കാറുകൾ ഞങ്ങളുടെ പിന്നിൽ നിന്നും നഷ്ടം ആയത് വളരെ ഇടുങ്ങിയ ഒരു വഴിയിലൂടെ ഞങ്ങൾ പോയപ്പോളാണ്. ഒരു ചെറിയ കോളനി വഴി ഉള്ള റോഡാണ്. ഈ വഴി കാർ വരില്ല. പക്ഷെ ഞങ്ങൾ ശരിക്കും അതിൽ പെട്ട് പോയിരുന്നു. കാരണം കോളനിയിലേക്ക് ഒറ്റ വഴിയേ ഉള്ളു. ആ വഴി ആണ് ഞങ്ങൾ വന്നത്. ഇനി തിരിച്ചു ഇവിടെ നിന്ന് ഇറങ്ങണം എങ്കിൽ ആ വഴി തന്നെ പോകണം.. അവിടെ ഉറപ്പായും പാർട്ടിക്കാർ നിൽക്കുന്നുമുണ്ടാകും. എന്റെ മനസിൽ ചെറുതായ് പേടി തോന്നി തുടങ്ങി. അത് ഇഷാനിയെ ഓർത്തായിരുന്നു.
ഇത്രയും പ്രശ്നങ്ങൾക്ക് ഇടയിലും ഞങ്ങൾക്ക് പറ്റിയ ഒരേയൊരു ഭാഗ്യം എന്താണെന്ന് വച്ചാൽ ഞങ്ങൾ കയറിയ കോളനിയിൽ ഈ പാർട്ടിക്കാർക്ക് കയറി ഞങ്ങളെ പൊക്കാൻ പറ്റില്ല എന്നതായിരുന്നു. അവന്മാരുടെ എതിർ പാർട്ടിക്കാർ ഒരുപാട് ഉള്ള സ്‌ഥലമാണ് ഞങ്ങൾ ഇപ്പോൾ നിൽക്കുന്ന കോളനി. അത് കൊണ്ട് ഇതിൽ വന്നു അവരുടെ ഗുണ്ടായിസം നടക്കില്ല. വഴി ചോദിച്ചപ്പോൾ കാര്യം മുഴുവൻ ഞങ്ങളെ കൊണ്ട് പറയിച്ച ഒരു ചേട്ടനാണ് അത് പറഞ്ഞത്. അവർ ഞങ്ങളോട് ഇവിടെ എത്ര നേരം വേണമെങ്കിലും ഇരുന്നോളാൻ പറഞ്ഞു. പക്ഷെ ഞങ്ങൾ കല്യാണത്തിന്റെ കാര്യം പറഞ്ഞതോടെ അവരും നിസ്സഹായരായി.
‘ദാ സുരേഷേ ഓട്ടോ ഇറക്ക്..’
ഞങ്ങൾ വഴി ചോദിച്ച ചേട്ടൻ അവിടെ നിന്ന മറ്റൊരാളോട് ഉറക്കെ പറഞ്ഞു. ഞങ്ങൾക്ക് വേണ്ടി ഒരു വഴക്കിനു പോകാനാണ് അവർ തുനിഞ്ഞത്. അത് ഞങ്ങളുടെ അവസ്‌ഥ കണ്ടുള്ള വിഷമം കൊണ്ടാണോ എതിർ പാർട്ടിക്കാരോടുള്ള അമർഷം കൊണ്ടാണോ എന്ന് എനിക്ക് മനസിലായില്ല.
‘അയ്യോ വേണ്ട. ഞങ്ങൾക്ക് വേണ്ടി നിങ്ങൾ ഇനി പോയി.. അടി ഒന്നും ഉണ്ടാക്കേണ്ട. ഞങ്ങൾ പോയില്ലേൽ പോയില്ല എന്നെ ഉള്ളു. ഇനി ഇത് പറഞ്ഞു വഴക്കിനു ഒന്നും ആരും പോകണ്ട..’
ഇഷാനി അവരോട് പറഞ്ഞു. അവൾ ഒരുപാട് നിർബന്ധിച്ചിട്ടാണ് അവർ ആ തീരുമാനത്തിൽ നിന്ന് പിന്മാറിയത്..
‘മനോജ് അണ്ണാ നമുക്ക് പോലീസിൽ വിളിച്ചാലോ..?
കൂടെ നിന്ന ഒരുവൻ മനോജ് എന്ന് പേരുള്ള, ഞങ്ങൾ വഴി ചോദിച്ച ചേട്ടനോട് ചോദിച്ചു..
‘പോലീസ്… നല്ല പറിയന്മാരാണ്.. ഇവന്റെ ഒക്കെ പാർട്ടി അല്ലെ ഇവന്മാർക്ക് ചിലവിന് കൊടുക്കുന്നത്..’
എല്ലാ വഴിയും അടഞ്ഞു. ഇഷാനിയെ അവളുടെ വീട്ടിൽ എത്തിക്കുമെന്ന് വാക്ക് കൊടുത്തതാണ്. ഇതിപ്പോ ഞങ്ങൾക്ക് തിരിച്ചു പോകാൻ പോലും പറ്റാത്ത അവസ്‌ഥ ആയി. ഞങ്ങളുടെ രണ്ട് പേരുടെയും മുഖഭാവം കണ്ടു സങ്കടം തോന്നി മനോജ് എന്ന ചേട്ടൻ പറഞ്ഞു
‘എന്റെ കൊച്ചേ നിങ്ങൾ ഇങ്ങനെ പേടിച്ചു നിന്നാൽ നിൽക്കത്തെ ഉള്ളു. ഞങ്ങൾ പ്രശ്നം ഒന്നും ഉണ്ടാക്കില്ല.. ‘
പക്ഷെ ഇഷാനി എന്നിട്ടും അവരോട് വഴക്ക് ഉണ്ടാകുമെന്ന പേടിയിൽ സമ്മതിച്ചില്ല. മാത്രമല്ല ഇവിടുന്ന് ഇറക്കിയാലും അടുത്ത ജംഗ്ഷനിൽ വച്ചു വീണ്ടും പാർട്ടിക്കാർക്ക് പിടിക്കാവുന്നതേ ഉള്ളു ഞങ്ങളെ. എത്ര ദൂരം എന്ന് വച്ചാണ് കോളനിക്കാർക്ക് ഞങ്ങളെ സംരക്ഷിക്കാൻ പറ്റുക. അവിടെ നിന്നിരുന്ന സ്ത്രീകൾ ആണ് ഈ കാര്യം ചൂണ്ടി കാട്ടിയത്. അവർ പറഞ്ഞതും ശരിയാണ്.. അവർക്ക് ഞങ്ങളെ എവിടെ വച്ചു വേണമെങ്കിലും പിടിക്കാവുന്നതേ ഉള്ളു. സമയം പിന്നെയും കടന്നു പോയി. മനോജ് ചേട്ടൻ എന്റെ അടുക്കൽ വന്നു ചോദിച്ചു.
‘ഇവിടുന്ന് ഇറങ്ങാനുള്ള വഴി ഞാൻ കാണിച്ചു തരാം. നിനക്ക് പോകാനുള്ള തന്റേടം ഉണ്ടോ..?
ഉണ്ടെന്നത് എന്റെ മറുപടി കിട്ടും മുമ്പ് തന്നെ അങ്ങേർക്ക് മനസിലായിരുന്നു. തന്റേടം ഉണ്ടെന്ന മറുപടി കിട്ടിയപ്പോ പുള്ളിക്ക് സന്തോഷം ആയി. ഞങ്ങൾ പോയത് കോളനിയുടെ അങ്ങേ അറ്റത്തേക്കാണ്. മനോജ് അണ്ണനും കൂടെ ഉള്ളവരും അവിടെ നിന്ന വേലി പൊളിക്കാൻ തുടങ്ങി. അവർക്ക് ബുദ്ധിമുട്ട് ആകുമെന്ന് കരുതി അതും വേണ്ടന്ന് പറയാൻ ചെന്ന ഇഷാനിയെ ഇത്തവണ മനോജ് അണ്ണൻ വഴക്ക് പറഞ്ഞു. ഇനി പുള്ളി പറയും നിങ്ങൾ കേട്ടാൽ മതി എന്ന ലൈൻ ആയിരുന്നു അങ്ങേര്.. വേലി ഒരുമാതിരി പൊളിച്ചു നീക്കിയപ്പോൾ ആണ് ശരിക്കുള്ള തടസം ഞാൻ കണ്ടത്.. ഒരു കനാല്. അതിനപ്പുറം ആണ് റോഡ്. അതെങ്ങനെ കടക്കും എന്നോർത്ത് എനിക്ക് കൺഫ്യൂഷൻ ആയി
