റോക്കി – 2 3അടിപൊളി  

 

” വിഴികൾ പാർത്തു കൊഞ്ചം വന്തതു

വിരൽ സേർത്തു കൊഞ്ചം വന്തതു

മുഴു കാതൽ എൻട്രു വന്തത് തെരിയാതെ

അത് തെരിയാതെ… ”

 

ഞങ്ങൾക്ക് രണ്ട് പേർക്കും ഇടയിലുള്ള സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും നേർത്ത പാളികൾ കൂടി അലിഞ്ഞു ഇല്ലാതാകാൻ തുടങ്ങിയ ദിവസമായിരുന്നു അത്.. രണ്ട് പേരിലൊരാൾ ഇന്ന് ഇഷ്ടം പറയുമെന്നും മറ്റേയാൾക്ക് അത് നിരസിക്കാൻ കഴിയില്ല എന്നും ഞങ്ങൾക്ക് തോന്നി തുടങ്ങി.. അത് മിക്കവാറും ഞാൻ ആയിരിക്കും എന്ന് എനിക്ക് തോന്നി.. അവളോട് ഇന്നേ ദിവസം പ്രണയം തുറന്നു പറയാതെ ഇരിക്കലാണ് ഞാൻ ഇപ്പൊ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.. തമാശരൂപേണ ഞാൻ പലവട്ടം ഇതിനകം അവളുടെ അടുത്ത് അത് പറഞ്ഞു കഴിഞ്ഞു..

അർജുൻ ഇന്ന് തന്നെ പ്രൊപ്പോസ് ചെയ്യുമെന്ന് ഇഷാനിക്കും തോന്നി. അതിനോട് എങ്ങനെ റിയാക്ട് ചെയ്യണമെന്ന് ആലോചിച്ചിട്ട് അവൾക്കൊരു എത്തും പിടിയും കിട്ടിയില്ല. ആരോടാണ് ഒന്ന് ചോദിക്കുക.. ശ്രുതിയോട് ചോദിച്ചാലോ…? ഒരു തീരുമാനം എടുക്കാൻ കഴിയാതെ ഇഷാനി കുഴങ്ങി..

 

ഉച്ച കഴിഞ്ഞു ബാത്‌റൂമിൽ നിന്ന് വന്നു പൈപ്പിന് അടുത്ത് നിന്ന് മുഖം കഴുകുമ്പോളാണ് ഇഷാനി തന്റെ ഗെറ്റപ്പ് ചേഞ്ച്‌ പലരും ശ്രദ്ധിക്കുന്നുണ്ടെന്ന് അറിഞ്ഞത്.. ബാത്‌റൂമിന്റെ സൈഡിൽ നിന്ന് ഏതോ കുട്ടികൾ സംസാരിക്കുകയായിരുന്നു..

 

‘അവനിപ്പോ അവളുടെ പിറകിൽ നിന്ന് മാറാൻ സമയം ഇല്ല.. എന്ത് കണ്ടിട്ടാണെന്നാണ് എനിക്ക് മനസിലാകാത്തത്..’

 

‘ശരിക്കും കണ്ടിട്ട് തന്നെ ആകും.. ഇന്നത്തെ അവളുടെ കോലം നീ കണ്ടിരുന്നോ..? ഇറുകി പിടിച്ച ഒരു ഡ്രസ്സ്‌ ആണ് ഇട്ടോണ്ട് വന്നത്.. കാണുമ്പോ നമ്മുടെ തന്നെ തൊലി ഉരിയും..’

അത് പറഞ്ഞപ്പോൾ അവരുടെ ഇടയിൽ ഒരു ചിരി ഉയർന്നു.. അവരീ സംസാരിക്കുന്നത് തന്നെയും അർജുനെയും പറ്റി ആണെന്ന് ഇഷാനിക്ക് തോന്നി

 

‘എന്തായാലും അവളെ സമ്മതിച്ചു കൊടുത്തേ പറ്റൂ.. അവന്റെ പിറകെ കുറെ അവളുമാർ നടന്നിട്ടും പാട്ടിൽ ആക്കിയെടുത്തല്ലോ…’

 

‘അതേ അതേ.. അവൾ മിടുക്കി ആണ്.. ഇപ്പൊ ആരും അവളെ നേരിട്ട് കളിയാക്കാറൊന്നുമില്ല.. എന്നാലും ഈ കഥ ഒക്കെ അറിഞ്ഞിട്ട് അവൻ പിന്നെയും ഇവളുടെ പിറകെ മണപ്പിച്ചു നടക്കുന്നതാണ് അത്ഭുതം..’

 

അവരുടെ പരദൂഷണം കേട്ട് ഇഷാനിക്ക് തന്നെ വെറുപ്പ് തോന്നി. അത് അവർ തന്നെ കുറിച്ചോ അർജുനെ കുറിച്ചോ പറഞ്ഞത് കൊണ്ടൊന്നുമല്ല. താൻ ഇവിടെ നിൽക്കുന്നുണ്ട് എന്ന് അവളുമാർക്ക് വ്യക്തമായി അറിയാം.. അപ്പോൾ താനിത് കേൾക്കാൻ തന്നെ ആണ് ഇവരീ പറയുന്നത് ഒക്കെ.. അവരുടെ സംസാരം കൂടുതൽ കേട്ടാൽ ചിലപ്പോൾ തനിക്ക് കണ്ട്രോൾ പോകുമെന്ന് തോന്നി ഇഷാനി പെട്ടന്ന് മുഖം കഴുകി അവിടുന്ന് പോകാൻ നോക്കി

 

‘അവനിവിടെ ഒരു വില ഉണ്ടായിരുന്നു വന്നപ്പോൾ ഒക്കെ. ഇപ്പൊ കാണുമ്പോൾ ആളുകൾ ഉള്ളിൽ ചിരിക്കുകയാ.. ‘

അവളുമാർ നിർത്തിയിരുന്നില്ല പരദൂഷണം

 

‘നിനക്ക് ഫിസിക്സ്‌ലെ പൂജയെ അറിയുമോ.. പൂച്ചക്കണ്ണുള്ളെ..? അവൾ ഇവനെ പ്രൊപ്പോസ് ചെയ്തതാ ഇൻസ്റ്റ വഴി മറ്റോ.. അവളെ റിജക്റ്റ് ചെയ്തിട്ടാണ് ഈ പൊട്ടൻ ഈ സാധനത്തിനെ കൊണ്ട് നടക്കുന്നെ..’

 

‘ഷോൺ കുറെ നാൾ പുറകെ നടന്ന പൂജ ആണോ.. പൊടി.. അവൾ ഒന്നും അങ്ങനെ അങ്ങോട്ട് ഇഷ്ടം ആണെന്ന് പറയുമെന്ന് തോന്നുന്നില്ല..’

 

‘നീ വേണേൽ വിശ്വസിക്ക്. അവളുടെ ക്ലാസ്സിൽ ഉള്ള ഒരു പെണ്ണാണ് എന്നോട് പറഞ്ഞത്..’

 

‘അങ്ങനെ ആണേൽ അവൻ ശരിക്കും മണ്ടൻ തന്നെ. ആ പെണ്ണ് പഠിക്കാൻ ഒക്കെ നല്ല മിടുക്കി ആണ്.. കാണാനും അടിപൊളി.. അവന് ചേരുമായിരുന്നു..’

 

‘സത്യം. നല്ല കാശ് ടീമുമാണ് അവനെ പോലെ.. പറഞ്ഞിട്ട് കാര്യമില്ല..’

 

അവരുടെ സംസാരം ഒരു അവജ്ഞയോടെ തള്ളി കളയാൻ ഇഷാനി ശ്രമിച്ചു. പക്ഷെ അവർ അവസാനം സംസാരിച്ച കാര്യങ്ങൾ അവളുടെ ഉള്ളിൽ കിടന്നു നീറാൻ തുടങ്ങി. നീറി നീറി അത് അവളുടെ ഉള്ളിലെ അപകർഷത ബോധത്തെ ഉണർത്തി. അത്രയും നാൾ അർജുനെ ഒരു സുഹൃത്തായി കണ്ടപ്പോൾ ഒന്നും അവന്റെ നിലയും വിലയും ഇഷാനി നോക്കിയിട്ടില്ല. അവൻ കോളേജിൽ പോപ്പുലർ ആയത് കൊണ്ടല്ല അവളിൽ അവനോട് അടുപ്പം തോന്നിച്ചത്.. അവൻ കാശുള്ള വീട്ടിലെ പയ്യൻ ആയത് കൊണ്ടല്ല ഇഷാനി അവനോട് കൂടുതൽ അടുത്തത്. പക്ഷെ ഇവരെല്ലാം പറയുന്നത് അങ്ങനെ ആണ്.. അവളുടെ ഉള്ളിലെ കോംപ്ലക്സ് ആ പെൺകുട്ടികൾ സംസാരിച്ചതിലും കാര്യമുണ്ടെന്ന് തോന്നിപ്പിക്കാൻ തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *