പക്ഷേ അന്നേരം, സെർനു സാവധാനത്തിൽ അവന്റെ തുമ്പിക്കൈ ഉയർത്തി ഗോള്‍ഡ മിസ്സിന്റെ തലയില്‍ വച്ചു തഴുകി അനുഗ്രഹിച്ചു. മിസ്സ് നന്നായി പേടിച്ചു പോയെങ്കിലും എന്റെ കൈയിൽ മുറുകെ പിടിച്ചുകൊണ്ട് അനങ്ങാതെ നിന്നു കൊടുത്തു.
എന്തോ അര്‍ത്ഥമുള്ളത് പോലെ സെർനു മിസ്സിന്റെ തലയില്‍ തുമ്പിക്കൈ വച്ച് അനുഗ്രഹിച്ചു. ശേഷം അവന്‍ മിസ്സിന്റെ നെറ്റിയിൽ ഒന്ന് തൊട്ടിട്ട് എന്റെ നെറ്റിയിലും അവന്‍ തൊട്ടു, എന്നിട്ട് അവന്‍ തല കുലുക്കി കൊണ്ട് എന്തോ പറയുന്നത് പോലെ പെട്ടന്ന് തുമ്പിക്കൈ ഉയർത്തി വളച്ച് മുകളില്‍ ഇരിക്കുന്ന അലഞ്ചി മൂപ്പന്റെ കൈയിലും തൊട്ടു.
ശേഷം സേർനു അവന്റെ തുമ്പിക്കൈ താഴേക്ക് കൊണ്ടുവന്ന് നിത്യ ടീച്ചറിന്റെ തലയില്‍ വച്ച് അനുഗ്രഹിച്ചു. എന്നിട്ട് ടീച്ചറിന്റെ നെറ്റിയിലും തൊട്ട ശേഷം തുമ്പിക്കൈ മാറ്റി എന്റെയും നെറ്റിയിൽ തൊട്ടു. എന്നിട്ട് നേരത്തെ ചെയ്തത് പോലെ പിന്നെയും തുമ്പിക്കൈ ഉയർത്തി മൂപ്പന്റെ കൈയിൽ തൊട്ടു.
മൂപ്പൻ എല്ലാം സൂക്ഷ്മമായി നിരീക്ഷിച്ച് കൊണ്ടിരുന്നു. ഒടുവില്‍ രണ്ടാമതും സെർനു മൂപ്പന്റെ കൈയിൽ തൊട്ടിട്ട് അവന്റെ തുമ്പിക്കൈ താഴ്ത്തിയപ്പോ എല്ലാം മനസിലായത് പോലെ മൂപ്പൻ പുഞ്ചിരിച്ചു. എന്നിട്ട് ശബ്ദം താഴ്ത്തി ആനയോട് എന്തോ പറഞ്ഞിട്ട് മൂപ്പൻ സെർനുവിന്റെ കാലിൽ ചവിട്ടി താഴെ ഇറങ്ങി വന്നിട്ട് ഞങ്ങൾക്ക് മുന്നില്‍ നിന്നു.
അപ്പോ ടീച്ചറും മിസ്സും അന്ധാളിപ്പോടേ തല മലർത്തി പിടിച്ചാണ് അയാളുടെ മുഖത്തേക്ക് നോക്കാൻ കഴിഞ്ഞത്. ഞാനും ചെറുതായി മുഖമുയർത്തി അയാളെ നോക്കി പുഞ്ചിരിച്ചു. അയാളും പുഞ്ചിരിച്ചു. പക്ഷേ അയാളുടെ നോട്ടം മറ്റ് രണ്ടുപേരുടെ മുഖത്ത് നട്ട് സീരിയസ്സായി എന്തോ പഠിക്കുകയായിരുന്നു.
മൂപ്പൻ ഇറങ്ങിയ ശേഷം കാട്ടാന നടന്നു പോയി എന്റെ വണ്ടിക്കടുത്ത് നിന്നിട്ട് വണ്ടിയുടെ മുകളില്‍ തുമ്പിക്കൈ വച്ച ശേഷം എന്നെനോക്കി ശബ്ദം ഉണ്ടാക്കിക്കൊണ്ട് തലയും കുലുക്കി.
ഞാൻ ഉടനെ ചിരിച്ചു. എന്നിട്ട് ടീച്ചറെയും മിസ്സിന്റെയും കൈകളിൽ നിന്ന് എന്റെ കൈ പതിയെ വിടുവിച്ച് കൊണ്ട് കുറച്ച് മുന്നോട്ട് മാറി അവരേയും മൂപ്പനേയും ഞാൻ ഒന്ന് നോക്കി.
“നമ്മൾ മൂന്നാറിൽ ഉള്ളപ്പോൾ മറയൂർ ഗ്രാമത്തിലുള്ള കരിമ്പ് തോട്ടമൊക്കെ കറങ്ങീട്ട് അവിടെ നിന്നും വളരെ ഫേമസായ ശുദ്ധ ശര്‍ക്കര വാങ്ങിയില്ലേ..? ആ ശര്‍ക്കരയ്ക്ക് വേണ്ടിയാണ് അവന്‍ എന്നെ വിളിക്കുന്നത്.” ചിരിച്ചുകൊണ്ട് ഞാൻ മിസ്സോടും ടീച്ചറോടുമായി പറഞ്ഞു.
അപ്പോ ടീച്ചറും മിസ്സും വിടര്‍ന്ന കണ്ണുകളോടെ ആ കാട്ടാനയെ നോക്കി. അവരുടെ കണ്ണുകളിൽ സന്തോഷവും സ്നേഹവും ഉണ്ടായിരുന്നു.
“അപ്പോ ഇതൊക്കെ മുന്‍കൂട്ടി കണ്ടിട്ടാണോ നീ ആ 6 വല്യ കുട്ടകളോടെ 60 കിലോ ശര്‍ക്കര മേടിച്ചത്.” ഇപ്പോഴാണ് എന്റെ ശെരിക്കുള്ള ഉദ്ദേശം മനസിലായത് പോലെ മിസ്സ് ചോദിച്ചിട്ട് ചിരിച്ചു.
“ശെരി, ജിനു, നീ പോയി അവന് വേണ്ടത്ര ശര്‍ക്കര എടുത്തു കൊടുക്ക്. ആ പാവം നിന്നെതന്നെ നോക്കി കുഞ്ഞിനെ പോലെ തലയും കുലുക്കി നില്‍ക്കുന്നത് കണ്ടില്ലേ.” ടീച്ചർ സെർനുവിനെ നോക്കി ആശ്ചര്യവും സ്നേഹത്തോടും പറഞ്ഞു.
ഉടനെ ഞാൻ അലഞ്ചി മാമാനേ നോക്കി ടീച്ചറേയും മിസ്സിനേയും പരിചയപ്പെടുത്തി കൊടുത്തു.
അപ്പോ പിച്ചും പേയും പറയുന്നത് പോലെ മൂപ്പൻ ആദ്യം എന്നെ നോക്കി പറഞ്ഞു, “നി അവങ്ക രണ്ട് പേരോട ജീവാത്മവ്.” എന്നിട്ട് അയാൾ മിസ്സിന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു, “നീ അവനോട ജീവശ്വാസം.” അതുകഴിഞ്ഞ് അയാൾ ടീച്ചറെ നോക്കി പറഞ്ഞു, “നീ അവനോട ജീവചൈതന്യം.” എന്നിട്ട് അയാള്‍ കണ്ണുകളടച്ചു കൊണ്ട് ആരോടെന്നില്ലാതെ വ്യക്തമായ ശുദ്ധ മലയാളത്തിൽ പറഞ്ഞു, “ഹോ കഷ്ടം, നിങ്ങളിൽ നിന്നൊരു പുതിയ വംശം ഉണ്ടാകുമായിരുന്നെങ്കിൽ അത് മഹത്വവുള്ള വംശമായി രൂപാന്തരപ്പെടുമായിരുന്നു. പക്ഷേ വംശം എവിടെ..? വംശമോ നിങ്ങള്‍ക്കില്ല — ജനിക്കുമോ അതുമില്ല — നിങ്ങൾ മൂന്നും സ്വന്തമാവുകയുമില്ല മറ്റാർക്കും — വിശിഷ്ട ജന്മങ്ങളായ നിങ്ങൾ അവസാനിപ്പിച്ചിരിക്കും നിങ്ങളിൽ തന്നെ.” അത്രയും പറഞ്ഞിട്ട് മൂപ്പൻ പെട്ടന്ന് സ്വബോധം വന്നത് പോലെ കണ്ണുകൾ തുറന്നിട്ട് എന്തോ തലയ്ക്കകത്ത് നിന്നും കളയാൻ എന്നപോലെ തല കുറെ പ്രാവശ്യം വെട്ടി കുടഞ്ഞു.
