റോക്കി – 2അടിപൊളി  

 

‘പറഞ്ഞിട്ട് പൊയ്ക്കൂടേ..’

ഇഷാനി പരിഭവം കാണിച്ചു. അർജുൻ അപ്പോളാണ് ശരിക്കും ഒരു കാര്യം ശ്രദ്ധിച്ചത് അവരുടെ രണ്ട് പേരുടെയും ഡ്രസ്സ്‌ ഏകദേശം ഒരേ നിറത്തിൽ ആണ്. രണ്ട് ഡ്രസ്സും തമ്മിൽ നല്ല ചേർച്ച ഉണ്ടായിരുന്നു..

 

‘ഇഷ മോളെ എപ്പോ വന്നു..?

 

അവരുടെ സംസാരത്തിനു ഇടയിലേക്ക് മറ്റൊരാൾ കടന്ന് വന്നു.. വെളുത്തു ഒരല്പം തടിയൊക്കെ ഉള്ള എന്നാൽ തടിയൻ എന്ന് തോന്നാത്ത ഒരാൾ. ആളെ ഇന്നലെ വിളമ്പുന്നതിന് ഇടയിൽ അർജുൻ കണ്ടിരുന്നു

 

‘ഞാൻ ഇന്നലെ വൈകിട്ട് ആയി.. ഉണ്ണിയേട്ടനെ അവിടെ കണ്ടില്ല ഇന്നലെ.. എന്ത് പറ്റി..’

 

‘ഞാനിവിടെ അമ്പലത്തിൽ ആയിരുന്നു. പന്തലിന്റെ പണി ഉണ്ടായിരുന്നു കുറച്ചു. പിന്നെ ഓഡിറ്റൊറിയത്തിൽ.. വൈകിട്ട് ഞാൻ ഇടയ്ക്കു അവിടെ വന്നിരുന്നു. പക്ഷെ നിന്നെ കണ്ടില്ല അവിടെ..’

 

അവരുടെ സംസാരം കുറച്ചു നേരം നീണ്ടു. അതിനിടയിൽ അവൾ എന്നെ അയാൾക്ക് പരിചയപ്പെടുത്തി. ആളുടെ പേര് ഉണ്ണികൃഷ്ണൻ എന്നാണ്. ആൾ ഒരു പ്രൈവറ്റ് കമ്പനിയിൽ ആണ് വർക്ക്‌ ചെയ്യുന്നത്. ഇഷാനിയുടെ ഒക്കെ ഒപ്പം കച്ചേരിക്ക് മൃദംഗം വായിക്കുന്നത് പുള്ളിയാണ്. ഇവന് ഇഷാനി ആയി നല്ല അടുപ്പം ഉണ്ട്. അതാണ് അവളെ ഇഷ എന്ന് വിളിക്കുന്നത്. അവളുടെ കടയിലെ ആശ ചേച്ചി, അവളുടെ വീട്ടിൽ ഉള്ളവർ ഒക്കെ അവളെ ഇഷ എന്നാണ് വിളിക്കുന്നത്. ഇവന് വിളിക്കാമെങ്കിൽ പിന്നെ എനിക്ക് വിളിച്ചാൽ എന്താ..

 

‘ചെറുക്കൻ എത്തിയോ ഇഷ..?

ഞാൻ വളരെ സാധാരണമെന്ന പോൽ അവളോട് ചോദിച്ചു. അവളെന്നെ നോക്കി ഒന്ന് കണ്ണുരുട്ടി.. എന്നിട്ട് പെട്ടന്ന് ഭാവം മാറ്റി ഉത്തരം തന്നു

 

‘ഇല്ല. ഇപ്പൊ വരും..’

 

ഉണ്ണികൃഷ്ണൻ ഞങ്ങളുടെ അടുത്ത് നിന്നും പോയി കഴിഞ്ഞാണ് അവൾ എന്നോട് അതിനെ പറ്റി ചോദിക്കുന്നത്..

 

‘നീ കുറച്ചു മുന്നേ എന്നെ എന്താ വിളിച്ചത്..?

 

‘എന്തായിരുന്നു.. ഞാൻ ഓർക്കുന്നില്ല..’

ഞാൻ അറിയാത്ത ഭാവം നടിച്ചു

 

‘അഭിനയിക്കേണ്ട.. നീ എന്നെ ഇഷ എന്നാ വിളിച്ചത്..’

 

‘ആണോ..? ഞാൻ ഓർക്കുന്നില്ല. പെട്ടന്ന് അങ്ങനെ ആയിരിക്കും വായിൽ വന്നത്..’

 

‘കള്ളത്തരം പറയല്ലേ.. നീ ഉണ്ണിയേട്ടൻ വിളിക്കുന്ന കേട്ട് വിളിച്ചത് ആണെന്ന് എനിക്ക് അറിയാം..’

ഇഷാനി എനിക്ക് ഒരു കിഴുക്ക് തന്നു.

 

‘അതെന്താ എനിക്ക് വിളിക്കാൻ പാടില്ലേ അങ്ങനെ..?

 

‘ഇത്രയും നാളും അങ്ങനെ അല്ലല്ലോ വിളിച്ചത്.. പിന്നെ ഇപ്പൊ എന്തിനാ ഈ ഉണ്ടാക്കി വിളി.. ‘

 

‘ശരി.. ഞാനിനി ഒന്നും വിളിക്കുന്നില്ല..’

ഞാൻ പിണങ്ങിയത് പോലെ തിരിഞ്ഞു നിന്നു. എന്റെ പിണക്കം മാറ്റാൻ ഇഷാനി എന്റെ മുന്നിൽ വന്നു ലെഹങ്ക വിടർത്തി എന്നോട് ചോദിച്ചു

 

‘എന്നെ കാണാൻ എങ്ങനുണ്ട്.. പറഞ്ഞില്ലല്ലോ..’

 

‘അടിപൊളി ആയിട്ടുണ്ട്.. ഇപ്പൊ കണ്ടാൽ ശരിക്കും മൃണാൾ താക്കൂറിനെ പോലെ ഉണ്ട്..’

ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു

 

‘ഓ ഞാൻ ഇന്നലെ കളിയാക്കിയതിന് തിരിച്ചു തന്നത് ആണല്ലേ..’

അവൾ ഞാൻ കളിയാക്കിയത് ആണെന്നാണ് ധരിച്ചത്

‘പക്ഷെ എന്നോട് കുറച്ചു പേര് പറഞ്ഞിട്ടുണ്ട് എന്നെ കാണാൻ ശ്രദ്ധ കപൂറിനെ പോലെ ഉണ്ടെന്ന്..’

 

ഇഷാനി എന്നോട് കുറച്ചു ജാടയിൽ പറഞ്ഞു.. അവൾ പറഞ്ഞത് വച്ചു ഞാൻ ശരിക്കും നോക്കിയപ്പോൾ “ചിച്ചോരെ” യിലെ ശ്രദ്ധയുടെ ഒരു ഏകദേശം ഷേപ്പ് ഉണ്ട്.. അതിന് കാരണം അതിലെ ശ്രദ്ധയുടെ ഹെയർ സ്റ്റൈൽ തന്നെ. ഇഷാനിയുടെ മുടിയും കറക്റ്റ് അത് പോലെ ആണ്..

 

‘ അത് കാണും. എന്തായാലും മലയാളം നടിമാരുടെ ഷേപ്പ് ഒന്നും നിനക്കില്ല.. ‘

 

‘പോടാ പട്ടി..’

 

അവൾ എനിക്കൊരു അടി വച്ചു തന്നു. പിന്നെ പെട്ടന്ന് അമ്പലത്തിൽ ആണല്ലോ എന്നെ ചീത്ത വിളിച്ചത് എന്നോർത്തപ്പോൾ നെഞ്ചിൽ കൈ വച്ചു തൊട്ട് തൊഴുതു. അവളെ കാണാൻ ചെറുതായ് നോർത്ത് ലുക്ക്‌ ഉണ്ടെന്ന് ഞാൻ ഇടയ്ക്കു പറഞ്ഞു കളിയാക്കാറുണ്ട്. എപ്പോ കേട്ടാലും ഇഷാനി അതിന് ദേഷ്യപ്പെടും. ലുക്കും നിറവും ഒക്കെ സാധാരണ മലയാളി പെൺകുട്ടികളിൽ നിന്ന് കുറച്ചു വ്യത്യാസം തോന്നാറുണ്ട് അവൾക്ക്. എന്തിന് അവളുടെ സംസാരത്തിൽ പോലും ഒരു സ്ലാങ് വ്യത്യാസം ഉണ്ട്. കൃഷ്ണ ഇടയ്ക്ക് അവൾ കൊറിയക്കാരികളെ പോലെ ആണ് കാണാനെന്നു എന്നോട് പറയും. അവളുടെ കേൾക്കെ പറഞ്ഞിട്ടില്ല പക്ഷെ..

 

‘ഇപ്പൊ എന്നോട് ഇവിടെ വന്നു സംസാരിച്ചത് ആരാണെന്ന് അറിയുമോ..?

 

‘പേര് അറിയാം..’

ഞാൻ പറഞ്ഞു

 

‘അതാണ് ഉണ്ണിയേട്ടൻ.. ഞങ്ങളുടെ വീടിന്റെ അവിടുന്ന് കുറച്ചു മാറിയാണ് വീട്.. ഈ ചേട്ടനില്ലേ എന്നെ ഒരു നോട്ടമൊക്കെ ഉണ്ടായിരുന്നു..’

 

‘നിന്നോട് ഇവൻ ഇഷ്ടം ആണെന്ന് പറഞ്ഞിട്ടുണ്ടോ..?

 

‘ഹേയ് എന്നോട് അങ്ങനെ നേരിട്ട് ഒന്നും പറഞ്ഞിട്ടില്ല. പക്ഷെ ഒരു കല്യാണം ആലോചന സെറ്റപ്പ് ഒക്കെ പണ്ട് തൊട്ടേ ഉണ്ട്.. രവിയച്ഛനും ഉണ്ണിയേട്ടന്റെ വീട്ടുകാരും ഒക്കെ ഇതിൽ വലിയ എതിർപ്പ് ഒന്നുമില്ല.. പിന്നെ ഞാൻ ഈ വിഷയത്തിലേക്ക് സംസാരം കടക്കുമ്പോൾ പിടി കൊടുക്കാറില്ല വീട്ടിൽ..’

 

അപ്പോൾ എനിക്ക് നാട്ടിൽ തന്നെ ഒരു എനിമി ഉണ്ട്. അതും വർഷങ്ങൾ ആയി ഇഷാനിയെ അറിയുന്ന ആൾ.. ഞാൻ അവനെ നോക്കിയപ്പോൾ അവൻ ദൂരെ നിന്ന് ഇടകണ്ണിട്ട് ഞങ്ങളെ നോക്കുന്നുണ്ട്. എന്റെ വരവ് അവനെ ഒന്ന് അലോസരപ്പെടുത്തി കാണണം.. ഞാൻ അവനെ നോക്കി നിൽക്കുമ്പോളാണ് അത്രയും നേരം ഞാൻ അവളിൽ നിന്ന് മറച്ചു വച്ച ഒരു കവർ എന്റെ കയ്യിലുള്ളത് അവൾ കണ്ടത്

 

‘ഇതെന്തുവാ കവറിൽ.. ഗിഫ്റ്റ് ആണോ..? അത് വാങ്ങാൻ ആണോ പോയത്..?

 

ഞാൻ ആണെന്ന മട്ടിൽ തലയാട്ടി. അവളെ പതിയെ അമ്പലത്തിന്റെ ആളൊഴിഞ്ഞ ഒരു മൂലയിലേക്ക് കൊണ്ട് പോയി ആ കവർ തുറന്ന് അതിനുള്ളിൽ ഉള്ളത് കാണിച്ചു കൊടുത്തു

 

‘സ്വർണമാലയോ..?

അവൾ അമ്പരപ്പോടെ എന്നെ നോക്കി

 

‘അതേ.. നിന്റെ പാറു ചേച്ചിക്ക് ഉള്ള വിവാഹസമ്മാനം.. എന്റെ വക അല്ല നിന്റെ വക..’

 

‘എന്റെ വകയോ.. എനിക്ക് വേണ്ടി ആണോ നീ ഇത് വാങ്ങിച്ചത്..’

 

‘അതേ.. നീ ആഗ്രഹിച്ചത് അല്ലെ അവൾക്ക് കൊടുക്കണം എന്ന്…’

 

‘അതേ.. പക്ഷെ ഇത് വേണ്ട..’

അവൾ ഒരു കണിശതയോടെ പറഞ്ഞു

 

‘അതെന്താ.. നാണക്കേട് വിചാരിച്ചാണോ.. ഈ എന്നോടോ ഇഷാനി..? നീ പലിശക്കാരന്റെ കയ്യിൽ നിന്ന് വാങ്ങാൻ ഇരുന്നതല്ലേ.. അപ്പൊ നീയെനിക്ക് അയാൾക്ക് കൊടുക്കുന്ന വില പോലും തരുന്നില്ലേ..’

 

‘അർജുൻ അങ്ങനെ അല്ല ഞാൻ പറഞ്ഞത്.. നിന്നോട് എനിക്ക് ഒരുപാട് കടപ്പാട് ഉണ്ട്. അതെല്ലാം എങ്ങനെ വീട്ടുമെന്ന് എനിക്ക് അറിയില്ല.. അപ്പോളാണ് ഇത്..’

 

‘പൈസ എനിക്ക് ഒരു വിഷയമല്ല. സത്യത്തിൽ ഞാനൊരു “ഗീവർ” ആണ്.. അങ്ങോട്ട്‌ കൊടുക്കുന്നതാണ് എനിക്ക് സന്തോഷം..’

Leave a Reply

Your email address will not be published. Required fields are marked *