റോക്കി – 2അടിപൊളി  

ഇഷാനിയുടെ മുഖം കണ്ടാൽ എന്നെ വെട്ടി കറി വയ്ക്കുന്ന ലക്ഷണം ആണ്. അത് പോലെ കലിപ്പ്..

 

‘എടി ഞാനല്ലല്ലോ അത് വാങ്ങിയതും അവൾക്ക് കൊടുത്തതും.. ഇതിലൊന്നും എനിക്കൊരു പങ്കുമില്ല..’

ഞാൻ എന്റെ നിസ്സഹായാവസ്‌ഥയോടെ അവളോട് പറഞ്ഞു. ഞാൻ വീണ്ടും കള്ളം പറയുവാണ് എന്ന് കരുതി ഇഷാനി ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റ് കൂട്ടത്തിൽ എന്നെ ഒരു തള്ളും വച്ചു തന്നു.. ബാലൻസ് ഇല്ലാതെ ഇരിക്കുന്ന കാരണം ഞാൻ ചെറുതായ് പുറകിലേക്ക് മറിഞ്ഞു.

 

‘നീ പോ….. എന്നോട് മേലാൽ മിണ്ടാൻ വരണ്ട ഇനി..’

ഇഷാനി കൃഷ്ണയ്ക്ക് മുഖം കൊടുക്കാതെ നടന്നകന്നു. അപ്പോൾ അടുത്തെത്തിയതേ ഉള്ളത് കൊണ്ടു കൃഷ്ണ ഞങ്ങളുടെ സംസാരം ഒന്നും കേട്ടിരുന്നില്ല..

 

‘വഴക്ക് തീർന്നില്ലേ..?

 

‘അതിനി ഉടനെ തീരുമെന്ന് തോന്നുന്നില്ല..’

ഞാൻ അവളുടെ ചുരിദാർ നോക്കി പറഞ്ഞു.. പിങ്ക് നിറത്തിൽ ഫുൾ സ്ലീവുള്ള ചുറ്റും നെറ്റൊക്കെ ഉള്ള ഒരു നല്ല ചുരിദാർ.. ഇഷാനി ഇട്ടിരുന്നേൽ ബാർബി ഗേൾ പോലെ ഇരുന്നേനെ. കൃഷ്ണ ഇട്ടിട്ടും അടിപൊളി ആയിട്ടുണ്ട്. അവളുടെ ഹെയർ സ്റ്റൈൽ, മേക്കപ്പ് ഒന്ന് ശ്രദ്ധിച്ചാൽ ഈ ഡ്രസ്സ്‌ മാച്ച് ആകും.

 

‘എനിക്കിത് ചേരുന്നുണ്ടോ..?

കൃഷ്ണ ഒരു മോഡലിനെ പോലെ എനിക്ക് പോസ് ചെയ്തു കൊണ്ടു ചോദിച്ചു

 

‘നല്ലപോലെ ചേരുന്നുണ്ട്. സത്യത്തിൽ ഞാൻ കരുതിയത് നിനക്ക് മോഡേൺ മാത്രമേ ചേരൂ എന്നാ.. മേക്കപ്പ് കൂടെ ഇല്ലായിരുന്നേൽ നിന്നെ കണ്ടാൽ ഒരു മിഡിൽ ക്ലാസ്സ്‌ പെൺകൊച്ചു ആണെന്നെ പറയൂ.. ഇതെന്താ ഇപ്പോൾ പെട്ടന്ന് ഡ്രസ്സ്‌ മാറിയേ..?

 

‘ചുമ്മാ ഇത് കണ്ടപ്പോൾ ഇടാൻ തോന്നി. അപ്പൊ തന്നെ ബാത്‌റൂമിൽ പോയി മാറി.. എനിക്ക് ഇതാണോ മോഡേൺ ആണോ ചേരുന്നത്..?

കൃഷ്ണ തിളങ്ങുന്ന കണ്ണുകളോടെ എന്നോട് ചോദിച്ചു

 

‘രണ്ടും ചേരുന്നുണ്ട്. ഏതാണ് കിടു എന്ന് പറയാൻ പറ്റുന്നില്ല..’

സത്യത്തിൽ അന്ന് ഞാൻ മോഡേൺ ആണ് കിടു എന്ന് പറഞ്ഞാൽ മതിയായിരുന്നു എന്ന് തോന്നി. അങ്ങനെ പറഞ്ഞിരുന്നേൽ കൃഷ്ണ പിന്നെ മോഡേൺ മാത്രമേ ധരിക്കുകയുള്ളായിരുന്നു.. ഇടയ്ക്ക് ഈ പിങ്ക് ചുരിദാർ ഇട്ടു വരുമ്പോൾ ഇഷാനി എന്നെ നോക്കി ദഹിപ്പിക്കുന്നതും ഇല്ലാതെ ആക്കാമായിരുന്നു….

 

ചുരിദാറിന്റെ പിന്നിലെ യഥാർത്ഥ രഹസ്യം പിടി കിട്ടിയില്ല എങ്കിലും ആ പിണക്കം കുറച്ചു പാടായിരുന്നു മാറ്റാൻ. പിണക്കത്തേക്കാൾ ഉപരി സങ്കടം ആയിരുന്നു അവൾക്കെന്ന് എനിക്ക് തോന്നി. എന്റെ കഷ്ടകാലത്തിന് കൃഷ്ണ തന്നെ അത് വലിച്ചു കേറ്റി അവളുടെ മുന്നിൽ വന്നു. അവൾക്ക് വേണ്ടി ഞാൻ വാങ്ങിച്ചത് ഞാൻ തന്നെ കൃഷ്ണയ്ക്ക് കൊടുത്തു എന്നാണ് ഇഷാനി വിശ്വസിച്ചത്.

 

‘എനിക്ക് തോന്നുന്നത് നിന്റെ വീടിന്റെ ഓപ്പോസിറ്റ് ഉള്ള പയ്യന്നില്ലേ. അവനാകും നിനക്ക് ചുരിദാർ ഗിഫ്റ്റ് ആയി തന്നതെന്നാണ്.. അവൻ രാവിലെ പത്രത്തിൽ നോക്കിയപ്പോൾ നിന്റെ ഫോട്ടോ കണ്ടു.. പെട്ടന്ന് കടയിൽ പോയി ഒരു ഗിഫ്റ്റ് വാങ്ങി നിന്റെ വാതുക്കൽ വച്ചു..’

 

ആരാണ് ആ ചുരിദാർ അവിടെ വച്ചതെന്ന എന്റെ സംശയം അപ്പോളും ആറിയിട്ടില്ല. ഇഷാനി പലപ്പോഴും അവളുടെ വീടിന് എതിർ വശം താമസിക്കുന്ന വീട്ടിലെ പയ്യൻ അവളെ വായ് നോക്കുന്നതും ട്യൂൺ ചെയ്യാൻ നോക്കുന്നതും ഒക്കെ പറഞ്ഞിട്ടുണ്ട്. അവളവനെ മൈൻഡ് ചെയ്യുക പോലും ഇല്ലായിരുന്നു. ഒരുപക്ഷെ അവനാകാം ചുരിദാർ ഗിഫ്റ്റ് ആയി വച്ചതെന്ന് എന്റെ മനസ് പറഞ്ഞു

 

‘എന്റെ അർജുൻ ഒന്ന് നിർത്തുവോ… എനിക്ക് ഇപ്പോൾ ചുരിദാർ എന്ന് കേൾക്കുന്ന പോലും ഇഷ്ടമല്ല.. ‘

കോളേജ് വിട്ടു കഴിഞ്ഞു തിരിച്ചു പോകുകയായിരുന്നു ഞങ്ങൾ. ബൈക്ക് പാർക്ക്‌ ചെയ്തിരിക്കുന്ന തണലത്ത് ഞങ്ങളെത്തിയപ്പോൾ ഗ്രൗണ്ടിൽ പ്രാക്ടീസ് മാച്ച് നടക്കുന്നത് ദൂരെയായി കാണാം. ഇന്ന് ഒഴിവ് പറഞ്ഞു ഞാൻ പ്രാക്ടീസിൽ നിന്ന് മുങ്ങിയിരിക്കുകയാണ്. ഫൈസി ഉണ്ടെങ്കിൽ അത് നടക്കില്ല. ഭാഗ്യത്തിന് ഇന്ന് അവൻ ലീവുമാണ്. അപ്പൊ ഇന്ന് ഇഷാനി ആയി ചെറുതായ് ഒന്ന് കറങ്ങാം.. കറക്കം എന്ന് വച്ചാൽ അവളെ കോളേജിൽ നിന്ന് ബുക്ക്‌ ഷോപ്പിൽ എത്തിക്കുന്നതാണ് എന്ന് മാത്രം. ഇടയ്ക്കു വല്ല ഐസ്ക്രീം കട കണ്ടാൽ അവിടെ ചവിട്ടുമെന്ന് മാത്രം..

 

‘എന്നാലും എനിക്ക് ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല.. പിന്നെ ആ സെയിം ചുരിദാർ ഞാൻ പല കടയിലും തിരക്കി.. കിട്ടിയില്ല..’

 

‘നിന്നോട് ഞാൻ ഒരുതവണ പറഞ്ഞു ആ കാര്യം ഇനി മിണ്ടരുത് എന്ന്.. ഇനി മിണ്ടിയാൽ ഞാൻ ബസ് പിടിച്ചു പോകും.. നിന്റെ കൂടെ വരില്ല..’

 

‘നിനക്ക് അത് സംസാരിക്കേണ്ട എങ്കിൽ വേണ്ട. പക്ഷെ അത് ഞാൻ അല്ല വച്ചതെന്ന് നീ ഇനിയെങ്കിലും അംഗീകരിക്കണം..’

 

‘ഓ സമ്മതിച്ചു.. നീയല്ല പോരേ…..’

ഞാൻ ഇത്രയും ആയിട്ടും സമ്മതിച്ചു കൊടുക്കാഞ്ഞപ്പോൾ അത് ചെയ്തത് ഞാനല്ല എന്ന് അവൾക്കും തോന്നി തുടങ്ങി. അതിന് ബാക്കിയായി അവളെന്തോ പറഞ്ഞത് ഞാൻ കേട്ടില്ല.. എന്റെ ശ്രദ്ധ പെട്ടന്നൊരു നിമിഷം ദൂരെ ഗ്രൗണ്ടിലേക്ക് എത്തി. ബോളുമായ് ഓടുന്ന രാഹുലിനെ ആരോ ചവിട്ടി താഴെ ഇട്ടു. വേദന കൊണ്ടു അവൻ ഗ്രൗണ്ടിൽ വീണു പുളയുകയാണ്.. സൂക്ഷിച്ചു നോക്കിയപ്പോൾ ചവിട്ടിയത് നിഖിൽ ആണെന്ന് മനസിലായി. നേരത്തത്തെ അടിയുടെ ബാക്കി ഇപ്പോൾ ഗ്രൗണ്ടിൽ പൊട്ടുമെന്ന് എനിക്ക് മനസിലായി. രാഹുൽ മെല്ലെ എഴുന്നേറ്റ് നിഖിലിന് അടുത്തേക്ക് ചെല്ലുന്നതും കൂടെ കളിക്കുന്നവർ എല്ലാം അവർക്ക് വട്ടം നിൽക്കുന്നതും ഞാൻ കണ്ടു. പെട്ടന്ന് ബാഗ് ഊരി ഇഷാനിയുടെ കയ്യിൽ വച്ചു കൊടുത്തിട്ട് ഞാൻ ഗ്രൗണ്ടിലേക്ക് ഓടി.

 

‘അർജുൻ വേണ്ട… അങ്ങോട്ട്‌ പോവണ്ട..’

ഇഷാനി പിന്നിൽ നിന്ന് വിളിച്ചു പറഞ്ഞത് ഞാൻ ഗൗനിച്ചതെ ഇല്ല. എന്റെ പിന്നാലെ ബാഗും തൂക്കി അവളും ഓടി. ഞാൻ ഓടി അവർക്കിടയിൽ എത്തിയപ്പോൾ വാക്കേറ്റം വല്ലാതെ മൂത്തു കൈ വയ്ക്കുന്ന അവസ്‌ഥയിൽ എത്തിയിരുന്നു. രണ്ട് പേരും പരസ്പരം തള്ളി തുടങ്ങിയപ്പോൾ ഞാൻ ഇടയിൽ കയറി രണ്ട് പേരെയും മാറ്റി. നിഖിലിന്റെ നെഞ്ചിൽ തന്നെ രണ്ട് തള്ള് തള്ളി ഞാൻ അവനെ ദൂരേക്ക് മാറ്റി

 

‘നിന്നോട് ഞാൻ നേരത്തെ പറഞ്ഞതാ എന്തെങ്കിലും വിഷയം ഉണ്ടെങ്കിൽ അത് വിട്ടോളാൻ..’

 

‘റോക്കി, നീ ഇതിൽ ഇല്ല.. ‘

 

‘ഞാൻ ഏതിൽ ഉണ്ടെന്നും ഇല്ലെന്നും നീയാണോ തീരുമാനിക്കുന്നെ..?

 

‘നീ എല്ലാവരുടെയും ഡാഡി കളിക്കാതെ, ഞങ്ങൾ തമ്മിൽ പ്രശ്നം ഉണ്ടേൽ അത് ഞങ്ങൾ തമ്മിൽ തീർത്തോളാം..’

 

അവൻ എന്നെ ഇതിൽ നിന്നും ഒഴിവാക്കാൻ ശ്രമിക്കുകയാണ്. അവന്റെ വർത്താനം കേട്ട് ടെമ്പർ തെറ്റി വാടാ എന്ന് പറഞ്ഞു രാഹുൽ അവന്റെ നേർക്ക് അടുത്തു. ഞാൻ അവനെ തള്ളി മാറ്റി നിഖിലിൽ നിന്നും മാറ്റി നിർത്തി

Leave a Reply

Your email address will not be published. Required fields are marked *