‘ഓ നീ അത് അറിഞ്ഞോ..?
‘അവളുടെ വായിൽ നിന്ന് വീണു കിട്ടിയയാണ്. അവൾക്ക് വരെ അതിശയം ആണ് നീ എന്നോട് അത് പറഞ്ഞില്ല എന്നത്..’
‘അത് പറഞ്ഞിട്ട് ഇനി അടുത്ത തല്ല് എനിക്ക് കിട്ടാനോ..?
അവൾ തമാശരൂപേണ പറഞ്ഞു
‘എന്റെ അടുത്ത് പറയാമല്ലോ.. എന്നിട്ടും നിന്നെ ആര് തല്ലും എന്ന് കൂടി നോക്കാമായിരുന്നു..’
‘അത് വിട്… പഴയ കഥ അല്ലേ. ഞാൻ വരെ അത് മറന്നു ശരിക്കും..’
‘നീ എന്തിനാണ് ഇങ്ങനെ ഓരോന്ന് എന്റെ അടുത്ത് നിന്ന് മറച്ചു വയ്ക്കുന്നത്..? ഞാൻ പലതവണ ചോദിച്ചിട്ടും നീ ഈ കഥ എന്നോട് പറഞ്ഞിട്ടില്ല..’
‘എടാ എന്നെ ഇവിടെ കളിയാക്കിയവരെയും ദ്രോഹിച്ചവരെയും ഒക്കെ പറ്റി പറയാൻ നിന്നാൽ ഈ ഇയർ പോരാതെ വരും. എന്തിനാണ് വെറുതെ അതൊക്കെ പറഞ്ഞു നടക്കുന്നെ. അത് കൊണ്ടാണ് ഞാൻ ആരെ പറ്റിയും ഒന്നും പറയാഞ്ഞത്..’
‘എല്ലാവരുടെയും വേണ്ട. ലക്ഷ്മിയുടെ കാര്യം ഞങ്ങളുടെ കാര്യം അറിഞ്ഞപ്പോൾ എങ്കിലും നിനക്ക് പറയാമായിരുന്നു..’
‘അങ്ങനെ പറഞ്ഞാൽ എന്താ.. എനിക്ക് വേണ്ടി നീ അവളെ വേണ്ടെന്ന് വയ്ക്കുമായിരുന്നോ..?
‘അത് എന്റെ ചോയ്സ്. ഞാൻ ചോദിച്ചത് നീ എന്ത് കൊണ്ട് പറഞ്ഞില്ല എന്നതാണ്..’
‘ഒന്നാമത് നിനക്ക് അവളോട് താല്പര്യം ഉണ്ടാകുമ്പോ ഞാൻ അവളെ പറ്റി കുറ്റം പറഞ്ഞാൽ അതൊരു മോശം പണിയാണ്.. ഇനി അവളുടെ ക്യാരാക്ടർ ഞാൻ നിന്റെ അടുത്ത് നിന്നും മറച്ചു വച്ചു എന്ന് നീ പറയരുത്… ഫോട്ടോ ഇഷ്യൂ അറിഞ്ഞിട്ട് തന്നെ അല്ലേ നീ അവളുടെ അടുത്ത് ചാടി കൊടുത്തത്.. എന്റെ അടുത്തണേൽ നീ വന്നു അവൾ എങ്ങനെ ഉണ്ട്, ഞാൻ നോക്കട്ടെ എന്നൊന്നും അല്ല ചോദിച്ചത്.. നിനക്ക് അവളോട് താല്പര്യം ഉണ്ടെന്ന് എല്ലാം തീരുമാനിച്ചു കഴിഞ്ഞു വന്നു പറയുവായിരുന്നു.. പിന്നെ ഞാൻ എന്ത് പറഞ്ഞിട്ട് എന്താ..’
ഇഷാനി സ്വരം ഉയർത്തി ആണ് അത്രയും പറഞ്ഞത്. അവൾ പറഞ്ഞത് ശരിയാണ് ഫോട്ടോ ഇഷ്യൂ ഒക്കെ അറിഞ്ഞിട്ടു ആണ് ഞാൻ ലക്ഷ്മി ആയി ഡേറ്റ് ചെയ്തത്. അപ്പോൾ പിന്നെ ഈ കേസ് പറഞ്ഞില്ല എന്ന് പറഞ്ഞു എനിക്ക് ഇഷാനിയെ കുറ്റപ്പെടുത്താൻ ആവില്ല..
‘ഇനി ഈ കാര്യം പറഞ്ഞു രണ്ട് പേരും ഉടക്കേണ്ട.. എല്ലാം കഴിഞ്ഞത് അല്ലേ.. അവളാണേൽ ഫോട്ടോ കേസ് കഴിഞ്ഞു എന്നെ ടോർച്ചർ ചെയ്യാൻ വന്നിട്ടുമില്ല.. നീ അത് വിട്..’
തന്റെ സ്വരം അല്പം ഉയർന്നത് മനസിലാക്കി കുറച്ചു താഴ്ന്നാണ് പിന്നെ ഇഷാനി സംസാരിച്ചത്. സർബത്തിന്റെ പൈസ എടുക്കാൻ പേഴ്‌സ് എടുത്ത എന്നോട് അവൾ കൊടുക്കാമെന്നു പറഞ്ഞു അവളുടെ പേഴ്സ് തുറന്നു കാശ് കൊടുത്തു. ഇടയ്ക്ക് ഒക്കെ ഇത് പോലെ ചെറിയ ചിലവ് അവൾ എനിക്ക് ചെയ്തു തരും..
എന്നാൽ പെട്ടന്നാണ് അവളുടെ മുഖം മാറിയത് ഞാൻ ശ്രദ്ധിച്ചത്. എന്തോ നഷ്ടപ്പെട്ട വിഷമവും വെപ്രാളവും അവളുടെ മുഖത്ത് ഉണ്ടായിരുന്നു. പേഴ്സ് ആകമാനം അവൾ എന്തോ തിരയുന്നുണ്ട്..
‘എന്താ കാശ് വെല്ലോം കാണാതെ പോയോ..?
ഞാൻ ചോദിച്ചു
‘അല്ലടാ.. അച്ഛന്റെ ഫോട്ടോ കാണുന്നില്ല..’
അവൾ സങ്കടത്തോടെ പറഞ്ഞു
‘ശരിക്കും നോക്ക്. ഇവിടെ എങ്ങും വീണിട്ടില്ലല്ലോ. ഏതെങ്കിലും അറയിൽ കാണും..’
‘ഇല്ലടാ.. ഒന്നിലും ഇല്ല. ഞാൻ ഇവിടെ കാണുന്നത് പോലെ ആണ് വയ്ക്കാർ. അവിടെ ഇല്ല.. എവിടെയോ കളഞ്ഞു പോയി..’
അവൾ കരച്ചിൽ വന്നത് പോലെ പറഞ്ഞു
‘എവിടെ പോകാനാണ്..? നീ വീട്ടിൽ മറന്നു വച്ചു കാണും.. ‘
‘ഇല്ല.. ഞാൻ എപ്പോളും പേഴ്സിൽ തന്നെ ആണ് വയ്ക്കുന്നത്.. ഇതെവിടോ പോയതാ..’
‘നീ വേറെ എവിടെ ആണ് പേഴ്സ് എടുത്തത്..?
ഞാൻ ചോദിച്ചു
‘ഇന്ന് എടുത്തതെ ഇല്ലടാ.. അതാണ് ഞാൻ ആലോചിക്കുന്നത്.. എവിടെ പോയെന്ന്..’
‘വീട്ടിൽ ഇല്ലെന്ന് ഉറപ്പാണോ..?
‘ആണ്. നമുക്ക് കോളേജിൽ ഒന്ന് പോയി നോക്കാം.. അവിടെ ചിലപ്പോൾ ഇരിക്കുന്ന അവിടെ വെല്ലോം പോയെങ്കിലോ..?
അവളുടെ വിഷമം കാരണം ഞങ്ങൾ തിരിച്ചു കോളേജിലേക്ക് തന്നെ പോയി. അവൾ ഇരിക്കുന്ന അവിടെയെല്ലാം തപ്പി നോക്കിയിട്ടും അച്ഛന്റെ ഫോട്ടോ അവിടെ ഒന്നും ഞങ്ങൾക്ക് കണ്ടു കിട്ടിയില്ല..
