ലച്ചു കഥ ചെറുതായ് ഒന്ന് നിർത്തി.. ബാക്കി കഥ എനിക്കറിയാം.. അവൾ വീണ്ടും കോളേജിൽ വന്നു. അവൾ തുടർന്ന് പഠിച്ചു. എഴുതിയ പരീക്ഷകൾ എല്ലാം നല്ല മാർക്കും നേടി..
‘പക്ഷെ എന്റെട.. ഒരാഴ്ച.. ഒരാഴ്ച കഴിഞ്ഞു അവൾ പിന്നെയും കോളേജിലോട്ട് കെട്ടി എടുത്തു. അന്നത്തോടെ എനിക്കൊരു കാര്യം മനസിലായി. നാണം ഇല്ലാത്തവരെ തോൽപ്പിക്കാൻ പറ്റില്ല. ആദ്യമായ് ഞാൻ ഒരാളുടെ മുന്നിൽ പരാജയം സമ്മതിച്ചു.. ഇനി നിനക്ക് ആ ആളുടെ പേരും ഡിപ്പാർട്മെന്റും അറിയണോ..? ഞാൻ പറഞ്ഞു തരാം..’
ലച്ചു ഒരു പുച്ഛസ്വരത്തിൽ ചോദിച്ചു
‘നീയീ പറഞ്ഞത് മുഴുവൻ ഇഷാനിയെ കുറിച്ചാണ്.. നീ ആയിരുന്നു ഇതിനെല്ലാം പിന്നിൽ അല്ലേ..?
‘നിങ്ങൾ വലിയ കമ്പനി ആയിട്ടും ഈ കഥ ഒന്നും അവൾ നിന്നോട് പറഞ്ഞിട്ടില്ല..?
ലച്ചു സംശയത്തോടെ ചോദിച്ചു
‘ഇല്ല..’
ഞാൻ പറഞ്ഞു
‘പോടാ.. അവൾ ഉറപ്പായും പറയണമല്ലോ.. ഞാൻ കരുതി നിനക്ക് ഇതൊക്കെ അറിയുമായിരിക്കും എന്നാണ്..’
ലച്ചു ഒരു ചിരിയോടെ പറഞ്ഞു..
അവളുടെ വെള്ളമടിയും ത്രില്ലും ഒന്നും എനിക്ക് അത് കഴിഞ്ഞു സഹിക്കാൻ കഴിഞ്ഞില്ല. ഞാൻ അവിടുന്ന് എഴുന്നേറ്റു മാറി. കണ്ണിൽ നല്ല ഉറക്കം പിടിച്ചു വന്നത് കൊണ്ട് ലച്ചു അത് ശ്രദ്ധിച്ചില്ല.. അവൾ ഉറങ്ങി വീഴുന്നതിന് മുമ്പ് ഒരു കാര്യം ഞാൻ ലച്ചുവിനോട് പറഞ്ഞു
‘നീ എന്തെല്ലാം ചെയ്തിട്ടും അവൾ തിരിച്ചു കോളേജിൽ വന്നത് നാണം ഇല്ലാഞ്ഞത് കൊണ്ടല്ല.. അവൾക്ക് പഠിക്കണം എന്ന ലക്ഷ്യം ഉള്ളത് കൊണ്ടാണ്. അവൾക്ക് വേറെ മാർഗം ഇല്ലാത്തത് കൊണ്ടാണ്.. അത് നിനക്ക് ചിലപ്പോൾ മനസിലാകണം എന്നില്ല ലച്ചു..’
ഞാൻ ആ പറഞ്ഞത് ഉറക്കത്തിന്റെ പുറത്തോ മദ്യത്തിന്റെ പുറത്തോ മാത്രം തട്ടി അവൾ മറന്നു പോയിരിക്കാം. പക്ഷെ അവളോട് അത് പറയണം എന്ന് എനിക്ക് ഉണ്ടായിരുന്നു.. അതിന് ശേഷം ലച്ചുവിനെ എനിക്ക് പഴയത് പോലെ കാണാൻ വളരെ ബുദ്ധിമുട്ട് ആയിരുന്നു. എപ്പോളും എന്റെ മനസിൽ ഇഷാനിയെ തല്ലി അവശയാക്കിയ ലക്ഷ്മിയുടെ രൂപം മാത്രം തെളിഞ്ഞു വന്നു
ഇഷാനി എന്ത് കൊണ്ടാണ് ഈ കാര്യം ഒരിക്കൽ പോലും എന്നോട് പറയാഞ്ഞത് എന്ന് എനിക്ക് അത്ഭുതം ആയിരുന്നു. കോളേജ് കഴിഞ്ഞു കടയിലേക്ക് പോകുന്ന വഴിയുള്ള ഒരു സർബത്ത് കടയിൽ വച്ചാണ് ഞാൻ അവളോട് അത് ചോദിച്ചത്. കടയിൽ നിന്നും രണ്ട് കയ്യിലും ഗ്ലാസുമായി എന്റെ അടുത്തേക്ക് വന്നപ്പോൾ കാറ്റ് വീശി മുടിയിഴകൾ അവളുടെ കണ്ണിലേക്കു വീണു. ഗ്ലാസ് കയ്യിൽ ഉള്ളത് കൊണ്ട് പെട്ടന്ന് അവൾക്കത് മാറ്റാൻ കഴിഞ്ഞില്ല. അവളുടെ കയ്യിലെ ഗ്ലാസ് വാങ്ങാതെ ഞാൻ തന്നെ ആ മുടിയിഴകൾ കണ്ണിൽ നിന്നും മാറ്റി കൊടുത്തു. ശേഷം ഞാൻ ആ സർബത്ത് ഗ്ലാസ് അവളുടെ കയ്യിൽ നിന്നും വാങ്ങി
‘നീ പിന്നെയും മുടി ഷേപ്പ് ആക്കിയോ..?
ഞാൻ വെറുതെ വിഷയത്തിലേക്ക് വരാൻ വേണ്ടി അവളോട് ചോദിച്ചു
‘ആ ഞാൻ അറ്റം ജസ്റ്റ് ഒന്ന് കട്ട് ചെയ്തിരുന്നു..’
അവൾ പറഞ്ഞു
‘ഇങ്ങനെ കണ്ടിച്ചു കണ്ടിച്ചു വിട്ടാൽ എപ്പോളും ഇങ്ങനെ അല്ലേ മുടി ഉണ്ടാകൂ.. വളരില്ലല്ലോ..’
ഞാൻ ചോദിച്ചു
‘ഇപ്പോൾ എനിക്ക് ഷോർട് ഹെയർ ആണ് ഇഷ്ടം. ഇതാകുമ്പോൾ മുടി പിന്നാനും ചീകാനും ഒന്നും ബുദ്ധിമുട്ടണ്ട. കുളിച്ചാൽ ഉണങ്ങാനും എളുപ്പം..’
ഇഷാനി ചിരിച്ചു കൊണ്ട് പറഞ്ഞു
‘എന്നാലും നീട്ടി വളർത്തിയിട്ട് പിന്നെയും മുറിക്കാമല്ലോ.. ക്യാൻസർ രോഗികൾക്ക് വേണ്ടി..’
ഞാൻ കൊള്ളിച്ചു പറഞ്ഞു
‘അത് ഞാൻ വീട്ടിൽ വഴക്ക് പറയാതെ ഇരിക്കാൻ വേണ്ടി പറഞ്ഞത് ആട.. ഞാൻ അതിനൊന്നും അല്ല വെട്ടിയത്..’
‘പിന്നെ എന്തിനാ വെട്ടിയെ..?
ഞാൻ ചോദിച്ചു
‘ചുമ്മാ ഒരു സ്റ്റൈൽ ന് വേണ്ടി.. സത്യത്തിൽ എനിക്ക് ഇതാണ് നല്ലത് പോലെ ചേരുന്നത്..’
‘ആ നിന്റെ മുടി വെട്ടിയ ബാർബർ ഈയിടെ എന്നോട് പറഞ്ഞു നിന്റെ മുടി വെട്ടിയ കഥ..’
ഞാൻ അത് പറഞ്ഞപ്പോൾ അവളുടെ മുഖത്ത് അവൾ കഷ്ടപ്പെട്ട് ഉണ്ടാക്കി വച്ച ചിരി മാഞ്ഞു
