റോക്കി – 2അടിപൊളി  

 

‘വേറെ ആരുമല്ല നീ തന്നെയാ.. നീ അന്ന് വീട്ടിൽ വന്നപ്പോൾ അവരാരെങ്കിലും പറഞ്ഞു അറിഞ്ഞതാണ് എന്റെ ഈ പേര്. എനിക്ക് അത് ഇഷ്ടം അല്ലെന്നറിഞ്ഞു എന്നെ ദേഷ്യം പിടിപ്പിക്കാനാണ് നീ ഇത് ആരും കാണാതെ വീടിന്റെ മുന്നിൽ കൊണ്ട് വച്ചത്..’

അവളുടെ ആരോപണം ഞാൻ ഒരു രസത്തോടെ കേട്ടിരുന്നു.. ഞാനത് നിഷേധിച്ചിട്ടും കാര്യമില്ല, അവൾ ഞാൻ തന്നെ ആണ് ചുരിദാർ വാങ്ങി അവിടെ വച്ചതെന്ന് വിശ്വസിച്ചിരിക്കുകയാണ്..

‘നീ എന്നെ ദേഷ്യം പിടിപ്പിക്കാനാണ് ഇത് ചെയ്തത് എങ്കിൽ എനിക്ക് നല്ല ദേഷ്യം വരണുണ്ട്..’

 

അത്രയും പറഞ്ഞു എന്നെ ദേഷ്യത്തിൽ നോക്കി ജ്വലിപ്പിച്ചിട്ട് അവൾ തിരിഞ്ഞു നടന്നു

 

‘അപ്പൊ ഈ ചുരിദാറൊ..?

ഞാൻ വിളിച്ചു ചോദിച്ചു.. ഞാൻ വീണ്ടും ദേഷ്യം പിടിപ്പിക്കാൻ ചെയ്തതാണ് എന്ന് തോന്നി അവൾ തിരിഞ്ഞു നടന്നതിലും സ്പീഡിൽ എന്റെ അടുക്കലേക്ക് പാഞ്ഞു വന്നു ഡെസ്കിൽ ഇരുന്ന കവർ എടുത്തു എന്റെ മടിയിലേക്ക് എറിഞ്ഞു

 

‘ഇത് നീ തന്നെ പുഴുങ്ങി തിന്ന്..’

 

ദേഷ്യത്തിൽ ഇഷാനി തിരിഞ്ഞു നടക്കുമ്പോളാണ് കൃഷ്ണ ക്ലാസ്സിലേക്ക് കയറി വരുന്നത്. ഇഷാനിയെ കണ്ട് കൃഷ്ണ ഒന്ന് ചിരിച്ചെങ്കിലും അവളെ ഒന്ന് മൈൻഡ് പോലും ചെയ്യാതെ ഇഷാനി വേഗത്തിൽ പുറത്തേക്ക് പോയി. കൃഷ്ണ ഇളിഭ്യയായി ഞങ്ങളെ നോക്കി.

 

‘ജുന് ജി ഹ്യുന് എന്ത് പറ്റി ഭയങ്കര കലിപ്പിൽ ആണല്ലോ..!!

ഇഷാനിയുടെ വേഷവിധാനങ്ങൾ ഒക്കെ കൊണ്ട് കൊറിയൻ ഡ്രാമയിലെ നടിമാരെ പോലെ ഉണ്ടെന്ന് കൃഷ്ണ ആണ് പണ്ട് എന്നോട് പറഞ്ഞിട്ടുള്ളത്. ഇഷാനി കേൾക്കാതെ അവൾ എന്റെയടുത്തു അവളെ ഏതെങ്കിലും കൊറിയൻ നടിമാരുടെ പേരൊക്കെ ആണ് വിളിക്കുന്നത്

 

‘എന്താണെന്ന് അറിയില്ല, ഇപ്പോൾ അവളെന്നോട് എല്ലാത്തിനും വഴക്ക് ഉണ്ടാക്കുവാ..’

ഞാൻ പറഞ്ഞു

 

‘എന്തിനാ ചേട്ടാ വെറുതെ അവളെ ദേഷ്യം പിടിപ്പിക്കുന്നെ..?

ഞാൻ പറഞ്ഞത് ശ്രുതിക്കും പൂർണ വിശ്വാസം ആയിട്ടില്ല എന്ന് തോന്നുന്നു

 

‘എന്റെടി… ഞാൻ ഒന്നുമല്ല..’

 

ഞങ്ങളുടെ സംസാരം ശ്രദ്ധിക്കാതെ കൃഷ്ണ എന്റെ മടിയിൽ ഇരുന്ന കവർ കണ്ട് അതെടുത്തു തുറന്ന് നോക്കി

 

‘ഇതാരുടെയാ ഈ ചുരിദാർ..’

കൃഷ്ണ ചോദിച്ചു

 

‘ഇപ്പോൾ ആരുടെയും അല്ല..’

ഞാൻ പറഞ്ഞു

 

കൃഷ്ണ അത് നിവർത്തി സ്വന്തം ശരീരത്തിൽ ചേർത്ത് അളവ് നോക്കി. ശ്രുതിയും കൂടെ നിന്ന് അളവ് നോക്കി.. പൊക്കം കുറവായത് കൊണ്ട് ശ്രുതിക്ക് ആ ചുരിദാർ പാകം അല്ലായിരുന്നു. ഇഷാനിയുടെ ഏകദേശം പൊക്കവും വണ്ണവുമാണ് കൃഷ്ണക്ക് എന്നത് കൊണ്ട് അവൾക്ക് അത് പാകം ആണ്.

 

‘എനിക്കിത് പാകമാണല്ലോ..’

കൃഷ്ണ എന്നോട് പറഞ്ഞു

 

‘നീ ഇങ്ങനത്തെ ഒക്കെ ഇടുമോ..?

കൃഷ്ണ എപ്പോളും മോഡേൺ ഡ്രെസ്സുകൾ ആണ് ധരിച്ചു കണ്ടിട്ടുള്ളത്. ചുരിദാർ പോലും ലേറ്റസ്റ്റ് സ്റ്റൈൽ ഉള്ളതൊക്കെ ആയിരിക്കും. സ്വന്തം ടെക്സ്റ്റയിൽസിലെ ഡ്രസ്സ്‌ ട്രെൻഡിംഗ് ആക്കുന്നതിൽ കൃഷ്ണയും ലക്ഷ്മിയും ഒക്കെ തമ്മിൽ മത്സരം ആണോന്ന് തോന്നി പോകാറുണ്ട്. അങ്ങനെ മാത്രം ഡ്രസ്സ്‌ ചെയ്തു കണ്ടിട്ടുള്ള അവൾ ഇത് പോലൊരു സാധാരണ ചുരിദാർ ഇഷ്ടപ്പെടുമോ എന്നത് എന്റെ സംശയം ആയിരുന്നു

 

‘അതെന്താ എനിക്കിത് ചേരില്ലേ..?

 

‘ചേരായ്ക ഒന്നുമില്ല. നീ മോഡേൺ ആയി ഡ്രസ്സ്‌ ചെയ്തു മാത്രം കണ്ടിട്ടുള്ളത് കൊണ്ട് പറഞ്ഞതാ..’

 

‘ഞാൻ എപ്പോളും മോഡേൺ അല്ലെ ഇടുന്നത്. ഇപ്പോൾ ഒരു ചേഞ്ച്‌ ആയിക്കോട്ടെ… ഞാനിത് എടുക്കുവാ..’

കൃഷ്ണ എന്നോട് അനുവാദം ഒന്നും ചോദിച്ചില്ല. അവൾക്ക് ഇഷ്ടപ്പെട്ടു, അവൾ എടുക്കുന്നു എന്ന് പറഞ്ഞു. അല്ലെങ്കിലും എന്റെ അല്ലല്ലോ അനുവാദം കൊടുക്കാൻ

 

‘ആ നീ എടുക്കുന്നേൽ എടുത്തോ.. ഞാൻ നമ്മുടെ ജുന് ജു ഹ്യുനിനെ ഒന്ന് തണുപ്പിച്ചിട്ട് വരാം..’

അവളുമാരുടെ അടുത്ത് നിന്നും ഞാൻ ഇഷാനിയെ തപ്പിയിറങ്ങി. നൂനു ആയി അവളിടക്ക് ബോട്ടണി ലാബിന്റെ അടുത്തുള്ള ചെടികളുടെ അവിടെ പോയി ഇരിക്കാറുണ്ട്. ഇത്തവണ നൂനു ഇല്ലായിരുന്നു. അവളൊറ്റക്കായിരുന്നു.. ഞാൻ മെല്ലെ ചെന്നു അവളുടെ അടുത്തിരുന്നു. അവൾ എന്നെ പ്രതീക്ഷിച്ചു ഇരിക്കുകയാവണം. വഴക്ക് ഉണ്ടാക്കി പോയി ഇരുന്നാൽ ഇങ്ങനെ തണുപ്പിക്കാൻ ചെല്ലുന്നത് ഇപ്പോൾ എന്റെ ഒരു പതിവ് ആയി.

 

‘എന്റെ പൊന്ന് ഇഷാനി ഞാൻ അല്ല ആ ചുരിദാർ വാങ്ങി നിന്റെ വീട്ടിൽ കൊണ്ട് വച്ചത്.. ഒന്ന് വിശ്വസിക്ക്..’

 

‘നീ ഈ കള്ളത്തരം പറയുന്നതാണ് എനിക്ക് ദേഷ്യം കൂട്ടുന്നത്.. നീ അല്ലാതെ വേറെയാരും ഇങ്ങനെ ഒന്നും എന്നോട് ചെയ്യില്ല..’

അവളാ പറഞ്ഞത് കുറച്ചു സത്യം ഉണ്ട്. എന്നാലും ഞാനല്ലല്ലോ ഇതിന്റെ പിന്നിൽ

 

‘എല്ലാം പോട്ടെ.. മായ്ച്ചു കള.. ഇനി അത് നമ്മൾ മിണ്ടണ്ട..’

 

ഞാൻ അങ്ങനെ പറഞ്ഞിട്ടും ഇഷാനിക്ക് എന്നോട് ഉള്ള ദേഷ്യം കുറഞ്ഞു എന്നെനിക്ക് തോന്നിയില്ല.

 

‘എന്തൊരു ദേഷ്യവും പിണക്കവുമാണ് ഇത്.. നീ ഇത്ര വഴക്കാളി ആയിരുന്നോ..?

 

ഞാൻ ആ പറഞ്ഞത് അവൾക്ക് കൊണ്ടു. അവളെന്നെ നോക്കി

‘ഞാൻ വഴക്കാളി ഒന്നുമല്ല..’

 

‘സ്വയം അങ്ങ് പറഞ്ഞാൽ മതി. ഈ ഒരാഴ്ച തന്നെ എത്ര തവണ നീ എന്നോട് പിണങ്ങി..?

 

‘ഞാൻ സത്യമായും വേറെ ആരുടെ അടുത്തും ഇത് പോലെ വഴക്ക് ഉണ്ടാക്കിയിട്ടില്ല. കൊച്ചിലെ പോലും ഒരു കാര്യത്തിന് ഞാൻ ആരുമായും വഴക്ക് ഉണ്ടാക്കിയിട്ടില്ല. നീ ആയി മാത്രമാണ് ഞാനീ വഴക്ക് മുഴുവൻ ഇട്ടിട്ടുള്ളത്..’

 

‘അപ്പൊ ഞാനാണോ പ്രശ്നം..?

ഞാൻ ഗൗരവത്തിൽ ചോദിച്ചു

 

‘അങ്ങനെ അല്ല.. നീ എനിക്കിഷ്ടമില്ലാത്തത് ചെയ്യുമ്പോ എനിക്ക് ദേഷ്യം വരും.. വേറെ ആര് ചെയ്താലും എനിക്ക് അത്ര പ്രശ്നം ഇല്ല..’

ഇഷാനി അത് പറയുമ്പോ ചെറുതായ് ചിരിച്ചു. അവളുടെ പിണക്കം മാറിയത് ഞാൻ അറിഞ്ഞു

 

‘ഇനി ഈ ആഴ്ച്ച അടി വേണ്ട. എനിക്ക് ഒരു റസ്റ്റ്‌ താ..’

ഞാൻ തമാശയ്ക്ക് പറഞ്ഞു. അവളത് കേട്ട് ചിരിച്ചു. എന്നാൽ പെട്ടന്ന് തന്നെ അവളുടെ മുഖം മാറി.. സെക്കന്റ്‌കൾക്ക് മുമ്പ് ഇല്ലാതായ വഴക്ക് വീണ്ടും ഞങ്ങൾക്കിടയിൽ ഉണ്ടായി. ഞങ്ങൾക്ക് അരികിലേക്ക് കൃഷ്ണ നടന്നു വന്നതായിരുന്നു ആ പെട്ടന്നുള്ള ദേഷ്യത്തിന് കാരണം. കൃഷ്ണ വന്നതല്ല, ഇഷാനി രാവിലേ കൊണ്ടു വന്ന ചുരിദാർ അപ്പോൾ ധരിച്ചു കൊണ്ടാണ് കൃഷ്ണ അങ്ങോട്ട്‌ വന്നത്

 

‘നീ എന്തിനാ എന്റെ ചുരിദാർ എടുത്തു അവൾക്ക് കൊടുത്തേ…?

ഇഷാനി ദേഷ്യം കൊണ്ടു ചുവന്നു വരുന്ന

കണ്ണുകളോടെ എന്നോട് ചോദിച്ചു.

 

‘നീ വേണ്ടെന്ന് പറഞ്ഞു അവിടെ വച്ചിട്ട് പോയതല്ലേ.. അവൾക്ക് ചേരുന്നുണ്ട് എന്ന് പറഞ്ഞു അവൾ എടുത്തു..’

ഞാൻ നടന്ന കാര്യം പറഞ്ഞു

 

‘അവൾക്ക് കൊടുക്കാൻ ആണേൽ പിന്നെ എന്തിനാ നീ എനിക്ക് അത് വാങ്ങി തന്നത്..’

Leave a Reply

Your email address will not be published. Required fields are marked *