റോക്കി – 2അടിപൊളി  

‘ഓ സമ്മതിച്ചു.. എങ്കിൽ നീ ചെന്നു ഫസ്റ്റ് വാങ്ങിക്ക്.. ഇഷാനി നീ പോണുണ്ടോ.. ജയിച്ചാൽ പത്രത്തിൽ ഒക്കെ ഫോട്ടോ വരും മിക്കവാറും..’

രേണു ഇഷാനിയോട് ചോദിച്ചു. അവൾ താല്പര്യമില്ല എന്ന മട്ടിൽ ചിരിച്ചു

 

‘ആ പത്രത്തിൽ ഫോട്ടോ ഒക്കെ വരുമെന്ന് പറഞ്ഞാൽ ഇവൾ ഒട്ടും പോവില്ല. എങ്ങനെ അദൃശ്യയായി ജീവിക്കാം എന്നാണ് ഇവൾ ചിന്തിക്കുന്നത്..’

ഞാൻ ഇഷാനിയെ പറ്റി രേണുവിനോട് പറഞ്ഞു

‘ഇവൾ ചെന്നാൽ ഫസ്റ്റ് ഉറപ്പാ. എല്ലാ കാര്യത്തെ കുറിച്ചും മിനിമം നോളജ് ഉണ്ട്.. ദേ ഇപ്പോൾ തന്നെ കയ്യിൽ ഏതോ ബുക്ക്‌ ഉണ്ട്..’

ഞാൻ അവളുടെ കയ്യിൽ ഇരുന്ന ബുക്ക്‌ ചൂണ്ടി പറഞ്ഞു.. അവൾ പോകാതെ ഇരിക്കാൻ കുറെ നിർബന്ധം പിടിച്ചെങ്കിലും ഞാനും രേണുവും വിട്ടു കൊടുത്തില്ല. അവസാനം അവൾക്ക് ക്ലാസ് കട്ട് ചെയ്തു ക്വിസ് ന് ചെരേണ്ടി വന്നു. കൂടെ ഞാനും.

 

താജ്മഹൽ നിർമിച്ച ചക്രവർത്തിയുടെ പേരും ഗാന്ധിജി കേരളം സന്ദർശിച്ച വർഷവും ഒക്കെ പ്രതീക്ഷിച്ചു ഇരുന്ന എനിക്ക് കിട്ടിയത് സ്വാതന്ത്ര്യസമരത്തിലൂടെ കേരളത്തിൽ എത്തിയ ചപ്പാത്തിയെ കുറിച്ചുള്ള ചോദ്യം ആണ്.. അത്രക്ക് കൊനഷ്ട് പിടിച്ച ചോദ്യങ്ങൾ. പലതിനും ഉത്തരം അറിയുന്നവർ ചുരുക്കും. ആദ്യ റൗണ്ടിൽ തന്നെ ക്ലാസ്സ്‌ കട്ട് ചെയ്തു വന്ന പകുതി മുക്കാൽ എണ്ണവും ഔട്ട്‌ ആയി. ഒരുമാതിരി ഒക്കെ ലോകവിവരം ഉണ്ടായിരുന്ന കൊണ്ട് ഞാൻ കഷ്ടിച്ച് രക്ഷപെട്ടു. ഇഷാനി ഒരുപാടെണ്ണം ശരിയാക്കി എന്ന് തോന്നി. അടുത്ത റൗണ്ടിൽ എനിക്കും ഔട്ട്‌ ആകേണ്ടി വന്നു. ഔട്ട്‌ ആയവർ പുറത്ത് പോകണ്ടത് കൊണ്ട് അകത്തു ആരൊക്കെ ജയിക്കുന്നുണ്ട് എന്നറിയാൻ പറ്റിയില്ല. കുറച്ചു നേരം കഴിഞ്ഞു അകത്തു ക്ലാപ് വീഴുന്ന ശബ്ദം കേട്ടപ്പോൾ ആരോ ഒരാൾ ജയിച്ചു എന്ന് മനസിലായി. അല്പം കഴിഞ്ഞു ഇഷാനിയും ബാക്കി കുട്ടികളും പുറത്തേക്ക് വന്നു. അവളുടെ മുഖഭാവം വിഷമത്തിൽ ആയിരുന്നു

 

‘എന്തായി..?

ഞാൻ ചോദിച്ചു

 

‘എനിക്ക് സെക്കന്റ്‌.. ഫസ്റ്റ് ആ കുട്ടിക്കാണ്..’

വെളുത്തു മെലിഞ്ഞ ഒരു കണ്ണട വച്ച കുട്ടിയെ കാണിച്ചു ഇഷാനി എന്നോട് പറഞ്ഞു. ഫിസിക്സ്‌ ലെ ഒരു സാറിന്റെ മോൾ ആണ് അത്. അവൾക്കായിരുന്നു ഫസ്റ്റ്

 

‘അതിന് എന്താ ഇത്രയും പേരിൽ നിന്ന് നിനക്ക് സെക്കന്റ്‌ ഇല്ലേ.. അത് മതി..അവളുടെ വിഷമം കണ്ട് ഞാൻ പറഞ്ഞു

 

‘എനിക്ക് വിഷമം സെക്കന്റ്‌ ആയതിൽ അല്ല. രണ്ട് ദിവസം കഴിഞ്ഞു വേറെ കോളേജിൽ വച്ചു മത്സരം ഉണ്ട്. അതിനു ഞാനും ആ കൊച്ചും ഒരു ടീമായി ചെല്ലണം എന്ന്..’

 

‘അതിന് നിനക്കെന്താ ഒരു വിഷമം..?

 

‘ഓ ഇനി വേറെ കോളേജിൽ ഒക്കെ പോകണ്ടേ..?

അവൾ താല്പര്യമില്ലാത്ത പോലെ പറഞ്ഞു

 

‘പോണം..’

ഞാൻ അവളെ നിർബന്ധിച്ചു..

 

രണ്ട് ദിവസം കഴിഞ്ഞു ആയിരുന്നു മത്സരം. ക്വിസ് ന് പോയത് കൊണ്ട് ഇഷാനി അന്ന് ക്ലാസ്സിൽ വന്നില്ല. അവളില്ലാഞ്ഞത് കൊണ്ട് ക്ലാസ്സിൽ എനിക്കൊരു ഉഷാറും ഇല്ലായിരുന്നു. ഉച്ച കഴിഞ്ഞാണ് അവളുടെ കോൾ വന്നത്.. അവൾ വല്ലാത്ത സന്തോഷത്തിൽ ആയിരുന്നു.. അവിടെ വലിയ ശബ്ദവും ബഹളവും ഒക്കെ കേൾക്കാമായിരുന്നു..

‘ഡാ ഞങ്ങൾ ജയിച്ചു.. ഞങ്ങൾക്ക് ഫസ്റ്റ് ഉണ്ട്..’

അവൾ വല്ലാത്ത എക്സൈറ്റ്മെന്റിൽ ആയിരുന്നു. ജയിച്ച ഉടനെ തന്നെ അവളെന്നെ ആണ് വിളിച്ചത്.. പ്രൈസ് പോലും കൊടുത്തിട്ടില്ല, അതിനും മുന്നേ.. അന്ന് വൈകിട്ട് അവളെ ഒന്ന് പോയി കാണണം എന്ന് ഞാൻ കരുതിയെങ്കിലും ഫുട്ബോൾ പ്രാക്ടീസ് ഉണ്ടായിരുന്നത് കൊണ്ട് അവളെ അന്ന് കാണാൻ പറ്റിയില്ല. യൂണിവേഴ്സിറ്റി മാച്ച് അടുത്ത് വരുന്നത് കൊണ്ട് പ്രാക്ടീസ് ഉള്ള ദിവസം മുടക്കാൻ പറ്റില്ലായിരുന്നു. ഞാൻ മാച്ചിന് ഇറങ്ങാറില്ല എങ്കിലും സ്‌ക്വാഡിൽ ഉണ്ടായിരുന്നു. അന്ന് അവളെ കാണാൻ പറ്റാഞ്ഞത് കൊണ്ട് തന്നെ പിറ്റേന്ന് കോളേജിൽ വച്ചു കണമെന്നും ഒരു കൺഗ്രാറ്റ്ലഷൻസ് നേരിട്ട് പറയാമെന്നും ഞാൻ കരുതി

 

രാവിലെ എഴുന്നേറ്റപ്പോൾ ശ്രുതിയുടെ ഒരു വാട്സ്ആപ്പ് മെസ്സേജ് വന്നു. ഒരു ഫോട്ടോ ആയിരുന്നു അത്. ഓപ്പൺ ആയി നോക്കിയപ്പോൾ ഇഷാനിയുടെ ഫോട്ടോ പത്രത്തിൽ വന്നതാണ്. കൂടെ മറ്റേ കുട്ടിയുടെ ഫോട്ടോയും ഉണ്ട്. പത്രത്തിലെ ഒരു ചെറിയ കോളത്തിൽ യൂണിവേഴ്സിറ്റി തലത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ വിജയികളായ ഇഷാനി ചന്ദ്രനും മെർലിൻ ഫിലിപ്പും.

ഞാൻ നേരത്തെ തന്നെ കോളേജിൽ ചെന്നെങ്കിലും അവിടെ ചെന്നപ്പോൾ ആണ് ഓർത്തത് ഞങ്ങളുടെ ഡിപ്പാർട്മെന്റ്ന് രണ്ട് ദിവസത്തേക്ക് സെമിനാർ ആണെന്ന്. പിള്ളേർ മിക്കവരും താമസിച്ചാണ് വന്നത്. ഇഷാനി കുറെ നേരം ആയിട്ടും വന്നുമില്ല.. അവളിനി വരില്ലേ എന്ന് ഞാൻ ചിന്തിച്ചു. പിള്ളേർ അധികവും സെമിനാർ ഹോളിൽ ആയിരുന്നു.. ക്ലാസ്സിൽ ഞാനും ശ്രുതിയും കുറച്ചു പിള്ളേരും മാത്രം..

ഇഷാനി ക്ലാസ്സിൽ എത്തിയപ്പോൾ ഞാനും ശ്രുതിയും ബാക്ക് ബെഞ്ചിൽ ഇരിക്കുവായിരുന്നു.. അവളെ കണ്ട ഉടനെ ഞാൻ ചിരിച്ചെങ്കിലും അവളുടെ മുഖത്ത് ഒരു കലിപ്പ് ഭാവം ആയിരുന്നു. ഞങ്ങൾ ഇരിക്കുന്ന ബെഞ്ചിന് അടുത്ത് വന്നു അവൾ കയ്യിലിരുന്ന കവർ എനിക്ക് നേരെ നീട്ടി

 

‘ഇതെന്താ…?

അവൾ ദേഷ്യത്തോടെ എന്നോട് ചോദിച്ചു. ഞാൻ കവർ തുറന്നു നോക്കി

 

‘ഇതൊരു ചുരിദാർ ആണല്ലോ.. ഇതിനെന്താ..?

കാര്യം മനസിലാകാതെ ഞാൻ ചോദിച്ചു

 

‘ഈ എഴുതിയിരിക്കുന്നത് എന്തുവാണ്…?

 

ഞാൻ ആ കവറിൽ എഴുതിയ വാക്കുകൾ അപ്പോളാണ് ശ്രദ്ധിച്ചത്.. “കൺഗ്രാറ്റ്ലഷൻസ് മാളൂ..”

 

‘ആരാ ഈ മാളൂ..?

 

‘നീ ഒന്നും അറിയാത്ത പോലെ അഭിനയിക്കല്ലേ അർജുൻ.. നിനക്ക് ഗിഫ്റ്റ് തരണം എങ്കിൽ നേരിട്ട് തന്നൂടെ. എന്തിനാ കള്ളന്മാരെ പോലെ വീടിന് മുന്നിൽ വച്ചിട്ട് പോകുന്നെ..?

 

ഇവൾ എന്ത് തേങ്ങയാണ് പറയുന്നത് എന്ന് എനിക്ക് മനസിലായില്ല.

‘നീ എന്തുവാ പറയുന്നെ.. ഞാൻ നിന്റെ വീടിന്റെ മുന്നിൽ കൊണ്ട് വന്നു ഇത് വച്ചെന്നോ..’

 

‘പിന്നെ നീയല്ലാതെ വേറാര് എനിക്ക് കൊണ്ട് ഗിഫ്റ്റ് തരാനാണ്.. അത് വച്ചത് അല്ല എനിക്ക് പ്രശ്നം.. നീയെന്തിനാ ഇവിടെ മാളൂ എന്ന് എഴുതി വച്ചത്..’

 

‘എടി എന്തുവാ നിനക്ക് ഇത്ര ദേഷ്യം.. അതിനിപ്പോ എന്തുണ്ടായി..?

അത്രയും നേരം മിണ്ടാതെ ഇരുന്ന ശ്രുതി ഇഷാനിയോട് ചോദിച്ചു

 

‘എന്നെ ഈ പേര് വിളിക്കുന്നത് എനിക്ക് ഇഷ്ടമല്ല.. അത്ര തന്നെ..’

ഇഷാനി തറപ്പിച്ചു പറഞ്ഞു. ഞാൻ അപ്പോളും കാര്യം സീരിയസ് ആയി എടുത്തില്ല.. അത് കൊണ്ട് തന്നെ ഞാൻ അവളെ കളിപ്പിക്കുവാണ് എന്നൊരു തോന്നൽ അവൾക്കുണ്ടായി

 

‘അതിന് നിനക്ക് ഇങ്ങനെ ഒരു പേരുണ്ട് എന്ന് എനിക്ക് അറിയില്ലല്ലോ.. നീ എന്നോട് ഇത് വരെ പറഞ്ഞിട്ടില്ല. പിന്നെ എങ്ങനെ ഞാൻ ഇത് എഴുതി ഇടും.. ഇത് വേറെ ആരോ വച്ചതാണ് ഇഷാനി…’

Leave a Reply

Your email address will not be published. Required fields are marked *