‘എനിക്ക്… എനിക്ക് സങ്കടം വരുന്നെടാ..’
എന്റെ നെഞ്ചിലേക്ക് ചാഞ്ഞു കൊണ്ട് അവൾ പറഞ്ഞു. അവളുടെ തലയ്ക്കു മീതെ ഞാൻ ഒന്നുമില്ല എന്ന മട്ടിൽ തലോടി. അവളെന്നെ മുറുക്കെ.., ഒരിക്കലും വിടാൻ ഭാവമില്ലാത്തത് പോലെ കെട്ടിപ്പിടിച്ചു.. എന്നിട്ട് എന്റെ നെഞ്ചിൽ മുഖം ചേർത്ത് കരഞ്ഞു
ഇഷാനിയെ ഞാൻ ഏറ്റവും വിഷമിച്ചു കണ്ടത് ഇന്നാണ്. അവളാ വിഷമം എന്നോട് ഒപ്പം നിന്ന് കരഞ്ഞു തീർക്കുകയാണ്. പക്ഷെ എന്റെ മനസ്സ് അപ്പോൾ ഒരിക്കലും സഞ്ചരിക്കാൻ പാടില്ലാത്ത ഒരു വഴിയിലൂടെ യാത്ര ആയിരുന്നു. ഇഷാനി ആശ്വാസത്തിന് വേണ്ടി കെട്ടിപ്പിടിച്ചത് എനിക്ക് ഒരുതരം ബോധോദയം ആയിരുന്നു സൃഷ്ടിച്ചത്..
ജീവിതത്തിൽ ഒരു പെണ്ണിൽ നിന്ന് ലഭിക്കാവുന്ന ഒരുമാതിരി സുഖങ്ങൾ എല്ലാം ഈ പ്രായത്തിനിടയിൽ ഞാൻ അനുഭവിച്ചിട്ടുണ്ട്. എന്നാൽ ഇഷാനിയുടെ കെട്ടിപ്പിടുത്തം ഞാൻ ഇന്നോളം അറിഞ്ഞ എല്ലാ സുഖങ്ങൾക്കും മീതെ ആയിരുന്നു. പെരുവിരൽ തൊട്ട് നെറുകും തല വരെ എന്റെ ശരീരത്തിലൂടെ ഒരു വൈദ്യുതി പായുന്നത് ഞാൻ അറിഞ്ഞു. അവളെന്നെ പുണർന്നപ്പോൾ എന്റെ ആത്മാവിൽ എന്നോ നഷ്ടമായത് എല്ലാം തിരിച്ചു വന്നു ചേർന്നത് പോലെ ഒരു തോന്നൽ.
വിശ്വവിഖ്യാതമായ കമന്ററി ഒന്ന് തിരുത്തി എഴുതിയാൽ “അർജുൻ, അവൻ ഈ ലോകത്തിൽ ഏറ്റവും അധികം ആഗ്രഹിക്കുന്ന ഒന്നിനെ പ്രണയിക്കാൻ തുടങ്ങിയിരിക്കുന്നു.. അതിന്റെ ആകർഷണത്തിൽ നിന്ന് അവന് രക്ഷപെടൽ അസാധ്യമായിരിക്കുന്നു… ”
അതേ… കൗമാരം മുതൽക്കേ ബാലിശമായി താൻ കരുതിയിരുന്ന, ജീവിതത്തിൽ ഒരിക്കലും തന്നെ തേടി വരില്ലെന്ന് അർജുൻ വിശ്വസിച്ചിരുന്ന ഒന്ന്, ഇന്ന് അവനെ തേടി വന്നിരിക്കുന്നു. അവനിൽ വരിഞ്ഞു മുറുകിയിരിക്കുന്നു.. -പ്രണയം…..!
അർജുന് ഇഷാനിയോട് പ്രണയമാണ്…….!
