റോക്കി – 2അടിപൊളി  

ഇവർക്കെല്ലാം എന്നെ പരിചയപ്പെടുത്തുമ്പോ ഇഷാനിയുടെ മുഖത്ത് വല്ലാത്ത ഒരു ആകാംക്ഷ ഉണ്ടായിരുന്നു. അതെന്തിനാണ് എന്നെനിക്ക് മനസിലായില്ല..

അടുത്തത് ഞങ്ങൾ പരിചയപ്പെട്ടത് എന്റെ ഒരു ചെറിയ ശത്രുവിനെ ആണ്. ഇവിടെ വരുമ്പോൾ ഒക്കെ ഇഷാനിയുടെ നെഞ്ചിൽ കിടന്നു ഉറങ്ങാറുള്ള ഒരു കക്ഷി. എല്ലാവരും ഇഷാനിയെ കണ്ടു ഓടി വന്നു കെട്ടിപ്പിടിച്ചു എങ്കിൽ കക്ഷി മാത്രം ജാഡ ഇട്ടിരുന്നു. കയ്യിൽ വാരിയെടുത്തു മടിയിലിരുത്തി തലയിൽ തടവിയപ്പോൾ ആണ് നൂനു കുറച്ചെങ്കിലും അവളെ മൈൻഡ് ചെയ്തത്. ഈ സമയം അവിടെ ടിവിക്ക് മുകളിൽ ഇരുന്ന ഫോട്ടോകളിലേക്ക് എന്റെ ശ്രദ്ധ പോയി. ഇഷാനിയും പാർവതിയും ശ്രുതിയും ഒരുമിച്ച് നിൽക്കുന്ന ഒരു ചിത്രം ആയിരുന്നു. മൂന്ന് പേരും ഒരേ നിറത്തിലുള്ള പട്ട് പാവാട ആയിരുന്നു ധരിച്ചിരുന്നത്. ഇഷാനിയുടെ സഹോദരിമാർ നല്ല സുന്ദരികൾ ആയിരുന്നിട്ട് കൂടി ഈ ചിത്രത്തിൽ അവർ ഇഷാനിയുടെ സൗന്ദര്യത്തിന് മുന്നിൽ ഒന്നും അല്ല എന്ന് തോന്നി പോയി. ഫോട്ടോയിലെ ഇഷാനിയുടെ മുടി കണ്ടു ഞാൻ അതിശയപ്പെട്ടു.

 

‘നിന്റെ ചേച്ചിക്ക് എന്തായാലും നാളെ വേറെ മുടി വക്കേണ്ടി വരില്ലല്ലോ കല്യാണത്തിന്..!

 

‘ആന്നെ.. പാറുവിന് കല്യാണത്തിന് തിരുപ്പൻ വക്കേണ്ടി വരില്ലെന്ന് ഞാൻ ഈയിടെ വിളിച്ചപ്പോ കൂടി പറഞ്ഞു..’

 

‘മുടി മുറിച്ചില്ലായിരുന്നേൽ നിനക്കും വേണ്ടി വരില്ലായിരുന്നു.. ഇത്രയും മുടി ഉണ്ടായിരുന്നോ ഇഷാനി നിനക്ക്..?

 

‘ഉണ്ടായിരുന്നോന്നോ… ഇവൾക്കായിരുന്നു ഏറ്റവും ഉള്ളും ഭംഗിയും ഒക്കെ.. ഒരു തവണ അവധിക്ക് വന്നപ്പോൾ ദേ നിക്കുന്നു എന്റെ മുന്നിൽ മുടിയും മുറിച്ചു… ഇവളുടെ രവിയച്ഛൻ എന്നെ കൊല്ലും, അല്ലേൽ ഞാൻ അന്നിവളെ ശരിക്കും തല്ലിയേനെ..’

ഞങ്ങളുടെ വർത്തമാനം കേട്ടോണ്ട് വന്ന അവളുടെ പേരമ്മ ആണ് ഈ കാര്യം പറഞ്ഞത്.. പേരപ്പനെ രവിയച്ഛൻ എന്ന് വിളിക്കുന്ന പോലെ പേരമ്മയെ രവിയമ്മ എന്നാണ് അവൾ വിളിക്കുന്നത്.. ചെറുപ്പം മുതൽ വിളിച്ചു ശീലിച്ചു പോയതാണ്. രവിയമ്മ അവിടേക്ക് വന്നപ്പോൾ ഇഷാനി നൂനുവിനെ തറയിൽ നിർത്തി എഴുന്നേറ്റു. രവിയമ്മ വിഷമത്തോടെ അവളുടെ മുടിയിൽ തലോടി

 

‘ഇപ്പോളും എനിക്ക് ഇവളെ കാണുമ്പോൾ സങ്കടമാ..’

രവിയമ്മ എന്നെ നോക്കി പറഞ്ഞു.

 

‘ചേച്ചി മുടി ക്യാൻസർ രോഗികൾക്ക് കൊടുക്കാൻ വേണ്ടി മുറിച്ചത് അല്ലെ.. അതൊരു നല്ല കാര്യം അല്ലെ..’

അവിടേക്ക് വന്ന ശ്രുതി ഇഷാനിയെ സപ്പോർട്ട് ചെയ്തു. ക്യാൻസർ രോഗികളുടെ കാര്യം ഞാൻ ഇപ്പോളാണ് അറിയുന്നത്. ഇഷാനി ഇത് വരെ അങ്ങനെ ഒരു കാര്യം എന്നോട് പറഞ്ഞിട്ടില്ല. ഞാൻ അവളെ നോക്കിയപ്പോ അവൾ മുഖം മാറ്റി..

 

‘എന്തോരം എണ്ണ ഇടിച്ചു കൊടുത്തിട്ടുള്ളതാ ഞാൻ.. എന്നോട് ഒന്ന് ചോദിച്ചു പോലുമില്ല..’

ഇഷാനിയുടെ മുടിയെ പറ്റി സംസാരം വരുമ്പോൾ രവിയമ്മ എപ്പോളും ഇമോഷണൽ ആകുമെന്ന് ഇഷാനി എന്നോട് പറഞ്ഞു. ക്യാൻസർ രോഗികൾക്ക് കൊടുത്ത കാര്യത്തെ പറ്റി ഞാൻ തിരക്കിയപ്പോൾ അവൾ മറ്റെന്തോ പറഞ്ഞു ഒഴിഞ്ഞു മാറി. ഞങ്ങൾ മെല്ലെ വീടിന് വെളിയിൽ ഇറങ്ങി. അവിടെ കുറച്ചു മാറി താഴെയായി ഒരു വീട് ചൂണ്ടി കാണിച്ചു ഇഷാനി എന്നോട് അതാരുടെ വീടാണെന്ന് ചോദിച്ചു

 

‘എനിക്കെങ്ങനെ അറിയാം.. നീ പറ..’

 

‘ഈ എന്റെ…!

ഇഷാനി സ്വയം വിരൽ ചൂണ്ടി പറഞ്ഞു.

 

‘നിന്റെയോ.. ശരിക്കും നിന്റെ പേരിൽ ഉള്ളതാ..?

 

‘ആ.. എന്റെ അച്ഛന്റെ പേരിൽ ആയിരുന്നു. ഇപ്പൊ എന്റെ പേരിലാണ്.. അവിടെ ഇപ്പൊ വേറെ വാടകക്കാർ ആണ് താമസിക്കുന്നത്. ചെറിയൊരു വാടക എനിക്ക് കിട്ടും.. അവരില്ലായിരുന്നു എങ്കിൽ നമുക്ക് അവിടെ പോയി നോക്കാമായിരുന്നു..’

 

ഇഷാനി പിന്നെയും എനിക്ക് അവളുടെ വീട് പരിസരമെല്ലാം കാണിച്ചു തന്നു. ഈ നാട്ടിൽ എല്ലാ വീട്ടിലും ചെറുതായെങ്കിലും ഒരു പൂന്തോട്ടം ഉള്ളത് പോലെ തോന്നി. വേലി പോലെ കെട്ടുന്ന ഗന്ധരാജൻ ചെടി മുതൽ തൊടിയിൽ പൂത്തു നിൽക്കുന്ന പനിനീർപൂവ് വരെ.. ആരോ ഈ നാടിന് അറിഞ്ഞിട്ട പേരാണ് പൂക്കുട എന്നത്. വീട് മുഴുവൻ ചുറ്റി കണ്ടതിനു ശേഷം വിട പറയാൻ ഞാൻ തയ്യാറെടുത്തു.. അവളില്ലാതെ ഇനി തിരിച്ചു ഇത്രയും ദൂരം പോകണം എന്നോർത്തപ്പോൾ എനിക്ക് വല്ലാത്ത നിരാശ തോന്നി.. അവളുടെ മുഖത്തും ഒരു വിഷമം ഉണ്ടായിരുന്നു. അതെന്തിനാണ് എന്ന് എനിക്ക് അറിയില്ല. പോകുന്നതിന് മുമ്പ് അവളുടെ വീട്ടിൽ ഉള്ളവരോട് യാത്ര പറയാമെന്നു കരുതി ഞാൻ ആദ്യം രവിയച്ഛന്റെ അടുക്കൽ ചെന്നു

 

‘ഞാൻ എന്നാ ഇറങ്ങട്ടെ..’

 

‘ആഹാ പോകുവാണോ..?

രവിയച്ഛൻ സംശയത്തോടെ എന്നെ നോക്കി

 

‘ഇപ്പൊ പോയാൽ ഒത്തിരി വൈകാതെ അങ്ങ് ചെല്ലാമായിരുന്നു..’

 

‘കല്യാണവീട്ടിൽ വന്നിട്ട് നീ ഫ്രണ്ടിനെ കല്യാണം കാണിക്കാതെ പറഞ്ഞു വിടുവാണോ ഇഷ മോളെ..?

രവിയച്ഛൻ ആ ചോദ്യം അവളോടാണ് ചോദിച്ചത്.. ഇഷാനി എന്ത് പറയണം എന്നറിയാതെ എന്നെ നോക്കി

 

‘അയ്യോ ഞാൻ സത്യം പറഞ്ഞാൽ അവളെ ഇവിടെ ആക്കാൻ വന്നതാണ്.. വേറെ വണ്ടി ഇല്ലാഞ്ഞത് കൊണ്ട്.. ‘

 

‘ദൂരം ആയത് കൊണ്ട് കൂട്ടുകാർ ഒന്നും വരില്ല എന്ന് നീ പറഞ്ഞു. ഇപ്പൊ അത്രയും ദൂരത്തു നിന്ന് ഒരാൾ വന്നിട്ട് നീ ഫ്രണ്ട്നോട് പോകണ്ട എന്ന് പോലും പറയുന്നില്ലേ..?

രവിയച്ഛൻ വീണ്ടും സംസാരിച്ചത് അവളോടാണ്.. ഇത്തവണ അവൾ ഉത്തരം കൊടുത്തു

 

‘നമുക്ക് നാളെ പോകാം.. എന്റെ ചേച്ചിയുടെ കല്യാണം കൂടിയിട്ട്..!

നാളെ കല്യാണമണ്ഡപത്തിൽ അടിക്കേണ്ട മേളവും കുരവയും ഒക്കെ ആ നിമിഷം എന്റെ ഉള്ളിൽ കേൾക്കാൻ തുടങ്ങി. വന്നത് പോലെ തന്നെ ഇഷാനി ആയി തിരിച്ചു വീണ്ടുമൊരു യാത്ര.. അതാണ് ഞാൻ ആഗ്രഹിച്ചതും. അല്ലെങ്കിലും ഇന്ന് തിരിച്ചു ചെല്ലാൻ പെട്രോൾ ഒന്നുമില്ല.. അപ്പോൾ കല്യാണം കൂടാൻ തന്നെ ഞാൻ തീരുമാനിച്ചു..

അപ്പോളാണ് ഞാൻ ഓർത്തത് ഞാൻ വേറെ ഡ്രസ്സ്‌ ഒന്നും എടുത്തിട്ടില്ല. അവളുടെ പേരപ്പന്റെ ഡ്രസ്സ്‌ ഒന്നും എനിക്ക് ചേരുക പോലുമില്ല..

 

‘നമ്മളിങ്ങോട്ട് വന്ന വഴി കണ്ട ടൗണിൽ ഒരു തുണിക്കട തുറന്നിട്ടില്ലേ.. അവിടെ പോയാലോ..? വലിയ ദൂരം ഇല്ലല്ലോ..’

 

ഞങ്ങൾ ഒരുമിച്ച് അങ്ങോട്ട്‌ പോയി.. ചെറിയൊരു തുണിക്കട ആയിരുന്നു. അതിനടുത്തു ഒരു ചെരുപ്പ് കടയും സ്വർണ്ണക്കടയും ഉണ്ട്. സ്വർണ്ണക്കട മാത്രം തുറന്നിട്ടില്ല.. ഞങ്ങൾ തുണികടയിലേക്ക് കയറി.. വലിയ ഫാഷൻ ഉള്ള ഡ്രസ്സ്‌ ഒന്നും അവിടെ ഇല്ല. എന്നാലും അത്യാവശ്യം നല്ല ക്വാളിറ്റി ഉള്ള തുണികൾ ആണ്. ഇഷാനി ആണ് എനിക്ക് വേണ്ടി ഡ്രസ്സ്‌ സെലക്ട്‌ ചെയ്തത്. കുറെ നേരം കൂടി അവളെനിക്ക് കണ്ടു പിടിച്ചു തന്നത് ഒരു മുന്തിരിക്കളർ ഷർട്ട്‌ ആണ്.. കുഴപ്പമില്ല.. എനിക്ക് ചേരുമായിരിക്കും.. ആ കരയുള്ള മുണ്ട് കൂടി അവൾ നോക്കി വച്ചിരുന്നു.. മുണ്ട് വേണ്ട പാന്റ് ഇത് തന്നെ മതിയെന്ന് ഞാൻ പറഞ്ഞെങ്കിലും അവൾ മുണ്ട് മതിയെന്ന് നിർബന്ധം പിടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *