സാരി ഉടുത്തു നിൽക്കുന്ന ഇഷാനിയുടെ ഒരു ചിത്രം.. അവൾക്കൊപ്പം അരികിലായ് മറ്റൊരാൾ കൂടിയുണ്ട്. അവളുടെ അച്ഛൻ.. അതും നല്ല ക്ലാരിറ്റി ഉള്ള ഒർജിനൽ എന്ന് തോന്നിപ്പിക്കുന്ന ചിത്രം.
‘ഇത് .. ഇതെങ്ങനെ…?
അവൾ അത്ഭുതത്തോടെയും സന്തോഷത്തോടെയും ഒക്കെ ചോദിച്ചു
‘ഇതൊക്കെ ഇപ്പോൾ എളുപ്പം അല്ലേ.. നിന്റെ ആൽബം അന്ന് നോക്കിയപ്പോൾ ഇത് പോലൊരു ചിത്രം ഞാൻ മിസ്സ് ചെയ്തിരുന്നു. അതാണ് ഇങ്ങനെ ഒരു ഗിഫ്റ്റ് തരാമെന്ന് വച്ചത്..’
‘ആഷി വരച്ചതാണോ.. പറയടാ..?
‘അല്ലടി. പക്ഷേ ഇത് എന്റെ വേറെ ഒരു ഫ്രണ്ട് ചെയ്തു തന്നതാ..’
ഇഷാനി ആ ഫോട്ടോയിലേക്ക് നോക്കി കണ്ണ് നനച്ചു. ഒരിക്കലും നടക്കാത്ത ഒന്നിനെ നടന്നത് പോലെ ചിത്രത്തിൽ കണ്ടതിലുള്ള സന്തോഷം അവളുടെ മുഖത്ത് ഉണ്ടായിരുന്നു
‘അച്ഛന് ഏജ് ആയിട്ടില്ലലോ ഇതിൽ. ഇപ്പോൾ ഉണ്ടെങ്കിൽ കുറച്ചു ഏജ് ഒക്കെ കാണില്ലേ..’
അവൾ എന്നോട് ചോദിച്ചു
‘അത് അറിയാം. പക്ഷെ വലിയ മാറ്റം വേണ്ട എന്ന് ഞാനാണ് പറഞ്ഞത്. നിന്റെ രവിയച്ഛന് ഏജ് പറയില്ലല്ലോ. അപ്പോൾ നിന്റെ അച്ഛനും ഇപ്പോൾ ഉണ്ടായിരുന്നു എങ്കിൽ ചെറുപ്പം ആയേനെ..’
ഞാനത് പറഞ്ഞപ്പോൾ ഇഷാനി കൃതാർത്ഥതയോടെ എന്നെ നോക്കി..
‘പിന്നെ ഒരു കാര്യം കൂടി ഉണ്ട്. ഇതിന് നീ എന്നോട് ദേഷ്യപ്പെടരുത്..’
ഞാൻ ബാഗിൽ നിന്നും അവളുടെ അച്ഛന്റെ കാണാതെ പോയ ഫോട്ടോ എടുത്തു അവളുടെ കയ്യിൽ കൊടുത്തു
‘എടാ ദുഷ്ടാ നിന്റെ കയ്യിൽ ഉണ്ടായിട്ട് ആണോ എന്നെ അന്ന് അത്രയും വിഷമിപ്പിച്ചത്..?
‘മനഃപൂർവം അല്ലല്ലോ.. അത് ഉണ്ടെങ്കിൽ അല്ലേ എനിക്ക് ഈ പിക് ഉണ്ടാക്കാൻ പറ്റുള്ളൂ. നിന്നെ വിഷമിപ്പിക്കാൻ ചെയ്തത് അല്ല..’
‘അതെനിക്കറിയാം..’
അവളെന്റെ കൈ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു
അന്ന് കടയിൽ പോകുന്നില്ല എന്ന് അവൾ തീരുമാനിച്ചു. അത് കൊണ്ട് ഞാനവളെ അവളുടെ വീടിന്റെ മുന്നിൽ കൊണ്ട് ഇറക്കി.
‘വരുന്നോ.. ഒരു കട്ടൻ ഇട്ടു തരാം..’
അവൾ എന്നെ ക്ഷണിച്ചു
”ഓ ഇന്ന് ഗിഫ്റ്റ് കിട്ടിയതിന്റെ നന്ദി ആണോ.. അല്ലെങ്കിൽ എന്നെ വിളിക്കില്ലല്ലോ..?
ഞാൻ ചോദിച്ചു
‘എടാ പട്ടി.. അത് കൊണ്ടല്ല.. ഇപ്പോൾ ഇവിടെ ഓണർ അമ്മ ഇല്ല. കുറച്ചു താമസിക്കും. അവർ ഉള്ളത് കൊണ്ടാണ് ഞാൻ നിന്നെ ഇങ്ങോട്ട് വിളിക്കാത്തത്..’
അവളെന്റെ ചെവിയിൽ പിടിച്ചു കിഴുക്കി കൊണ്ട് പറഞ്ഞു
‘എന്നാൽ ഒരു കട്ടൻ ആകാം..’
ബൈക്ക് വഴിയരികിൽ വച്ചു ഞാൻ അവളുടെ വീട്ടു മുറ്റത്തേക്ക് അവൾക്കൊപ്പം ചെന്ന്.ചെറിയ രണ്ട് നില വീടാണ്. അതിൽ മുകളിലത്തെ നില ആണ് ഇഷാനിക്ക്. പുറത്ത് വഴി തന്നെ കോണിപ്പടി ഉണ്ട് മുകളിലേക്ക്. ഞങ്ങൾ അവിടേക്ക് കയറുന്നതിനു മുമ്പ് ആ കോണിപ്പടിയുടെ താഴെ ആരോ അവളെ കാത്തിരിക്കുന്നത് ഞാൻ കണ്ടു.
നല്ലത് പോലെ വെളുത്ത് മെലിഞ്ഞു നീളമുള്ള ഒരു സ്ത്രീ. രണ്ട് കൈകളിലും ധാരാളം വളകൾ ഇട്ടിട്ടുണ്ട്. ഒരു മൂക്കുത്തി ധരിച്ചിട്ടുണ്ട്. അധികം വില വരാത്ത എന്നാൽ നല്ല തിളങ്ങുന്ന ഒരു സാരിയാണ് വേഷം. ഒറ്റ നോട്ടത്തിൽ അവർ നോർത്ത് ഇന്ത്യൻ ആണെന്ന് എനിക്ക് മനസിലായി.. എന്നാൽ രണ്ടാമത് ഒന്ന് കൂടി അവരെ സൂക്ഷിച്ചു നോക്കിയപ്പോൾ ആണ് ഞെട്ടിപ്പിക്കുന്ന ആ സാദൃശ്യം എന്റെ കണ്ണുകൾ മനസിലാക്കിയത്..
അവരിൽ നിന്നും കണ്ണുകൾ ഇഷാനിയിലേക്ക് ചെന്നപ്പോൾ എന്റെ ഊഹം ശരിയാണ് എന്ന് ബോധ്യമായി. ആ സ്ത്രീയെ കണ്ടപ്പോൾ കുഴഞ്ഞു വീഴാൻ പോകുന്ന രോഗിയെ പോലെ ഇഷാനി നിന്ന് വിറച്ചു. ഒരു ബലത്തിന് വേണ്ടി അവൾ എന്റെ തോളിൽ മുറുകെ പിടിച്ചു. ഇഷാനിയെ കാണാൻ വന്ന സ്ത്രീയുടെ കയ്യിൽ അത്യാവശ്യം വലിയ ഒരു കവർ ഉണ്ടായിരുന്നു..
‘മാളൂ..’
അവർ ആ പേര് വിളിച്ചത് അത്ര ആത്മവിശ്വാസത്തിൽ അല്ല. അത് കേട്ടതും ഇഷാനി എന്തോ പിറുപിറുക്കുന്നത് ഞാൻ ശ്രദ്ധിച്ചു
‘എനിക്ക് നിങ്ങളെ അറിയില്ല..’
എന്റെ തോളിന് പിന്നിലേക്ക് മാറി അവരെ സ്വന്തം കണ്ണിൻ മുന്നിൽ നിന്ന് മറയ്ക്കാൻ ഇഷാനി ശ്രമിച്ചു..
