവും ഞാൻ ഇവിടെ വരാറുള്ളത് കൊണ്ട് അറിയാം.” മറുപടി കൊടുത്തിട്ട് ഞാൻ വണ്ടി ഓഫ് ചെയ്തിട്ട് പുറത്തിറങ്ങി. മറ്റുള്ളവരും ഇറങ്ങി അവര്‍ക്ക് വേണ്ട സാധനങ്ങളും അവരുടെ ലഗേജിൽ നിന്നെടുത്തു.
ശേഷം എല്ലാവരെയും കൂട്ടി ഹോട്ടലിൽ കേറി മൂന്ന് മണിക്കൂറത്തേക്ക് മൂന്ന് റൂം ഞാൻ ബുക്ക് ചെയ്തു. എന്നിട്ട് അവരെയും കൂട്ടി ഫസ്റ്റ് ഫ്ലോറിൽ തന്നെ ഞങ്ങളുടെ റൂമുകൾ സ്ഥിതി ചെയ്യുന്ന ഭാഗത്തേക്ക് നടന്നു.
“9 മണിക്ക് നമ്മൾ പുറപ്പെടണം.” അടുത്തടുത്തുള്ള ഞങ്ങളുടെ മൂന്ന് റൂമുകൾക്ക് മുന്നില്‍ വന്നതും ഞാൻ എല്ലാവരോടുമായി പറഞ്ഞു. “പിന്നേ ബ്രേക്ക്ഫാസ്റ്റിന് റിസപ്ഷനിൽ വിളിച്ച് നിങ്ങള്‍ക്ക് ഇഷ്ടമുള്ള ബ്രേക്ക്ഫാസ്റ്റ് പറഞ്ഞാല്‍ അവർ തന്നെ വേണ്ട റെസ്റ്റോറന്റുകളിലൊക്കെ വിളിച്ച് ഓര്‍ഡര്‍ കൊടുത്തോളും. റെസ്റ്റോറന്റിൽ നിന്നും ഹോം ഡെലിവറി ഉള്ളതുകൊണ്ട് ഫുഡ് ഇവിടെ റൂമിൽ എത്തിക്കും.”
“ഓക്കെ, ഞാൻ നമുക്ക് വേണ്ടതൊക്കെ ഞാൻ റിസപ്ഷനിൽ വിളിച്ചു പറയാം.” സവിത ആന്റി ബ്രേക്ക്ഫാസ്റ്റ് അറേഞ്ച് ചെയ്യുന്ന കാര്യം ഏറ്റെടുത്തു. “അപ്പൊ ജിനുവിന് എന്താ വേണ്ടത്..?” സവിത ആന്റി എന്നോട് ചോദിച്ചു.
