റോക്കി – 2അടിപൊളി  

 

വൈകുന്നേരം ഇഷാനി തിരക്കിൽ ആയത് പോലെ തന്നെ രാത്രി ആളുകൾ വന്നു തുടങ്ങിയപ്പോൾ ഞാനും ബിസി ആയി. അവിടെ വരുന്നവർക്ക് കസേര ഇടാൻ, ഭക്ഷണം വിളമ്പാൻ ഒക്കെ ഒരു മടിയും ഇല്ലാതെ ആ വീട്ടിലെ ഒരാളെ പോലെ ഞാൻ നിന്നു. എല്ലാം ഒന്ന് ഒതുങ്ങിയത് പത്തു മണി ഒക്കെ കഴിഞ്ഞാണ്. ആളുകളുടെ തിരക്ക് എല്ലാം ഒഴിഞ്ഞു ഞാൻ ഒരു മൂലയിൽ കസേരയിൽ ഇരിക്കുമ്പോ അവൾ വന്നു എന്റെ അരികിൽ ഒരു കസേരയിൽ വന്നിരുന്നു

 

‘കഴിച്ചോ…?

അവൾ ചോദിച്ചു.. കുറെ നേരമായി എന്റെ കാര്യങ്ങൾ അന്വേഷിക്കാൻ പറ്റാഞ്ഞതിൽ ഉള്ള ഉത്കണ്ഠ അവൾക്ക് ഉണ്ടായിരുന്നു. കഴിച്ചു എന്ന് ഞാൻ അവൾക്ക് മറുപടി കൊടുത്തു..

 

‘എന്നിട്ട് ഫുഡ്‌ ഒക്കെ കൊള്ളാരുന്നോ.. ഇഷ്ടപ്പെട്ടോ..?

 

‘ഫുഡ്‌ ഒക്കെ അടിപൊളി.. നീ കഴിച്ചോ..?

 

‘ഇല്ല.. എന്റെ കയ്യിലാണെൽ മൈലാഞ്ചി ഇരിക്കുവാ.. ഉണങ്ങിയില്ല.. ഇനി ഇത് ഉണങ്ങുമ്പോ ഒരു സമയം ആകും..’

 

‘നേരത്തെ കഴിക്കാൻ മേലായിരുന്നോ നിനക്ക്..’

 

‘അപ്പോൾ എനിക്ക് വിശപ്പ് തോന്നിയില്ല..’

 

‘ഇപ്പൊ വിശക്കുന്നുണ്ടോ..’

 

‘ഉണ്ട്.. എന്ത് ചെയ്യാനാ.. ‘

ഇഷാനി സങ്കടത്തോടെ പറഞ്ഞു..

 

‘ഞാൻ ചോർ വാരി തരാം..’

 

‘അയ്യോ അത് വേണ്ട. ആരെങ്കിലും കണ്ടാൽ ശരിയാകില്ല..’

അവൾ എതിർത്തു

 

‘ആരും കാണില്ല. പെട്ടന്ന് കഴിക്കാം..’

ഞാൻ അവളെ നിർബന്ധിച്ചു

 

‘എന്നാൽ റൂമിൽ പോകാം.. ഇവിടെ ആരെങ്കിലും ഒക്കെ കാണും..’

 

എനിക്ക് കിടക്കാൻ ഒരുക്കി തന്നത് രവിയച്ഛന്റെ മുറി ആയിരുന്നു.. ഞാൻ ചോറ് ഒരു പാത്രത്തിൽ എടുത്തു. അച്ചാറും പുളിശ്ശേരിയും മതി എന്ന് ഇഷാനി പറഞ്ഞിരുന്നു. അതാണ് അവളുടെ ഫേവറേറ്റ്.. എനിക്കും പുളിശ്ശേരി വളരെ ഇഷ്ടമായിരുന്നു.. ഒരു കൊച്ചു കുഞ്ഞിനെന്ന പോലെ ഉരുള ഉരുട്ടി ഞാൻ അവളുടെ വായിൽ കൊടുത്തു. അറിയാതെ ആണെങ്കിലും പലവട്ടം എന്റെ വിരലുകൾ അവളുടെ ചുണ്ടിൽ സ്പർശിച്ചു.. ഇടയ്ക്ക് വച്ചു മതി എന്ന് പറഞ്ഞെങ്കിലും മുഴുവൻ കഴിക്കാതെ ഞാൻ അവളെ എണീപ്പിച്ചില്ല. വാ കഴുകാൻ കപ്പിൽ വെള്ളവും അവളുടെ ചുണ്ടിൽ മുട്ടിച്ചു കൊടുത്തു.. പിന്നെ ഞങ്ങൾ വീണ്ടും തിരിച്ചു മുറ്റത്തെ അശോകത്തിന് ചുവട്ടിൽ ഒരു കസേര ഇട്ടിരുന്നു..

 

‘ചേച്ചിയുടെ കല്യാണം ആയിട്ട് എന്തെങ്കിലും കൊടുക്കുന്നുണ്ടോ..?

ഞാൻ അവളോട് ചോദിച്ചു. അവളുടെ മുഖം പെട്ടന്ന് വല്ലാതെ ആയി

 

‘അവൾക്കൊരു മാല കൊടുക്കണം എന്റെ വകയെന്ന് കരുതിയതാ.. പക്ഷെ നടന്നില്ല..’

 

‘എന്ത് പറ്റി..?

ഞാൻ ചോദിച്ചു

 

‘പെട്ടന്ന് കല്യാണം വന്നത് കൊണ്ട് കയ്യിൽ അങ്ങനെ സേവിങ്സ് ഒന്നും ഉണ്ടായിരുന്നില്ല.. പിന്നെ കാശ് പലിശക്ക് കൊടുക്കുന്ന ഒരാളുടെ കാര്യം കടയിലെ മായ ചേച്ചി പറഞ്ഞിരുന്നു. അയാൾ തരാം എന്ന് ഏറ്റതാ.. അത് നോക്കി ആണ് ഇന്നലെ വൈകിട്ട് വരെ അവിടെ നിന്നത്. അത് കിട്ടിയാൽ ഇവിടെ നിന്നായാലും വാങ്ങാമെന്ന് കരുതി. പക്ഷെ കിട്ടിയില്ല.. അത് കൊണ്ട് തല്ക്കാലം സ്നേഹം മാത്രം ഉള്ളു അവൾക്ക് കൊടുക്കാൻ..’

ഇഷാനി ഒരു ചിരിയോടെ എന്നോട് പറഞ്ഞു. അവളത് ഉള്ളിലെ സങ്കടം മറയ്ക്കാൻ ചിരിച്ച ചിരി ആണെന്ന് എനിക്ക് അറിയാമായിരുന്നു

അന്ന് രാത്രി ഒരുപാട് നേരം ഞങ്ങൾ സംസാരിച്ചിരുന്നു.. ഏറെ വൈകി ശ്രുതി അവളെ തിരക്കി വന്നില്ലായിരുന്നു എങ്കിൽ പുലർച്ച വരെ ഞങ്ങൾ അവിടെ ഇരുന്നേനെ..

 

രാവിലെ ശ്രുതി ആണ് എന്നെ വിളിച്ചു ഉണർത്തിയത്. അവളെനിക്ക് ബ്രഷും പേസ്റ്റും കൊണ്ട് തന്നു. പല്ല് തേപ്പ് കഴിഞ്ഞു കുളിക്കാൻ തയ്യാറാകുമ്പോൾ ആണ് ഇഷാനി രാവിലെ തന്നെ കുളിച്ചു നിൽക്കുന്നത് കണ്ടത്. ഇന്നലെ അവളായി സംസാരിച്ച കൂട്ടത്തിൽ അടുത്ത് തന്നെ ഒരു തോട് ഉണ്ടെന്ന് പറഞ്ഞിരുന്നു.. ഞാൻ തോർത്തായി പോയി അവിടെയാണ് കുളിച്ചത്. ഒരുപാട് നാൾ കൂടി നീന്താനും പറ്റി.. ഈ നാടും നാട്ടുകാരെയും ഒക്കെ അർജുന് ഒരുപാട് ഇഷ്ടമായിരിക്കുന്നു…

 

കല്യാണത്തിന് ഒരു മെറൂൺ കളർ ലെഹങ്ക ആയിരുന്നു ഇഷാനി ധരിച്ചിരുന്നത്.. അന്ന് ഇഷാനി ഒരുങ്ങാൻ തന്നെ നല്ല സമയം എടുത്തു. അധികം മേക്കപ്പ് ഇടുന്നത് അവൾക്ക് പണ്ടേ ഇഷ്ടം അല്ല. എങ്കിലും ഇന്നവൾ കണ്ണെഴുതി, പൊട്ട് തൊട്ട് , മുടി നല്ല വകർപ്പ് എടുത്തു ചീകി ഒതുക്കി… ചുണ്ടുകൾക്ക് അല്ലേൽ തന്നെ ചുവപ്പ് ഉള്ളത് കൊണ്ട് ലിപ്സ്റ്റിക്ക് അവൾ തൊട്ടില്ല.. മൊത്തത്തിൽ സുന്ദരിക്കുട്ടി ആയി. സാധാരണ അവളുടെ ഒരുക്കം മുടി മാടി ഒതുക്കുന്നതിൽ തീരും.

ഒരുങ്ങി ഇറങ്ങിയ ഉടൻ ആദ്യം തിരഞ്ഞത് അർജുനെ ആയിരുന്നു. അവിടെ എങ്ങും അവൾക്ക് അവനെ കാണാൻ പറ്റിയില്ല. ശ്രുതി ആണ് പറഞ്ഞത് ചേട്ടൻ കഴിച്ചു കഴിഞ്ഞു ഒരുങ്ങി ബൈക്കിൽ കയറി പോയെന്ന്. അവൻ ഇത്ര നേരത്തെ അമ്പലത്തിലോട്ട് പോയോ.. തന്നോട് ഒന്ന് പറയുക പോലും ചെയ്യാതെ അമ്പലത്തിലോട്ട് പോയത് ഇഷാനിക്ക് മനസിലായില്ല. അവനെ ഫോണിൽ വിളിച്ചപ്പോൾ നേരെ അമ്പലത്തിലോട്ട് വന്നോളാമെന്നും പറഞ്ഞു. ഇവനെന്ത് പറ്റി എന്ന് ഇഷാനി ചിന്തിച്ചു. അമ്പലത്തിലേക്ക് ബൈക്കിൽ ഒരുമിച്ച് പോകാമെന്നു അവൻ നിർബന്ധിക്കുമെന്ന് അവൾ കരുതിയിരുന്നു. ആദ്യം സമ്മതിക്കാതെ പിന്നെ അവന്റെ നിർബന്ധത്തിന് വഴങ്ങി കൊടുക്കാമെന്നും ഇഷാനി മനസിൽ കണക്ക് കൂട്ടിയതായിരുന്നു. തന്നെ ഈ ലുക്കിൽ കാണുന്ന മാത്രയിൽ അർജുന്റെ മുഖത്ത് ഉണ്ടാകുന്ന ഭാവവും അവൾ മനസിൽ കണ്ടിരുന്നു. അവൻ പലപ്പോഴും തന്നെ നോക്കി ആസ്വദിക്കുന്നത് അവൾക്ക് മനസിലായിട്ടുണ്ട്. മറ്റൊരാൾ തന്നെ പുകഴ്ത്തുന്നതോ തന്റെ സൗന്ദര്യം ആസ്വദിക്കുന്നതോ ഇഷാനിക്ക് ഇഷ്ടം അല്ലായിരുന്നു. അർജുന് മാത്രം ഈ കാര്യത്തിൽ അവളൊരു പരിഗണന കൊടുത്തിരുന്നു..

അമ്പലത്തിൽ വന്നിട്ടും ഒരുപാട് നേരം കഴിഞ്ഞാണ് അർജുൻ ഇഷാനിക്ക് മുമ്പിൽ പ്രത്യക്ഷപ്പെടുന്നത്. പറയാതെ എങ്ങോട്ടോ മുങ്ങിയതിൽ ഉള്ള ദേഷ്യം അവളുടെ മുഖത്ത് ഉണ്ടായിരുന്നു. എന്നാൽ അർജുൻ ശ്രദ്ധിച്ചത് ആ ദേഷ്യമായിരുന്നില്ല. ചുവപ്പിൽ നിഴൽ വീണത് പോലെ കട്ട മെറൂൺ നിറത്തിലുള്ള ലെഹങ്ക ആയിരുന്നു അവളുടെ വേഷം. ഡ്രെസ്സിന്റെ ചെറിയ വിടവിൽ അവളുടെ ചന്ദനവയർ അർജുൻ കണ്ടു. വാച്ചിന് പകരം അവളുടെ കൈകളിൽ വർണ്ണങ്ങൾ വിതറിയ വളകൾ സ്‌ഥാനം പിടിച്ചു. ലെഹങ്കയുടെ ഷാൾ അവളുടെ രണ്ട് കൈകളിലും ചുറ്റി കിടന്നു.. ആകെ മൊത്തം അവളെ ഇപ്പോൾ കണ്ടാൽ ഒരു നോർത്ത് ഇന്ത്യൻ കുട്ടൂസിനെ പോലെ തോന്നും

 

‘നീ എവിടെ പോയതാ എന്നോട് പറയാതെ..?

സൗന്ദര്യം ആസ്വദിച്ചു കഴിഞ്ഞു ഇപ്പോളാണ് അർജുൻ അവളുടെ മുഖത്തെ ദേഷ്യം ശ്രദ്ധിക്കുന്നത്.

 

‘ഞാൻ ഒന്ന് വെറുതെ നിങ്ങളുടെ നാടൊക്കെ ഒന്ന് കാണാൻ ഇറങ്ങിയതാ…’

Leave a Reply

Your email address will not be published. Required fields are marked *