തന്ത്രലാവണ്യം – 6 1അടിപൊളി  

“ഇതിൽ പാട്ടുകേൾക്കാം. സിനിമ കാണാം. പണം അയയ്ക്കാം. സാധനം വാങ്ങാം. ഭക്ഷണം വിളിക്കാം. വഴി നോക്കാം.”

“പണം… അയയ്ക്കാമോ?”

“ജി-പേ.”

ആദിത്യൻ മനസ്സിലാകാതെ നോക്കി.

അനന്തു സംശയത്തോടെ ചോദിച്ചു:

“നീ ശരിക്കും പൊട്ടനാണോ ?

അതോ എന്നെ പൊട്ടനാക്കാൻ നോക്കുകയാണോ ?”

“ഞാൻ വളരെ ദൂരെയുള്ള സ്ഥലത്തുനിന്നാണ് വന്നത്.”

“എവിടെ?”

“അവിടെ ഇതൊന്നുമില്ല.”

“കറന്റില്ലേ?”

“ഉണ്ട്. പക്ഷേ ഇതുപോലെയല്ല.”

“ഇന്റർനെറ്റില്ലേ?”

“ഇന്റർനെറ്റ് എന്താണ്?”

അനന്തു വായ് തുറന്ന് അവനെ നോക്കി.

“നിനക്കു മാജിക് അറിയാം. പക്ഷേ ഇന്റർനെറ്റ് എന്താണെന്ന് അറിയില്ലേ?”

“അതെ.”

“വിചിത്രം.”

“എന്താണ് ഇന്റർനെറ്റ്?”

അനന്തു എങ്ങനെ വിശദീകരിക്കണമെന്നറിയാതെ തല ചൊറിഞ്ഞു.

“ലോകത്തിലെ എല്ലാ ഫോണും കമ്പ്യൂട്ടറും തമ്മിൽ ബന്ധിപ്പിച്ചിരിക്കുന്നതുപോലെ.”

“വയറുകൊണ്ടോ ?”

“ചിലത് വയർ. പലതും വയർലെസ്.”

“വയറില്ലാതെ എങ്ങനെ ബന്ധിപ്പിക്കും?”

“ആ…എനിക്കറിയില്ല. വൈഫൈ ആയിരിക്കും…ഹമ്. ..സിഗ്നൽ.”

“റേഡിയോ പോലെയോ ?”

“അതുപോലെ. പക്ഷേ കൂടുതൽ.”

അവൻ ജനാലയ്ക്കപ്പുറത്തെ ഉയർന്ന തൂണിലേക്കു വിരൽചൂണ്ടി.

“ടവറിൽനിന്ന് സിഗ്നൽ വരും. ഫോൺ അത് പിടിക്കും. പിന്നെ നമ്മൾ എന്തു വേണമെങ്കിലും നോക്കാം.”

“ലോകത്തിലെ എല്ലാ അറിവും?”

“എല്ലാം എന്നു പറയാൻ പറ്റില്ല. പക്ഷേ ഒരുപാട്.”

ആദിത്യന്റെ ജാഗ്രത ഉണർന്നു.

“മരിച്ചവരെക്കുറിച്ചും?”

“ഉണ്ടെങ്കിൽ കാണും.”

“പഴയ കുടുംബങ്ങളെക്കുറിച്ച്?”

“ന്യൂസിൽ വന്നിട്ടുണ്ടെങ്കിൽ.”

“മാന്ത്രികശക്തികളെക്കുറിച്ച്?”

അനന്തു ചിരിച്ചു.

“സിനിമകൾ കാണും.”

ആദിത്യൻ അവന്റെ അരികിലിരുന്നു.

“എങ്ങനെ അന്വേഷിക്കും?”

“പറഞ്ഞാൽ മതി.”

അനന്തു സ്ക്രീനിൽ നിറമുള്ള ഒരു ചിഹ്നം അമർത്തി. മുകളിൽ നീണ്ട വെളുത്തൊരു ഇടം തുറന്നു.

“എന്താണ് നോക്കേണ്ടത്?”

“വളകൾ.”

“എന്തു വള?”

“കറുത്ത വള.”

അനന്തു ഇംഗ്ലീഷിൽ എന്തോ ടൈപ്പ് ചെയ്തു. പല ചിത്രങ്ങൾ വന്നു. സ്ത്രീകൾ ധരിക്കുന്ന കറുത്ത വളകൾ. വിൽപ്പനക്കുള്ള ആഭരണങ്ങൾ. കൈവേലകൾ.

ആദിത്യൻ തലകുലുക്കി.

“അല്ല.”

“പിന്നെ?”

“ശക്തിയുള്ള വള. മനസ്സ് നിയന്ത്രിക്കാൻ കഴിയുന്നത്.”

അനന്തു തിരഞ്ഞു.

ഇത്തവണ സിനിമകളുടെയും കഥകളുടെയും

ചിത്രങ്ങൾ. വിദേശഭാഷയിലുള്ള തലക്കെട്ടുകൾ. ചില ഭയാനകകഥകൾ.

“ഇവയല്ല. നീലവള എന്ന് നോക്കാമോ ?”

അതിലും ആഭരണങ്ങൾ മാത്രം.

മഞ്ഞ.

വെള്ള.

ചുവപ്പ്.

ഓരോ നിറത്തിനും സാധാരണ വളകളും വിൽപ്പനസ്ഥാപനങ്ങളും മാത്രം.

“കാളിക,” ആദിത്യൻ പറഞ്ഞു.

അനന്തു തിരഞ്ഞു.

ഹിന്ദുദേവിയായ കാളിയുടെ ചിത്രങ്ങൾ തെളിഞ്ഞു. ക്ഷേത്രങ്ങൾ. പുരാണകഥകൾ. ഉത്സവങ്ങൾ.

“ആറു വളകളുള്ള കാളിക.”

ഒന്നും ലഭിച്ചില്ല.

“ലോഗോസ്.”

അതിനും പല മതപരവും തത്ത്വചിന്താപരവുമായ വിവരങ്ങൾ. പക്ഷേ വളകളുമായി ബന്ധമില്ല.

ആദിത്യന്റെ പ്രതീക്ഷ മങ്ങി.

“ലൂപിൻ എന്നു നോക്കൂ.”

“എങ്ങനെയാണ് എഴുതുന്നത്?”

അവൻ ഉച്ചരിച്ചുകൊടുത്തു.

ഫലങ്ങളിൽ വിദേശസിനിമകൾ. ചെന്നായമനുഷ്യരുടെ ചിത്രങ്ങൾ. ടെലിവിഷൻ പരിപാടികൾ.

“വേർവുൾഫ് നോക്കാം,” അനന്തു പറഞ്ഞു.

കൂടുതൽ സിനിമകളും കഥകളും.

വാംപയർ തിരഞ്ഞപ്പോൾ നീണ്ട പല്ലുകളുള്ള മനുഷ്യരുടെ ചിത്രങ്ങൾ. ചിലത് ഭയാനകം. മറ്റു ചിലത് പരിഹാസ്യമായി മിനുങ്ങുന്ന യുവാക്കൾ.

അനന്തു ചിരിച്ചു.

“വലിയ മാന്ത്രികന് പേടിസിനിമകളാണോ ഇഷ്ടം?”

“ഇവ സിനിമകളല്ല.”

“പിന്നെ ശരിക്കും ഉണ്ടോ?”

“ഉണ്ട്.”

“വേർവുൾഫോ?”

“അതെ.”

“രക്തം കുടിക്കുന്ന വാംപയറുകളോ?”

“അതെ.”

അനന്തു കുറച്ചുനേരം ആദിത്യനെ നോക്കി. പിന്നീട് ആവേശത്തോടെ ചോദിച്ചു:

“നീ അവരെ ശെരിക്കും കണ്ടിട്ടുണ്ടോ?”

ആദിത്യന്റെ കൈകളിൽ ഉണങ്ങിയിരുന്ന രക്തത്തിലേക്കു ബാലന്റെ കണ്ണുകൾ നീങ്ങി.

“ഇന്നാണ് അവരുമായി യുദ്ധം ചെയ്തത്.”

അനന്തുവിന്റെ വായ് തുറന്നു.

“ശരിക്കും?”

“അതുകൊണ്ടാണ് ഈ രക്തം.”

“നീ അവരെ കൊന്നോ ?”

ആദിത്യൻ മറുപടി പറഞ്ഞില്ല.

അനന്തുവിന്റെ ആവേശം അല്പം കുറഞ്ഞു. എങ്കിലും ഭയം പൂർണമായി വന്നില്ല. മുന്നിലുള്ളവനെ കഥയിലെ മാന്ത്രികനായാണ് അവൻ ഇപ്പോഴും കാണുന്നത്.

Leave a Reply

Your email address will not be published. Required fields are marked *