റോക്കി – 2അടിപൊളി  

 

‘നീ വേണേൽ വിശ്വസിക്ക്. അവളുടെ ക്ലാസ്സിൽ ഉള്ള ഒരു പെണ്ണാണ് എന്നോട് പറഞ്ഞത്..’

 

‘അങ്ങനെ ആണേൽ അവൻ ശരിക്കും മണ്ടൻ തന്നെ. ആ പെണ്ണ് പഠിക്കാൻ ഒക്കെ നല്ല മിടുക്കി ആണ്.. കാണാനും അടിപൊളി.. അവന് ചേരുമായിരുന്നു..’

 

‘സത്യം. നല്ല കാശ് ടീമുമാണ് അവനെ പോലെ.. പറഞ്ഞിട്ട് കാര്യമില്ല..’

 

അവരുടെ സംസാരം ഒരു അവജ്ഞയോടെ തള്ളി കളയാൻ ഇഷാനി ശ്രമിച്ചു. പക്ഷെ അവർ അവസാനം സംസാരിച്ച കാര്യങ്ങൾ അവളുടെ ഉള്ളിൽ കിടന്നു നീറാൻ തുടങ്ങി. നീറി നീറി അത് അവളുടെ ഉള്ളിലെ അപകർഷത ബോധത്തെ ഉണർത്തി. അത്രയും നാൾ അർജുനെ ഒരു സുഹൃത്തായി കണ്ടപ്പോൾ ഒന്നും അവന്റെ നിലയും വിലയും ഇഷാനി നോക്കിയിട്ടില്ല. അവൻ കോളേജിൽ പോപ്പുലർ ആയത് കൊണ്ടല്ല അവളിൽ അവനോട് അടുപ്പം തോന്നിച്ചത്.. അവൻ കാശുള്ള വീട്ടിലെ പയ്യൻ ആയത് കൊണ്ടല്ല ഇഷാനി അവനോട് കൂടുതൽ അടുത്തത്. പക്ഷെ ഇവരെല്ലാം പറയുന്നത് അങ്ങനെ ആണ്.. അവളുടെ ഉള്ളിലെ കോംപ്ലക്സ് ആ പെൺകുട്ടികൾ സംസാരിച്ചതിലും കാര്യമുണ്ടെന്ന് തോന്നിപ്പിക്കാൻ തുടങ്ങി.

ഒരുപക്ഷെ അർജുൻ തന്നോട് ഇഷ്ടം ആണെന്ന് പറഞ്ഞാൽ ഈ കോളേജ് മുഴുവൻ അവനൊരു പരിഹാസപാത്രമായി മാറും. അവന് തന്നോട് ഇഷ്ടം ഉണ്ടെന്ന് പലപ്പോഴും ഇഷാനിക്ക് തോന്നിയിട്ടുണ്ട്. എന്നാൽ അവനുമായി തനിക്കൊരു ചേർച്ചയുമില്ലെന്ന് ഇഷാനി ചിന്തിച്ചു.

 

അർജുൻ ഈ കോളേജിൽ ഒരുപാട് പേര് ഇഷ്ടപ്പെടുന്ന ഒരാളാണ്.. താനോ..?

അർജുൻ കാശൊക്കെ ഉള്ള വലിയ വീട്ടിലെ ചെറുക്കൻ. താൻ ഒരു ഇടത്തരം ഫാമിലി മാത്രം. അതും തന്റെ ഫാമിലി ഹിസ്റ്ററി ഒക്കെ പറയാൻ പോലും കൊള്ളില്ല.. പോരാത്തതിന് കോളേജ് മുഴുവൻ ചീത്തപ്പേരും..

മനസ്സിൽ ഇത്രയൊക്കെ ആലോചിച്ചു കൂട്ടിയപ്പോൾ ഇഷാനിക്ക് പിന്നെ ക്ലാസ്സിൽ ഇരിക്കണമെന്ന് തോന്നിയില്ല. അർജുൻ കാണാതെ ബാഗുമെടുത്തു അവൾ തിരിച്ചു പോയി.. അവസാന പീരീഡ് അവളെ കാണാതെ അർജുൻ ഒന്ന് പരിഭ്രാമിച്ചു. നേരത്തെ ഇങ്ങനെ അവൾ ക്ലാസ്സ്‌ കട്ട്‌ ചെയ്തു പോയപ്പോൾ ആണ് ലക്ഷ്മിയും കൂട്ടരും അവളെ ഉപദ്രവിച്ചത്. അർജുൻ അവളെ ഫോൺ ചെയ്തു. രണ്ട് തവണ റെസ്പോണ്ട് ഇല്ലായിരുന്നു. മൂന്നാം വട്ടം അവൾ ഫോൺ എടുത്തു

 

‘ നീ എവിടാ…?

 

‘ഞാൻ.. ഞാൻ വീട്ടിലാ..’

 

‘വീട്ടിലോ.. എന്ത് പറ്റി. എന്താ ലാസ്റ്റ് പീരിയഡ് കേറാഞ്ഞത്..?

 

‘എനിക്ക് നല്ല തലവേദന. അതാ ഞാൻ പെട്ടന്ന് ഇങ്ങ് പോന്നത്..’

 

അർജുൻ കാര്യം അറിയാൻ വീണ്ടും ചോദ്യങ്ങൾ ചോദിച്ചെങ്കിലും തലവേദന പറഞ്ഞു അവൾ ഫോൺ വച്ചു. പെട്ടന്ന് ഒരു കാര്യവും ഇല്ലാതെ അവൾ തന്നെ ഒഴിവാക്കിയത് പോലെ അർജുന് തോന്നി.. അത് പിന്നീട് പതിവായി. അടുത്ത ദിവസം ഇഷാനി എന്നത്തേയും പോലെ ഹൂഡി ധരിച്ചാണ് വന്നത്. അതിനെ പറ്റി ചോദിച്ചപ്പോൾ താല്പര്യമില്ലാത്തത് പോലെ അവൾ പെരുമാറി. ഇടയ്ക്ക് തന്റെ അടുത്ത് വരുന്ന സമയങ്ങളിൽ ഒക്കെ അവൾ അർജുനിൽ നിന്ന് മാറി പോകാൻ ശ്രമിച്ചു. താൻ എന്തെങ്കിലും തെറ്റ് ചെയ്തിട്ടാണോ എന്ന് അർജുൻ ആലോചിച്ചെങ്കിലും അങ്ങനെ ഒന്ന് അവന് ഓർമ കിട്ടിയില്ല. അങ്ങനെ അർജുന് പിടി കൊടുക്കാതെ ഇഷാനി കുറച്ചു ദിവസങ്ങൾ അവനെ വിഷമിപ്പിച്ചു നടന്നു. ഒടുവിൽ ഒരു ദിവസം പെട്ടന്ന് പഴയത് പോലെ അവൾ അവനോട് ചിരിച്ചു സംസാരിച്ചു. അവന്റെ അടുത്ത് വന്നിരുന്നു. അന്ന് പതിവില്ലാതെ കോളേജിനു പുറത്തുള്ള ബേക്കറിയിൽ കൊണ്ട് പോയി അർജുന് ചെലവും ചെയ്തു.. ജ്യൂസ്‌ വന്നു അത് കുടിച്ചോണ്ട് ഇരിക്കുന്നതിനിടയിൽ ആണ് അവൾ കാര്യം പറയുന്നത്

 

‘അതേ… എന്റെ കല്യാണം ഒക്കെ ഏതാണ്ട് ഉറപ്പിച്ച മട്ടാണ്..’

 

‘ഓഹോ.. ആരാണ് ചെക്കൻ..’

അവൾ പറഞ്ഞത് ഒരു തമാശ ആയെ ഞാൻ ആദ്യം കരുതിയുള്ളു

 

‘ചെക്കനെ ഞാൻ ഒരു തവണ കാണിച്ചു തന്നിട്ടുണ്ട്.. നാട്ടിൽ വന്നപ്പോ ഒരു ഉണ്ണികൃഷ്ണനെ പരിചയപ്പെടുത്തിയത് ഓർമ ഇല്ലെ.. അതാണ് ആൾ..’

 

അവളുടെ മറുപടിയിൽ എന്തോ പന്തികേട് തോന്നി ജ്യൂസിൽ നിന്നും എന്റെ ശ്രദ്ധ അവളുടെ മുഖത്തേക്ക് പോയി. അവൾ വളരെ കൂളായാണ് സംസാരിക്കുന്നത്

 

‘ഉണ്ണിയേട്ടന്റെ വീട്ടുകാർ അവിടെ വന്നു ആലോചിച്ചു എന്ന് പറഞ്ഞു എന്നെ വീട്ടിൽ നിന്ന് വിളിച്ചിരുന്നു ഈയിടെ. ആദ്യം ഞാൻ അത്ര പോസിറ്റീവ് ആയി മറുപടി കൊടുത്തില്ല.. പിന്നെ എല്ലാം അവരുടെ ഇഷ്ടത്തിന് വിട്ട് കൊടുത്തു..’

 

‘പക്ഷെ നിനക്ക്.. അവനെ ഇഷ്ടമല്ലല്ലോ..’

എന്റെ ശബ്ദം പതറി..

 

‘അങ്ങനെ ഞാൻ പറഞ്ഞില്ലല്ലോ.. എനിക്ക് പ്രേമം ഒന്നും ഇല്ലായിരുന്നു എന്നല്ലേ പറഞ്ഞത്.. ഞാൻ ഒന്ന് ഇരുത്തി ആലോചിച്ചപ്പോൾ എനിക്ക് ചേരുന്ന ആലോചന ആണെന്ന് തോന്നി.. ഓക്കേ പറഞ്ഞു..’

 

‘ഞാൻ കരുതി.. നിനക്ക് അവനോട് അങ്ങനെ ഒന്നുമില്ലെന്ന്..’

 

‘ഇങ്ങനെ ഒക്കെ അല്ലെ ഒരാളോട് ഇഷ്ടം തോന്നുന്നത്.. ഉണ്ണിയേട്ടൻ ആണേൽ ചെറുപ്പം തൊട്ട് എനിക്കറിയാവുന്ന ആളാണ്. എന്നെയും നല്ല പോലെ അറിയാം.. ഞങ്ങളായി നല്ല ചേർച്ച ഉള്ള ഫാമിലി.. പിന്നെ കല്യാണം കഴിഞ്ഞാലും എനിക്ക് ആ നാട്ടിൽ തന്നെ കഴിയാം.. ഇത്രയും ഒക്കെ പോരേ ഓക്കേ പറയാൻ..’

 

‘മ്മ്.. അപ്പോൾ കല്യാണം ഉടനെ ഉണ്ടോ..?

ഉള്ളിലെ വേദന പുറത്ത് വരാതെ ഞാൻ അവളോട് ചോദിച്ചു..

 

‘കല്യാണം ഉടനെ ഒന്നുമില്ല. എന്റെ പിജി കഴിഞ്ഞു ഒക്കെയേ കാണൂ. എൻഗേജ്മെന്റ് അടുത്ത വർഷം വേണമെന്നാണ് അവർ പറയുന്നത്.. ‘

 

ഒരു ചായ കുടിക്കുന്ന കാര്യം പറയുന്ന ലാഘവത്തോടെ അവൾ കല്യാണത്തെ കുറിച്ചൊക്കെ പറയുന്നത് കേട്ട് എനിക്ക് അധികനേരം അവിടെ ഇരിക്കാൻ പറ്റിയില്ല.. തിരിച്ചു ക്ലാസ്സിൽ വന്നിട്ടും എനിക്ക് ഒന്നിലും ശ്രദ്ധ കിട്ടിയില്ല. എന്റെ മനസ്സിൽ അവൾ പറഞ്ഞ കാര്യങ്ങൾ വീണ്ടും വീണ്ടും ഓടിക്കൊണ്ടിരുന്നു. എന്റെ പെട്ടന്നുള്ള മാറ്റം രാഹുലും ആഷിക്കും ശ്രദ്ധിച്ചു.. അവരുടെ അടുത്ത് ഇഷാനിയുടെ കല്യാണത്തിന്റെ കാര്യം എനിക്ക് പറയേണ്ടി വന്നു.

 

‘അവൾ കല്യാണത്തിന് സമ്മതിച്ചു എന്ന് എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല.. ഓൾക്ക് നിന്നോട് ഒരു ഇഷ്ടം ഉണ്ടെന്നാണ് ഞാൻ കരുതിയത്.. ഇനി വല്ല തമാശയും പറഞ്ഞതാണോ..?

ആഷിക്ക് ചോദിച്ചു

 

‘അല്ലടാ.. അവൾ സീരിയസ് ആയിട്ട് പറഞ്ഞതാണ്.. അവൾ കുറച്ചു ദിവസം ആയി എന്നോട് അധികം മിണ്ടാട്ടവും ഇല്ലായിരുന്നു. ഇതാകും കാരണം..’

 

‘നീ അത് ഉറപ്പിക്കാൻ വരട്ടെ.. ഞാൻ അവളോട് ന്യൂട്രലിൽ കാര്യം തിരക്കാം..’

രാഹുൽ പറഞ്ഞു

 

‘അതൊന്നും വേണ്ടടാ. അവൾ എന്നോട് മാത്രം ആയി പറഞ്ഞതാണ്.. നിങ്ങളോട് ഞാൻ പറഞ്ഞു എന്ന് അവൾ അറിയണ്ട..’

 

‘എങ്കിൽ നീ അത് മനസ്സിൽ നിന്ന് കള.. വെറുതെ ശോകം ആയി ഇരിക്കാതെ..’

Leave a Reply

Your email address will not be published. Required fields are marked *