റോക്കി – 2അടിപൊളി  

 

‘ദാ സുരേഷേ ഓട്ടോ ഇറക്ക്..’

ഞങ്ങൾ വഴി ചോദിച്ച ചേട്ടൻ അവിടെ നിന്ന മറ്റൊരാളോട് ഉറക്കെ പറഞ്ഞു. ഞങ്ങൾക്ക് വേണ്ടി ഒരു വഴക്കിനു പോകാനാണ് അവർ തുനിഞ്ഞത്. അത് ഞങ്ങളുടെ അവസ്‌ഥ കണ്ടുള്ള വിഷമം കൊണ്ടാണോ എതിർ പാർട്ടിക്കാരോടുള്ള അമർഷം കൊണ്ടാണോ എന്ന് എനിക്ക് മനസിലായില്ല.

 

‘അയ്യോ വേണ്ട. ഞങ്ങൾക്ക് വേണ്ടി നിങ്ങൾ ഇനി പോയി.. അടി ഒന്നും ഉണ്ടാക്കേണ്ട. ഞങ്ങൾ പോയില്ലേൽ പോയില്ല എന്നെ ഉള്ളു. ഇനി ഇത് പറഞ്ഞു വഴക്കിനു ഒന്നും ആരും പോകണ്ട..’

ഇഷാനി അവരോട് പറഞ്ഞു. അവൾ ഒരുപാട് നിർബന്ധിച്ചിട്ടാണ് അവർ ആ തീരുമാനത്തിൽ നിന്ന് പിന്മാറിയത്..

 

‘മനോജ്‌ അണ്ണാ നമുക്ക് പോലീസിൽ വിളിച്ചാലോ..?

കൂടെ നിന്ന ഒരുവൻ മനോജ്‌ എന്ന് പേരുള്ള, ഞങ്ങൾ വഴി ചോദിച്ച ചേട്ടനോട് ചോദിച്ചു..

 

‘പോലീസ്… നല്ല പറിയന്മാരാണ്.. ഇവന്റെ ഒക്കെ പാർട്ടി അല്ലെ ഇവന്മാർക്ക് ചിലവിന് കൊടുക്കുന്നത്..’

എല്ലാ വഴിയും അടഞ്ഞു. ഇഷാനിയെ അവളുടെ വീട്ടിൽ എത്തിക്കുമെന്ന് വാക്ക് കൊടുത്തതാണ്. ഇതിപ്പോ ഞങ്ങൾക്ക് തിരിച്ചു പോകാൻ പോലും പറ്റാത്ത അവസ്‌ഥ ആയി. ഞങ്ങളുടെ രണ്ട് പേരുടെയും മുഖഭാവം കണ്ടു സങ്കടം തോന്നി മനോജ്‌ എന്ന ചേട്ടൻ പറഞ്ഞു

 

‘എന്റെ കൊച്ചേ നിങ്ങൾ ഇങ്ങനെ പേടിച്ചു നിന്നാൽ നിൽക്കത്തെ ഉള്ളു. ഞങ്ങൾ പ്രശ്നം ഒന്നും ഉണ്ടാക്കില്ല.. ‘

 

പക്ഷെ ഇഷാനി എന്നിട്ടും അവരോട് വഴക്ക് ഉണ്ടാകുമെന്ന പേടിയിൽ സമ്മതിച്ചില്ല. മാത്രമല്ല ഇവിടുന്ന് ഇറക്കിയാലും അടുത്ത ജംഗ്ഷനിൽ വച്ചു വീണ്ടും പാർട്ടിക്കാർക്ക് പിടിക്കാവുന്നതേ ഉള്ളു ഞങ്ങളെ. എത്ര ദൂരം എന്ന് വച്ചാണ് കോളനിക്കാർക്ക് ഞങ്ങളെ സംരക്ഷിക്കാൻ പറ്റുക. അവിടെ നിന്നിരുന്ന സ്ത്രീകൾ ആണ് ഈ കാര്യം ചൂണ്ടി കാട്ടിയത്. അവർ പറഞ്ഞതും ശരിയാണ്.. അവർക്ക് ഞങ്ങളെ എവിടെ വച്ചു വേണമെങ്കിലും പിടിക്കാവുന്നതേ ഉള്ളു. സമയം പിന്നെയും കടന്നു പോയി. മനോജ്‌ ചേട്ടൻ എന്റെ അടുക്കൽ വന്നു ചോദിച്ചു.

 

‘ഇവിടുന്ന് ഇറങ്ങാനുള്ള വഴി ഞാൻ കാണിച്ചു തരാം. നിനക്ക് പോകാനുള്ള തന്റേടം ഉണ്ടോ..?

ഉണ്ടെന്നത് എന്റെ മറുപടി കിട്ടും മുമ്പ് തന്നെ അങ്ങേർക്ക് മനസിലായിരുന്നു. തന്റേടം ഉണ്ടെന്ന മറുപടി കിട്ടിയപ്പോ പുള്ളിക്ക് സന്തോഷം ആയി. ഞങ്ങൾ പോയത് കോളനിയുടെ അങ്ങേ അറ്റത്തേക്കാണ്. മനോജ്‌ അണ്ണനും കൂടെ ഉള്ളവരും അവിടെ നിന്ന വേലി പൊളിക്കാൻ തുടങ്ങി. അവർക്ക് ബുദ്ധിമുട്ട് ആകുമെന്ന് കരുതി അതും വേണ്ടന്ന് പറയാൻ ചെന്ന ഇഷാനിയെ ഇത്തവണ മനോജ്‌ അണ്ണൻ വഴക്ക് പറഞ്ഞു. ഇനി പുള്ളി പറയും നിങ്ങൾ കേട്ടാൽ മതി എന്ന ലൈൻ ആയിരുന്നു അങ്ങേര്.. വേലി ഒരുമാതിരി പൊളിച്ചു നീക്കിയപ്പോൾ ആണ് ശരിക്കുള്ള തടസം ഞാൻ കണ്ടത്.. ഒരു കനാല്. അതിനപ്പുറം ആണ് റോഡ്. അതെങ്ങനെ കടക്കും എന്നോർത്ത് എനിക്ക് കൺഫ്യൂഷൻ ആയി

 

‘ഇതെങ്ങനെ കടക്കും..?

ഞാൻ എന്റെ സംശയം മനോജ്‌ അണ്ണനോട് ചോദിച്ചു

 

‘നീ ബൈക്ക് ജമ്പ് ചെയ്യിക്കുമോ..?

പുള്ളി എന്നോട് ചോദിച്ചു. ഞാൻ സ്റ്റണ്ടിങ്ങ് ഒക്കെ അത്യാവശ്യം നടത്തിയിട്ടുണ്ട്. അതൊക്കെ എത്രയോ വർഷം മുന്നേ ആണ്. പക്ഷെ അന്ന് പോലും ഇത്രയും ദൂരം ഒന്നും ജമ്പ് ചെയ്യിക്കാൻ ഞാൻ നോക്കിയിട്ടില്ല.. ഇനി ഇപ്പൊ ഇതേ ഉള്ളോ വഴി എന്ന മട്ടിൽ കണ്ണ് മിഴിച്ചു നിൽക്കുമ്പോ ആണ് മനോജ്‌ അണ്ണന് ചിരിച്ചത്.. പുള്ളി ഒരു തമാശക്ക് ചോദിച്ചത് ആയിരുന്നു.. കനാലിൻ കുറുകെ ഒരു പാലം പോലെ തടി ഇടനായിരുന്നു അവരുടെ പ്ലാൻ. കുറച്ചു തപ്പിയിട്ട് ആണെങ്കിലും അതിനുള്ള നീളവും വണ്ണവും ഒക്കെയുള്ള ഒരു തടി അവർ സംഘടിപ്പിച്ചു. അതിന് പക്ഷെ വീതി കുറച്ചു കുറവാണ് എന്ന് എനിക്ക് തോന്നി.

 

‘ഇതിലൂടെ വണ്ടി ഓടിക്കാൻ പറ്റുമോ നിനക്ക്.. ഇല്ലേൽ നമുക്ക് എങ്ങനെ എങ്കിലും തള്ളി അപ്പുറെ എത്തിക്കാം..’

അണ്ണൻ എന്നോട് ചോദിച്ചു..

എന്റെ ബൈക്കിനു പോകാനുള്ള വീതി ഉണ്ട് തടിക്ക്. ഇടയ്ക്ക് ചെറുതായ് ഒന്ന് പാളിയാൽ അടിച്ചും തല്ലി താഴത്തെ ചെളി വെള്ളത്തിൽ കിടക്കും. അതിലും ഭേദം പാർട്ടിക്കാരുടെ ഇടി കൊള്ളുന്നത് ആണ് എന്ന് തോന്നി. തള്ളലും കുറച്ചു റിസ്ക് ആണ്. വണ്ടിക്ക് നല്ല വെയിറ്റ് ഉള്ളത് കൊണ്ട് തള്ളുന്ന വഴിയിൽ കയ്യിൽ നിന്നില്ലെങ്കിൽ താഴെ കിടക്കും ബൈക്ക്. ഞാൻ ബൈക്ക് ഓടിച്ചു കയറ്റാൻ തന്നെ തീരുമാനിച്ചു..

പതിയെ റെയ്‌സ് ചെയ്തു ഞാൻ തടിയുടെ മുകളിൽ ടയർ രണ്ടും കയറ്റി. പിന്നിൽ നിന്ന് അണ്ണന്മാർ സപ്പോർട്ട് തരുന്നുണ്ട്. ഇനി കൈ കൊടുത്തു നേരെ ഒറ്റപ്പോക്ക്.. കനാലിന് അപ്പുറം എത്തിയാൽ രക്ഷപെട്ടു. ഞാൻ ഇഷാനിയെ നോക്കി. അവൾ കണ്ണടച്ചു മാറി നിൽക്കുകയാണ്. ഞാൻ ഒറ്റക്ക് ഓടിച്ചു കയറ്റാനാണ് പ്ലാൻ. ഞാൻ ബൈക്ക് റെയ്‌സ് ചെയ്തു മുന്നോട്ടു കുതിച്ചു. രണ്ട് സൈഡിലും ആളുകൾ ഉണ്ടായിരുന്നു. അഥവാ തടി പൊങ്ങി പോയാൽ ബാലൻസ് ചെയ്യാൻ.. കണ്ണടച്ചു തുറക്കുന്ന സമയം കൊണ്ട് ഞാൻ അപ്പുറം എത്തി.. ആ സമയം അവിടെ കൂടി നിന്ന കോളനിക്കാർ സന്തോഷത്തോടെ ആർപ്പ് വിളിച്ചു.. അണ്ണൻ ആണ് അവരോട് ശബ്ദം ഉണ്ടാക്കരുത് എന്ന് പറഞ്ഞു സൈലന്റ് ആക്കിയത്.. അടുത്ത ഊഴം ഇഷാനിയുടെ ആയിരുന്നു. പാലത്തിൽ കയറി ഒരുപാട് എക്സ്പീരിയൻസ് ഉള്ളതാണ് ഇഷാനിക്ക്. പാലവും തൊടുകളും ഒക്കെ എന്നേക്കാൾ കണ്ടിട്ടുള്ളത് അവളാണ്. അത് കൊണ്ട് വലിയ പേടി അവൾക്ക് തോന്നിയില്ല. എന്നാലും മനോജ്‌ അണ്ണൻ തന്നെ അവളെ കൈ പിടിച്ചു ഇപ്പുറം എത്തിച്ചു. പോകുന്നതിന് മുമ്പ് ഞങ്ങൾ എല്ലാവർക്കും നന്ദി പറഞ്ഞു. ഞങ്ങൾ വന്നു പെട്ടത് ഇത്രയും സ്നേഹവും സഹകരണവും ഉള്ള ആളുകൾക്ക് ഇടയിൽ ആയത് ഭാഗ്യം.

തിരിച്ചു ഞങ്ങൾ പോയത് വേറെ വഴി ആണ്. കുറച്ചു ചുറ്റൽ ആണ്. ഒരു പത്തിരുപതു കിലോമീറ്റർ കൂടുതൽ ഓടണം. അവന്മാരുടെ വായിൽ കേറുന്നതിലും നല്ലത് കുറച്ചു ദൂരം കൂടുതൽ ഓടിക്കുന്നത് തന്നെ. വഴി ഒക്കെ മനോജ്‌ അണ്ണൻ കൃത്യമായി പറഞ്ഞു തന്നിരുന്നു. അത് കൊണ്ട് എവിടെയും തപ്പൽ ഉണ്ടായില്ല. പിന്നീട് അങ്ങോട്ട് പാർട്ടിക്കാരുടെ ശല്യവും അധികം ഉണ്ടായില്ല.

പിന്നെയും കുറെ ദൂരം ചെന്നപ്പോളാണ് ഇഷാനി എന്തോ അസ്വസ്‌ഥ ആകുന്നത് പോലെ എനിക്ക് തോന്നിയത്. ഞാൻ ചോദിച്ചപ്പോൾ ഒന്നുമില്ല എന്നവൾ പറഞ്ഞെങ്കിലും പിന്നെ വേറെ വഴി ഇല്ലാതെ ‘ഒന്നാണ് ‘ പ്രശ്നം എന്ന് പറയേണ്ടി വന്നു. എന്നോട് നേരിട്ട് പറയാൻ ബുദ്ധിമുട്ട് ഉള്ളത് കൊണ്ട് ചെറു വിരൽ മാത്രം ഉയർത്തി കൊച്ചു കുട്ടികൾ കാണിക്കുന്നത് പോലെ ഇഷാനി ആംഗ്യം കാണിച്ചു . രാവിലെ മുതൽ ഒറ്റയിരിപ്പ് അല്ലെ മൂത്രം ഒഴിക്കാൻ എനിക്കും മുട്ടുണ്ടായിരുന്നു. എനിക്ക് ഏതെങ്കിലും മൂലക്ക് കയറി കാര്യം സാധിക്കുന്ന പോലെ ആണോ അവൾക്ക്.. ഞാൻ ഫോണിൽ പമ്പ് അടുത്ത് വെല്ലോം ഉണ്ടോ എന്ന് നോക്കി. ഹർത്താൽ ആണെങ്കിലും ബാത്രൂം ഓപ്പൺ ആയിരിക്കുമോ എന്നെനിക്ക് സംശയം തോന്നി. എന്തായാലും അടുത്തെങ്ങും പമ്പും ഇല്ല. അടുത്തുള്ള വീട്ടിൽ എവിടെ എങ്കിലും കയറി കാര്യം പറഞ്ഞാൽ അവർ സമ്മതിക്കുമെന്ന് ഞാൻ അവളോട് പറഞ്ഞു. അവൾക്ക് അതിനും സമ്മതമല്ലായിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *