‘ഞാൻ എന്നാ ഇറങ്ങട്ടെ..’
‘ആഹാ പോകുവാണോ..?
രവിയച്ഛൻ സംശയത്തോടെ എന്നെ നോക്കി
‘ഇപ്പൊ പോയാൽ ഒത്തിരി വൈകാതെ അങ്ങ് ചെല്ലാമായിരുന്നു..’
‘കല്യാണവീട്ടിൽ വന്നിട്ട് നീ ഫ്രണ്ടിനെ കല്യാണം കാണിക്കാതെ പറഞ്ഞു വിടുവാണോ ഇഷ മോളെ..?
രവിയച്ഛൻ ആ ചോദ്യം അവളോടാണ് ചോദിച്ചത്.. ഇഷാനി എന്ത് പറയണം എന്നറിയാതെ എന്നെ നോക്കി
‘അയ്യോ ഞാൻ സത്യം പറഞ്ഞാൽ അവളെ ഇവിടെ ആക്കാൻ വന്നതാണ്.. വേറെ വണ്ടി ഇല്ലാഞ്ഞത് കൊണ്ട്.. ‘
‘ദൂരം ആയത് കൊണ്ട് കൂട്ടുകാർ ഒന്നും വരില്ല എന്ന് നീ പറഞ്ഞു. ഇപ്പൊ അത്രയും ദൂരത്തു നിന്ന് ഒരാൾ വന്നിട്ട് നീ ഫ്രണ്ട്നോട് പോകണ്ട എന്ന് പോലും പറയുന്നില്ലേ..?
രവിയച്ഛൻ വീണ്ടും സംസാരിച്ചത് അവളോടാണ്.. ഇത്തവണ അവൾ ഉത്തരം കൊടുത്തു
‘നമുക്ക് നാളെ പോകാം.. എന്റെ ചേച്ചിയുടെ കല്യാണം കൂടിയിട്ട്..!
നാളെ കല്യാണമണ്ഡപത്തിൽ അടിക്കേണ്ട മേളവും കുരവയും ഒക്കെ ആ നിമിഷം എന്റെ ഉള്ളിൽ കേൾക്കാൻ തുടങ്ങി. വന്നത് പോലെ തന്നെ ഇഷാനി ആയി തിരിച്ചു വീണ്ടുമൊരു യാത്ര.. അതാണ് ഞാൻ ആഗ്രഹിച്ചതും. അല്ലെങ്കിലും ഇന്ന് തിരിച്ചു ചെല്ലാൻ പെട്രോൾ ഒന്നുമില്ല.. അപ്പോൾ കല്യാണം കൂടാൻ തന്നെ ഞാൻ തീരുമാനിച്ചു..
അപ്പോളാണ് ഞാൻ ഓർത്തത് ഞാൻ വേറെ ഡ്രസ്സ് ഒന്നും എടുത്തിട്ടില്ല. അവളുടെ പേരപ്പന്റെ ഡ്രസ്സ് ഒന്നും എനിക്ക് ചേരുക പോലുമില്ല..
‘നമ്മളിങ്ങോട്ട് വന്ന വഴി കണ്ട ടൗണിൽ ഒരു തുണിക്കട തുറന്നിട്ടില്ലേ.. അവിടെ പോയാലോ..? വലിയ ദൂരം ഇല്ലല്ലോ..’
ഞങ്ങൾ ഒരുമിച്ച് അങ്ങോട്ട് പോയി.. ചെറിയൊരു തുണിക്കട ആയിരുന്നു. അതിനടുത്തു ഒരു ചെരുപ്പ് കടയും സ്വർണ്ണക്കടയും ഉണ്ട്. സ്വർണ്ണക്കട മാത്രം തുറന്നിട്ടില്ല.. ഞങ്ങൾ തുണികടയിലേക്ക് കയറി.. വലിയ ഫാഷൻ ഉള്ള ഡ്രസ്സ് ഒന്നും അവിടെ ഇല്ല. എന്നാലും അത്യാവശ്യം നല്ല ക്വാളിറ്റി ഉള്ള തുണികൾ ആണ്. ഇഷാനി ആണ് എനിക്ക് വേണ്ടി ഡ്രസ്സ് സെലക്ട് ചെയ്തത്. കുറെ നേരം കൂടി അവളെനിക്ക് കണ്ടു പിടിച്ചു തന്നത് ഒരു മുന്തിരിക്കളർ ഷർട്ട് ആണ്.. കുഴപ്പമില്ല.. എനിക്ക് ചേരുമായിരിക്കും.. ആ കരയുള്ള മുണ്ട് കൂടി അവൾ നോക്കി വച്ചിരുന്നു.. മുണ്ട് വേണ്ട പാന്റ് ഇത് തന്നെ മതിയെന്ന് ഞാൻ പറഞ്ഞെങ്കിലും അവൾ മുണ്ട് മതിയെന്ന് നിർബന്ധം പിടിച്ചു.
‘മുണ്ടൊക്കെ ഉടുത്തു വന്നാലേ ഇവിടെ മിക്കവർക്കും ഒരിഷ്ടം ഒക്കെ തോന്നൂ.. നീ ഇപ്പൊ പോയി ആ ഷർട്ട് ഒന്ന് ഇട്ടോണ്ട് വന്നേ. നോക്കട്ടെ..’
കടയുടെ സൈഡിൽ ചേഞ്ച് ചെയ്യാൻ ചെറിയൊരു മുറി ഉണ്ടായിരുന്നു.
‘നീ വരുന്നോ..?
ഞാൻ അവളെ വെറുതെ കളിയാക്കി ചോദിച്ചു
‘ഫ… പോയി മാറിയിട്ട് വാ നോക്കട്ടെ..’
അവൾ എന്നെ തള്ളി റൂമിൽ കയറ്റി. ഷർട്ട് ഇട്ടു പുറത്തിറങ്ങുന്നതിന് മുമ്പ് ഞാൻ അതിലെ കണ്ണാടിയിൽ ഒന്ന് നോക്കി.. കൊള്ളാം.. ഞാൻ കരുതിയതിലും ചേർച്ച ഉണ്ട്.. ഇവൾക്ക് അപ്പോൾ ഡ്രസ്സ് സെലെക്ഷൻ ഒക്കെ ഉണ്ട്. ഞാൻ മെല്ലെ പുറത്തിറങ്ങി
‘എങ്ങനെ ഉണ്ട്.. കൊള്ളാമോ..?
‘ഉയ്യോ… ശരിക്കും റോക്കി ഭായിയെ പോലെ തന്നെ..!
‘ഉസ്തല്ലേ…’
അവളുടെ കളിയാക്കി ഡയലോഗിനെ പ്രതിരോധിച്ചു ഞാൻ പറഞ്ഞു
‘ശരിക്കും.. യാഷിന്റെ ഒരു ഷേപ്പ് ഒക്കെ എവിടെയോ ഉണ്ട്..’
‘യാഷിന്റെ….’
ഞാൻ മുഴുവൻ പൂരിപ്പിച്ചില്ല.. പുറത്തെ കണ്ണാടിയിൽ നോക്കി
‘ഈ താടി ആയിരിക്കും അല്ലെ യാഷിനെ പോലെ..’
‘അയ്യടാ..’
ഇഷാനി എന്നെ കളിയാക്കി
‘ഇത് കളയണം.. കുറെയായി.. ക്ലീൻ ഷേവ് ചെയ്യണം..’
ഞാൻ താടിയിൽ ഉഴിഞ്ഞു കൊണ്ട് പറഞ്ഞു
‘അയ്യേ താടി മീശ ഒന്നും കളയണ്ട. ഇതാണ് നല്ലത്..’
ഇഷാനി എന്റെ താടിയിൽ നോക്കി പറഞ്ഞു. ഞാൻ ഷർട്ട് മാറാൻ റൂമിൽ കയറി തിരിച്ചു വന്നപ്പോൾ അവൾ ഡ്രെസ്സിന്റെ പൈസ കൊടുത്തു കഴിഞ്ഞിരുന്നു.
‘എന്റെ ചേച്ചിയുടെ കല്യാണത്തിന്റെ ചിലവ്..’
തിരിച്ചു ഞങ്ങൾ വീട്ടിൽ വന്നപ്പോൾ ലൈറ്റ് ഒക്കെ ഫിറ്റ് ചെയ്യാൻ തുടങ്ങിയിരുന്നു. ഞാനും കുറച്ചു നേരം അവിടെയൊക്കെ ഹെല്പ് ചെയ്തു നിന്നു. പിന്നെ തഞ്ചം കിട്ടിയപ്പോൾ ഇഷാനി ഞാനുമായി പിറകിലെ തൊടിയിലേക്ക് ഇറങ്ങി. അതിനും പിന്നിൽ വയലായിരുന്നു. ആ വഴി ആണ് ഇഷാനി ഒക്കെ അമ്പലത്തിൽ പോകുന്നത്. അതാണ് എളുപ്പം. വണ്ടിയിൽ ആണ് കുറച്ചു കറങ്ങി പോകണം. പിന്നെയും ഒരുപാട് സ്‌ഥലങ്ങൾ അവളെനിക്ക് കാണിച്ചു തരാൻ ആഗ്രഹിച്ചിരുന്നു. പക്ഷെ കല്യണതലേന്നത്തെ തിരക്ക് കാരണം അവളെക്കൊണ്ട് അതൊന്നും നടക്കില്ല. അത് കൊണ്ട് അത് പിന്നെ ഒരിക്കൽ ആകാമെന്ന് അവൾ പറഞ്ഞു. ആ “പിന്നെ” എന്നായിരിക്കും എന്ന് ഞാൻ ഓർത്തു
