അടുത്ത ക്ലാസ്സ് ഉള്ള ദിവസം കൃഷ്ണയേ ഫേസ് ചെയ്യാൻ എനിക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടായിരുന്നു. പക്ഷെ അത് ഞാൻ പുറമെ കാണിച്ചില്ല. ഒന്നും സംഭവിക്കാത്ത രീതിയിൽ ഞാൻ അവളോട് പെരുമാറി. എന്നാൽ ഒറ്റക്ക് കിട്ടിയ ഒരു നേരത്ത് അവളെന്റെ അടുത്ത് ആ വിഷയം എടുത്തിട്ടു..
‘ഇന്നലെ ഞാൻ വല്ല അലമ്പും കാണിച്ചോ..?
‘കാണിച്ചോന്നോ.. നീ മഹാ അലമ്പ് ആയിരുന്നു. ഓടുന്ന കാറിന്റെ ഡോർ തുറക്കാൻ ഒക്കെ നോക്കി..’
കിസ്സിന്റെ കാര്യം സംഭവിക്കാത്തത് പോലെ അവളോട് ഞാൻ സംസാരിച്ചു. പക്ഷെ അവൾക്ക് എന്തോ സംശയം ഉള്ളത് പോലെ തോന്നി
‘അതല്ലാതെ വേറെ ഒന്നും ചെയ്തില്ല..?
‘പിന്നെ ഒരു ഒന്നൊന്നര വാൾ വച്ചു. എന്റെ ദേഹത്ത് വയ്ക്കണ്ടത് ആയിരുന്നു. ഞാൻ പെട്ടന്ന് നിന്നെ എടുത്തു ടോയ്‌ലെറ്റിൽ കൊണ്ട് പോയി..’
‘ എനിക്ക് ഒന്നും അങ്ങോട്ട് കറക്റ്റ് ആയി ഓർമ കിട്ടുന്നില്ല. ഞാൻ അർജുന്റെ അടുത്ത് മോശമായി വല്ലതും പെരുമാറിയോ..?
‘അങ്ങനെ ഒന്നും നീ പെരുമാറിയില്ല.. ‘
‘എനിക്ക് ആണേൽ ഒന്നും ഓർമയില്ല കറക്റ്റ്. പക്ഷെ ഞാൻ നിന്റെ അടുത്ത് വളരെ ഇന്റിമേറ്റ് ആയിട്ട് എന്തോ ചെയ്ത പോലെ ഒരു ഓർമ..’
അവൾക്ക് എല്ലാം നല്ല ഓർമ ഉണ്ടെന്ന് എനിക്ക് മനസിലായി. എന്റെ വായിൽ നിന്ന് അങ്ങനെ നടന്നു എന്ന് വീഴാൻ ആണ് അവളീ നോക്കുന്നത്. അഥവാ എന്തെങ്കിലും ഞാൻ പറഞ്ഞാൽ അവസാനം ഇതെന്റെ കുറ്റം ആകും, അല്ലെങ്കിൽ ഇത് വച്ചു ഇവൾ എന്നെ ലോക്ക് ആക്കും..
‘നീ എന്താ ഉദ്ദേശിച്ചത്..?
ഞാൻ ഗൗരവത്തിൽ അവളോട് ചോദിച്ചു
‘അറിയില്ല… ഞാൻ നിന്നെ… ഉമ്മ വയ്ക്കുകയോ…. കെട്ടി പിടിക്കുകയോ.. അങ്ങനെ വെല്ലോം ചെയ്തോ..? ശോ…’
അവളൊരു കൃത്രിമ സമ്മർദ്ദം മുഖത്ത് സൃഷ്ടിച്ചു ചോദിച്ചു
‘എണീറ്റ് നിക്കാൻ വയ്യാത്ത നിന്നെ കൊണ്ട് വീട്ടിൽ ആക്കിയിട്ടു നീ ഇപ്പോൾ എന്തൊക്കെയാ പറയുന്നത്..?
‘നീ എന്തെങ്കിലും ചെയ്‌തെന്ന് അല്ല ഞാൻ പറഞ്ഞത്.. ഞാൻ ബോധം ഇല്ലാതെ…’
‘നിനക്ക് ബോധം ഇല്ലല്ലോ… അപ്പൊ എന്തെങ്കിലും ചെയ്താൽ അത് ഞാൻ അനുവദിച്ചു എന്നല്ലേ അർഥം….?
അവളെ പറഞ്ഞു മുഴുവിപ്പിക്കാതെ ഞാൻ ഇടയ്ക്കു കേറി സംസാരിച്ചു
‘അല്ലടാ ഞാൻ…’
‘നീ ഒന്നും പറയണ്ട…’
അവളോട് ഞാൻ പിന്നെയും ചൂടായി.. തിരിച്ചു എന്ത് പറയുമെന്ന് അറിയാതെ അവൾ വാ പൊളിച്ചു നിന്നു. അവളോട് അത്രയും കേറി റെയ്‌സ് ആയത് നന്നായി എന്നെനിക്ക് തോന്നി. ഇനി ഇമ്മാതിരി കൊണപ്പ് കൊണ്ട് അവൾ എന്റെ അടുത്ത് വരില്ല. ആ വിഷയത്തോടെ കൃഷ്ണ ആയി ചെറുതായ് ഒന്ന് പിണങ്ങി. പിണക്കം അല്ല ഒരു ചെറിയ ഗ്യാപ്. അന്നത്തെ ചൂടാകൽ കഴിഞ്ഞു എന്റെ അടുത്ത് വന്നു സംസാരിക്കാൻ അവൾക്കൊരു ബുദ്ധിമുട്ട് പോലെ. പരസ്പരം കാണുമ്പോൾ ഒക്കെ ഞങ്ങൾ കണ്ടില്ല എന്ന് നടിച്ചു. ഞങ്ങളുടെ ഈ ഗ്യാപ് ഇഷാനി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പക്ഷെ അതിന്റെ കാരണം ഞാൻ അവളോട് പറഞ്ഞില്ല.
അങ്ങനെ കൃഷ്ണയേ ഒഴിവാക്കി നടക്കുന്നതിന് ഇടയിലാണ് ലക്ഷ്മി ആയി ഞാൻ അങ്ങോട്ട് കേറി മിണ്ടുന്നതു. അവളോട് മിണ്ടാൻ ഉള്ള ആഗ്രഹം കൊണ്ടൊന്നുമല്ല. ഒരു വൈകുന്നേരം മാളിൽ വച്ചാണ് ഞാൻ അവളെ കാണുന്നത്. അവളുടെ മുഖം ആകെ ഡെസ്പ് ആയി കലങ്ങി ഇരിക്കുകയായിരുന്നു. അന്നത്തെ ഞങ്ങൾക്ക് ഇടയിലുള്ള വിഷയം കഴിഞ്ഞു അവൾ ഓക്കേ ആയി വന്നതായിരുന്നു. പിന്നെയും ശോകം ആകാൻ എന്താണ് കാരണമെന്ന് എനിക്ക് മനസിലായില്ല. പഴയ കാരണം കൊണ്ട് കൂടി ആണോന്ന് അറിയാൻ ഞാൻ അവളുടെ അടുത്ത് ചെന്നു
ഞാൻ വന്നതും സംസാരിക്കുന്നതും അവൾക്ക് തീരെ താല്പര്യമില്ല എന്ന് തോന്നി. കൃഷ്ണ കൂടെ വന്നിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ ഇല്ലെന്ന് പറഞ്ഞു
‘നീ ആകെ ഡൌൺ ആയി ഇരിക്കുന്നു.. എന്ത് പറ്റി..?
ഒരു മാന്യതയുടെ പുറത്ത് ഞാൻ ചോദിച്ചു
‘അതൊക്കെ നീ എന്തിനാണ് അറിയുന്നത്..?
അന്നത്തെ പ്രശ്നം സോൾവ് ആയെങ്കിലും അവൾക്ക് എന്നോടുള്ള ദേഷ്യം തീർന്നിട്ടില്ല.
