റോക്കി – 2അടിപൊളി  

 

‘അങ്ങനെ വഴിക്ക് വാ.. എന്നാലും മോന് പെമ്പിള്ളേർ കെട്ടിപ്പിടിച്ചു ഇരിക്കുന്നത് അത്ര ഇഷ്ടമാ അല്ലെ..?

അവൾ ഇക്കിളി ഇടുന്നത് നിർത്തിയിട്ട് എന്നോട് ചോദിച്ചു

 

‘അത് എനിക്ക് ഇഷ്ടം ഉണ്ടായിട്ട് ഒന്നുമല്ല. സേഫ് ആയി യാത്ര ചെയ്യാൻ ഇങ്ങനെ ഇരിക്കണം എന്നാണ്..’

 

‘ഓ പിന്നെ നിന്റെ ഒരു സേഫ് യാത്ര..’

അവളെനിക്ക് ഒരു ചെറിയ നുള്ള് വച്ചു തന്നു. അവളുടെ ചേട്ടാ വിളി ഇടയ്ക്ക് മാറി നീ ആകുന്നതിൽ എനിക്ക് വളരെ സന്തോഷം തോന്നി. പക്ഷെ കുറച്ചു കഴിഞ്ഞു അവൾ ചിലപ്പോൾ വീണ്ടും ചേട്ടാ എന്ന് വിളിക്കും

 

പിന്നീടുള്ള യാത്രയിൽ ഞങ്ങൾക്ക് വേറെ പ്രശ്നങ്ങൾ ഒന്നും ഉണ്ടായില്ല.. കുറെ നേരം ഇരുന്നു ചന്തി വേദനിച്ചത് കൊണ്ട് ഇടയ്ക്കു ഞങ്ങൾ ഒന്ന് വണ്ടി നിർത്തി വിശ്രമിച്ചു. അതിന് ശേഷം എങ്ങും നിർത്താതെ യാത്ര തുടർന്നു. പാലക്കാടൻ വീഥികളിലൂടെ ഞങ്ങൾ മുന്നോട്ടു പോയി. പാലക്കാടിനെ കുറിച്ച് എനിക്ക് ഏറ്റവും ഓർമ വരുന്നത് ഖസാക്ക് വായിച്ച ഓർമ ആണ്. എവിടെയെങ്കിലും കരിമ്പനകൾ കാണുമ്പോൾ ഞാൻ ഖസാക്കിനെ ഓർക്കും. കരിമ്പനകളും പുൽ മൈതാനങ്ങളും പാടങ്ങളും കടന്ന് പോയി. ഇടയ്ക്ക് ഇഷാനി ഹെൽമെറ്റ്‌ ഊരി അവളുടെ നാടിന്റെ ഗന്ധവും വായുവും എല്ലാം ആസ്വദിച്ചു.. കണ്ണടച്ചു തോളൊപ്പം ഉള്ള ചെറുതായ് ചുരുൾച്ച ഉള്ള മുടിയിഴകൾ കാറ്റിൽ പാറുന്നത് ഞാൻ കണ്ണാടിയിലൂടെ കണ്ടു.. ഇവിടെ പല ചെറിയ ടൌൺകളിലും കടകൾ ഒക്കെ തുറന്നിരുന്നു. ഹർത്താലിന്റെ കാഠിന്യം ഇവിടെ പൊതുവെ കുറവാണെന്നു തോന്നി. കണ്ട കടകൾ ഒന്നിൽ കയറി കഴിക്കാമെന്ന് തോന്നിയെങ്കിലും ഇവിടുന്ന് അടുത്താണ് അവളുടെ നാട് എന്ന് കേട്ടപ്പോൾ അവിടെ നിന്ന് കഴിക്കാം എന്നും കരുതി. ഗ്രാമങ്ങളും നഗരങ്ങളും ഞങ്ങൾ പിന്നെയും പിന്നിട്ട് ഒടുവിൽ “പൂക്കുട” എന്ന അവളുടെ ഗ്രാമത്തിൽ എത്തി ചേർന്നു. തനിക്ക് പരിചിതമായ വഴികൾ എത്തിയപ്പോൾ അവളിൽ സന്തോഷം നിറയുന്നുണ്ടായിരുന്നു. അതിനൊപ്പം തന്നെ വയറിൽ നിന്ന് കൈകൾ പിൻവലിച്ചു അവൾ കൈകൾ തോളിൽ വച്ചു. അതിനെന്തായാലും ഞാൻ പിണങ്ങാൻ പോയില്ല. അവൾ പറഞ്ഞു തന്ന വഴികളിലൂടെ ഞങ്ങൾ മുന്നോട്ടു പോയി ഒടുവിൽ ഞങ്ങൾ അവളുടെ വീട്ടിൽ എത്തി ചേർന്നു.. അവളുടെ വീട് എന്ന് പറഞ്ഞാൽ സത്യത്തിൽ അവളുടെ പേരപ്പന്റെ വീട്. ആ പേരപ്പന്റെ മകളുടെ കല്യാണം ആണ് നാളെ.

 

ബൈക്ക് സത്യത്തിൽ മുറ്റം വരെ എത്തില്ലായിരുന്നു. ബൈക്ക് ചെല്ലുന്നിടത്ത് നിന്നും മുകളിൽ ആണ് വീട്. അവിടേക്ക് കല്ല് വെട്ടിയ പടവുകൾ. പടവുകൾക്ക് ഇരു വശവും പൂക്കൾ നിറഞ്ഞ ചെടികൾ. മുകളിൽ വീട്ടിൽ പടുത ഇട്ടിട്ടുണ്ട്. കല്യാണം ഇവിടെ അടുത്തുള്ള അമ്പലത്തിൽ വച്ചാണ്. വീട്ട് മുറ്റത്ത് എത്തുന്നതിനു മുന്നേ തന്നെ കല്യാണത്തിന് വന്ന പരിചയക്കാർ ഇഷാനിയോട് കുശലം ചോദിക്കുന്നുണ്ടായിരുന്നു. ഒപ്പം തന്നെ അവരൊക്കെ എന്നെ ശ്രദ്ധിക്കുന്നുമുണ്ടായിരുന്നു. ഞങ്ങൾ പടവുകൾ കയറി വീടിന് മുന്നിലെത്തി. പൂഴി മണലും മുറ്റത്തിന് നടുവിൽ ഒരു തുളസിത്തറയും, കാട് പോലെ തഴച്ചു വളർന്ന നന്ദ്യാർവട്ടവും വീടിന് ഒരു മൂലയ്ക്കായി അശോകവും പൂത്തു നിന്നു. അശോകം പൂക്കുന്ന കാലം ഇതാണോ എന്ന് ഞാൻ ചിന്തിച്ചു. ഒരിക്കൽ വീട് വിട്ടറങ്ങി നാടോടികളുടെ ഒപ്പവും കള്ളന്മാരുടെ ഒപ്പവും സന്യാസിമാരുടെ ഒപ്പവും ഒക്കെ എനിക്ക് കഴിയേണ്ടി വന്നിട്ടുണ്ട്. അങ്ങനെ ഒരു ആശ്രമത്തിൽ ഇത് പോലെ പൂത്തു നിൽക്കുന്ന അശോകം ഓർമയുണ്ട്. പക്ഷെ ഇത് കാലം തെറ്റി പൂത്തത് പോലെ ആണ് എനിക്ക് തോന്നിയത്.. സ്ത്രീകളുടെ പാദസ്പർശം മൂലം അശോകം പുഷ്പിക്കുമെന്ന് ഞാൻ വായിച്ചറിഞ്ഞിട്ടുണ്ട്.. ഒരുപക്ഷെ ഇഷാനിയുടെ വരവാകാം ഈ വസന്തത്തിന് കാരണമെന്ന് എന്റെ മനസ് വെറുതെ ചിന്തിച്ചു കൂട്ടി..

 

വീട്ട് മുറ്റത്ത് കുറച്ചു ആളുകൾ കൂടി നിൽക്കുന്നുണ്ടായിരുന്നു. അവരിൽ നിന്ന് ഒരാൾ വന്നു ഇഷാനിയെ കെട്ടിപ്പിടിച്ചു. രവിയച്ഛൻ എന്ന് അവൾ വിളിക്കുന്ന അവളുടെ പേരപ്പൻ. ഞാൻ കുറച്ചു കൂടി പ്രായം ഉള്ളൊരു രൂപമാണ് പ്രതീക്ഷിച്ചത്.

 

‘വഴിയിൽ വല്ല പ്രശ്നം ഉണ്ടായിരുന്നോ…?

രവിയച്ഛൻ ഇഷാനിയോട് അന്വേഷിച്ചു.ഒരു വലിയ റേസ് കഴിഞ്ഞുള്ള വരവാണെങ്കിലും ഇഷാനി ആ കാര്യം മിണ്ടിയില്ല. രവിയച്ഛൻ എന്നെ നോക്കുന്നത് എന്തോ കൗതുകത്തോടെ ഇഷാനി വീക്ഷിച്ചു.. തന്റെ സുഹൃത്താണ് എന്ന് പറഞ്ഞു പരിചയപ്പെടുത്തിയപ്പോൾ രവിയച്ഛൻ എന്റെ കൈക്ക് പിടിച്ചു യാത്രയെ പറ്റി ഒക്കെ തിരക്കി. എനിക്ക് കുടിക്കാൻ ചായ എടുക്കാൻ പറഞ്ഞപ്പോൾ ആണ് ഞങ്ങൾ ഉച്ചക്ക് കഴിച്ചില്ല എന്നറിഞ്ഞത്. ഫുഡ്‌ കഴിക്കാൻ വീട്ടിൽ കയറിയപ്പോൾ ആണ് വീടിന്റെ ചുമരിൽ താടി വച്ച ഒരാളുടെ ഫോട്ടോ മാലയിട്ട് വച്ചിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചത്. അത് അവളുടെ പേഴ്സിൽ ഞാൻ കണ്ടിട്ടുള്ളതാണ്. അവളുടെ അച്ഛന്റെ പടം.

ഫുഡ്‌ അകത്തു ടേബിളിൽ ആയിരുന്നു. അവിടെ വച്ചാണ് എല്ലാവരെയും പരിചയപ്പെട്ടത്. ഇഷാനിയുടെ പേരമ്മ അവളെ കണ്ട ഉടനെ തന്നെ രണ്ട് ദിവസം മുമ്പ് വരാഞ്ഞതിന് അവളെ ശകാരിച്ചു. ബാക്കിയുള്ള പരിചയപ്പെടൽ എല്ലാം ഭക്ഷണം കഴിച്ചതിനു ശേഷം ആയിരുന്നു.

കല്യാണപ്പെണ്ണിനെ ആണ് ആദ്യം അവളെനിക്ക് പരിചയപ്പെടുത്തി തന്നത്. തമ്മിൽ കണ്ട ഉടനെ അവർ രണ്ടും കെട്ടിപിടിച്ചു വട്ടം കറങ്ങി. ഇഷാനിയുടെ ഇവിടുത്തെ ഏറ്റവും വലിയ കൂട്ടായിരുന്നു അവളുടെ പാറു ചേച്ചി. ഈ ചേച്ചിയുടെ ഫേസ്ബുക് ഐഡിയിൽ ആണ് ഞാൻ പണ്ട് ഇഷാനി വയലിൻ വായിക്കുന്നത് കണ്ടത്.

‘നീ വന്നില്ലെങ്കിൽ ആര് എനിക്ക് മൈലാഞ്ചി ഇട്ടു തരുമെന്ന് ഓർത്തു വിഷമിച്ചു ഇരിക്കുക ആയിരുന്നു ഞാൻ..’

കെട്ടിപ്പിടുത്തം വിടാതെ പാറു പറഞ്ഞു

 

‘ഞാൻ വരാതെ നിന്റെ കല്യാണം നടക്കുവോ മോളെ..’

ഇഷാനി പാറുവിനെ ഞെക്കി പൊട്ടിക്കുന്ന പോലെ കെട്ടിപിടിച്ചു. ചേച്ചി ആണെങ്കിലും ഇഷാനിയുടെ അത്രയും നീളം പാർവതിക്ക് ഇല്ലായിരുന്നു. നിറവും ഇഷാനിക്ക് തന്നെ ആയിരുന്നു. എന്നാൽ ഇഷാനി ശരിക്കും അവളുടെ ചേച്ചിയുടെ മുന്നിൽ തോറ്റു പോകുന്നത് നീണ്ടു വിടർന്ന പനങ്കുല പോലെ എന്നൊക്കെ പറയാവുന്ന മുടിയുടെ കാര്യത്തിൽ ആണ്.. ഞങ്ങളുടെ പരിചയപ്പെടലിന് ഇടയിൽ ആണ് പാർവതിയുടെ അനിയത്തി ശ്രുതി അവിടേക്ക് ഓടി വരുന്നത്. ഇഷാനിയെ കണ്ട സന്തോഷത്തിൽ അവൾ കെട്ടിപ്പിടുത്തം മാത്രമല്ല ഒരു ഉമ്മയും കൊടുത്തു. അത് കഴിഞ്ഞാണ് ഞാൻ അവിടെ നിൽക്കുന്നത് അവൾ ശ്രദ്ധിക്കുന്നത് തന്നെ. ഈ ശ്രുതിയും എന്റെ കോളേജിലെ ശ്രുതി മോളെ പോലെ നീളം കുറഞ്ഞ ഒരു സുന്ദരി ആയിരുന്നു. പാർവതിയെപ്പോലെ തന്നെ നീണ്ട മുടി അവളിലും ഞാൻ ശ്രദ്ധിച്ചു. ശ്രുതി ഇഷാനിയേക്കാൾ മൂന്ന് വയസ്സ് ഇളപ്പമാണ്.

Leave a Reply

Your email address will not be published. Required fields are marked *