റോക്കി – 2അടിപൊളി  

 

‘അത് ചേട്ടന് കയറുന്നതിനു മുന്നേ അറിയില്ലേ.. അപ്പോൾ എന്ത് ചെയ്യാനാണ് ഇരുന്നത് ഈ ഫോട്ടോ ഇല്ലായിരുന്നേൽ..’

 

‘സത്യം പരഞ്ഞാൽ വലിയ ഐഡിയ ഇല്ലായിരുന്നു. നിന്നെ ഇതിൽ നിന്ന് ഊരുക എന്നത് മാത്രമേ എന്റെ മനസ്സിൽ ഉള്ളായിരുന്നു..’

 

കുറച്ചു നേരത്തേക്ക് ഇഷാനി ഒന്നും മിണ്ടിയില്ല. അവൾ ഒന്നും പറയാതെ ദൂരേക്ക് നോക്കി ഇരുന്നു. ലക്ഷ്മി കുറച്ചു മുന്നേ ഇരുന്ന ഇടം ശൂന്യമായിരുന്നു. ഞങ്ങളെ കണ്ടു കാണണം.. അതാവും അവൾ എഴുന്നേറ്റ് പോയത്

 

‘ഞാൻ പറഞ്ഞില്ലേ നീ എന്നോട് ദേഷ്യത്തിൽ ആകുമെന്ന്.. ഇതാണ് ഞാൻ പറയാൻ മടിച്ചത്..’

 

‘എനിക്ക് ചേട്ടനോട് ദേഷ്യമൊന്നും ഇല്ല.. പക്ഷെ… ചേട്ടൻ ചെയ്തത് ഒട്ടും ശരിയായില്ല..’

അവൾ എന്റെ മുഖത്ത് നോക്കി തന്നെ പറഞ്ഞു. അതിലെ സത്യസന്ധത എനിക്ക് ഇഷ്ടമായി എങ്കിലും അവൾക്ക് വേണ്ടി ചെയ്ത ഒരു കാര്യത്തിന് ആണ് അവളെന്നെ കുറ്റപ്പെടുത്തുന്നത് എന്നോർത്തപ്പോൾ വിഷമം തോന്നി.

 

‘ശരിയായില്ല എന്ന് എനിക്കും അറിയാം. പിന്നെ അവൾ നിന്നോട് കാണിച്ചത് തന്നെ ഞാൻ അവളോടും കാണിച്ചു..’

 

‘ അത് കൊണ്ടല്ലേ അവൾ ഇപ്പോൾ ആരോടും മിണ്ടാതെ ഇങ്ങനെ നടക്കുന്നത്. അവൾ ആ വിഷമത്തിൽ എന്തെങ്കിലും ചെയ്തിരുന്നു എങ്കിൽ എന്തായേനെ..?

 

‘ഇതിപ്പോ കൊള്ളാം ഞാൻ നിനക്ക് വേണ്ടി ഇതൊക്കെ ചെയ്തിട്ട് നീയിപ്പോ അവളുടെ സൈഡ് പിടിക്കുവാണോ..?

എനിക്ക് മനസിലുള്ള വിഷമം പറയാതിരിക്കാൻ പറ്റിയില്ല

 

‘ഞാൻ ചേട്ടനെ കുറ്റപ്പെടുത്തിയത് അല്ല.. അവളുടെ സൈഡും അല്ല.. പക്ഷെ എനിക്ക് വേണ്ടി ആണ് ചേട്ടൻ ഈ മോശം കാര്യം ചെയ്യേണ്ടി വന്നത് എന്ന് ഓർക്കുമ്പോ എനിക്ക് സങ്കടം വരുന്നു.. ഇതിലും ഭേദം ഞാൻ പഠിത്തം നിർത്തുന്നത് ആയിരുന്നു..’

 

‘അതിനിപ്പോ ഇവിടെ ഒന്നും സംഭവിച്ചില്ലല്ലോ.. അവൾ നല്ല തന്റേടം ഉള്ള പെണ്ണാണ്. കുറച്ചു കഴിയുമ്പോ അവൾ ഓക്കേ ആയിക്കോളും..’

 

‘അത് ചേട്ടന് പെണ്ണുങ്ങളുടെ മനസ്സ് ശരിക്കും അറിയാഞ്ഞിട്ടാ.. എത്ര തന്റേടി ആണേലും ഉള്ളിൽ അവളിപ്പോ മരിച്ച പോലെ ആയിരിക്കും..അതല്ലേ ഇത്ര ദിവസം കഴിഞ്ഞിട്ടും അവൾ ഇങ്ങനെ ശോകമായി നടക്കുന്നെ. അന്നൊരു ദിവസം കൊണ്ട് തന്നെ ഞാൻ എത്ര അനുഭവിച്ചതാണ്.. അതായിരിക്കില്ലേ അവളും ഇപ്പോൾ അനുഭവിക്കുന്നത്..’

 

‘ശരി നീ പറ.. ഞാൻ ഇനി എന്താണ് ചെയ്യണ്ടത് എന്ന്. ഞാൻ ചെയ്തതിന് ഞാനെന്ത് പ്രായശ്ചിത്തമാണ് ചെയ്യേണ്ടത്..?

എനിക്ക് അവൾ പറയുന്നത് അംഗീകരിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.. എങ്കിലും ഈ കാര്യത്തിൽ അവളെ അനുസരിക്കാമെന്ന് ഞാൻ കരുതി

 

‘ചേട്ടൻ ഇപ്പോളും കരുതുന്നത് ഞാൻ ചേട്ടനെ കുറ്റപ്പെടുത്തുവാന്നാണ്.. അല്ല.. ഇതിൽ കുറ്റപ്പെടുത്തലും പ്രായശ്ചിത്തവും ഒന്നുമില്ല. ചേട്ടൻ ഇത്രയും നാൾ എനിക്ക് വേണ്ടി ചെയ്തതും രാഹുലിനും ആഷിക്കിനും വേണ്ടി ഒക്കേ ചെയ്യുന്നതും എല്ലാവരും ചെയ്യുന്ന കാര്യമല്ല. അങ്ങനെ ഒരാൾ ഈ മോശം കാര്യം എനിക്ക് വേണ്ടി ആണ് ചെയ്തത് എന്നെനിക്ക് ഉറപ്പുണ്ട്. അത് ചേട്ടൻ ശരിയായി പരിഹരിക്കണം എന്നാണ് എന്റെ ആഗ്രഹം..’

 

‘എങ്കിൽ നീ പറ.. ഞാൻ എന്താണ് ചെയ്യേണ്ടത്..?

 

‘അതെനിക്കറിയില്ല.. ഈ കാര്യത്തിൽ ഒക്കെ എന്നിലും വിവരം ചേട്ടന് തന്നെ അല്ലെ അറിവ്.. ചേട്ടന് ശരിക്കും എന്താണ് ശരി എന്ന് തോന്നുന്നത് അത് ചെയ്യുക..’

 

അന്ന് രാത്രി മുഴുവൻ ഞാൻ ആ ശരിയേ പറ്റി ആണ് ചിന്തിച്ചത്.. ഫോൺ തിരിച്ചു കൊടുക്കുന്നത് ആയിരിക്കും ശരിയെന്നു എനിക്ക് തോന്നി തുടങ്ങി. പക്ഷെ അങ്ങനെ ചെയ്താൽ അവൾക്കെതിരെ ഉള്ള എന്റെ ഏക ആയുധം ആണ് നഷ്ടം ആകുന്നത്.. അവൾക്ക് എന്നെ അതിന് ശേഷം കുടുക്കുകയും ചെയ്യാം. പക്ഷെ അതിനെ കുറിച്ച് ഞാൻ പിന്നീട് ആലോചിച്ചില്ല.. രണ്ട് ദിവസം കഴിഞ്ഞു ആണ് ഞാൻ പിന്നെ ലക്ഷ്മിയെ കാണുന്നത്. കാന്റീനിൽ ഒരു മേശയുടെ അടുത്ത് ഒറ്റക്കിരിക്കുന്ന ലക്ഷ്മിയെ കണ്ടു കൂടെയുള്ള രാഹുലിനെ നൈസ് ആയി ഒഴിവാക്കി അവളുടെ അടുത്ത് ചെന്നു. അടുത്തെങ്ങും ആരുമില്ലാത്തത് കൊണ്ട് ഇവിടെ വച്ചു തന്നെ കാര്യം സംസാരിക്കാം എന്ന് ഞാൻ കരുതി.. ലക്ഷ്മിയെ കണ്ടിട്ട് അവളുടെ ഒരു നിഴലായാണ് എനിക്ക് തോന്നിയത്. മുടി ശ്രദ്ധിക്കാതെ, ഡ്രെസ്സിങ്ങിലെ അവളുടെ ഫാഷൻ ഒന്നും ഇല്ലാതെ മുഖത്ത് മേക്കപ്പ് ഒന്നും ഇല്ലാതെ ലക്ഷ്മിയെ ഞാൻ ആദ്യമായ് കാണുകയാണ്.. അവൾ കുറച്ചൊന്നു മെലിഞ്ഞത് പോലെയും എനിക്ക് തോന്നി.. ഞാൻ വന്നു അവളുടെ അടുത്തുള്ള ബെഞ്ചിൽ ഇരുന്നതും ലക്ഷ്മി എഴുന്നേറ്റു പോകാൻ തുടങ്ങി

 

‘ഞാൻ നിന്നോട് ഒരു കാര്യം സംസാരിക്കാൻ ആണ് വന്നത്..’

എന്റെ സംസാരം കേൾക്കാൻ ഒട്ടും താല്പര്യം ഇല്ലാഞ്ഞിട്ടും അവൾ അവിടെ ഇരുന്നു. ലക്ഷ്മി എന്റെ മുഖത്തു പോലും നോക്കുന്നുണ്ടായിരുന്നില്ല.. ഞാൻ മെല്ലെ അവളുടെ ഫോൺ എടുത്തു മേശപ്പുറത്തു അവൾക്ക് അരികിലായ് വച്ചു. ഫോൺ കണ്ടു ഒരു ചോദ്യഭാവത്തിൽ അവളെന്നെ നോക്കി..

 

‘നിന്റെ ഫോൺ തിരിച്ചു തരാൻ വന്നതാണ്..’

 

അത് പറഞ്ഞിട്ടും അവളുടെ മുഖത്ത് ഒരു ഭാവമാറ്റവും ഉണ്ടായില്ല

 

‘ഫോൺ മാത്രം അല്ല. അതിൽ ഉണ്ടായിരുന്ന നിന്റെയും ഇഷാനിയുടെയും ഫോട്ടോസ് ഞാൻ കളഞ്ഞു. അതിനി റിക്കവർ ചെയ്തു എടുക്കാൻ പറ്റില്ല. അത് പോലെ ആക്കിയിട്ടുണ്ട്. ഫോണിന് കംപ്ലയിന്റ് വരാൻ ചാൻസ് ഉണ്ട്. അത് കൊണ്ട് മറ്റേ ഫോണും നീ തന്നെ വച്ചോ..’

 

ഞാൻ പറഞ്ഞത് അവൾക്ക് വിശ്വാസം വന്നില്ല എന്ന് തോന്നി. ഞാനിങ്ങനെ വിട്ടു കൊടുക്കും എന്ന് അവൾ കരുതിയില്ലല്ലോ.

 

‘ഞാനിത് വിശ്വസിക്കണോ..?

അവളൊരു പുച്ഛം നിറഞ്ഞ ഭാവത്തിൽ എന്നോട് ചോദിച്ചു

 

‘വിശ്വസിക്കാം.. വിശ്വസിക്കാതെയിരിക്കാം.. ഞാനിത് തിരിച്ചു തന്നത് ചെയ്തത് തെറ്റായി പോയി എന്നെനിക്ക് ബോധ്യം ഉള്ളത് കൊണ്ടാണ്.. സ്വന്തം ചെയ്തികളിൽ നിനക്കും ആ ബോധ്യം വേണം..’

 

‘എന്റെ ഫോട്ടോയുടെ വേറെ കോപ്പി നിന്റെ കയ്യിൽ ഇല്ലെങ്കിൽ ഞാൻ നിനക്കെതിരെ മോഷണക്കുറ്റത്തിന് പരാതി കൊടുത്താൽ നീ എന്ത് ചെയ്യും..?

അവൾ ചോദിച്ചത് ന്യായമായ സംശയം ആണ്. ഞാൻ എന്ത് ചെയ്യുമെന്ന് എന്നെ കൊണ്ട് തന്നെ പറയിപ്പിക്കാൻ നോക്കുകയാണ് ഇവൾ

 

‘ഞാൻ നിയമപരമായി തന്നെ അത് ഡീൽ ചെയ്തോളാം.. എന്റെ ബൈക്ക് മോഷണം പോയെന്ന് ഞാൻ വെറുതെ ഒരു പരാതി കൊടുത്തിട്ടുണ്ട്. അത് വച്ചു എനിക്ക് ഊരാം ഇതിൽ നിന്ന്. നിന്നെ രണ്ട് കൊല്ലം ബ്ലാക്ക് മെയിൽ ചെയ്തു ജീവിക്കേണ്ട ആവശ്യം എനിക്കില്ല..’

അത് പറഞ്ഞു ഞാൻ അവിടെ നിന്നും എഴുന്നേറ്റു. ലക്ഷ്മി മെല്ലെ ഫോൺ കയ്യിലെടുത്തു

 

‘ പറ്റാവുന്ന ഡാറ്റാ ഓക്കേ ഞാൻ കോപ്പി പേസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാലും കുറെയൊക്കെ മിസ്സിംഗ്‌ ആയിരിക്കും. അതിനി ഒന്നും ചെയ്യാൻ പറ്റില്ല..’

Leave a Reply

Your email address will not be published. Required fields are marked *