സഖി എന്ന് പറഞ്ഞപ്പോൾ എന്റെ മുഖത്തെ മാറ്റം കണ്ട് മാമി ചിരിക്കുന്നുണ്ട്.നുണക്കുഴിയുള്ള ആ കവിൾ പിടിച്ചുവലിക്കാൻ ഞാൻ കൈ നീട്ടിയപ്പോൾ മാമി തടഞ്ഞു.
“പോടാ കുളിക്കാത്ത ചെറുക്കാ ”
“ഓ തമ്പ്രാട്ടി ” കുണുങ്ങി ചിരിച്ച മാമി എന്റെ നേരെ വന്നു നെറ്റിയിൽ ഒരുമ്മ തന്നു. തുളസിയുടെയും, ചന്ദനത്തിന്റെയും സുഗന്ധം മുറിയാകെ പരക്കുന്നപോലെ തോന്നി. പത്രം എന്റെ കയ്യിൽ തന്നു മാമി ചായക്ക് വെള്ളം വെച്ചു. സൈഡിലെ സ്ലാബിന്റെ മുകളിൽ ഇരുന്ന എന്റെ പ്ലേറ്റിലേക്ക് പൂ പോലുള്ള ഇഡലിയും, ചമ്മന്തിയും സാമ്പാറും. ഹാ!ഒന്നും നോക്കിയില്ല വാരിവലിച്ചു തിന്നു. കൂടെ ഒന്നാതരം ചായയും. എന്റെ തീറ്റ കണ്ട് സാധാരണ പോലെ മാമി എന്റെ അരികിൽ നിന്നു.
കഴിച്ചു കഴിഞ്ഞു ഹാളിലെത്തിയപ്പോൾ അതാ അവിടുത്തെ സോഫ എന്നെ മാടിവിളിക്കുന്നു നേരെ ചെന്നു ചാഞ്ഞപ്പോൾ മാമിയും വന്നു.
“എടാ ചെറുക്കാ നാളെ ഞാൻ ചെന്നൈക്ക് പോകും. എന്നത്തേയും പോലെയല്ല. ഇനി ഇങ്ങട്ട് തിരിച്ചു വരുവൊന്ന് അറിയില്ല” എന്റെ തല ആ മടിയിലേക്കെടുത്തുവച്ചുകൊണ്ട് മാമി പറഞ്ഞു.
“അതെന്താ മാമി “എന്റെ ശബ്‌ദം ഇടറിയിരുന്നു.
“വയസ്സായാൽ അങ്ങനെയാണെടാ, മറ്റുള്ളവരുടെ ഇഷ്ടത്തിന് നമ്മൾ വഴങ്ങേണ്ടിവരും.മക്കൾ തീരുമാനിക്കുന്നതുപോലെ ”
“എന്നാലും മാമി…. ”
“നിന്നെ കാണണം എന്ന് തോന്നുമ്പോൾ ഞാൻ ഇങ്ങട്ട് പറന്നു വരും.അതിനെനിക്ക് അരുടേയും അനുവാദം വേണ്ടല്ലൊ….കേട്ടോടാ കുളിക്കാത്ത ചെക്കാ ” സങ്കടം വിട്ടു മാമി പഴയ ആളായി.ഞാൻ ഒന്ന് ചിരിച്ചപ്പോൾ മാമിയുടെ വിരലുകൾ എന്റെ തലയിലൂടെ ഇഴഞ്ഞു.
“എടാ നീ കഥപറയാന്ന് പറഞ്ഞിട്ട് എത്ര നാളായി” കുസൃതി ഒളിപ്പിച്ച ശബ്ദത്തോടെ മാമി ചോദിച്ചു.
“കഥയോ എന്ത് കഥ ” മനസിലാവാതെ ഞാൻ മാമിക്കുനേരെ തലചെരിച്ചു.
“നിന്റെയും അച്ചുവിന്റെയും കഥ ഇനി എനിക്ക് കേൾക്കാൻ കഴിഞ്ഞെന്നു വരില്ല. അറിയാല്ലോ. നാളെ ഞന്‍ങ്ങു പോകും”
“അത് കഥയായിട്ടൊന്നുല്ല.ഒരു ദിവസം…….”
“നിക്ക് നിക്ക്..” പറയാൻ വാ തുറന്ന എന്നെ സമ്മതിക്കാതെ മാമി തടഞ്ഞു.
“ഇങ്ങനെ പറഞ്ഞാൽ എന്താ സുഖം നീ ഡീറ്റൈൽ ആയിട്ടു പറ ”
“അതുവേണോ “
“അതുവേണം ” മാമിയുടെ ശബ്‌ദംമൊന്നുറച്ചു.
“എന്നാൽ ഒക്കെ എനിക്ക് ഒരു കാര്യം ചോദിക്കാനുണ്ട് “എന്താ എന്ന രീതിയിൽ മാമി പിരികം ഉയർത്തി.
“അത്…സാധാരണ ഇങ്ങനത്തെ കാര്യങ്ങളൊക്കറിഞ്ഞാൽ മാമിയുടെ പ്രായമുള്ളവർക്ക് ഓരിക്കലും അംഗീകരിക്കാൻ കഴിയില്ല.എന്നിട്ടും മാമിയെന്താ മറുതത്തൊന്നും പറയാത്തെ ഫുൾ സപ്പോർട്ടായി നിക്കുന്നത് ”
എന്റെ അത്ര നാളത്തെ സംശയമാണ് ഞാൻ അപ്പൊ മാമിയോടെ ചോദിച്ചത്. ഈ കാര്യത്തിന് ഒരിക്കലും സമൂഹത്തിൽ നിന്ന് ഒരു ദയയും ഉണ്ടാകില്ലെന്നറിയാം. മാമിയുടെ പ്രായക്കാര്‍ക്ക് പ്രത്യേകിച്ച്. മാമിയുടെ വാക്കുകൾ കേൾക്കാൻ ഞാൻ ആ മുഖത്തേക്ക് നോക്കി.
“അതൊന്നുമെനിക്കറിയില്ല. ഒരുപക്ഷെ സ്നേഹിക്കുന്നവരല്ലേ ഒന്നിക്കേണ്ടത്. നിങ്ങളെ കണ്ടപ്പോ അത് ശരിയാണെന്ന് തോന്നി.നീ വല്ല തമാശ കളിക്കുകയാണെങ്കിൽ അന്ന് തന്നെ നിന്റെ ചന്തിയുടെ തൊലുഞാനെടുത്തെനേ….. ”
“എന്റെ മാമീ ” ഞാൻ കൈകൊണ്ട് ഒന്ന് തൊഴുതപ്പോള്‍. മാമി കുണുങ്ങി ചിരിച്ചു.
“നീ പറയടാ ”
“ഓക്കേ……… ” ഞാൻ തൊണ്ടയിൽ കൈ വെച്ച് ഒന്ന് കുരച്ചു .ആകെ ഒരു വരൾച്ച പോലെ.
“എന്താടാ നീ പാട്ടുപാടാൻ പോവ്വാണോ ” എന്റെ ആക്ഷൻ എല്ലാം കണ്ട് മാമിക്ക് കലിയിളകി.ഞാൻ ഒരു അളിഞ്ഞ ചിരിചിരിച്ചു.
കൃത്യം പറഞ്ഞാൽ ആറു മാസം മുൻപ്. അച്ചു ഹോസ്പിറ്റലിലേക്കും, ദേവു അവളുടെ എന്തോ ആവശ്യത്തിന് കൂട്ടുകാരിയുടെ കൂടെ കൊച്ചിയിലേക്കും പോയ സമയം. പതിവുപോലെ ഫ്ലാറ്റിൽ ചടഞ്ഞിരിക്കുമ്പോഴാണ്. റോഷൻ വിളിച്ചത്. അവൻ വണ്ടി പഞ്ചറായി റോഡിലാണ് കൂട്ടാൻ ചെല്ലുമോന്ന്. ഞാൻ കുറെ ഒഴിഞ്ഞു മാറാൻ നോക്കിയെങ്കിലും അവൻ വിട്ടില്ല. അങ്ങനെ അവനെയും കൂട്ടി തിരിച്ചുവരുമ്പോഴാണ്. ഫോണടിക്കുന്നത്. റോഷനായിരുന്നു വണ്ടി ഓട്ടിയിരുന്നത്. ഫോണെടുത്തു നോക്കുമ്പോഴേക്കും അത് കട്ടായി. സേവ് ചെയ്യാത്ത നമ്പറായതുകൊണ്ട് കൊണ്ടുതന്നെ തിരിച്ചവിളിക്കാൻ ഞാൻ മെനക്കെട്ടില്ല. ആല്ലെങ്കിലും ഫോൺ വിളിക്കുന്നതൊക്ക എനിക്ക് കലിയാണ്.ഇവര്‍ക്കൊക്കെ ഒരു മെസ്സേജയച്ചാലെന്താ.? പിന്നെയും വിളികൾ വന്നപ്പോൾ ഞാൻ ഫോൺ എടുത്തു.
“ഹലോ ”
“ഹലോ കിച്ചുവല്ലേ…” ഒരു കിളിനാദം കേട്ടപ്പോൾ ഞാൻ ഡീസന്റ് ആയി.
“അതേ… ഇതാരാണ്…”
“ഞാൻ റിയയാണ് …..”
“റിയാ….???..” പേരു കേട്ടപ്പഴെ കോളേജിലെ പെൺകുട്ടികളുടെ മുഖങ്ങളാണ് ആദ്യം മനസ്സിലൂടെ വന്നത് അവ ഓരോന്ന് മാഞ്ഞു പോയപ്പോൾ അപ്പുറത്തുനിന്ന് ശബ്‌ദം വന്നു
