“ഓക്കെ, ഇപ്പൊ സമാധാനമായി. പിന്നെ അച്ചാച്ച, ജെസ്സി ചേച്ചിയെ പോലെ തന്നെയല്ലേ ഞാനും നിങ്ങള്‍ക്ക്. എന്നോടും ഒത്തിരി സ്നേഹം ഇല്ലേ..?” അവള്‍ കുസൃതിയോടെ ചോദിച്ചു.
“എന്താ സംശയം. നീ എനിക്ക് അവളെ പോലെ എന്റെ അനിയത്തി തന്നെയാണല്ലോ മോളൂ. അതിൽ ഒരു സംശയവും വേണ്ട.” ഞാൻ പറഞ്ഞു.
“എന്ന ഈ വര്‍ഷം കോളേജ് ലിവ് വിട്ടതും എന്നെ കുറച്ച് ദിവസത്തേയ്ക്ക് ജെസ്സി ചേച്ചിയുടെ കൂടെ പോയി നിൽക്കാൻ സമ്മതിക്കുമോ..? എനിക്ക് ഈ കാടും, ഇവിടെ ചടഞ്ഞ് കൂടിയുള്ള ജീവിതവും മടുത്തു.” അവൾ വിമ്മിഷ്ട്ടം പ്രകടിപ്പിച്ചു.
കാട് മടുത്തു എന്ന് കേട്ടപ്പോ എനിക്ക് ശെരിക്കും ആശ്ചര്യം തോന്നി പോയി. എനിക്ക് ഒരിക്കലും മടുക്കാത്ത ഒന്നാണ് കാടും മറ്റ് പ്രകൃതികളും.
“അച്ചാച്ചൻ മുത്തച്ഛനോട് പറഞ്ഞാൽ മാത്രമേ എന്നെ അവർ എവിടെയെങ്കിലും വിടാൻ സമ്മതിക്കുകയുള്ളു… അതും അച്ചാച്ചൻ തന്നെ ഇങ്ങോട്ട് വന്ന് എന്നെ അച്ചാച്ചന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു എന്ന് പറഞ്ഞാൽ എന്റെ അച്ഛനും അമ്മയും മുത്തച്ഛനും മറ്റുള്ളവരും പേടി കൂടാതെ ഉടനെ സമ്മതിക്കുകയും ചെയ്യും.” അവള്‍ ഭയങ്കര ആഗ്രഹത്തോടെ എന്നോട് കെഞ്ചുന്നത് പോലെ പറഞ്ഞു.
“ജെസി എന്താ പറഞ്ഞത്..?” പുഞ്ചിരിയോടെ ഞാൻ ചോദിച്ചു.
“ചേച്ചിക്ക് ഓക്കെയാണ്. ഭയങ്കര ത്രില്ലിലാണ് ചേച്ചി. പിന്നെ കഴിഞ്ഞ വര്‍ഷം ചേച്ചിയുടെ എല്ലാ ഫ്രണ്ട്സിനേയും ഫോണിലൂടെ എനിക്ക് പരിചയപ്പെടുത്തി തന്നായിരുന്നു. ഇനി ഞാൻ അങ്ങോട്ട് പോയ ശേഷം എല്ലാവരെയും എനിക്ക് നേരിട്ട് പരിചയപെടുത്തി തരാമെന്നും പറഞ്ഞിട്ടുണ്ട്. എല്ലാ ഇടത്തും എന്നെ കൊണ്ടുപോയി കാണിച്ച് തരാമെന്നും ഏറ്റിട്ടുണ്ട്. പക്ഷേ ജെസ്സി ചേച്ചി പറഞ്ഞാൽ ഒന്നും എന്നെ ഇവിടെ നിന്ന് വിടില്ല, അച്ചാച്ചൻ തന്നെ പറയണം.”
“ഓക്കെ മോളൂ, ഞാൻ എല്ലാവരോടും സംസാരിച്ച് അവരെ കൊണ്ട് സമ്മതിപ്പിക്കാം. നിനക്ക് ലീവ് വിട്ടതും ഞാൻ തന്നെ ഇങ്ങോട്ട് വന്ന് നിന്നെ ജെസ്സിയുടെ അടുത്തേക്ക് കൊണ്ടുപോകുകയും ചെയ്യാം, പോരെ. ചിലപ്പോ നിന്നെ കൂട്ടിക്കൊണ്ടു പോകാനായി ജെസ്സിയും എന്റെ കൂടെ വരാനാണ് 99 ശതമാനവും സാധ്യത.”
ഉടനെ അവള്‍ സന്തോഷത്തോടെ ചിരിച്ചുകൊണ്ട് എനിക്ക് ചുറ്റും തുള്ളിച്ചാടി കൊണ്ട് നടന്നു. ഞാൻ അവളുടെ ഉത്സാഹം കണ്ട് ചിരിച്ചു.
അന്നേരം മൂപ്പനും മിസ്സും ടീച്ചറും കൂടി അവരുടെ എന്തോ സീരിയസ് ചർച്ച മതിയാക്കി, മിൺമിണിയുടെ കുട്ടിത്തവും ഉത്സാഹവും കണ്ട് പുഞ്ചിരിച്ചു കൊണ്ട് ഞങ്ങളുടെ അടുത്തേക്ക് വന്നു നിന്നു.
“ഓഹോ, അപ്പോ, അവനോട് ഉള്ള പരാതിയൊക്കെ പറഞ്ഞ് അവന്റെ പിന്തുണയും നീ നേടിയല്ലേ..?” മൂപ്പൻ കണ്ണുരുട്ടി കൊണ്ട്, പക്ഷേ വാത്സല്യത്തോടേ അവളോട് ചോദിച്ചു. അതിന് അവള്‍ കൊഞ്ഞനം കുത്തി കാണിച്ചിട്ട് എന്റെ കൈ പിടിച്ചുകൊണ്ട് നിന്നു.
അപ്പോ മൂപ്പൻ തലയാട്ടി പുഞ്ചിരിച്ചു, ശേഷം മിൺമിണിയെ മിസ്സിനും ടീച്ചർക്കും പരിചയപ്പെടുത്തി കൊടുത്തു.
ഉടനെ, എന്തോ ഒരു ബോണ്ട് അവർ തമ്മില്‍ ഉണ്ടായത് പോലെ മിൺമിണിയും ടീച്ചറും മിസ്സും ഒരുമിച്ച് ക്യാഷ്വലായി ഒരുമിച്ചു പോയി ദൂരത്തേക്ക് മാറിനിന്ന് എന്തൊക്കെയോ സംസാരിക്കാൻ തുടങ്ങി. ഞാനും മൂപ്പനും പരസ്പരം ഒന്ന് നോക്കി പുഞ്ചിരിച്ചു.
“അലഞ്ചി മാമാ, നേരത്തെ നിങ്ങൾ പ്രവചനം പോലെ എന്തൊക്കെയാ ഞങ്ങളോട് പറഞ്ഞത്…?”
“അതൊന്നും എനിക്ക് ഓര്‍മയില്ല, തമ്പി.” അയാൾ എന്നോട് കല്ല് വച്ച നുണ പറഞ്ഞു. അതെനിക്ക് അയാളുടെ കണ്ണില്‍ നിന്നും വ്യക്തമായി തന്നെ മനസ്സിലായി. “പെട്ടന്ന് എന്റെ മനസ്സിൽ എന്തോ കൂടിയത് പോലെ ആരോ എന്നെകൊണ്ട് അതൊക്കെ പറയിപ്പിച്ചു. അത്രതന്നെ എനിക്ക് പറയാന്‍ കഴിയു. പിന്നെ നി വളരെ സൂക്ഷിക്കണം ജിനു. നമ്മൾ ഒരിക്കലും, ചില ബുദ്ധിയില്ലാത്ത മൃഗങ്ങളേ പോലെ ജീവികരുത്…, നല്ല വിവേകമുള്ള മനുഷ്യനായി തന്നെ ജീവിക്കണം.”
